സീമയെന്ന ഞാന്‍

01 Dec 2012

ശാന്തിയോ സീമയോ-ഒരു പേരില്‍ എന്തിരിക്കുന്നു? പഴയതൊന്നും ഞാന്‍ മറന്നിട്ടില്ല. ഏതെങ്കിലും പാരമ്പര്യത്തിന്റെ പേരിലല്ല ഞാന്‍ ഞാനായത്. നാടോ തറവാടോ ജാതിയോ അച്ഛന്റെ പേരോ ഒന്നും എനിക്കൊപ്പം ഞാന്‍ കൊണ്ടുനടക്കാറില്ല. അകത്തുമില്ല, പുറത്തുമില്ല, അതാണെന്റെ ഐഡന്റിറ്റി. ഈശ്വരന്മാരുടെ മുന്നില്‍പ്പോലും ഞാനങ്ങനെയാണ്. പ്രാര്‍ഥിക്കാന്‍ ഞാന്‍ അമ്പലങ്ങളിലും പോവാറുണ്ട്, പള്ളികളിലും പോവാറുണ്ട്. പക്ഷേ, ബന്ധങ്ങള്‍-എന്നെ നിലനിര്‍ത്തുന്ന വേരുകള്‍ അതാണ്. അത് ഞാന്‍ നഷ്ടപ്പെടുത്തില്ല.

ഏഴാംവയസ്സില്‍ അച്ഛന്‍ ഉപേക്ഷിച്ചുപോയതു മുതല്‍ അമ്മയായിരുന്നു എന്റെ നാടും വീടുമെല്ലാം. തമിഴ്‌നാട്ടിലെ ചൂളൈമേട്ടിലാണ് ഞാന്‍ വളര്‍ന്നത്. ഒറ്റയ്ക്ക്. കാക്കയും കഴുകനും കൊണ്ടുപോകാതെ എന്നെ വളര്‍ത്താന്‍ പാടുപെട്ട അമ്മ കഴിഞ്ഞേ എനിക്കെന്തുമുള്ളൂ. ആ അമ്മയെ വന്ദിക്കാതെ ഞാനൊന്നിനും പുറപ്പെട്ടിട്ടില്ല ഇതുവരെ.

അച്ഛന്റെ വീട് തലശ്ശേരിയിലാണ്. മാധവന്‍ നമ്പ്യാര്‍. അമ്മ തൃപ്പൂണിത്തുറയ്ക്കടുത്തുള്ള അമ്പലമേട്ടിലെ ഭവാനി എന്ന വസന്ത. മദ്രാസ് ടി.വി.എസ്. പാര്‍സല്‍ സര്‍വീസിലായിരുന്നു അച്ഛന് ജോലി. ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ചൂളൈമേട്ടില്‍. അവിടെ തൗസന്റ് ലൈറ്റിലെ ആദര്‍ശ് വിദ്യാലയത്തിലായിരുന്നു പഠനം. അച്ഛന്റെയും അമ്മയുടെയുമൊക്കെ നാടുകള്‍ സ്വന്തം നാടായി എനിക്കൊരിക്കലും തോന്നിയിട്ടില്ല. അവിടെ പോവണമെന്നും തോന്നിയിട്ടില്ല. അച്ഛമ്മയ്ക്ക് കാണണമെന്ന് ആഗ്രഹം പറഞ്ഞതനുസരിച്ച് ഒരുതവണ അവരെ പോയി കണ്ടിട്ടുണ്ട്. 1987-ല്‍ അടിമകള്‍ ഉടമകള്‍ എന്ന സിനിമയുടെ ഷൂട്ടിങ് തലശ്ശേരിയില്‍ നടക്കുമ്പോഴായിരുന്നു അത്. അച്ഛമ്മയുടെ മരണത്തിന് തൊട്ടുമുന്‍പ്. അമ്മ നിര്‍ബന്ധിച്ചതുകൊണ്ടു മാത്രമാണ് ഞാനവിടെ പോയത്. ഉണ്ട് എന്നാരെങ്കിലും പറയുന്ന ബന്ധങ്ങളില്‍ എനിക്ക് പ്രത്യേകിച്ച് താത്പര്യമൊന്നും തോന്നാറില്ല. രക്തബന്ധംകൊണ്ടല്ല, മനസ്സുകൊണ്ട് അടുപ്പമുള്ളവരാണ് എനിക്ക് ബന്ധുക്കള്‍. അച്ഛന് വേറെ വിവാഹത്തില്‍ കുട്ടികളുണ്ടെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, അവരുമായും എനിക്ക് ബന്ധമൊന്നും ഉണ്ടായിരുന്നില്ല. 2003-ല്‍ ഇളയ മകള്‍ ലക്ഷ്മിയെ എന്നെ ഏല്പിച്ച് അച്ഛന്‍ വിടപറയുംവരെ. അവളിന്ന് എന്റെ കൂടെയുണ്ട്, അനിയത്തിയായി. അത് ഞാന്‍ അച്ഛന് കൊടുത്ത വാക്കാണ്.

2
അമ്മയുമായി പിരിഞ്ഞ ശേഷവും ആഴ്ചയിലൊരിക്കല്‍ എന്നെ കാണാന്‍ അച്ഛനെ കോടതി അനുവദിച്ചിരുന്നു. വീക്കന്‍ഡിലാണ് ഞാന്‍ അച്ഛന്റെ അടുക്കലേക്കു പോവുക. അമ്മ ഇരുപതു പൈസ തരും ബസ്സിന്. ഞാനതുകൊണ്ട് മിഠായി വാങ്ങിത്തിന്നും. എന്നിട്ട് ആ ദൂരം അത്രയും നടക്കും. ചെറിയ കല്ലുകളുമായാണ് നടക്കുക. ഒരു കല്ലെറിയും. അത് ചെന്നുവീഴുന്നിടംവരെ നടക്കും. അവിടെ നിന്നുകൊണ്ട് അടുത്ത കല്ലെറിയും. അതെത്തിയിടംവരെ നടക്കും. അങ്ങനെയങ്ങനെ ദൂരമറിയാതെ ഞാനവിടെ എത്തും. തിരിച്ച് അച്ഛന്‍ കൊണ്ടുവിടും.
എനിക്കെന്തോ അച്ഛനെ വലിയ ഇഷ്ടമായിരുന്നു. വെറുപ്പ് തോന്നാന്‍മാത്രം കുറ്റം അമ്മയോടും എന്നോടും അച്ഛന്‍ ചെയ്തിട്ടുണ്ടെന്ന് അറിയാമായിരുന്നെങ്കിലും എനിക്ക് അച്ഛനെ വെറുക്കാന്‍ കഴിഞ്ഞില്ല.

3

അവളുടെ രാവുകളി'ലെ 'അവള്‍' രാജിയാണ്. രാജിയുടെ വേഷമണിയാന്‍ ശശിയേട്ടന്‍ എന്നെ വിളിക്കുമ്പോള്‍ കോടമ്പാക്കത്ത് ഒരു ഡാന്‍സ് കമ്പോസറെന്ന നിലയ്ക്ക് എനിക്ക് സാമാന്യം പേരും പ്രശസ്തിയുമുണ്ടായിരുന്നു. അതില്‍ അഭിനയിക്കുമ്പോള്‍ കഥാപാത്രത്തെക്കുറിച്ചൊന്നും ഞാന്‍ അന്വേഷിച്ചില്ല. അമ്മയെ നോക്കാനുള്ള പണം ഞാന്‍ ഉണ്ടാക്കണം എന്നതിനപ്പുറം നായികയാവണമെന്നോ എന്തിന്, ഒരു സിനിമാനടിയാവണമെന്നോപോലും ഞാന്‍ സ്വപ്‌നം കണ്ടിരുന്നില്ല. കൂടെ അഭിനയിക്കുന്ന രവികുമാര്‍ പറഞ്ഞാണ് നായികയായി എന്നെയാണ് തീരുമാനിച്ചതെന്ന് ഞാനറിയുന്നതുതന്നെ. എന്നും പോവും, അഭിനയിക്കും. ലൊക്കേഷന്‍ ഒന്നുതന്നെ. ആ സിനിമയുടെ മുക്കാല്‍ഭാഗവും ഒറ്റ മുറിയില്‍വെച്ചാണ് ഷൂട്ട് ചെയ്തത്. സെറ്റിങ് മാറ്റിക്കൊണ്ടിരിക്കും. കാശൊന്നും കിട്ടാതെവന്നപ്പോള്‍ ഞാന്‍ വീണ്ടും കമ്പോസിങ്ങിനുതന്നെ പോവാന്‍ തുടങ്ങി. പടം തീരുംവരെ പോവരുതെന്ന് ശശിയേട്ടന്‍ വിലക്കിയപ്പോള്‍ കാശ് തരാതെ ഞാനെങ്ങനെ ജീവിക്കുമെന്ന് ചോദിച്ചു. അന്ന് ശശിയേട്ടന്‍ എഴുതിത്തന്ന ആയിരം രൂപയുടെ ചെക്കാണ് ആ പടത്തിന് എനിക്ക് കിട്ടിയ ആദ്യത്തെ പ്രതിഫലം. ബാക്കി രണ്ടായിരം രൂപ പിന്നെ രാമചന്ദ്രന്‍സാര്‍ തന്നു. ഞാനതേ നോക്കിയുള്ളൂ. കഥാപാത്രത്തിന്റെ പ്രസക്തിയോ വ്യാപ്തിയോ ഒന്നും അന്നെനിക്കറിയില്ലായിരുന്നു. രാജിയായി അഭിനയിച്ചുതുടങ്ങിയപ്പോള്‍ പല രംഗങ്ങളും എനിക്ക് താങ്ങാനാവാതെയായി. സോമേട്ടനുമൊത്തുള്ള ഹോട്ടല്‍റൂമിലെ രംഗങ്ങള്‍പോലുള്ളത് ചെയ്യുമ്പോള്‍ എന്നെക്കൊണ്ടെന്തോ തെറ്റ് ചെയ്യിക്കുന്നപോലെയാണെനിക്ക് അപ്പോള്‍ തോന്നിയത്. ശശിയേട്ടനോട് എനിക്ക് ദേഷ്യം വന്നു. അതെടുക്കുന്നതിനിടയില്‍ ഞാന്‍ ബാത്ത്‌റൂമില്‍ പോയി കരഞ്ഞിട്ടുണ്ട്. ആ സീനിലെ എന്റെ മുഖം സൂക്ഷിച്ചുനോക്കിയാല്‍ അത് കാണാം. പക്ഷേ, രാജി കരയുന്നില്ലല്ലോ. അതുകൊണ്ട് ഞാന്‍ മുഖം തുടച്ച് അഭിനയിച്ചു. പടം റിലീസായപ്പോഴാണ് രാജിയെ ഞാന്‍ ശരിക്കും മനസ്സിലാക്കിയത്. ജീവിക്കാന്‍വേണ്ടി പൊരുതുന്ന ആത്മാഭിമാനിയായ അവള്‍ ഇന്നും എന്റെ ആവേശമാണ്.

(വിശുദ്ധ ശാന്തി :നടി സീമയുടെ ജീവിതവും സിനിമയും എന്ന പുസ്തകത്തില്‍ നിന്ന്)



Tags :
Print
SocialTwist Tell-a-Friend



BUY BOOKS
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education