കൂരിരുട്ടില്‍ ഒരു കുട്ടിസൂര്യന്‍

കൈതപ്രം/ലത്തീഫ് പറമ്പില്‍

18 May 2013


കൈതപ്രം എന്നത് കണ്ണൂര്‍ ജില്ലയിലെ ആരോരുമറിയാത്ത ഒരോണംകേറാമൂലയായിരുന്നു പണ്ട്. എന്നാല്‍ ഇന്ന് മലയാളികളെ സംബന്ധിച്ചിടത്തോളം കൈതപ്രം എന്നാല്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. കേട്ടു മതിവരാത്ത ഒരുപറ്റം ഗാനങ്ങളുടെ രചയിതാവ്. സംഗീതം പഠിക്കാന്‍വേണ്ടി ഇല്ലത്തുനിന്നും ഇറങ്ങിത്തിരിച്ച് തലശ്ശേരിയിലും പൂഞ്ഞാറിലും തിരുവനന്തപുരത്തുമൊക്കെ അലഞ്ഞ് ഒടുവില്‍ പത്രപ്രവര്‍ത്തകനായി കോഴിക്കോട് എത്തിയതോടെയാണ് തിരുമേനിയുടെ സമയം തെളിഞ്ഞത്. കോഴിക്കോട് മാതൃഭൂമിയില്‍ പ്രൂഫ് റീഡറായി ജോലിനോക്കവേ, ഫാസിലിന്റെ എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തില്‍ ഗാനമെഴുതാന്‍ അവസരം ഒത്തുവന്നു. പാട്ട് ഹിറ്റായതോടെ അതിലെ ഹൃദ്യമായ വരികള്‍ എല്ലാവരുടെയും ചുണ്ടുകളില്‍ തത്തിക്കളിച്ചു. ആദ്യചിത്രത്തോടെ തന്നെ പുതിയൊരു ഗാനരചയിതാവിന്റെ ഉദയം മലയാള ചലച്ചിത്രരംഗത്ത് ആഘോഷിക്കപ്പെടുകയായിരുന്നു.
പൂവട്ടക തട്ടിച്ചിന്നി പൂമലയില്‍ പുതുമഴ ചിന്നി
പൂക്കൈത കൈയും വീശി ആമലയീമല പൂമല കേറി
അങ്ങേ കണ്ടത്തെ തൃത്താപ്പെണ്ണിനൊരുമ്മ കൊടുത്തൂ
താന്തോന്നിക്കാറ്റ്, ഉമ്മകൊടുത്തൂ താന്തോന്നിക്കാറ്റ്-
എന്ന ഗാനവും
ദേവദുന്ദുഭീ സാന്ദ്രലയം
ദിവ്യവിഭാതസോപാനരാഗലയം
ഗാനമുണര്‍ത്തും ഋതുപല്ലവിയില്‍
കാവ്യമരാളഗമനലയം...
എന്ന ഗാനവും കുറച്ചൊന്നുമല്ല അന്ന് ആസ്വാദക മനസ്സിനെ പിടിച്ചുലച്ചത്.
'കൂരിരുട്ടില്‍ ഒരു കുട്ടിസൂര്യന്‍' എന്നാണ് സംഗീതനിരൂപകന്‍ ടി.പി.ശാസ്തമംഗലം കൈതപ്രത്തെ അന്ന് വിശേഷിപ്പിച്ചത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല അദ്ദേഹത്തിന്. ഹിസ് ഹൈനസ് അബ്ദുള്ളയിലൂടെ, ഭരതത്തിലൂടെ, അമരത്തിലൂടെ, ദേശാടനത്തിലൂടെ അങ്ങനെയങ്ങനെ അവസരങ്ങളും ഹിറ്റുകളും അനര്‍ഗളം പ്രവഹിക്കുകയായിരുന്നു. കവിത, പാട്ടെഴുത്ത്, നാടകം, കച്ചേരി, സൗഹൃദം, പത്രപ്രവര്‍ത്തനം, സംഗീതം, സിനിമ- അങ്ങനെ തന്നെ താനാക്കിയ സംഭവപരമ്പരകളിലേക്കുള്ള ഒരു മടക്കയാത്രയായിരുന്നു ഈ സൗഹൃദസംഭാഷണം.

ഗ്രാമത്തിന്റെ ഓര്‍മ എങ്ങനെയാണ് മനസ്സില്‍ തെളിയുന്നത്?

എന്റെ ഗ്രാമത്തിനെക്കുറിച്ച് എനിക്കിപ്പഴും അഭിമാനമുണ്ട്. തറവാട്ടില് ഒന്നും ആരുമില്ല. അതൊരു ദുഃഖമാണ്. പിന്നെയൊന്ന് നമ്മുടെ കുടുംബത്തിന്റെ തകര്‍ച്ച. കൂട്ടുകുടുംബങ്ങള്‍ മാത്രമായിട്ടുള്ള ഒരു കാലമായിരുന്നു അത്. കുടുംബത്തില്‍ ഒരാള്‍ എപ്പോഴും നമ്മളെക്കുറിച്ച് അന്വേഷിക്കാനുണ്ടാവും. വിഷുവൊക്കെയാണെങ്കില്‍ നമുക്ക് കൈനീട്ടം തരാന്‍. അതുപോലെ ഓണം. അത്തരം സന്ദര്‍ഭങ്ങളൊക്കെ വരുമ്പോഴാണ് തകര്‍ന്ന കൂട്ടുകുടുംബങ്ങളുടെ, നാട്ടുമ്പുറങ്ങളുടെയൊക്കെ ദുഃഖാവസ്ഥ മനസ്സിലാവുന്നത്. എനിക്ക് ഇപ്പോഴും അവിടെ പോകുമ്പോഴ് വിഷമമാണ്. പിന്നെയൊന്ന് വിയോഗങ്ങള്‍. വളരെ പ്രിയപ്പെട്ട ആള്‍ക്കാരൊക്കെ അവിടെനിന്ന് പോയിക്കഴിഞ്ഞു. അതാണ് കൈതപ്രം എന്ന ഗ്രാമത്തെക്കുറിച്ച് എനിക്കിപ്പോഴുള്ള വിഷമം.
പക്ഷേ, ഞാന്‍ ആദ്യമായി സാധകം ചെയ്തിട്ടുള്ളത്, മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായി ഞാന്‍ ചിന്തിച്ചിട്ടുള്ളത്, എഴുതിയത്, എല്ലാം അവിടെവെച്ചായിരുന്നു. അതെല്ലാം ഞാന്‍ ഇപ്പോഴും നന്നായി ഓര്‍ക്കുന്നു.

എഴുതിത്തുടങ്ങിയ കാലത്ത്, സംഗീതത്തില്‍ ഹരിശ്രീകുറിച്ച നാളുകളില്‍ പ്രോത്സാഹനം വല്ലതും കിട്ടിയിരുന്നോ?

കുട്ടിക്കാലത്ത് എന്നെ അഭിനന്ദിച്ചിട്ടുള്ള ആള്‍ക്കാര്‍ വളരെവളരെ കുറവാണ്. എന്റെ പ്രവര്‍ത്തനങ്ങളില്‍, എന്റെ നീക്കങ്ങളില്‍, എന്റെ വായനയില്‍, എന്റെ പാട്ടുകളിലൊക്കെ. പക്ഷേ, അവരൊക്കെ പിന്നെപ്പിന്നെ ഞാന്‍ പ്രശസ്തനായിത്തുടങ്ങിയപ്പോള്‍ എന്റെ ബന്ധുത്വം അവകാശപ്പെടാന്‍ തുടങ്ങി. അതിലവര്‍ അഭിമാനിക്കുന്നതായി തോന്നി. അതിലെനിക്ക് സന്തോഷമേയുള്ളൂ.

അക്കാലത്തെക്കുറിച്ച് ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ എന്തു തോന്നുന്നു?

ഞാനെപ്പോഴും ജീവിതത്തെ പോസിറ്റീവായി കാണുന്ന ഒരാളാണ്. പൊതുവേ എല്ലാ കാര്യങ്ങളിലും. ഒന്നിനെയും നെഗറ്റീവ് ആയി കാണാന്‍ എനിക്കിഷ്ടമില്ലതന്നെ. കൈതപ്രത്ത് പോകുമ്പോള്‍ എനിക്ക് അനുഭവപ്പെടുന്നത് ഏറ്റവും പുതിയ തലമുറയെ ഒന്നും എനിക്കറിഞ്ഞുകൂടാ എന്ന വിഷമം മാത്രമാണ്. അവരൊക്കെ എന്നെ ഭയങ്കരമായി ഇഷ്ടപ്പെടുകയും ആരാധിക്കുകയുമൊക്കെ ചെയ്യുന്ന കുഞ്ഞുങ്ങളാണ്. പക്ഷേ, അവരെയൊന്നും അടുത്തറിഞ്ഞുകൂടാ എന്ന ഒരു വിഷമമുണ്ട്.

കൈതപ്രത്ത് അക്കാലത്ത് പ്രശസ്തരായിരുന്നവര്‍ ആരൊക്കെയായിരുന്നു?

ഇപ്പഴത്തെ തലമുറയെക്കാളും പ്രസിദ്ധരായവര്‍ ഉണ്ടായിരുന്നു അവിടെ. നാരായണന്‍ നമ്പൂതിരിയെപ്പോലുള്ള ജ്യോതിഷികള്‍. ഭാഗവതജ്ഞന്മാര്‍, വേദജ്ഞന്മാര്‍, വല്യ ജന്മിത്തവും വല്യ സ്വത്തുക്കളുമൊന്നുമുള്ളവരായിരുന്നില്ല. സാമാന്യം നന്നായി ജീവിക്കുന്നവര്‍. പിന്നെ അവരൊക്കെ ഭയങ്കരമായിട്ട് പീഡിപ്പിക്കപ്പെട്ടു. എന്നാലും അതൊന്നുമറിയാത്ത ഒരു തലമുറയും അവിടെ വളര്‍ന്നുവരുന്നുണ്ട്.

കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും ഒരു പൂര്‍വകാലത്തിലൂടെ കടന്നുവന്നയാളാണെന്ന് കേട്ടിട്ടുണ്ട്, അക്കാലത്തെക്കുറിച്ച്?

ഞാനതിനൊന്നും അത്ര പ്രാധാന്യം കൊടുക്കുന്നില്ല. അതേക്കുറിച്ച് ഞാന്‍ എന്തെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കില്‍ത്തന്നെ അതൊന്നും നെഗറ്റീവ് ആയി എടുത്തിട്ടല്ല. കാരണം അക്കാലത്ത് ഞാനത് ഒരു കവിതയിലൂടെ എഴുതിയിട്ടുണ്ട്. 'പണ്ടെങ്ങാണ്ടൊരു തലമുറയുടെ കര്‍മഫലങ്ങളെയാകെ കൊച്ചു തലച്ചുമടാക്കിയ കുഞ്ഞുണ്ണി' അതായിരുന്നു ഞാനൊക്കെ, അല്ലെങ്കില്‍ എന്റെ തലമുറയൊക്കെ. എനിക്കതില്‍ കുറ്റം പറയാന്‍ തോന്നുന്നില്ല. കാരണം 60 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്ന ഇന്ത്യന്‍സ്വാതന്ത്ര്യത്തിന് ഇനിയും എത്ര കാലമാണ് ഈ തലമുറയെ വേട്ടയാടുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. അവര്‍ എന്തു തെറ്റ് ചെയ്തിട്ടാണ് അവരുടെ പഠനങ്ങളില്‍നിന്ന്, ഔദ്യോഗികതലങ്ങളില്‍നിന്ന് അവരുടെ സ്വാതന്ത്ര്യത്തില്‍നിന്നൊക്കെ അവരെ കട്ട് ചെയ്തിരിക്കുകയാണ് ശരിക്ക് പറഞ്ഞാല്‍. കൈതപ്രത്ത് ആര്‍ക്കെങ്കിലും പി.എസ്.സി സെലക്ഷന്‍ കിട്ടിയിട്ട് എനിക്ക് തോന്നുന്നത് പത്തു വര്‍ഷമെങ്കിലും ആയിട്ടുണ്ടാവും. ഈ കുഞ്ഞുങ്ങളൊക്കെ എന്തു തെറ്റുചെയ്തു? ആരാണ് അവരുടെ കാര്യം ചോദിക്കാന്‍ ഉള്ളത്? കാരണം വോട്ടിന്റെ പ്രശ്‌നമൊന്നും വരുന്നില്ല. അവരൊക്കെ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയിലായിരിക്കുമല്ലോ. രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊന്നും ഇതത്ര പ്രശ്‌നമില്ല. പാവപ്പെട്ടവരുടെ കാര്യത്തിലൊന്നും അവര്‍ക്ക് ശ്രദ്ധയില്ലല്ലോ. ഇതിന്റെ തുടക്കത്തിലാണ് ഞാനിതൊക്കെ അനുഭവിച്ചിട്ടുള്ളത്. പെട്ടെന്നുള്ള ഒരു മാറ്റം 'യുഗാന്തപ്പൊരുളിന്നിടിവാളിന് വൃഷ്ടം കാട്ടിയ മാതാമഹന്‍' - എന്നാണ് കവി പാടിയിട്ടുള്ളത്. ഒരു യുഗം അവസാനിക്കുന്നതുപോലെ പെട്ടെന്നാണീ മാറ്റങ്ങള്‍ വന്നത്. അതുപോലും ഇവരറിഞ്ഞില്ല. ഒരു സമൂഹം അങ്ങനെ ഏറ്റവും പുരോഗമനപരമായ കാര്‍ഷികബില്ലുപോലുള്ള മാറ്റംപോലും ആര്‍ക്കും ഒന്നും നേടിക്കൊടുത്തിട്ടില്ല. അന്നത് കിട്ടിയ കുടിയാന്മാരെല്ലാം അപ്പോള്‍ത്തന്നെ അവ വില്ക്കുകയായിരുന്നു. അതൊക്കെ വീണ്ടും ഏതോ ഭൂപ്രഭുവിന്റെ കീഴിലാവുകയാണുണ്ടായത്. അല്ലാത്ത പണിയെടുക്കുന്നവന് അതൊന്നും കിട്ടിയിട്ടില്ല. അഥവാ അവരൊന്നുമേ പണിയെടുക്കാന്‍ തയ്യാറുള്ളവരുമായിരുന്നില്ല. ഞാന്‍ പണിയെടുക്കാന്‍ തയ്യാറായിരുന്നു. പക്ഷേ, എന്റെ കൈയില്‍നിന്നൊക്കെ അത് പോയി.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education