മഹാകവി പിയുമായി മഹാകവി അക്കിത്തം സംസാരിക്കുന്നു

അക്കിത്തം

29 Dec 2010

വാക്കുകളുടെ മഹാബലി മഹാകവി പി.കുഞ്ഞിരാമന്‍ നായരുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാകവി അക്കിത്തം നടത്തിയ അപൂര്‍വമായ അഭിമുഖം ചുവടെ. പിയുടെ കാവ്യവിചാരങ്ങളിലേക്കും ജീവിതത്തിലേക്കുമുള്ള സ്‌നേഹപൂര്‍ണ്ണമായ കടന്നുപോകലിനൊപ്പം രണ്ട് വലിയ കവികളുടെ കൂടിച്ചേരലിന്റെ അത്യപൂര്‍വ്വത കൂടിയുണ്ട് ഈ മുഖാമുഖത്തിന്. മഹാകവിയോടുള്ള സ്‌നേഹാഞ്ജലിയായി ഈ അഭിമുഖം സമര്‍പ്പിക്കുന്നു, ഒപ്പം അക്കിത്തം എന്ന ഇതിഹാസമെഴുത്തുകാരനോടുള്ള ധന്യതയും.

അക്കിത്തം: നമസ്‌കാരം. വല്ലപ്പോഴുമൊരിക്കലേ കണ്ടുകിട്ടാറുള്ളു. കണ്ടാല്‍ത്തന്നെ രണ്ടാമത്തെ നോട്ടത്തിനുമുമ്പ് അങ്ങ് അപ്രത്യക്ഷനാകും. ഇന്നേതായാലും വിടാന്‍ ഭാവമില്ല. എന്റെ കൈയില്‍ ഏതാനും ചോദ്യങ്ങളുണ്ട്. കുഞ്ഞിരാമന്‍നായര്‍ ആ ചോദ്യങ്ങള്‍ക്ക് അര്‍ഥമുണ്ടാക്കിത്തരേണമെന്ന അപേക്ഷയുണ്ട്.
കുഞ്ഞിരാമന്‍നായര്‍: നമസ്‌കാരം. ഞാന്‍ സ്വതേ ഒരു അനര്‍ഥക്കാരനാണ്. എങ്കിലും ചോദിച്ചോളൂ.

കുഞ്ഞിരാമന്‍നായര്‍ക്ക് കവിതാരചന സുഖമാണോ?

ഈ ചോദ്യം ഞാന്‍ പലവട്ടം പനിനീര്‍മൊട്ടിനോട് ചോദിച്ചതാണ്. ധനുമാസത്തിലെ കുയിലിനോടു ചോദിച്ചതാണ്. ചന്ദ്രോത്സവത്തിലെ കടലിനോട് ചോദിച്ചതാണ്. ഈ വികാരം സുഖമാണോ? ഈ രാഗലഹരി സുഖമാണോ? ഈ പ്രേമവായ്പിന്റെ വേലിയേറ്റം സുഖമാണോ? അവരുടെ മറുപടി ഞാന്‍ ആവര്‍ത്തിക്കാം - ഇതു സുഖമാണ്. ഇതു മാത്രമാണ് സുഖം - ഈ സുഖം നേടാനുള്ള ദുഃഖവും സുഖമാണ്.

എന്നു തുടങ്ങി ഈ സുഖാന്വേഷണം എന്നറിഞ്ഞാല്‍ കൊള്ളാം.

ഒന്നുമറിയാത്ത, എല്ലാമറിയുന്ന, ശൈശവത്തില്‍. പന്ത്രണ്ടാം വയസ്സില്‍. ഇരുട്ടു കുത്തി, തോരാത്ത കര്‍ക്കടകപ്പേമാരിയുടെ ശ്രുതി. മുത്തശ്ശന്റെ രാമായണഭാരത പാരായണം. രാമചരിതം പാട്ട്. എന്നെ അലിയിച്ചു. മധുരം നിറച്ച ആ ശീലുകള്‍ മറ്റൊരു ലോകത്തിലെത്തിച്ചു. കവിത-സംഗീതം-കേള്‍ക്കുമ്പോള്‍ സ്വയം മറന്ന് അതില്‍ മുങ്ങാന്‍ മനസ്സാശിച്ചു. പിന്നീട്, പതിന്നാലാമത്തെ വയസ്സില്‍ പട്ടാമ്പി പരിസരത്തുവെച്ച്-കവിതയുടെ ഉറവു കിനിഞ്ഞു.

പന്ത്രണ്ടാമത്തെ വയസ്സെന്നു പറഞ്ഞുവല്ലോ. പ്രാഥമിക വിദ്യാഭ്യാസം നേടിയ നാളുകളെക്കുറിച്ചുള്ള ഓര്‍മകള്‍ എന്തെല്ലാമാണ്?

വളരെയൊന്നും ഓര്‍മയില്ല. എങ്കിലും ഒന്നോര്‍ക്കുന്നു. കണക്കു പീര്യഡ് അന്നെനിക്കൊരു പേടിസ്വപ്നമായിരുന്നു. പാഠപുസ്തകങ്ങളിലെ കവിതകള്‍ നീട്ടിപ്പാടി സ്വയം മറക്കാറുണ്ടായിരുന്നു. അതൊരു ആവേശം തന്നെയായിരുന്നു.

കുഞ്ഞിരാമന്‍നായരുടെ ആദ്യത്തെ കവിത ഏതാണ്? അതെഴുതിയത് എവിടെ വച്ചായിരുന്നു?

പ്രകൃതിഗീതം! അതാണെന്റെ ആദ്യത്തെ കവിത. അതെഴുതുകയല്ല ഉണ്ടായത്. ഏറെനാള്‍ അതിലെ ഈരടികള്‍ മൂളിപ്പാടി തന്നത്താന്‍ രസിച്ചുകൊണ്ടു നടന്നു. പിന്നീട് എത്രയോ കഴിഞ്ഞ്, കുറുവന്‍തൊടി ശങ്കരനെഴുത്തച്ഛന്റെ നിര്‍ബന്ധപ്രകാരം ഒരു കടലാസ്സില്‍ പകര്‍ത്തി, അദ്ദേഹം നടത്തിവന്നിരുന്ന 'പൈങ്കിളി' മാസികയില്‍ ചേര്‍ത്തു.

പട്ടാമ്പി പരിസരവും ഭാരതപ്പുഴയും അങ്ങയുടെ മിക്ക കവിതകളുടെയും പശ്ചാത്തലമായി വര്‍ത്തിച്ചതെന്തുകൊണ്ടാണ്? ഒന്നു വിശദീകരിക്കാമോ?

എന്തോ! പട്ടാമ്പി-പുന്നശ്ശേരി പരിസരം ഉറങ്ങുന്ന കവിതയെ തട്ടിയുണര്‍ത്തിവിട്ടു. ഭാരതപ്പുഴയും വെണ്‍മണല്‍ത്തിട്ടും ചെറുതോണികള്‍, പച്ച പുതച്ച ഈങ്ങയൂര്‍ കുന്ന്. സന്ധ്യയ്ക്ക് ഇത്തിരി നേരം അന്തിത്തിരി മിന്നിമറയുന്ന ആ ശിവക്ഷേത്രം, നിശ്ശബ്ദമായി കാലുവച്ചു വരുന്ന പ്രഭാതങ്ങള്‍, നീണ്ട പാത, പലതരം യാത്രക്കാര്‍ - എല്ലാം ഒരു മഹാകാവ്യത്തിലെ വരികളായി തോന്നി. അന്നത്തെ അനുഭൂതിയെക്കുറിച്ച് 'പുലരിയെന്നവളോട്' എന്ന കവിതയില്‍ കാണാം. ആ കവിത നഷ്ടപ്പെട്ടു.

ഒരു വിദ്യാര്‍ഥിയായി അങ്ങ് പട്ടാമ്പിയിലെത്തിച്ചേര്‍ന്നുവെന്നാണല്ലോ പറഞ്ഞത്. അന്ന് അങ്ങ് നേടിയ വിദ്യാഭ്യാസത്തിന്റെ സ്വഭാവം ഒന്നു വിവരിച്ചുതന്നാല്‍ തരക്കേടില്ല. ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ അങ്ങ് എന്തെല്ലാം നേടി?

ഒരു വ്യാഴവട്ടക്കാലത്തിലധികം സംസ്‌കൃതപഠനത്തിന്നായി ചെലവഴിച്ചിട്ടുണ്ട്. ആദ്യം പട്ടാമ്പിയില്‍, പിന്നീട് തഞ്ചാവൂരിലും. പട്ടാമ്പിയില്‍ വച്ച്, സാക്ഷാല്‍ മഹാവിദ്വാന്‍ പുന്നശ്ശേരി നമ്പി ഗുരുനാഥന്റെ കീഴിലായിരുന്നു. കാവ്യങ്ങള്‍, അലങ്കാരങ്ങള്‍ എന്നിവ പഠിച്ചു. ഏഴര വെളുപ്പിന് ഉറക്കം തൂങ്ങിക്കൊണ്ടുള്ള ആ ശ്ലോകം ചൊല്ലലും, ഗുരുനാഥന്റെ ഇടയ്ക്കുള്ള 'കുഞ്ഞിരാമാ' എന്നുള്ള വിളിയും 'ഉറങ്ങുകയാണോ?' എന്ന ചോദ്യവും ഇപ്പോഴും കാതിലുണ്ട്.

സാക്ഷാല്‍ പുന്നശ്ശേരി നമ്പിയെക്കുറിച്ച് അങ്ങ് പ്രസ്താവിച്ചുവല്ലോ. ആ പുണ്യശ്ലോകനെക്കുറിച്ച് അല്‍പ്പം കൂടി കേട്ടാല്‍ കൊള്ളാമെന്നുണ്ട്. അതും ഒരാപ്തശിഷ്യന്റെ മുഖത്തുനിന്നും.

ഭസ്മരുദ്രാക്ഷമാലകളണിഞ്ഞ ആ തേജോരൂപം, ഇപ്പോഴും ചുമര്‍ച്ചിത്രമായി ഉള്ളറയിലുണ്ട്. കാലത്തു മൂന്നുമണി തൊട്ട് എട്ടു മണിവരെയും വൈകുന്നേരം അഞ്ചുമണിമുതല്‍ എട്ടുമണിവരെയും അദ്ദേഹം തന്റെ ഉപാസനാമൂര്‍ത്തിയായ ദേവിയുടെ ക്ഷേത്രത്തിലായിരിക്കും. അതു കഴിഞ്ഞ് മറ്റു സമയങ്ങളിലാണ് അധ്യാപനം. ഒരേ സമയത്തു പത്തു ശിഷ്യന്മാരെ, പത്തു വിഷയങ്ങള്‍ - ദുര്‍ഗ്രഹശാസ്ത്രങ്ങള്‍-പഠിപ്പിച്ചിരുന്നു.

തഞ്ചാവൂര്‍ പരിസരം അങ്ങയെ എത്ര കണ്ടു സ്വാധീനിച്ചിട്ടുണ്ട്?

ഇവിടെ ഭാരതപ്പുഴ എന്നപോലെ അവിടെയും എന്നെ പിടികൂടാന്‍ ഒരുത്തിയുണ്ടായിരുന്നു. ഇളം നീലച്ചേലയുടുത്ത കാവേരി! കരിമ്പുതോട്ടങ്ങളില്‍ക്കൂടി മെല്ലെ മെല്ലെ അടിവച്ചടിവച്ച് ത്യാഗരാജകീര്‍ത്തനങ്ങളുടെ മധുരമൊഴുക്കി എങ്ങോ നടന്നകലുന്ന കാവേരി! കാവേരിയിലെ പ്രഭാതം! പാതിരാവിലെ ചന്ദ്രോദയം - കാവേരീനദിയിലേക്ക് കെട്ടിയിറക്കിയ ആ കൂറ്റന്‍ കെട്ടിടത്തിന്റെ, ഓളങ്ങളുരുമ്മുന്ന ഒരു മുറിയിലാണ് രണ്ടു കൊല്ലം ഞാന്‍ ജീവിച്ചിരുന്നത്. അവളെക്കുറിച്ച് മൂന്നാലു കവിതകള്‍ അന്നു മനസ്സിലെഴുതിവച്ചു.

അപ്പോള്‍ ഒരു ചോദ്യം - കവിതകള്‍ മനസ്സിലെഴുതിവെച്ചുവെന്ന് പറഞ്ഞല്ലോ. ആ ഏര്‍പ്പാട് ഇന്നുമുണ്ടോ?

ചങ്ങാതീ, ഇന്നത് സാധ്യമല്ല. കടലാസ്സും പേനയും എന്നും തുണയ്ക്കു വേണം എന്ന മട്ടാണിന്ന്: കിഴവന്നു വടിപോലെ.

തികച്ചും ബോധപൂര്‍വമായ ഒരു പ്രക്രിയയാണോ, ഈ കവിതാരചന?

ഓരോരുത്തരുടെയും കവിതാരചന ഓരോ മട്ടിലായിരിക്കും. എന്നെ സംബന്ധിച്ച് തുറന്നുപറയാം. തികച്ചും ബോധപൂര്‍വമല്ല ആ പ്രക്രിയ. ആകാശത്ത് പെട്ടെന്ന് എങ്ങുനിന്നോ മേഘമാലകള്‍ അടിഞ്ഞുകൂടുന്നു. പൂവില്‍ തനിയെ തേന്‍ കിനിയുന്നു. എട്ടുകാലി അവനറിയാതെ മനോഹരമായ വല നെയ്യുന്നു. മങ്ങിയ വെളിച്ചത്തില്‍ മങ്ങിയ ഇരുട്ടില്‍വെച്ച് ആ സര്‍ഗപ്രക്രിയ നടക്കുന്നു.

സാഹിത്യം-കവിത. ജീവിതഗന്ധിയാവണമെന്ന് പറയാറുണ്ട്. അങ്ങനെ വരുമ്പോള്‍, കവി തനിക്കു ചുറ്റുമുള്ള ജീവിതം നിരീക്ഷിക്കേണ്ടതല്ലേ? അതങ്ങനെത്തന്നെ പകര്‍ത്തിവെച്ചാല്‍ കവിതയാകുമോ?

വെറും ഫോട്ടോഗ്രാഫറല്ല കവി. കവി ചിത്രകാരനാണ്. മണ്ണ്, മനോഹരമായ മണ്‍കുടമാകുന്നു. പരുത്തി വെണ്മയേറിയ പൂന്തുകിലാകുന്നു. മുള്ളുള്ള കൈതയോല, മിനുമിനുത്ത തഴപ്പായാകുന്നു. പുതിയൊരു പ്രപഞ്ചസൃഷ്ടി തന്നെയാണത്. കവിയുടെ മൂലധനം ഭാവനാവിലാസംതന്നെ. ഉണക്കുവൈക്കോല്‍ തിന്നുന്ന പശു നറുംപാല്‍ ചുരത്തുന്നു. ഈ പ്രപഞ്ചം ഈ ഭാവനാശില്‍പ്പത്തില്‍ക്കൂടി, നിത്യസുന്ദരമായ ഭാവനാകാവ്യമായി ഉരുത്തിരിയുന്നു.

കവിയുടെ നിത്യനൂതനമായ പ്രപഞ്ചസൃഷ്ടിയെക്കുറിച്ച് അങ്ങ് ഭംഗിയായി അപഗ്രഥിച്ചു.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT