വിമോചനസമരം: ഇ.എം.എസ്സിനെ കൊല്ലാനും പദ്ധതിയിട്ടു

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

04 Aug 2011


ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭയ്‌ക്കെതിരെ ജാതി-മത-സാമുദായിക ശക്തികളെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് വിമോചന സമരത്തിനുള്ള ഒരുക്കം കൂട്ടിക്കഴിഞ്ഞിരുന്നു. മുഖ്യമന്ത്രി ഇ.എം.എസ്സിന്റെ അനൗദ്യോഗിക സെക്രട്ടറിയായി പ്രവര്‍ത്തിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.എന്‍. ഗോവിന്ദന്‍ നായര്‍ എന്നോട് ആവശ്യപ്പെട്ടു. ചുമതലയേറ്റ ഞാന്‍ മുഖ്യമന്ത്രിയോടൊത്ത് ക്ലിഫ് ഹൗസില്‍ താമസം തുടങ്ങി. ശര്‍മാജിയാണ് ഇ.എം.എസ്സിന്റെ ഔദ്യോഗിക സെക്രട്ടറി. ഒരു ഐ.എ.എസ്സുകാരന്‍ വേറെയും ഉണ്ട്. മുഖ്യമന്ത്രി ഇ.എം.എസ്, പാര്‍ട്ടി സെക്രട്ടറി എം.എന്‍. ഗോവിന്ദന്‍ നായര്‍, ഇന്‍ഫര്‍മേഷന്‍ മന്ത്രി ടി.എ. മജീദ് എന്നിവര്‍ എന്നെ വിളിച്ച് ചര്‍ച്ച ചെയ്തു. ആദ്യം ചെയ്യേണ്ട ജോലിയും നിര്‍ദേശിച്ചു. കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളെ തുറന്നുകാട്ടാന്‍ ഇംഗ്ലീഷില്‍ ലഘുലേഖ തയ്യാറാക്കുക, രാജ്യത്താകെ വിതരണം ചെയ്യാന്‍. ഇന്‍ഫര്‍മേഷന്‍ വകുപ്പ് അച്ചടിച്ചു വിതരണം ചെയ്യും.

'പ്ലോട്ട് ടു ടോപ്പിള്‍ ഇ.എം.എസ്. ഗവണ്‍മെന്റ്' (ഇ.എം.എസ്സിനെ മറിച്ചിടാന്‍ ഗൂഢാലോചന) എന്ന് ലഘുലേഖയുടെ തലക്കെട്ടായി ഞാന്‍ നിര്‍ദേശിച്ചു. അതെല്ലാവരും അംഗീകരിക്കുകയും ചെയ്തു. സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് അതുവരെ നടന്ന അട്ടിമറി നീക്കങ്ങള്‍ സംബന്ധിച്ച പത്രവാര്‍ത്തകളുടെ കട്ടിങ്ങുകള്‍ മന്ത്രി മജീദ് എനിക്ക് എത്തിച്ചുതന്നു. മോസ്‌കോവിലായതിനാല്‍ എല്ലാ കാര്യങ്ങളുടെയും വിശദാംശങ്ങള്‍ അറിഞ്ഞിരുന്നില്ല. എല്ലാം വിശദമായി പഠിച്ചു. വെള്ളയമ്പലത്തെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ആപ്പീസില്‍ ഒരാഴ്ചയോളം കുനിഞ്ഞിരുന്ന് ലഘുലേഖ തയ്യാറാക്കി ഇ.എം.എസ്സ്. വായിച്ച് സംതൃപ്തി രേഖപ്പെടുത്തി. ഇംഗ്ലീഷ് ലഘുലേഖയുടെ രണ്ടായിരം കോപ്പികള്‍ അച്ചടിച്ചു. കുറേ എണ്ണം ദില്ലിയിലെത്തിച്ച് എല്ലാ എം.പി.മാരുടെയും എഴുത്തുപെട്ടിയില്‍ ലഘുലേഖയുടെ കോപ്പികള്‍ നിക്ഷേപിക്കാന്‍ ഏര്‍പ്പാടുണ്ടാക്കി. പ്രധാന രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും കോപ്പികള്‍ എത്തിച്ചുകൊടുത്തു. മന്ത്രി വി.ആര്‍. കൃഷ്ണയ്യര്‍ എഴുതിയ 'ഡാനിയല്‍ കംസ് ടു ജഡ്ജ്‌മെന്റ്' എന്ന മറ്റൊരു പുസ്തകവും ഇംഗ്ലീഷില്‍ പ്രസിദ്ധപ്പെടുത്തി.

ഇന്ത്യയില്‍ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ആപല്‍ക്കരമായ അട്ടിമറി നീക്കങ്ങള്‍ തുറന്നുകാട്ടിക്കൊണ്ട് പുതിയ ലഘുലേഖ വായിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയ്‌ഘോഷ് എന്നെ അഭിനന്ദിച്ച് കത്തെഴുതി. ഞാന്‍ ന്യൂഏജിലും ബ്ലിറ്റ്‌സിലും ലേഖനങ്ങള്‍ എഴുതി. വിമോചനസമരത്തെ തുറന്നുകാട്ടി.

'കേരളത്തില്‍ കമ്യൂണിസ്റ്റ് ഭരണം', 'കമ്യൂണിസ്റ്റ് മന്ത്രിസഭ', 'തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നു', 'തൊഴിലാളി സര്‍വാധിപത്യം വഴി കേരളത്തില്‍ സോഷ്യലിസം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു'-എന്നിങ്ങനെയുള്ള തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ കേരളത്തെക്കുറിച്ച് വിദേശ പത്രങ്ങളില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ അല സോഷ്യലിസ്റ്റ് രാജ്യങ്ങളിലും എത്തി. കേരളത്തിന്നകത്ത് 'സെല്‍ സര്‍വാധിപത്യം' എന്ന കെട്ടുകഥകളും പത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.

ഈ സാഹചര്യത്തില്‍, കേരളത്തിലെ മന്ത്രിസഭ ഒരു സോഷ്യലിസ്റ്റോ കമ്യൂണിസ്റ്റോ അല്ലെന്നും ഈ മന്ത്രിസഭയ്ക്ക് അത്തരം പരിപാടികള്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്നും വിശദീകരിക്കേണ്ടത് ആവശ്യമായി വന്നു. മോസ്‌കോ പാര്‍ട്ടി സ്‌കൂളില്‍ അജയ്‌ഘോഷ് നടത്തിയ പ്രസംഗത്തിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. ഇത്തരം തെറ്റിദ്ധാരണകള്‍ നീക്കാന്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സി.പി.എസ്.യു) മുഖപത്രമായ 'പ്രാവ്ദ'യില്‍ 'ഡെമോക്രാറ്റിക് ട്രാന്‍സ്ഫര്‍മേഷന്‍ ഇന്‍ കേരള' (കേരളത്തിലെ ജനാധിപത്യ പരിവര്‍ത്തനങ്ങള്‍) എന്ന തലക്കെട്ടില്‍ അജയ്‌ഘോഷ് ഒരു നീണ്ട ലേഖനം പ്രസിദ്ധീകരിച്ചു.
കേരളത്തില്‍ മാത്രമായി സോഷ്യലിസ്റ്റ് ഭരണക്രമം കെട്ടിപ്പടുക്കാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ ഭരണഘടന അതിനനുവദിക്കുന്നില്ലെന്നും കേരളത്തിലെ ഗവണ്‍മെന്റിന് അത്തരമൊരു ലക്ഷ്യമില്ലെന്നും നെഹ്‌റു 1938-39ല്‍ വാഗ്ദാനം നല്കിയ ഭൂപരിഷ്‌കരണം, ഒഴിപ്പിക്കല്‍ നിരോധം, വിദ്യാഭ്യാസ മേഖലയില്‍ അഴിച്ചുപണി, അധ്യാപകരെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുക, തൊഴില്‍ തര്‍ക്കങ്ങളില്‍ പൊലീസ് ഇടപെടാതിരിക്കുക എന്നീ കാര്യങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുക എന്നും ലേഖനത്തില്‍ വിശദീകരിച്ചു. ജനകീയ ജനാധിപത്യ വിപ്ലവമല്ല, താത്ത്വികമായി പറഞ്ഞാല്‍ കേരളത്തില്‍ നടന്നത്. ജനാധിപത്യപരമായ പരിവര്‍ത്തനമാണെന്നും ലേഖനത്തില്‍ വ്യക്തമാക്കി. അജയ്‌ഘോഷിന്റെ ഈ ലേഖനം കിഴക്കന്‍ യൂറോപ്പിലെ എല്ലാ സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് പത്രങ്ങളും പ്രസിദ്ധീകരിച്ചു.
ഇന്നത്തെ മാതിരി തമ്മിലടിയും തൊഴുത്തില്‍ കുത്തും കുതികാല്‍വെട്ടും മൂലം അസ്തിവാരം തകര്‍ന്ന പാര്‍ട്ടിയായിരുന്നില്ല അമ്പതുകളിലെയും അറുപതുകളിലെയും കോണ്‍ഗ്രസ്. അതൊരു വടവൃക്ഷം തന്നെയായിരുന്നു. ശാഖോപശാഖകളായി രാജ്യമെങ്ങും പടര്‍ന്ന് പന്തലിച്ചുനില്‍ക്കുന്ന വടവൃക്ഷം. ഈ വടവൃക്ഷത്തിനു കീഴില്‍ ഒരു പുല്ലുപോലും മുളയ്ക്കാന്‍ അനുവദിക്കില്ലായിരുന്നു. ഭരിക്കാന്‍ പിറന്നവരാണ് തങ്ങളെന്നും മറ്റുള്ളവരെല്ലാം ഭരിക്കപ്പെടേണ്ടവരുമാണെന്ന ബോധമാണ് കോണ്‍ഗ്രസ് നേതാക്കളെ നയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി 'കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കും'-എന്ന് നെഹ്‌റു തന്നെ അന്ന് അഹങ്കരിച്ചിരുന്നു.

ഇത്തരമൊരു ഗര്‍വിന്റെ എക്കാലത്തെയും പ്രതീകമായിരുന്നു ഇന്ദിരാഗാന്ധി. രാജ്യം ഭരിക്കാനായി ഞങ്ങളുള്ളപ്പോള്‍ കേരളം കമ്യൂണിസ്റ്റുകാര്‍ ഭരിക്കുകയോ എന്ന കോണ്‍ഗ്രസ്സിന്റെ അസഹിഷ്ണുതയാണ് യഥാര്‍ഥത്തില്‍ വിമോചന സമരത്തിന് വഴിയൊരുക്കിയത്. മന്നത്ത് പത്മനാഭനെപ്പോലെയുള്ള സാമുദായിക പ്രമാണിമാരും ഗുണ്ടകള്‍ക്കു ചെല്ലും ചെലവും നല്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുംകൂടി രംഗത്തു വന്നതോടെ കമ്യൂണിസ്റ്റ് ഭരണത്തെ അട്ടിമറിക്കുന്നതിനുള്ള അന്തരീക്ഷം സംജാതമായി. എം.ആര്‍.എ. വഴിയാണ് സി.ഐ.എ. പണം കേരളത്തിലെത്തിയത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലും ഗൗരിയമ്മ നിയമസഭയില്‍ അവതരിപ്പിച്ച ഭൂപരിഷ്‌കരണ ബില്ലുമാണ് വിമോചന സമരത്തിന് കാരണമായി പറയപ്പെടുന്നെങ്കിലും അത് ഒരു നിമിത്തമായി എന്നു പറയുന്നതാവും ചരിത്രപരമായ ശരി.

വിദ്യാഭ്യാസ ബില്ല് ഇന്ത്യന്‍ ഭരണഘടനയുടെ 26, 30 വകുപ്പുകള്‍ക്കു വിരുദ്ധമാണെന്നും സുപ്രീം കോടതിയില്‍ കേരളത്തിലെ എന്‍എസ്എസ്, ക്രിസ്ത്യന്‍ മതസ്ഥാപനങ്ങള്‍, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് എന്നിവര്‍ ഒറ്റക്കെട്ടായി വാദിച്ചു. എല്ലാ മതവിഭാഗങ്ങള്‍ക്കും (എ) മതധര്‍മ്മ ലക്ഷ്യങ്ങള്‍ക്കായി സ്ഥാപനങ്ങളുണ്ടാക്കി നിലനിര്‍ത്താനും, (ബി) മതകാര്യങ്ങളെ സംബന്ധിച്ചിടത്തോളം സ്വയം വേണ്ടതെല്ലാം നിര്‍വഹിക്കാനും (സി) സ്ഥാവര ജംഗമ സ്വത്തുക്കള്‍ നേടാനും അവയുടെ ഉടമസ്ഥാവകാശം പുലര്‍ത്താനും, (ഡി) അത്തരം സ്വത്തുക്കളുടെ ഭരണം നടത്താനും അവകാശമുണ്ട്-എന്ന് ഭരണഘടനയുടെ 26-ാം വകുപ്പ് അനുശാസിക്കുന്നു. അതനുസരിച്ച് ക്രിസ്ത്യന്‍-മുസ്ലിം സ്‌കൂളുകളും കോളേജുകളും സര്‍ക്കാരിനു ഏറ്റെടുക്കാനോ അതിന്റെ ഭരണത്തില്‍ (ഫീസ് പിരിവ്) ഇടപെടാനോ അധികാരമില്ല എന്ന് പറഞ്ഞ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ല് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതിയില്‍ വിമോചന സമരക്കാര്‍ വാദിച്ചു. ''എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാനും ഭരിക്കാനും അവകാശമുണ്ടെന്ന്'' ഭരണഘടനയുടെ 30-ാം വകുപ്പ് ഒന്നാം ഉപവകുപ്പ് വ്യവസ്ഥ ചെയ്യുന്നു. ഇതനുസരിച്ച് മതത്തെയോ ഭാഷയെയോ അടിസ്ഥാനമാക്കിയുള്ള ഒരു ന്യൂനപക്ഷത്തിന്റെ മാനേജ്‌മെന്റിനു കീഴിലുള്ളതാണെന്ന കാരണത്താല്‍ വിദ്യാഭ്യാസ സ്ഥാപനത്തിനു സഹായമനുവദിക്കുന്നതില്‍ ഗവണ്മെന്റ് ഒരു വിദ്യാലയത്തോടും വിവേചനം കാട്ടിക്കൂടാ എന്ന് മന്നം-ക്രിസ്ത്യന്‍-മുസ്ലിം-കോണ്‍ഗ്രസ് പക്ഷത്തിന്റെ വക്കീലന്‍മാര്‍ വാദിച്ചു.

ഇതിനെ നേരിടാന്‍, കേരള സര്‍ക്കാര്‍ ഫ്രഒ.ച പ്രിറ്റ്' എന്ന പ്രമുഖ ബ്രിട്ടീഷ് നിയമ പണ്ഡിതനെയാണ് വക്കീലായി കൊണ്ടുവന്നത്. സുപ്രീം കോടതിയില്‍ പ്രിറ്റിന്റെ വാദം 26, 27, 29, 30 വകുപ്പുകള്‍ക്കെതിരായിരുന്നില്ല, മറിച്ച് സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് ന്യൂനപക്ഷങ്ങളുടെതുടക്കം മാനേജ്‌മെന്റ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാനും നിയമിക്കാനും അധികാരമുണ്ടെന്ന് സ്ഥാപിക്കാനായിരുന്നു.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education