നിങ്ങള്‍ യഥാര്‍ഥ ഇന്ത്യ കാണാന്‍ ഇറങ്ങണം

മഹാശ്വേതാദേവി / എ.വി. ഷെറിന്‍

22 Dec 2012

പ്രജ്ഞയുടെ പേരാണ് മഹാശ്വേതാദേവി. സൗമ്യവും തീക്ഷ്ണവുമായ ഭാവങ്ങള്‍ ഒരേപോലെ മിന്നിമായുന്ന അവരുടെ മുഖത്തെ വടുക്കളില്‍ തിളങ്ങുന്നത് നിശ്ചയദാര്‍ഢ്യമാണ്. തലകുനിക്കാത്ത സമരവീര്യം. നടന്ന വഴികളെക്കുറിച്ചുള്ള 'സ്വന്തം' കഥകള്‍ യൗവനം വഴിമാറുംമുന്‍പേ പറഞ്ഞിരിക്കാന്‍ ഇഷ്ടമുള്ള ഒരു സമൂഹത്തില്‍ ഈ സ്ത്രീ ഒരു കരടാണ്.

മഹാശ്വേതാദേവിയുടെ ജീവിതത്തില്‍നിന്ന് എഴുത്തും ആക്ടിവിസവും വേര്‍പെടുത്തിക്കാണാനാകില്ല. അവ അത്രമേല്‍ കെട്ടുപിണഞ്ഞുകിടക്കുന്നു. എല്ലാ കാലവും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമായി നിലകൊള്ളാനാണ് അവര്‍ ശ്രമിച്ചിട്ടുള്ളത്. കൊളോണിയല്‍ ഭരണകൂടം കള്ളന്മാരും കൊള്ളക്കാരുമായി ചില ഗോത്രങ്ങളെയപ്പാടേ മുദ്രയടിച്ച് നിയമങ്ങളുണ്ടാക്കുകയും അതിന്റെ ശേഷിപ്പുകള്‍ സ്വാതന്ത്ര്യാനന്തരകാലത്തും തുടരുകയും ചെയ്തപ്പോള്‍ മഹാശ്വേതാദേവിയാണ് അവരുടെ സഹായത്തിനെത്തിയത്. ബിഹാറിലും മധ്യപ്രദേശിലും ഛത്തിസ്ഗഢിലുമുള്ള ആദിവാസികളുടെ അവകാശങ്ങള്‍ക്കായി അവര്‍ പോരാടി. അധികാരികളും ജാതിബദ്ധമായ സാമൂഹികക്രമവും സാധാരണജനങ്ങളുടെ ജീവിതം നരകതുല്യമാക്കുന്നത് പല തവണ മഹാശ്വേതാദേവിയുടെ കൃതികളില്‍ കടന്നുവന്നിട്ടുണ്ട്. ആധുനിക വ്യവസായങ്ങള്‍ക്കുവേണ്ടി കൃഷിഭൂമി നശിപ്പിക്കുന്നതിനും ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനുമെതിരായ ഐതിഹാസികപോരാട്ടങ്ങള്‍ക്ക് ദിശാബോധം നല്കിയ എഴുത്തുകാരിയാണവര്‍. പശ്ചിമബംഗാളിലെ നന്ദിഗ്രാമിലും സിംഗൂരിലും നടന്ന ചെറുത്തുനില്പുകളില്‍ അവര്‍ സജീവമായിരുന്നു. നോവലിനു പുറമേ, നാടകവും ചെറുകഥകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഹസാര്‍ ചൗരസി കി മാ, രുദാലി, സംഘര്‍ഷ്, മാതി മായ് തുടങ്ങിയ സിനിമകള്‍ മഹാശ്വേതാദേവിയുടെ ചെറുകഥകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയവയാണ്. ഝാന്‍സി റാണി, ഹസാര്‍ ചൗരസി മാ, ആരണ്യര്‍ അധികാര്‍, അഗ്‌നിഗര്‍ഭ, ചോട്ടി മുണ്ട ഏവം തര്‍ തിര്‍, ഇമാജിനറി മാപ്‌സ് തുടങ്ങിയവയാണ് പ്രശസ്ത കൃതികള്‍.
ധാക്കയില്‍, സാഹിത്യവും രാഷ്ട്രീയചര്‍ച്ചകളും സജീവമായ കുടുംബത്തില്‍ 1926 ലാണ് മഹാശ്വേതാദേവി ജനിച്ചത്. പിതാവ് മനീഷ് ഘട്ടക് പ്രശസ്തനായ കവിയും നോവലിസ്റ്റുമായിരുന്നു. മാതാവ് ധരിത്രീദേവി എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയും. ചലച്ചിത്രമേഖലയിലെ വേറിട്ട ശബ്ദമായിരുന്ന ഋത്വിക് ഘട്ടക് മഹാശ്വേതാദേവിയുടെ ചെറിയച്ഛനാണ്. ശില്പി ശംഖ ചൗധരി, ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലിയുടെ സ്ഥാപക എഡിറ്റര്‍ സചിന്‍ ചൗധരി എന്നിവര്‍ അമ്മയുടെ സഹോദരങ്ങളും.

കുലീനമായ മധ്യവര്‍ഗകുടുംബത്തിലാണ് ജനിച്ചതെങ്കിലും ചില്ലുമേടയില്‍നിന്ന് മണ്ണിലിറങ്ങാന്‍ പ്രേരിപ്പിക്കുന്ന ആദര്‍ശബോധം പകര്‍ന്നുനല്കാന്‍ അക്ഷരസ്‌നേഹികളായ വീട്ടുകാരുണ്ടായിരുന്നു. പളപളപ്പുള്ള വിലപിടിച്ച ഉടയാടകളല്ല ഗ്രാമത്തിലെ പാവപ്പെട്ട കുട്ടികള്‍ ധരിക്കുന്ന ലളിതമായ വേഷമാണ് വേണ്ടതെന്ന മുതിര്‍ന്നവരുടെ നിഷ്‌കര്‍ഷയില്‍ കുട്ടിക്കാലത്തുതന്നെ മഹാശ്വേതാദേവി വേഷവിധാനങ്ങള്‍ വെട്ടിച്ചുരുക്കി. ദരിദ്രഗ്രാമങ്ങളിലെ പള്ളിക്കൂടം കാണാത്ത കുരുന്നുകള്‍ക്ക് അക്ഷരവിദ്യ പകര്‍ന്നുകൊടുക്കുക എന്നത് ആ കുടുംബത്തിലെ സ്ത്രീകള്‍ സ്വമേധയാ ഏറ്റെടുത്ത ദൗത്യമായിരുന്നു. ജീവിതം സാമൂഹികപ്രവര്‍ത്തനത്തിനായി നീക്കിവെക്കാന്‍ മഹാശ്വേതാദേവിക്കു കിട്ടിയ ഗൃഹപാഠങ്ങള്‍ ഇവയാണ്. ലോകമഹായുദ്ധത്തിന്റെ മൂര്‍ധന്യത്തില്‍ ബംഗാള്‍ തിളച്ചുമറിയുന്ന കാലം. ക്ഷാമം സംസ്ഥാനത്തെ കീഴ്‌പ്പെടുത്തി. കൊല്‍ക്കത്താ കലാപംകൂടി പൊട്ടിപ്പുറപ്പെട്ടതോടെ കത്തിയെരിയുന്ന തെരുവില്‍നിന്നുയരുന്ന നിലവിളികള്‍ ദേവിയെ കര്‍മനിരതയാക്കി. സഹപാഠികളെ കൂട്ടി ദുരിതാശ്വാസപ്രവര്‍ത്തനത്തിനിറങ്ങി. സുരക്ഷിതമായ മധ്യവര്‍ഗജീവിതത്തിന്റെ സുഖലോലുപതയില്‍നിന്ന് പൂര്‍ണമായും പുറത്തുവന്നത് അക്കാലത്താണ്.

ധാക്കയിലെ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം അവര്‍ പശ്ചിമ ബംഗാളിലേക്ക് താമസം മാറി. അപ്പോഴേക്കും രാജ്യം വിഭജിച്ചുകഴിഞ്ഞിരുന്നു. രബീന്ദ്രനാഥ ടാഗോര്‍ ജീവിച്ചിരിക്കേത്തന്നെ ശാന്തിനികേതനില്‍ പഠിക്കാന്‍ ഭാഗ്യമുണ്ടായി. അവിടെനിന്ന് ഇംഗ്ലീഷില്‍ ബി.എ. ഓണേഴ്‌സ് ബിരുദം നേടി. തുടര്‍ന്ന് കൊല്‍ക്കത്താ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.എ. ഇംഗ്ലീഷ് പൂര്‍ത്തിയാക്കി. 'ഇപ്റ്റ'യുടെ സ്ഥാപകരില്‍ ഒരാളും പ്രശസ്ത നാടകകൃത്തുമായ ബിജോണ്‍ ഭട്ടാചാര്യയെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം നിലനിന്നില്ല. ഋത്വിക് ഘട്ടക്കിന്റെ ഒരു ചിത്രത്തില്‍ വേഷമിട്ട ബിജോണില്‍നിന്നാണ് ദേവി ഇടതുപക്ഷാശയങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. 1948-ല്‍ കൊല്‍ക്കത്തയിലെ ഒറ്റമുറി അപ്പാര്‍ട്‌മെന്റിലെ ഇടുങ്ങിയ ദാമ്പത്യത്തില്‍ അവര്‍ക്ക് ഒരു കുഞ്ഞു പിറന്നു. മകന്‍ നബാരുണ്‍ ഭട്ടാചാര്യ ഇന്ന് ബംഗാളിലെ പ്രശസ്ത നോവലിസ്റ്റ് ആണ്.

കമ്യൂണിസ്റ്റ് സഹയാത്രികയായി അറിയപ്പെട്ടെങ്കിലും ഒരിക്കലും പാര്‍ട്ടിയില്‍ ചേര്‍ന്നില്ല. വിവാഹാനന്തരകാലം സാമ്പത്തികപരാധീനതയുടെതായിരുന്നതിനാല്‍ പല ജോലികളും ചെയ്യേണ്ടി വന്നു. ക്ലാര്‍ക്കായി ഗവണ്‍മെന്റ് സര്‍വിസില്‍ ചേര്‍ന്നെങ്കിലും കമ്യൂണിസ്റ്റാണെന്ന ആരോപണമുയര്‍ന്നതിനാല്‍ പണി പോയി. ഈ സമയത്താണ് ഗൗരവമായി എഴുതിത്തുടങ്ങിയത്. സചിത്രഭാരത് എന്ന ബംഗാളി വാരികയില്‍ സുമിത്രാദേവി എന്ന പേരില്‍ എഴുതിയായിരുന്നു തുടക്കം. 1956-ല്‍ ആദ്യത്തെ പ്രധാന കൃതി ഝാന്‍സി റാണി പ്രസിദ്ധീകരിക്കപ്പെട്ടു. ഈ നോവല്‍ എഴുതാനുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഉത്തര്‍പ്രദേശിലെ ഭാഗങ്ങളിലും യാത്ര ചെയ്തു. പിന്നീട്, തുടരത്തുടരെ എഴുതി. 63-ല്‍ പി.ജി പൂര്‍ത്തീകരിച്ചശേഷം 64 മുതല്‍ 84 വരെ ബിജോയ്ഗര്‍ ജ്യോതിഷ് റോയ് കോളേജില്‍ ലെക്ചറര്‍ ആയി ജോലി ചെയ്തു.

ബിഹാറിലെ പലമോ എന്ന ദരിദ്രഗ്രാമം സന്ദര്‍ശിച്ചതോടെ മഹാശ്വേതാദേവി മുഴുവന്‍സമയ സാമൂഹികപ്രവര്‍ത്തകയാവുകയായിരുന്നു. 'ഗോത്രഭാരതത്തിന്റെ ദര്‍പ്പണം' എന്നാണ് അവര്‍ ആ ഗ്രാമത്തെ വിശേഷിപ്പിച്ചത്. ദുരിതം തിന്നു പുലരുന്ന അടിസ്ഥാനാവശ്യങ്ങള്‍പോലും നിറവേറ്റാനാവാത്ത ആ പാവങ്ങളുടെ ദുരവസ്ഥകള്‍ നഗ്‌നപാദയായി നടന്നുകണ്ടതു മുതല്‍ തന്റെ ദൗത്യം അവര്‍ തിരിച്ചറിഞ്ഞു. പലമോ ജില്ലാ ബന്ധുവാസമിതി രൂപവത്കരിച്ച് ബിഹാറിലെ അടിമവേല നിര്‍ത്തലാക്കാന്‍ ആഹ്വാനം ചെയ്തു. ആദിവാസിചൂഷണം, തൊഴിലില്ലായ്മ, പരിസ്ഥിതിമലിനീകരണം എന്നിവയ്‌ക്കെതിരേ ശബ്ദിച്ചു. താഴേക്കിടയിലുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഇരുപതോളം സമിതികളുടെ മുന്‍നിരയിലുണ്ട് ദീദി ഇപ്പോള്‍.

സാമൂഹികനീതിക്കായുള്ള കുരിശുയുദ്ധത്തിന്റെ പേരില്‍ നിരവധി അംഗീകാരങ്ങള്‍ ദീദിയെ തേടിയെത്തിയിട്ടുണ്ട്. പത്മശ്രീ, മഗ്‌സാസെ അവാര്‍ഡ്, ജ്ഞാനപീഠം, ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍.

ഈ 86-ാം വയസ്സിലും കര്‍മനിരതയായ അവര്‍ സമരമുഖങ്ങളിലെ സജീവസാന്നിധ്യമാണ്. അത്തരമൊരു ചെറുത്തുനില്പിനുള്ള ഊര്‍ജം പകരാന്‍ കോഴിക്കോട് എത്തിയ അവരുമായി സംസാരിക്കാന്‍ ആദ്യം സമീപിച്ചത് അവരുടെ അടുത്ത സുഹൃത്തും പ്രശസ്ത ഡോക്യുമെന്ററി സംവിധായകനുമായ ജോഷി ജോസഫിനെയാണ്. മഹാശ്വേതാദേവിയെക്കുറിച്ചുള്ള ജേണിയിങ് വിത്ത് മഹാശ്വേത എന്ന ഡോക്യുമെന്ററിയുടെ സംവിധായകന്‍കൂടിയാണ് അദ്ദേഹം.

കോഴിക്കോട്ടെ ഹോട്ടല്‍മുറിയുടെ നാലാം നിലയിലുള്ള ജോഷിയുടെ മുറിയുടെ വാതിലിനു മുട്ടി കാത്തുനിന്നപ്പോള്‍ തൊട്ടടുത്ത മുറിയില്‍നിന്ന് ജോഷി ഇറങ്ങിവന്നു. ആ മുറിയുടെ അങ്ങേ അറ്റത്ത് ഒരു ചൈതന്യം എനിക്കു കാണാം. അതാണ് മഹാശ്വേതാദേവി.

'ദീദി അവിടെയാണ്. അങ്ങോട്ട് പോകാം,' ജോഷി പറഞ്ഞു. മുറിയിലെത്തി. മൃദുമന്ദഹാസം. സ്ലൈഡിങ് വിന്‍ഡോവിനരികേ ഗൗണുമിട്ട് ഇരിക്കുകയാണ് അവര്‍. നേരം വെളുത്തിട്ടേ ഉള്ളൂ എങ്കിലും ചുറ്റും ആളുകള്‍. ചിലര്‍ പത്രക്കാര്‍. ചിലര്‍ സമരമുഖത്തുള്ളവര്‍. ചിലര്‍ വെറുതേ കാണാന്‍ എത്തിയവര്‍. മുന്നിലെ ടീപോയ്ക്കു മുന്നില്‍ അട്ടിവെച്ച ടീബാഗുകള്‍. അവ ഒന്നൊന്നായി കപ്പിലേക്കെടുത്ത് ചൂടുവെള്ളമൊഴിച്ച് ചായ കുടിക്കുകയാണവര്‍. വടകരയില്‍ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് ഹോട്ടലില്‍ എത്തിയത്. അതുകൊണ്ടുതന്നെയാകണം, പറയുന്നതെല്ലാം ചന്ദ്രശേഖരനെക്കുറിച്ചായിരുന്നു.

'ജനകീയനേതാവായിരുന്നു ചന്ദ്രശേഖരന്‍. ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ വലതുപക്ഷമായ കാലത്താണ് തികഞ്ഞ കമ്യൂണിസ്റ്റായി ചന്ദ്രശേഖരന്‍ ജീവിച്ചത്. അതാണ് പലരെയും ഭയപ്പെടുത്തിയത്' എന്നു പറഞ്ഞാണ് ഞങ്ങളുടെ സംസാരം തുടങ്ങിയത്. വി.എസ്. അച്യുതാനന്ദന് ഇക്കാരണംകൊണ്ടാണ് പ്രശ്‌നത്തില്‍ മൗനം പാലിക്കാന്‍ പറ്റാതിരുന്നത് എന്നു പറഞ്ഞ ജോഷി അച്യുതാനന്ദന് നിങ്ങളുടെ പ്രായമാണ് കേട്ടോ, എന്നുകൂടി ചേര്‍ത്തു.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education