ചരിത്രവും വര്‍ഗീയതയും

എം.ജി.എസ്. നാരായണന്‍ / എം.എന്‍ .കാരശ്ശേരി

13 Aug 2013


കേരളത്തിലെ ഏറ്റവും പ്രമുഖനായ അക്കാദമിക് ചരിത്രകാരനായ മാഷ് ഇപ്പോള്‍ ചരിത്രരചനയിലെന്നതിലധികം സമകാലിക രാഷ്ട്രീയ സാമൂഹ്യപ്രശ്‌നങ്ങളെപ്പറ്റി എഴുതുന്നതില്‍ താത്പര്യം കാണിക്കുന്നതെന്തുകൊണ്ടാണ്?

എം.ജി.എസ്. നാരായണന്‍: അതു ശരിയല്ല. ചരിത്രം പഠിച്ചതിന്റെ വെളിച്ചത്തില്‍ വര്‍ത്തമാനകാല പ്രശ്‌നങ്ങളെപ്പറ്റി ഞാന്‍ ഈയിടെയായി ധാരാളം ലേഖനങ്ങള്‍ എഴുതുന്നുണ്ട്. അതില്‍ കൂടുതലായി ചരിത്രവും എഴുതുന്നുണ്ട്. അതിലധികവും ഇംഗ്ലീഷിലും ഗവേഷണപ്രസിദ്ധീകരണങ്ങളിലുമാണ്. കേരളത്തിലെ സാധാരണ വായനക്കാര്‍ക്ക് കൂടുതല്‍ താത്പര്യം സാഹിത്യത്തിലും സാമൂഹ്യപ്രശ്‌നങ്ങളിലുമായതുകൊണ്ട് അവരുടെ ശ്രദ്ധയില്‍ അതു പെടുന്നില്ലായിരിക്കാം.
പാശ്ചാത്യസമൂഹങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ബുദ്ധിജീവികള്‍ കുറവാണ്. കേരളത്തില്‍ ആ വര്‍ഗം സിംഹവാലന്‍ കുരങ്ങളുകളെക്കാള്‍ അപൂര്‍വം. ബുദ്ധിജീവിയുടെ വേഷംകെട്ടിയ പത്രപ്രവര്‍ത്തകര്‍ ഇവിടെ വികടപരാക്രമങ്ങള്‍ കാട്ടി ജനത്തെ ആഹ്ലാദിപ്പിക്കുന്നു. കേരളത്തില്‍ നിര്‍ഭാഗ്യവശാല്‍ അക്കാദമിക സ്ഥാപനങ്ങളും സര്‍വകലാശാലകളും ഇല്ലല്ലോ. പേരിലും എണ്ണത്തിലും മാത്രം അവ പെരുകിയിരിക്കുന്നു. സ്വാതന്ത്ര്യസമരഫലമായി ഉണ്ടാകാന്‍ തുടങ്ങിയിരുന്ന പലതും കമ്യൂണിസ്റ്റ് ഗൂഢാലോചനയിലൂടെ തകര്‍ക്കപ്പെട്ടിരിക്കുന്നു. കേവലം ഉപരിപ്ലവമായ 'കഥാ-കവിതാ-സാമുദായിക ചര്‍ച്ചാസംസ്‌കാര'മാണ് നമ്മുടെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇപ്പോള്‍ അന്തരീക്ഷമലിനീകരണത്തിന്റെ ചാനലുകള്‍ വര്‍ധിച്ചിരിക്കുന്നു. അവ അടുക്കളയിലും കിടപ്പറയിലും കടന്നുചെല്ലുന്നു; സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ഓടിച്ചിട്ടു പിടിച്ചുതുടങ്ങിയിരിക്കുന്നു. ഇതിനിടയില്‍ ഗൗരവമുള്ള ചരിത്രചര്‍ച്ചയ്ക്ക് എവിടെയാണു നേരം?

സാഹിത്യത്തെയും ചരിത്രത്തെയും മാഷ് എങ്ങനെയാണ് താരതമ്യം ചെയ്യുക?

സാഹിത്യതാത്പര്യവും ചരിത്രതാത്പര്യവും വേറെവേറെ വഴിക്കല്ല, ഒരേ വഴിക്കാണ് പോകുന്നത്. എന്തിന്, എല്ലാ കലകളുടെയും വഴി അതാണ്. എല്ലാം മനുഷ്യരിലുള്ള താത്പര്യത്തില്‍ തുടങ്ങുന്നു. ഹൈസ്‌കൂളില്‍വച്ച് Glimpses of World History, Discovery of India തുടങ്ങിയ പുസ്തകങ്ങള്‍ ചരിത്രമാണെന്നറിയാതെ വായിച്ചിരുന്നപ്പോള്‍ ഭൂതകാലം എങ്ങനെ രസകരമാക്കാം എന്നെനിക്കു മനസ്സിലായി.
ഭൂതകാലത്തെക്കുറിച്ചുള്ള പഠനമാണ് ചരിത്രം. ഭൂതകാലം സമഗ്രമായി പുനരാവിഷ്‌കരിക്കുവാന്‍ ആവില്ല. തെളിവുകള്‍ ഭാഗികമായിരിക്കും; പ്രകൃതിയുടെയും മനുഷ്യന്റെയും കൈക്രിയയ്ക്കു വിധേയമാക്കപ്പെട്ടവയും. എങ്കിലും നമ്മള്‍ അതന്വേഷിക്കുന്നു. ജിജ്ഞാസ മനുഷ്യസ്വഭാവത്തിലെ ഒരു ഘടകമാണ്. തന്നെത്തന്നെ അറിയാനും മറ്റുള്ളവരെ അറിയാനുമുള്ള മനുഷ്യവാസനയുടെ സൃഷ്ടിയാണ് ചരിത്രം - കലപോലെ തന്നെ. അനുഭവങ്ങളും വികാരവിചാരങ്ങളും മനസ്സിലാക്കാനുള്ള സ്വാഭാവികമായ ദാഹം. എല്ലാ പുസ്തകങ്ങളും മനുഷ്യകഥാനുഗായികള്‍ തന്നെ. ചരിത്രം സംഭവിച്ചതിനെപ്പറ്റിയാണ്; സാഹിത്യം സംഭവിക്കാവുന്നതിനെപ്പറ്റിയും. സംഭവിച്ചത് എന്ന സങ്കല്പത്തില്‍ ചരിത്രകാരന്‍ എഴുതുന്നു; സംഭവിക്കാവുന്നത് എന്ന ഭാവനയില്‍ സാഹിത്യകാരന്‍ എഴുതുന്നു.

ചരിത്രത്തിലും ഭാവനയുണ്ടല്ലേ?

ചരിത്രത്തില്‍ ഭാവനയുണ്ട്. എന്നുമാത്രമല്ല, അത്യാവശ്യവുമാണ്. നമുക്ക് പ്രമാണശകലങ്ങളേ കിട്ടുന്നുള്ളൂ. അതുവച്ചു പഴയകാലം പുനരാവിഷ്‌കരിക്കുകയാണ്. ഒരു കാലത്തെപ്പറ്റി നൂറോ ഇരുനൂറോ സംഭവചിത്രങ്ങള്‍ കിട്ടുന്നു. ഒരേ സംഭവത്തെപ്പറ്റി പല പത്രങ്ങള്‍ എഴുതുന്ന റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യതയേ അവയ്ക്കും ഉള്ളൂ. പിന്നെ, കിട്ടിയ തെളിവുകളെ പരിശോധനയ്ക്കു വിധേയമാക്കണം. അത്തരം പരിശോധനയാണ് ചരിത്രഗവേഷണംകൊണ്ട് ഉദ്ദേശിക്കുന്നത്.
ഉദാഹരണമായി നമുക്കു കിട്ടുന്ന പ്രമാണങ്ങളായ പുരാലിഖിതങ്ങള്‍, പുരാവസ്തുക്കള്‍, സഞ്ചാരക്കുറിപ്പുകള്‍, നാണയങ്ങള്‍, സാഹിത്യരചനകള്‍ മുതലായവ പഠിക്കണം. വ്യാജമല്ലെന്ന് ആദ്യം ഉറപ്പുവരുത്തണം. കാലനിര്‍ണയം വലിയ പ്രശ്‌നമാണ്. അതിനു ചില ശാസ്ത്രീയ മാര്‍ഗങ്ങളുണ്ട്: അറിയപ്പെടുന്ന മറ്റു രേഖകളുമായി താരതമ്യം ചെയ്യുകയാണ് ഒരു മാര്‍ഗം. ഭാഷാരീതി പഠിക്കുകയാണു മറ്റൊരു മാര്‍ഗം. രാസപരിശോധനകള്‍, പ്രകാശപരീക്ഷകള്‍, ഗണിതവിദ്യകള്‍ - എല്ലാമാവാം. ഇങ്ങനെ ആഭ്യന്തരവും ബാഹ്യവുമായ പരീക്ഷകള്‍ നടത്തിക്കൊണ്ടാണ് ചരിത്രഗവേഷണം ഒച്ചിന്റെ വേഗതയില്‍ മുന്നേറുന്നത്; ഓന്തിനെപ്പോലെ നിറംമാറുന്നതും.

സത്യത്തില്‍ വസ്തുനിഷ്ഠത സാധ്യമാണോ? ചരിത്രകാരന്റെ ആത്മനിഷ്ഠതയല്ലേ ചരിത്രരചനയില്‍ മുന്നിട്ടുനില്‍ക്കുക?

വിഷയം തെരഞ്ഞെടുക്കുന്നതു മുതല്‍ ചരിത്രകാരന്റെ മുന്‍വിധികളും താത്പര്യങ്ങളും കഴിവുകളും കഴിവുകേടുകളും ഇടപെട്ടേക്കാം. അറിഞ്ഞും അറിയാതെയും വസ്തുതകളുടെ സംയോജനത്തിലും വ്യാഖ്യാനത്തിലും വര്‍ണനയിലും സംഗ്രഹണത്തിലും വിശദീകരണത്തിലുമെല്ലാം അരൂപികളായ മനോരാജ്യദേവതകള്‍ ബാക്ടീരിയകളെപ്പോലെ നിരന്തരം പ്രവര്‍ത്തിക്കുന്നു. ഇതിനെയെല്ലാം ചരിത്രകാരന്‍ കരുതിയിരിക്കണം. എല്ലാ സര്‍ക്കാരുകളുടെയും രേഖകള്‍ വരികള്‍ക്കിടയിലൂടെ വായിക്കണം.

ടിപ്പുസുല്‍ത്താന്‍ അമ്പലങ്ങള്‍ക്കു സ്വത്തുകൊടുത്തതിനു രേഖകളുണ്ട്. അദ്ദേഹം അമ്പലങ്ങള്‍ നശിപ്പിച്ചതിനും തെളിവുകളുണ്ട്. അദ്ദേഹത്തിന്റെ മന്ത്രി ബ്രാഹ്മണനായിരുന്നു. പക്ഷേ, അദ്ദേഹം അനേകം നായന്മാരെ ഇസ്‌ലാം മതത്തിലേക്കു ബലാല്‍ക്കാരമായി പരിവര്‍ത്തനം ചെയ്യിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഇസ്‌ലാമിലും ജ്യോതിഷത്തിലും ഒരേ സമയം വിശ്വാസമായിരുന്നു. വിദേശീയശക്തികളോടു സമരം ചെയ്യുമ്പോഴും സ്വദേശീയ രാജ്യങ്ങളെ ദ്രോഹിക്കുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം കൂടുമ്പോഴേ ടിപ്പു സുല്‍ത്താന്‍ ആവുകയുള്ളൂ.

ഇതൊക്കെപ്പറഞ്ഞാലും 'യഥാര്‍ത്ഥചരിത്രം' എന്നൊന്നുണ്ടാവുമോ? അപ്പോഴും ചരിത്രത്തിന്റെ വ്യാഖ്യാനമല്ലേ ഉണ്ടാവൂ?

ശരിയാണ്. 'സത്യചരിത്ര'മോ 'അന്തിമചരിത്ര'മോ സാധ്യമല്ല. എങ്കിലും ചരിത്രകാരനു ബോധപൂര്‍വമുള്ള പ്രചാരണം ഒഴിവാക്കാന്‍ ശ്രമിക്കാം; ലഭ്യമായ പ്രമാണങ്ങളെ ധിക്കരിക്കാതിരിക്കാം; സ്വന്തം മനസ്സിലെ അബോധപൂര്‍വമായ പ്രവണതകളുടെ സാധ്യതയെക്കുറിച്ച് എടുത്തുപറയാം; ആലങ്കാരികത്വവും അതിശയോക്തിയും അശ്രദ്ധയും വ്യാജരേഖാനിര്‍മിതിയും വസ്തുതാനിഗൂഹനവും ഉണ്ടാവാതെ കഴിക്കാം. എത്ര ആളുകള്‍ എഴുതുന്നുവോ, അത്രയും ചരിത്രം ഉണ്ടാവും. കൊള്ളാവുന്ന ചരിത്രവും കൊള്ളരുതാത്ത ചരിത്രവും തിരിച്ചറിയാന്‍ നേരത്തേ വിശദീകരിച്ച പരിശോധനാമാര്‍ഗങ്ങള്‍ മാനദണ്ഡങ്ങളാക്കാവുന്നതാണ്.

അപ്പോള്‍ ചരിത്രത്തില്‍ നിഷ്പക്ഷത സാധ്യമല്ല എന്നല്ലേ വന്നുകൂടുന്നത്?

കോണ്‍ഗ്രസ്സിനെയോ, മുസ്‌ലിംലീഗിനെയോ, കമ്യൂണിസത്തെയോ, ബി.ജെ.പി.യെയോ നന്നാക്കുവാനോ ചീത്തയാക്കുവാനോ വേണ്ടി എഴുതിയ ചരിത്രമുണ്ടാവും. ഇതുപോലെ വ്യക്തികളെയോ സമുദായങ്ങളെയോ നന്നാക്കുവാനോ ചീത്തയാക്കുവാനോ വേണ്ടി എഴുതിയ ചരിത്രവുമുണ്ടാവും. അത്തരം വളച്ചൊടിക്കലുകള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. ആ രഹസ്യപരിപാടികള്‍ പരസ്യമാക്കണം, അവ ഉപേക്ഷിക്കാന്‍ വഴിയൊരുക്കണം. അത്രയുമാണ് ഈ സന്ദര്‍ഭത്തില്‍ 'നിഷ്പക്ഷത' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മഹത്വവത്കരണമോ നിസ്സാരവത്കരണമോ അറിഞ്ഞുകൊണ്ട് ചെയ്യരുത്. അതാണ് നിഷ്പക്ഷത. അന്യപക്ഷങ്ങളും ആവുന്നിടത്തോളം സൂചിപ്പിക്കണം. ഏതുതരം വായനയാണ് ലക്ഷ്യമാക്കുന്നത് എന്നതനുസരിച്ചാണ് എഴുത്തിന്റെ സ്വഭാവം രൂപപ്പെടുന്നത്.
കേരളത്തില്‍ കുറേക്കാലമായി അധികാരികള്‍ പാര്‍ട്ടിപക്ഷ ചരിത്രം ആവശ്യപ്പെടുന്നു. അതിനെ ചെറുക്കാന്‍ പറ്റിയ സര്‍വകലാശാലകള്‍ ഇവിടെ വളര്‍ന്നുവരാന്‍ അവര്‍ സമ്മതിച്ചിട്ടില്ല. ചെറുപ്പക്കാര്‍ പോലും പാഞ്ഞുനടന്ന് പാര്‍ട്ടിചരിത്രം എഴുതുന്നതില്‍ മത്സരിക്കുന്നു. കുഞ്ചന്‍നമ്പ്യാര്‍ പറഞ്ഞപോലുള്ള 'ദീപസ്തംഭസിദ്ധാന്ത'ത്തിന് 'നല്ലനല്ല' ബിരുദങ്ങള്‍ നല്‍കി ആദരിക്കുന്നു. അവര്‍ക്കു നിഷ്പക്ഷതയില്ലെന്നു മാത്രമല്ല, നമ്മള്‍ ഇതു ചൂണ്ടിക്കാണിച്ചാല്‍ 'ചരിത്രത്തില്‍ നിഷ്പക്ഷതയില്ല' എന്ന് അവര്‍ ആക്രോശിക്കുകയും ചെയ്യും! സത്യനിഷ്ഠ ചരിത്രത്തില്‍ സാധ്യമാണ്. വസ്തുനിഷ്ഠത ഒരാദര്‍ശലക്ഷ്യമാണ്. പക്ഷേ, നമ്മുടെ നാട്ടില്‍ സത്യനിഷ്ഠയും വസ്തുനിഷ്ഠതയും കുറവായിരിക്കുന്നു. 'ഭയകാപട്യലോഭങ്ങള്‍' വിദ്യാഭ്യാസമുള്ളവരും ഉദ്യോഗാര്‍ഥികളും ആയ പുതിയ തലമുറയെ കഷ്ടത്തിലാക്കുന്നു. പാര്‍ട്ടിനേതാക്കള്‍ പറഞ്ഞതിനെ സാധൂകരിക്കാനുള്ള പ്രമാണങ്ങള്‍ കണ്ടെത്തുകയെന്ന ഒറ്റ നിയോഗമാണ് പലര്‍ക്കുമുള്ളത് - കോളേജധ്യാപകര്‍ തൊട്ട് വൈസ് ചാന്‍സലര്‍മാര്‍ വരെ.

മാഷിന്റെ നോട്ടത്തില്‍ സത്യസന്ധമായി ചരിത്രം എഴുതിയവര്‍ ആരൊക്കെയാണ്?

അങ്ങനെയുള്ളവര്‍ പലരുണ്ട്.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education