മറന്നുവോ ഈ താമരത്തുമ്പിയെ?

രവിമേനോന്‍

30 Oct 2012

അനശ്വരഗായിക പി.ലീല ഓര്‍മയായിട്ട് ഓക്ടോബര്‍ 31-ന് 7 വര്‍ഷം.

പ്രിയപ്പെട്ട അനിയന് എന്ന വാത്സല്യം തുളുമ്പുന്ന സംബോധനയോടെ ആഴ്ചതോറും മുടങ്ങാതെ വന്നെത്തിയിരുന്ന ലീലച്ചേച്ചിയുടെ കത്തുകളില്‍ ചിലത് ഇന്നും നിധിപോലെ സൂക്ഷിക്കുന്നു ഞാന്‍. കുഞ്ഞിക്കൈയില്‍ വെണ്ണയുമായി മുട്ടുകുത്തി നില്ക്കുന്ന ഉണ്ണികൃഷ്ണന്റെ പടമുള്ള ലെറ്റര്‍ഹെഡില്‍ ചിതറി വീണുകിടക്കുന്ന ചതുരവടിവിലുള്ള വലിയ അക്ഷരങ്ങള്‍. അവയില്‍ പൊറയത്ത് ലീല എന്ന ഗായികയുടെ, നിര്‍മലമായ മനസ്സുണ്ടായിരുന്നു; കൊച്ചുകൊച്ച് ആഹ്ലാദങ്ങളും ആകാംക്ഷകളും നൊമ്പരങ്ങളും ഉണ്ടായിരുന്നു.

സംഗീതം തനിക്ക് ഈശ്വരസാക്ഷാത്ക്കാരത്തിലേക്കുള്ള വഴികളില്‍ ഒന്നു മാത്രമാണെന്ന് ആ കത്തുകളിലൂടെ നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു അവര്‍. ഗായകന്‍ കമുകറ പുരുഷോത്തമന്‍ മരിച്ച വിവരം അറിഞ്ഞതിന്റെ ആഘാതത്തില്‍ ലീലച്ചേച്ചി എഴുതിയ കത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്: 'ഓരോരുത്തരായി വിട്ടുപോകുകയാണ്. പെട്ടെന്ന് ഞാന്‍ ഒറ്റയ്ക്കായപോലെ. ജീവിക്കാന്‍ ആഗ്രഹിക്കുന്നവരെ ഈശ്വരന്‍ വേഗം വിളിച്ചുകൊണ്ടുപോകുന്നു. മരിക്കാന്‍ മോഹിക്കുന്നവരെ ഇവിടെത്തന്നെ ഉപേക്ഷിക്കുന്നു. കമുകറ പോയി എന്നു വിശ്വസിക്കാന്‍ പറ്റുന്നില്ല. മനസ്സില്‍ വല്ലാത്ത ശൂന്യത. കഴിഞ്ഞ മാസം 13നും 14നും ഞങ്ങള്‍ ഒരുമിച്ച് സ്റ്റേജില്‍ പാടിയതാണ്. ഈ ഷോക്ക് മാറുവാന്‍ എനിക്ക് കുറെക്കാലം വേണ്ടിവരും.' 1995 ജൂണ്‍ രണ്ടിന് എഴുതിയ ആ കത്തില്‍ ജീവിതത്തോടുള്ള അവരുടെ സമീപനത്തില്‍ വന്ന മാറ്റം പ്രകടമായിരുന്നു; ഒറ്റപ്പെടലിന്റെ വേദനയും. അവസാനമായി വന്ന എഴുത്തുകളിലൊന്നില്‍ ലീലച്ചേച്ചി കുറിച്ച വാചകങ്ങള്‍ എന്നെ ഏറെ നൊമ്പരപ്പെടുത്തിയിട്ടുണ്ട്: 'നമ്മുടെ നാട്ടുകാര്‍ക്കും എന്നെ വേണ്ടാതായോ? ഒരു സംഗീതപരിപാടിക്കും കേരളത്തില്‍നിന്ന് എന്നെ ആരും വിളിക്കുന്നില്ല, പലര്‍ക്കും ഞാന്‍ ജീവിച്ചിരിപ്പുണ്ട് എന്നുപോലും അറിയില്ല. ആരോഗ്യത്തിനു കുഴപ്പമൊന്നും ഇല്ല. പാടുവാനുള്ള ശക്തി ഭഗവാന്‍ തന്നിട്ടുണ്ട്. പാടാന്‍ വയ്യെന്നു തോന്നിയാല്‍ ഞാന്‍ ഉടന്‍ നിര്‍ത്തും. നമ്മുടെ നാട്ടില്‍, പ്രത്യേകിച്ച് കോഴിക്കോട്ട്, ഒന്നുകൂടി പാടാന്‍ എനിക്ക് വലിയ ആഗ്രഹമുണ്ട്. അവാര്‍ഡും പണവും ഒന്നും മോഹിച്ചിട്ടല്ല. പാടാനുള്ള മോഹംകൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതുന്നത്. രവി വിചാരിച്ചാല്‍ നടക്കുമോ?'

വിഷമം തോന്നി. അന്നു രാത്രിതന്നെ ലീലച്ചേച്ചിയുടെ ചെന്നൈ നമ്പറില്‍ വിളിച്ച് സംസാരിച്ചു. ഒരു ആയുഷ്‌കാലത്തേക്കുള്ള പാട്ടുകള്‍ മുഴുവന്‍ പാടിയിട്ടും എന്തിനാണ് ഈ നിരാശ? സാക്ഷാല്‍ ഗുരുവായൂരപ്പന്‍ നിത്യവും ഉണര്‍ന്നെണീക്കുന്നതുതന്നെ ചേച്ചിയുടെ നാരായണീയം കേട്ടാണ്. അതിലപ്പുറം ഒരു ഭാഗ്യമുണ്ടോ? എല്ലാം കേട്ട് നിമിഷങ്ങളോളം നിശ്ശബ്ദയായി നിന്നശേഷം ലീലച്ചേച്ചി പറഞ്ഞ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു: 'എങ്ങനെയാണ് ഞാന്‍ പറഞ്ഞു മനസ്സിലാക്കിത്തരിക? രവി ഒരു പാട്ടുകാരന്‍ ആയിരുന്നെങ്കില്‍ എളുപ്പം മനസ്സിലായേനേ. മരിക്കുവോളം പാടാന്‍ മോഹിക്കാത്ത ഏതെങ്കിലും പാട്ടുകാരുണ്ടോ? അറിയില്ല. എന്റെ കാര്യം ഞാന്‍ പറയാം. പാടാന്‍ പറ്റിയില്ലെങ്കില്‍ എനിക്ക് ഭ്രാന്ത്പിടിക്കും...'

മറുപടി പറയാന്‍ അശക്തനായിരുന്നു ഞാന്‍. ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ ഒരു ഗദ്ഗദം കേട്ടുവോ? കുറ്റബോധം തോന്നി എനിക്ക്. അടുത്ത ദിവസങ്ങളില്‍ ലീലച്ചേച്ചിയുടെ ഒരു കച്ചേരി സംഘടിപ്പിക്കാന്‍ കോഴിക്കോട്ടെ പല സംഘടനകളെയും സമീപിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. കര്‍ണാടക സംഗീതവേദികളില്‍പ്പോലും സിനിമയുടെ ഗ്ലാമര്‍ അനിവാര്യമെന്ന ഘട്ടം എത്തിക്കഴിഞ്ഞിരുന്നു. ലീലയ്ക്കാകട്ടെ, സിനിമയുടെ തിരക്കും ബഹളവും വര്‍ണപ്പകിട്ടും വിദൂരമായ ഒരു ഓര്‍മയായി മാറിക്കഴിഞ്ഞിരുന്നുതാനും. പിന്നീട് ഏറെക്കാലം ജീവിച്ചിരുന്നില്ല അവര്‍. ഒരിക്കല്‍ക്കൂടി ജന്മനാട്ടില്‍ പാടുക എന്ന മോഹം സഫലമാക്കാതെതന്നെ പി. ലീല യാത്രയായി. ശാന്തമായി മരിക്കാന്‍ തന്നെ അനുഗ്രഹിക്കണേ എന്ന് ദിവസവും പ്രാര്‍ഥിക്കാറുണ്ടായിരുന്നു അവര്‍. ഗുരുവായൂരപ്പന്‍ ആ പ്രാര്‍ഥന കേട്ടുവെന്നു നിശ്ചയം. മരണം വന്ന് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ ചെന്നൈ രാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ അബോധാവസ്ഥയില്‍ ആയിരുന്നു അവര്‍. ശാന്തവും സമാധാനപൂര്‍ണവുമായ അന്ത്യം. ഉറക്കത്തില്‍ മരിക്കുന്നതോളം ഭാഗ്യം മറ്റെന്തുണ്ട്?

കുട്ടിക്കാലത്ത് വര്‍ഷത്തിലൊരിക്കല്‍ മുടങ്ങാതെ നടന്നുപോന്ന ഗുരുവായൂര്‍യാത്രകളിലായിരിക്കണം പി. ലീലയുടെ ശബ്ദം ആദ്യമായി കാതില്‍ വന്നുവീണത്. പുലര്‍ച്ചെ വാകച്ചാര്‍ത്ത് തൊഴാന്‍ അച്ഛനൊപ്പം കാത്തുനില്‌ക്കേ കളഭചന്ദനഗന്ധങ്ങള്‍ക്കൊപ്പം കാറ്റില്‍ ഒഴുകിയെത്തിയ ശബ്ദം. അതേ ഗായികയാണ് 'അമ്പലക്കുളങ്ങരെ കുളിക്കാന്‍ ചെന്നപ്പോള്‍' എന്ന ശൃംഗാരലോലമായ ചലച്ചിത്രഗാനവും പാടിയതെന്ന് അന്നറിയില്ലായിരുന്നു. പിന്നീടൊരിക്കല്‍ കോട്ടക്കല്‍ ആര്യവൈദ്യശാലാങ്കണത്തില്‍ ലീലയുടെ കച്ചേരി കേള്‍ക്കാന്‍ അമ്മമ്മയോടൊപ്പം പോയത് ഓര്‍മയുണ്ട്. കച്ചേരി മുറുകവേ ആരോ പിന്നില്‍നിന്ന് വിളിച്ചുപറഞ്ഞു: 'ഞങ്ങള്‍ക്ക് അമ്പലക്കുളങ്ങരെ കേള്‍ക്കണം.' ആവശ്യം ശക്തമായപ്പോള്‍ ശാസ്ത്രീയകൃതികള്‍ക്ക് ഒരു ചെറിയ ഇടവേള കൊടുത്ത് ലീല തന്റെ സൂപ്പര്‍ ഹിറ്റ് സിനിമാഗാനം പാടുന്നു. ജനം ആനന്ദനിര്‍വൃതിയില്‍ ആറാടുന്നതിന്റെ മങ്ങിയ ഓര്‍മ ഇന്നുമുണ്ട് മനസ്സില്‍. അതൊരു കാലം.

പിന്നീടെപ്പോഴോ മലയാളികള്‍ക്ക് ലീലയെ വേണ്ടാതായി. വല്ലപ്പോഴുമൊരിക്കല്‍ ഓള്‍ഡ് ഈസ് ഗോള്‍ഡ് ഗാനമേളകളില്‍ മിന്നിമറയുന്ന ശബ്ദം മാത്രമായി അവര്‍ക്ക് ലീല. ഗുരുവായൂരില്‍ ലീലയുടെ ശബ്ദത്തില്‍ പതിറ്റാണ്ടുകളായി മുഴങ്ങിക്കേട്ടിരുന്ന നാരായണീയവും ജ്ഞാനപ്പാനയും ഹ്രസ്വകാലത്തേക്ക് മറ്റൊരു ഗായികയുടെ ശബ്ദത്തിനു വഴിമാറിയതും ഇക്കാലത്തുതന്നെ. കാലം മാറുന്നതിന് അനുസരിച്ച് ശീലങ്ങളും മാറട്ടെ എന്നു കരുതിയിരിക്കണം ദേവസ്വം അധികൃതര്‍. പരിഭവമൊന്നും പറഞ്ഞില്ല ലീല. ഈശ്വരഹിതം അതാണെങ്കില്‍ അങ്ങനെതന്നെ നടക്കട്ടെ എന്ന് സ്വയം സമാധാനിക്കുകമാത്രം ചെയ്തു. പക്ഷേ, ഭഗവാനുണ്ടോ പൊറുക്കുന്നു? ഭക്തരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ലീലയുടെ നാരായണീയത്തിലേക്കു മടങ്ങിപ്പോകാന്‍ ദേവസ്വം ബോര്‍ഡ് നിര്‍ബന്ധിതമാകുന്നു. പാളിപ്പോയ ഒരു പരീക്ഷണം. ബോധാബോധതലങ്ങള്‍ക്കിടയിലെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുമ്പോഴും ലീലയുടെ ചുണ്ടുകള്‍ പതുക്കെ മൂളിക്കൊണ്ടിരുന്നത് നാരായണീയശ്ലോകങ്ങളാണെന്ന്, ആസ്​പത്രിയില്‍ അവരെ കണ്ടു തിരിച്ചുവന്ന ഒരു സുഹൃത്ത് പറഞ്ഞുകേട്ടപ്പോള്‍ അദ്ഭുതം തോന്നിയില്ല. അത്രത്തോളം അവരുടെ ആത്മാവില്‍ അലിഞ്ഞുചേര്‍ന്നിരുന്നു ആ വരികള്‍.

2005 ഒക്ടോബര്‍ 31നായിരുന്നു ലീലയുടെ വേര്‍പാട്. രണ്ടു മാസംകൂടി കഴിഞ്ഞ് ആ വര്‍ഷത്തെ പദ്മ അവാര്‍ഡ് ജേതാക്കളുടെ പട്ടിക പുറത്തു വന്നപ്പോള്‍ അതില്‍ ലീലയുടെ പേരും ഉണ്ടായിരുന്നു. ലീലയ്ക്ക് പദ്മഭൂഷന്‍ ശിപാര്‍ശ ചെയ്തത് ജന്മനാടായ കേരളമല്ല; തമിഴ്‌നാടാണ്. സിനിമയ്ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച കലാകാരികളെ അംഗീകരിക്കാനും ആദരിക്കാനും എന്നും സന്മനസ്സു കാണിച്ചിട്ടുള്ള ജയലളിതയ്ക്കു നന്ദി. പക്ഷേ, വൈകിയെത്തിയ ആ അംഗീകാരംകൊണ്ട് ആര്‍ക്കെന്തു പ്രയോജനം? ജീവിച്ചിരുന്ന കാലത്തായിരുന്നെങ്കില്‍ അത്തരമൊരു ബഹുമതി ലീലച്ചേച്ചിക്കു നല്കാന്‍ ഇടയുണ്ടായിരുന്ന അഭിമാനവും ആഹ്ലാദവും എനിക്കു സങ്കല്പിക്കാനാകും. ഇത്ര കാലം കഴിഞ്ഞിട്ടും ആരെങ്കിലുമൊക്കെ നമ്മെ ഓര്‍ക്കുന്നു എന്ന അറിവ് ആരിലാണ് സന്തോഷമുളവാക്കാത്തത്? ആ ആഹ്ലാദം അനുഭവിക്കാന്‍ പക്ഷേ, ലീലയ്ക്കു ഭാഗ്യമുണ്ടായില്ല.

വൈകി വന്ന അംഗീകാരങ്ങള്‍ പുത്തരിയല്ല ലീലയുടെ സംഗീതജീവിതത്തില്‍ എന്നുകൂടി അറിയുക. തമിഴ്‌നാട് സര്‍ക്കാറിന്റെ കലൈമാമണി അവാര്‍ഡ് അവരെ തേടിയെത്തിയത് 1994-ലാണ്. സിനിമയില്‍നിന്ന് മിക്കവാറും അപ്രത്യക്ഷമായിക്കഴിഞ്ഞ് ഏതാണ്ട് രണ്ടു പതിറ്റാണ്ടിനുശേഷം, അന്നും കനിവ് കാട്ടിയത് ജയലളിതതന്നെ. തനിക്കു പിന്നാലെയും അതു കഴിഞ്ഞും വന്ന തലമുറക്കാര്‍ പലരും അതിനകം കലൈമാമണിമാരായിക്കഴിഞ്ഞിരുന്നു. പക്ഷേ, പരിഭവലേശമില്ലാതെ ലീല ആ ബഹുമതി ഏറ്റുവാങ്ങി. മുഖ്യമന്ത്രിയായിരുന്ന ജയലളിത അന്നു നടത്തിയ വികാരനിര്‍ഭരമായ പ്രസംഗം ഓര്‍മയുണ്ട്: 'എത്രയോ കാലം മുന്‍പ് ലീലാമ്മയെ തേടി എത്തേണ്ടിയിരുന്ന പട്ടമാണിത്. എന്റെ അമ്മ (പഴയകാല നടി സന്ധ്യ) അവരുടെ വലിയൊരു ആരാധികയായിരുന്നു. പിന്നെ ഈ ഞാനും. ഈ തലമുറയില്‍ എത്ര പേര്‍ക്ക് ലീല എന്ന ഗായികയെക്കുറിച്ച് അറിയാം? തെന്നിന്ത്യയുടെ ഒരേയൊരു വാനമ്പാടിയായിരുന്നു അവര്‍. ലീലയ്ക്കു പകരം ലീല മാത്രം.'

ലീലാ കലണ്ടര്‍

ജയലളിത മുഖസ്തുതി പറയുകയായിരുന്നില്ല.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education