തന്‍തറ തീര്‍ത്ത എഴുത്ത്‌

പി.വി.ഷാജികുമാര്‍

19 Oct 2012

മലയാളസാഹിത്യത്തിന് ആധുനികതയുടെ പുതുമണം പകര്‍ന്നുനല്‍കിയ കഥാകാരന്‍ കാക്കനാടന്‍ ഓര്‍മയായിട്ട് ഓക്ടോബര്‍ 19-ന് 1 വര്‍ഷം.

''എനിക്കെന്റെ രചനകളെ വിലയിരുത്താനാവില്ലെങ്കിലും ഞാന്‍ അവയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. ഓരോ രചനയ്ക്കും ശേഷം അതിനെക്കാള്‍ മെച്ചമാവണം അടുത്തത് എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുകയും അതിനുവേണ്ടി നിര്‍ബന്ധപൂര്‍വം ശ്രമിക്കുകയും ചെയ്യാറുണ്ട്. അത് എത്രത്തോളം വിജയകരമായി എന്ന് തീര്‍പ്പ് കല്‍പിക്കാന്‍ ഞാനാളല്ല. പിന്നെ എന്റെ രചനകള്‍ എനിക്ക് സംതൃപ്തി നല്‍കിയിട്ടുണ്ടോ എന്നാലോചിക്കുമ്പോള്‍ 'ഇല്ല' എന്നേ പറയാനാവൂ. സംതൃപ്തി പൂര്‍ണതയുമായി ബന്ധപ്പെട്ട ഒന്നല്ലേ? പൂര്‍ണത നേടുന്നവന്‍ ഈശ്വരനായിപ്പോവില്ലേ? നമ്മള്‍ പാവം മനുഷ്യര്‍ പൂര്‍ണത തേടുന്നവര്‍ മാത്രമല്ലേ? പൂര്‍ണതയിലേക്കുള്ള ഒരിക്കലും സഫലമാകാത്ത പ്രയാണമാണ് ഒരു സര്‍ഗാത്മക കലാകാരന്റെ ജീവിതവും പ്രവൃത്തിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ യാത്ര ലക്ഷ്യത്തിലെത്തിയില്ലെന്നറിഞ്ഞുകൊണ്ടുതന്നെ, അദമ്യമായ ഇച്ഛാശക്തിയോടെ, ആത്മവിശ്വാസത്തോടെ, ചങ്കൂറ്റത്തോടെ നാം ഈ പാഴ്ശ്രമങ്ങളില്‍ മുഴുകിയേ തീരൂ. എന്തെങ്കിലും നേടിയിട്ടുണ്ടോ ഇതുവരെ എന്നു ചോദിച്ചാല്‍ അവിടെയും സംഗതി കുഴപ്പമാണ്. വാല്‍മീകിയും വ്യാസനും തുടങ്ങി ഒട്ടേറെ മഹാരഥന്മാര്‍ നമുക്ക് മുന്‍പ് കൊളോസസ്സുകളെപ്പോലെ നടന്നു പോയില്ലേ? അവരുടെ പിന്നാലെ ഓടിയെത്താന്‍ അര്‍ഹതയില്ലാതെ ശ്രമിച്ച്, പാതയില്‍ ഇടറിവീഴുന്ന ഒരു പുഴുമാത്രമാണ് ഞാന്‍.''-കാക്കനാടന്‍

ആധുനികതയുടെ കൊടിയടയാളമേന്തി നിന്ന എഴുത്തുകാരനായിരുന്നൂ കാക്കനാടന്‍. സാഹിത്യത്തിന്റെ വ്യവസ്ഥാപിതമായ തീരുമാനങ്ങളെയെല്ലാം അടിമുടി അട്ടിമറിക്കുന്ന എഴുത്തായിരുന്നൂ ആധുനികതയുടേത്. നിഷേധമായിരുന്നൂ ആധുനികതയുടെ മുഖമുദ്ര.സവിശേഷമായൊരു മനോഭാവം പ്രദര്‍ശിപ്പിച്ച ഒരു പ്രസ്ഥാനമായിരുന്നു അത്. കെട്ടകാലത്ത് കെട്ടതിനെക്കുറിച്ച് കെട്ടഭാഷയില്‍ അവര്‍ വിളിച്ചുപറഞ്ഞു. ഒ.വി.വിജയന്‍, ആനന്ദ്, ടി.ആര്‍, എം.മുകുന്ദന്‍, സേതു, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയവരൊക്കെ ആധുനികഘട്ടത്തിലെ എഴുത്തുകാരായിരുന്നു. ആ നിരയുടെ മുന്നിലായിരുന്നൂ കാക്കനാടന്റെ സ്ഥാനം. യഥാസ്ഥിതകരായ വായനക്കാരന്റെ നെറ്റിചുളിപ്പിക്കുന്നതില്‍ ഒന്നാംസ്ഥാനം കാക്കനാടന് ആയിരുന്നു. എഴുതിത്തുടങ്ങിയ കാലത്ത് വിമര്‍ശനങ്ങളായിരുന്നൂ കാക്കനാടനെ തേടിവന്നത്. വിമര്‍ശനങ്ങളിലൊന്നും തളരാതെ, ആരെയും കൂസാതെ കാക്കനാടന്‍ തന്റേതായി വഴിവെട്ടിക്കൊണ്ടിരുന്നു. ഒറ്റയാന്റെ വഴി തേടല്‍ കൊണ്ട് തന്നെയാണ് കാക്കനാടന്‍ എന്ന എഴുത്തുകാരന്‍ ഇന്നും മലയാളിയുടെ വായനയില്‍ നിഷേധിക്കാനാവാത്ത സാന്നിദ്ധ്യമായി നില്ക്കുന്നത്. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് പിന്തള്ളപ്പെട്ടവര്‍ കാക്കനാടന്റെ രചനകളില്‍ നിറഞ്ഞുനിന്നു. താഴെത്തട്ടിലുള്ള ജീവിതങ്ങളെ വളരെ സ്വഭാവികമായി കാക്കനാടന്‍ വായനക്കാരെ അനുഭവിപ്പിച്ചു.

ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകനായിരുന്ന കോട്ടയം ഈരാറ്റുപേട്ട തമ്പലക്കാട് ജോര്‍ജ്ജ് കാക്കനാടന്റേയും പാലാക്കാരി റോസമ്മയുടേയും മകനായി 1935 ഏപ്രില്‍ 23-നാണ് ജോര്‍ജ്ജ് വര്‍ഗ്ഗീസ് കാക്കനാടന്റെ ജനനം. ഓരോസ്ഥലത്തും മാറിമാറി താമസിച്ചിരുന്ന കാക്കനാടന്റെ കുടുംബം കൊട്ടാരക്കര മൈലത്ത് ഏറെക്കുറെ സ്ഥിരതാമസമാക്കി. എം.എന്‍.ഗോവിന്ദന്‍ നായര്‍ അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ അന്നവിടെ ഒളിവില്‍ താമസിച്ചിട്ടുണ്ട്.അപ്പന്റെ കമ്മ്യൂണിസ്റ്റ് അനുഭാവം മകനേയും കമ്മ്യൂണിസ്റ്റുകാരനാക്കി. പാര്‍ട്ടിയംഗമായിരുന്നില്ലെങ്കിലും മരണം വരെ ഇടതുപക്ഷഅനുഭാവിയായിരുന്നൂ കാക്കാനാടന്‍.കൊല്ലം എസ്.എന്‍.കോളേജില്‍നിന്ന് 55ല്‍ രസതന്ത്രബിരുദം പൂര്‍ത്തിയാക്കിയ ശേഷം രണ്ടുവര്‍ഷം സ്വകാര്യ സ്‌കൂളുകളില്‍ കാക്കനാടന്‍ അധ്യാപകനായി ജോലി നോക്കി. 57-ല്‍ ചെന്നൈയില്‍ ദക്ഷിണ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായി. 61-ല്‍ ഡല്‍ഹിയില്‍ റെയില്‍ മന്ത്രാലയത്തില്‍ ജോലി കിട്ടി.

ആ വര്‍ഷം മാതൃഭൂമിയുടെ ഓണപ്പതിപ്പില്‍ വന്ന കാലപ്പഴക്കം എന്ന കഥയിലൂടെയാണ് കാക്കനാടന്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ മലയാളസാഹിത്യത്തില്‍ അടയാളപ്പെടുന്നത്. പഴകിത്തേഞ്ഞ് പോയ ആശയങ്ങള്‍ക്കെതിരായുള്ള ഒരു കലാപത്തിന്റെ ആരംഭധ്വനി ആ കഥയിലുണ്ടായിരുന്നു. ആധുനികത നുരഞ്ഞുപൊന്തുന്ന കാലമായിരുന്നൂ അത്. പൂര്‍ണ്ണമായും വലിച്ചുകുടിക്കാന്‍ കാക്കനാടന്‍ തയ്യാറായാതിന്റെ ആദ്യഫലമായിരുന്നൂ കാലപ്പഴക്കം. മരിക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളെ വ്യത്യസ്തമായ ഒരു മാനസികാവസ്ഥയോടെ സമീപിക്കുന്ന വൃദ്ധന്റെ ജീവിതത്തെ സൂക്ഷ്മതയോടെ അവതരിപ്പിച്ച ചെറുകഥയായിരുന്നു കാലപ്പഴക്കം. അതിനുമുമ്പ് ചില ചെറുകഥകള്‍ വന്നിരുന്നെങ്കിലും കാലപ്പഴക്കം കാക്കനാടനെ സാഹിത്യത്തിലെ മുന്‍നിരക്കാരനാക്കി. 'കാലപ്പഴക്കം' ഇന്നും കാലപ്പഴക്കം ബാധിക്കാത്ത രചനയായി മലയാളചെറുകഥയില്‍ നിലനില്‍ക്കുന്നു.

1965-ല്‍ ഡല്‍ഹിയില്‍ നേഴ്‌സായിരുന്ന തിരുവല്ല തടിയൂര്‍ സ്വദേശിനി അമ്മിണിയെ വിവാഹം കഴിച്ചു. 67-ല്‍ ഫെലോഷിപ്പ് നേടി ജര്‍മ്മനിയിലേക്ക് പോയെങ്കിലും പഠനം പൂര്‍ത്തിയാക്കാതെ 68-ല്‍ തിരിച്ചെത്തി കൊല്ലത്ത് സ്ഥിരതാമസമാക്കി. ആധുനികരായ മറ്റ് എഴുത്തുകാരില്‍ നിന്ന് വ്യത്യസ്തമായി മുഴുവന്‍സമയ എഴുത്തിലേക്ക് കാക്കനാടന്‍ മാറുന്നത് ഇവിടെ വെച്ചാണ്. ജര്‍മ്മിനിയില്‍ ഗവേഷണസമയത്ത് ഒരു പാട് സാദ്ധ്യതകള്‍ ഉണ്ടെന്നിരിക്കെ അതെല്ലാം ത്യജിച്ച് എഴുത്തിലേക്ക് പൂര്‍ണ്ണമായും സമര്‍പ്പിക്കാന്‍ കാക്കനാടന്‍ തയ്യാറാവുകയായിരുന്നു. എഴുതികൊണ്ടുമാത്രം ജീവിക്കാമെന്ന വ്യാമോഹമൊന്നും കാക്കനാടനുണ്ടായിരുന്നില്ല. എഴുത്താണ് തന്റെ ജീവിതം എന്ന തീരുമാനം കാക്കാനാടന്‍ എന്ന വലിയ എഴുത്തുകാരനെ മലയാളിക്ക് തന്നു. ഭര്‍ത്താവിന്റെ തീരുമാനത്തിന് പാറ പോലെ ഉറച്ച പിന്തുണ നല്കി അമ്മിണി. കാക്കനാടന്‍ എന്ന എഴുത്തുകാരന്റെ അരാജകജീവതത്തിനും എഴുത്തിനും എല്ലാ പ്രതിസന്ധിഘട്ടങ്ങളേയും അവഗണിച്ച് അമ്മിണി കൂടെയുണ്ടായിരുന്നു.

ഗ്രാമീണജീവിതവും നഗരവും തമ്മിലുള്ള സംഘര്‍ഷങ്ങളെ കാല്പനികഭാഷയില്‍ അവതരിപ്പിക്കുന്ന രചനകളായിരുന്നൂ അക്കാലത്ത് സാഹിത്യത്തില്‍ സംഭവിച്ചുകൊണ്ടിരുന്നത്. കാക്കനാടന്റെ എഴുത്ത് എതിര്‍ദിശയിലായിരുന്നു. നാഗരികജീവിതത്തിന്റെ ക്രൗര്യതയും സംഘര്‍ഷവും മറ പിടിക്കാതെ കാക്കനാടന്‍ എഴുതിവെച്ചു. പ്രകോപിപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങളായിരുന്നൂ അത്. വിമര്‍ശകരുടെ ചീത്തവിളികള്‍ കാക്കനാടനെ തേടിവന്നുകൊണ്ടേയിരുന്നു. നഗരജീവിതം അവതരിപ്പിക്കുന്നതിനൊപ്പം ഗ്രാമീണജീവിതത്തിന്റെ ആഴങ്ങളിലേക്ക് നോക്കുവാനും അദ്ദേഹം തയ്യാറായി. ഗ്രാമീണചാരങ്ങളുടേയും വിശ്വാസങ്ങേളേയും വ്യത്യസ്തതയോടെ അദ്ദേഹം രചനകളില്‍ കൊണ്ടുവന്നു. ലൈംഗീകത, വയലന്‍സ്, മതം, അസ്തിത്വപ്രതിസന്ധി, വിശ്വാസരാഹിത്യം എന്നിവ കാക്കനാടന്‍കഥകളിലെ മുഖ്യവിഷയങ്ങളായി. ഭാഷ കൊണ്ടുള്ള കളിയിലും കാക്കനാടന്‍ മുന്നിലായിരുന്നു. ശ്രീചക്രവും നീലഗ്രഹണവും ഭാഷയുടെ സങ്കീര്‍ണ്ണതകള്‍ കൊണ്ട് വായനക്കാരന്‍ അട്ടിമറിക്കപ്പെട്ട് പോയ കാക്കനാടന്‍രചനകളാണ്.

നോവലെഴുത്തിലെത്തിയതോടെ ആധുനികതയിലൂന്നി നിന്നുകൊണ്ടുള്ള ജീവിതസമീപനം കൂടുതല്‍ ശക്തമായി ആവിഷ്‌കരിക്കാനായി അദ്ദേഹത്തിന്റെ ശ്രമം.1967-ലാണ് കാക്കനാടന്റെ ആദ്യനോവല്‍ സാക്ഷി പ്രസിദ്ധപ്പെടുത്തുന്നത്. അച്ഛനുമായി തെറ്റിപ്പിരിഞ്ഞ് നാട് വിട്ടുപോകുന്ന നാരായണന്‍ കുട്ടിയാണ് സാക്ഷിയിലെ കേന്ദ്രകഥാപാത്രം. അച്ഛന്‍ മരിക്കുമ്പോള്‍ തിരിച്ചുവരുന്ന നാരായണന്‍ കുട്ടി മരണാനന്തരച്ചടങ്ങ് കഴിഞ്ഞ പാടെ തിരിച്ചുപോകുന്നതില്‍ അവസാനിക്കുന്ന സാക്ഷി സമൂഹത്തിന്റെ അടിസ്ഥാനധാരണകളെ ചോദ്യം ചെയ്യുന്ന ശക്തമായ രചനായായിരുന്നു.

ബൈബിളിലെ വെളിപാട് പുസ്തകത്തെ അവലംബിച്ച് എഴുതപ്പെട്ടതാണ് ഏഴാംമുദ്ര. വായനക്കാരെ അല്‍ഭുതം നിറഞ്ഞ ലോകത്തിലേക്ക് ഈ നോവല്‍ കൂട്ടിക്കൊണ്ട് പോവുന്നു. പാപപുണ്യങ്ങളെ ഒരേ തുലാസില്‍ വെച്ച് കൊണ്ട് കാക്കനാടന്‍ വിലയിരുത്തുന്നു. പ്രളയത്തിലൂടെ ജീവിതത്തിന്റെ വിശ്വാസം കൊണ്ടുവരാമെന്നും പ്രവാചകന്‍ ആഗതനാകുമെന്നുമുള്ള പതിവ് വിശ്വാസത്തെ വലിച്ചെറിയുന്നുണ്ട് ഈ നോവല്‍.

ആദര്‍ശവാദിയായ ശിവന്‍കുട്ടി എന്ന കമ്മ്യൂണിസ്റ്റുകാരന് സംഭവിക്കുന്ന നല്ലതല്ലാത്ത പരിണാമങ്ങളുടെ കഥ പറയുന്ന ഉഷ്ണമേഖല കാക്കനാടന്റെ മികച്ച രചനകളില്‍ ഒന്നാണ്. വെറും യന്ത്രമായി മാറിയിരിക്കുന്നു താനെന്ന് കുമ്പസരിക്കുന്ന ശിവന്‍ കുട്ടിയില്‍ അവസാനിക്കുന്ന ഏറെ രാഷ്ട്രീയപ്രധാന്യമുള്ള ഈ രചന കാക്കനാടനിലെ കമ്മ്യൂണിസ്റ്റുകാരനെ കാട്ടിത്തരുന്നു.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education