15 വര്‍ഷം 15 ചോദ്യങ്ങള്‍

പി. യാമിനി

07 Nov 2012

പതിനഞ്ച് വര്‍ഷങ്ങള്‍ക്കിടെ 14 പുസ്തകങ്ങള്‍ . അനിതാ നായര്‍ എന്ന മുണ്ടക്കോട്ടുകുറിശ്ശിക്കാരിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്ക് അത്ഭുതം. പിന്നെ കൗതുകത്തോടെ പറഞ്ഞു: കാലം മുന്നോട്ട് പോയത് അറിയുന്നില്ല. 1997-ല്‍ ആദ്യ കഥയെഴുതിയത് ഇപ്പോള്‍ കഴിഞ്ഞ പോലെ.

1997-ല്‍ 'സറ്റയര്‍ ഓഫ് ദി സബ്‌വേ'യില്‍നിന്ന് തുടങ്ങി കഴിഞ്ഞദിവസം പുറത്തിറങ്ങിയ 'കട്ട് ലൈക്ക് എ വൂണ്ട്' വരെയുള്ള 15 വര്‍ഷത്തെ കഥയെക്കുറിച്ചുള്ള അനുഭവങ്ങള്‍ അനിത നായര്‍ 'മാതൃഭൂമി'യുമായി പങ്കു വെച്ചു. ലെസണ്‍സ് ഇന്‍ ഫോര്‍ഗറ്റിങ്ങിന് കഴിഞ്ഞ വര്‍ഷം ചലച്ചിത്ര ഭാഷ്യമുണ്ടായപ്പോള്‍ 'കട്ട് ലൈക്ക് എ വൂണ്ട്' എന്ന പുതിയ നോവലും അഭ്രപാളിയില്‍ ഇടം കണ്ടെത്താന്‍ പോകുന്നതിന്റെ സന്തോഷം അവര്‍ മറച്ചു വെച്ചില്ല. ആക്റ്റിവിസ്റ്റും ഫെമിനിസ്റ്റുമല്ലെന്നും ഒരു എഴുത്തുകാരി മാത്രമാണെന്നും അവര്‍ ഇടയ്ക്കിടെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു.

15 വര്‍ഷത്തെ അനുഭവങ്ങളെ 15 ചോദ്യങ്ങളാക്കി അനിതയ്ക്കു മുന്നില്‍ വെച്ചു. ഓരോന്നിനും അവര്‍ അവരുടെ നിലപാട് വ്യക്തമാക്കി. ചിലപ്പോള്‍ പ്രതികരിച്ചു. ചിലപ്പോള്‍ ഉത്തരം ചിരിയിലൊതുക്കി.

15 വര്‍ഷങ്ങള്‍ .14 പുസ്തകങ്ങള്‍ . പുതിയ നോവല്‍ ചലച്ചിത്രമാകുന്നു. എന്തു തോന്നുന്നു?

സത്യം പറഞ്ഞാല്‍ പേടിയാണ് തോന്നുന്നത്. ഉത്തരവാദിത്വം വര്‍ധിക്കുകയാണെന്ന പേടി. കൂടുതല്‍ നല്ല പുസ്തകങ്ങള്‍ ഇനിയും എഴുതാനുള്ള ഊര്‍ജവും ഇതിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.

'സറ്റയര്‍ ഓഫ് ദി സബ്‌വേ' എന്ന പുസ്തകത്തിലൂടെയാണ് അനിതയെ ജനങ്ങള്‍ ആദ്യം അറിഞ്ഞത്. ആ പുസ്തകം എങ്ങനെയാണ് സംഭവിച്ചത്.

വെര്‍ജീനിയ സെന്റര്‍ ഫോര്‍ ക്രിയേറ്റീവ് ആര്‍ട്‌സില്‍ ഫെല്ലോഷിപ്പ് നേടിത്തന്ന കഥയാണ് അത്. പരസ്യലോകത്ത് ജോലി ചെയ്യുന്നതിനിടെയാണ് അതെഴുതുന്നത്. ഞാനൊരു എഴുത്തുകാരിയാണെന്ന് ലോകം അറിഞ്ഞത് അതിലൂടെയാണ്.

'ബെറ്റര്‍മാന്‍' എന്ന നോവലിലൂടെ എഴുത്തുകാരുടെ പട്ടികയില്‍ അനിതയ്ക്ക് കുറച്ചുകൂടി ഉയര്‍ന്ന സ്ഥാനം ലഭിച്ചു.

ബെറ്റര്‍മാന്‍ 2000ത്തിലാണ് പുറത്തിറങ്ങുന്നത്. ഓരോ പുസ്തകമെഴുതുമ്പോഴും നാം കൂടുതല്‍ മെച്ചപ്പെടുകയാണ്. ബെറ്റര്‍മാന്‍ എനിക്ക് കുറച്ചു കൂടി ആത്മവിശ്വാസം നല്‍കി.

പിന്നീടാണ് 'ലേഡീസ് കൂപ്പെ' വരുന്നത്. ഫെമിനിസ്റ്റ് എന്നും ആക്റ്റിവിസ്റ്റ് എന്നും ഈ നോവലെഴുതിയതിനുശേഷം അനിതയെക്കുറിച്ച് പറഞ്ഞു കേള്‍ക്കുകയുണ്ടായി.

(ചിരിച്ചു) ഞാന്‍ ഫെമിനിസ്റ്റോ ആക്റ്റിവിസ്‌റ്റോ അല്ല. ഒരു എഴുത്തുകാരി മാത്രമാണ്. ഒരു ലേഡീസ് കൂപ്പെയില്‍ നടക്കുന്ന സംഭവങ്ങള്‍ (സ്ത്രീകളുടെ പ്രശ്‌നങ്ങളും ജീവിതവും) ചിത്രീകരിച്ചതുകൊണ്ടാകും ഈ വിശേഷണങ്ങള്‍ എനിക്ക് വന്നത്. പക്ഷേ, അതൊന്നും എന്നെ ബാധിക്കാറില്ല. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മാത്രമല്ല ഞാന്‍ കൈകാര്യം ചെയ്തിരിക്കുന്നത്. മനുഷ്യന്റെ എല്ലാ അവസ്ഥകളും എന്റെ പുസ്തകങ്ങളില്‍ വന്നിട്ടുണ്ട്.

കഥകളിയോടുള്ള അനിതയുടെ താത്പര്യമെങ്ങനെയാണ്. 2005-ല്‍ പുറത്തിറങ്ങിയ 'മിസ്ട്രസ്' എന്ന നോവലിന്റെ അടിത്തറ കഥകളിയാണല്ലോ.

ജോലി ചെയ്യുന്ന കാലത്ത് കഥകളിയെ മോശമായി ചിത്രീകരിക്കുന്ന ഒരു ദൃശ്യം ഞാന്‍ കാണാനിടയായി. പരസ്യത്തിന്റെ നിരക്കും മറ്റും ഉപഭോക്താക്കളെ അറിയിക്കാന്‍ കഥകളിവേഷം കെട്ടിയവരെ നിരത്തി നിര്‍ത്തിയിരിക്കുന്ന ഹൃദയഭേദകമായ കാഴ്ചയായിരുന്നു അത്. കേരളം എന്ന കൊച്ചു സംസ്ഥാനത്തെ ലോകത്തിന് മുന്നില്‍ തലയെടുപ്പോടെ നിര്‍ത്തിക്കുന്ന കലയാണ് ഇത്തരത്തില്‍ മോശമായി ചിത്രീകരിക്കപ്പെട്ടതെന്ന് ആലോചിച്ചപ്പോള്‍ സങ്കടം സഹിക്കാനായില്ല. അങ്ങനെയാണ് കഥകളി അടിസ്ഥാനമാക്കി ഒരു നോവല്‍ എന്ന ആശയത്തിലെത്തുന്നത്.

2010ലാണ് 'ലെസണ്‍സ് ഇന്‍ ഫോര്‍ഗറ്റിങ്' എത്തുന്നത്. ഈ പുസ്തകത്തിന് ചലച്ചിത്രഭാഷ്യവും ഉണ്ടായി. ഇതേക്കുറിച്ച്.

പെണ്‍ ഭ്രൂണഹത്യ വിഷയമായ നോവലായതിനാല്‍ ഇതിന് നേരെയും ഫെമിനിസ്റ്റ് ലേബല്‍ ഉണ്ടായിരുന്നു. പക്ഷേ, ഒരു സ്ത്രീ ജീവിതത്തിലുടനീളം കടന്നുപോകുന്ന അവസ്ഥകളും സഹനസമരവുമാണ് ഇതിലൂടെ ഞാന്‍ അവതരിപ്പിച്ചത്. പിന്നെ അഭ്രപാളിയിലും ഇതിന് സ്വീകരണം ലഭിച്ചിരുന്നു.

ഇതിനിടയില്‍ കുട്ടികള്‍ക്കായും പുസ്തകങ്ങളെഴുതിയിരുന്നു.

അതെ. 'മിസ്ട്രസ്' എഴുതുന്ന സമയത്ത് നടത്തിയ ഗവേഷണത്തോടനുബന്ധിച്ച് മിത്തോളജിയെക്കുറിച്ച് പഠിച്ചിരുന്നു. ഇതില്‍ നിന്നാണ് കുട്ടികള്‍ക്കുള്ള പുസ്തകം വരുന്നത്.

ചെമ്മീന്റെ പരിഭാഷ എത്രത്തോളം എളുപ്പമായിരുന്നു.

മിസ്ട്രസ് എഴുതിയ ശേഷം ഒരു ശൂന്യതയായിരുന്നു. പ്രസാധകന്‍ ഒരു നോവലെഴുതാനാണ് ആവശ്യപ്പെട്ടത്. പക്ഷേ, അതെന്തോ നടന്നില്ല. ഇതിനിടെ തകഴിയുടെ 'ചെമ്മീനി'ന് ഒരു പരിഭാഷ എന്ന ആശയമുയരുകയായിരുന്നു. രണ്ട് വര്‍ഷത്തോളം ഇതിനായി ചെലവഴിച്ചു.

കവിതകളുടെയും പ്രിയ കൂട്ടുകാരിയാണ്. അല്ലേ. 'മലബാര്‍ മൈന്‍ഡ്' കുറെ കാലയളവില്‍ എഴുതിയ കവിതകളാണ്.
പത്ത് വര്‍ഷത്തിനിടെ എഴുതിയ കവിതകളാണ് മലബാര്‍ മൈന്‍ഡ്. പലപ്പോഴായി എഴുതിയ കവിതകള്‍ അടുക്കി പെറുക്കി വെക്കുകയാണ് മലബാര്‍ മൈന്റിലൂടെ ചെയ്തത്.

ഇതാദ്യമായാണ് ബാംഗ്ലൂര്‍ കേന്ദ്ര കഥാപാത്രമായി അനിത ഒരു നോവലെഴുതുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ 'കട്ട് ലൈക്ക് എ വൂണ്ട്' എന്ന ഏറ്റവും പുതിയ നോവലിന്റെ രചനാവഴിയെക്കുറിച്ച്.

ബാംഗ്ലൂര്‍ എന്നാല്‍ മാളും ങമാാ) ബഹളവും നിറഞ്ഞ ലോകമാണ് എല്ലാവര്‍ക്കും. ഇതിനപ്പുറമുള്ള ഒരു നഗരത്തെ അവതരിപ്പിക്കുക എന്ന ആശയത്തില്‍ നിന്നാണ് 'കട്ട് ലൈക്ക് എ വൂണ്ട്' വരുന്നത്. പൂര്‍ണമായും ക്രൈം നോവല്‍ വിഭാഗത്തില്‍ വരുന്ന പുസ്തകമാണിത്. ആദ്യമായാണ് ലിറ്റററി നോര്‍ (literary noir) എന്ന വിഭാഗത്തില്‍ ഞാന്‍ കൈവെക്കുന്നത്.

എന്താണ് പുതിയ നോവലിന്റെ കഥാ പശ്ചാത്തലം.

ബാംഗ്ലൂര്‍ നഗരത്തിലെ ശിവാജി നഗറിലേക്ക് പലപ്പോഴായി നടത്തിയ യാത്രകളാണ് 'കട്ട് ലൈക്ക് എ വൂണ്ട്' എന്ന നോവലിലേക്കുള്ള വഴി തുറന്നത്. റംസാന്‍ കാലത്ത് ഈ പ്രദേശത്ത് എപ്പോഴും ആഘോഷങ്ങളാണ്. ശിവാജി നഗര്‍ പരിസരത്തുള്ള സെന്റ് മേരീസ് ദേവാലയത്തിലെ തിരുന്നാളും ഈ കാലത്താണ് ആഘോഷം. ഇവ രണ്ടിന്റെയും ഇടയിലെ 38 ദിവസക്കാലയളവില്‍ നടക്കുന്ന കാര്യങ്ങളായി നോവലിന്റെ പ്രതിപാദ്യം.

എത്രത്തോളം ഗവേഷണം ഈ നോവലിന് വേണ്ടി വന്നു. പ്രത്യേകിച്ച് ക്രൈം വിഭാഗത്തിലുള്ള നോവലായതിനാല്‍ പോലീസ് സ്റ്റേഷനിലും ഫോറന്‍സിക് വകുപ്പിലും മറ്റും ഒട്ടേറെ യാത്രകള്‍ വേണ്ടി വന്നില്ലേ.

ഉവ്വ്. ഏത് പുസ്തകത്തിനും ഗവേഷണം പ്രധാനമാണ്. 'കട്ട് ലൈക്ക് എ വൂണ്ടും' വ്യത്യസ്തമല്ല. പോലീസുകാര്‍ പലപ്പോഴും നിസ്സംഗതയോടെയാണ് മറുപടി നല്‍കിയിരുന്നത്. പിന്നെ ശിവാജി നഗര്‍ പ്രദേശത്തു കൂടിയുള്ള രാത്രിയാത്രകളും പുസ്തകത്തിനായി നടത്തി. റംസാന്‍ കാലത്ത് അവിടെ നടക്കുന്ന റംസാന്‍ മാര്‍ക്കറ്റിലും പോയി. ആ സ്​പന്ദനം കഥയ്ക്ക് മുതല്‍ക്കൂട്ടായി.

നോവലിലെ പ്രധാന കഥാപാത്രമായ ബോരെ ഗൗഡ ഫേസ്ബുക്കിലുമെത്തി.

(ചിരി). അതേ. പ്രസാധകരുടെ ആശയമായിരുന്നു അത്. അഴിമതിക്കും അക്രമത്തിനുമെതിരെ പ്രതികരിക്കുന്നൊരു മുഖമായാണ് ഗൗഡയെ ഫേസ്ബുക്കിലെത്തിച്ചത്. യഥാര്‍ഥ കഥാപാത്രമാണന്നു കരുതി ഈയടുത്ത് ഒരു മാഗസിന്‍ ലേഖകന്‍ ഗൗഡ അഭിമുഖത്തിന് തയ്യാറാണോയെന്ന് ആരാഞ്ഞിരുന്നു. എന്തൊക്കെയായാലും സംഭവം ഫേസ്ബുക്കില്‍ ഹിറ്റാണ്.

'കട്ട് ലൈക്ക് എ വൂണ്ടും' അഭ്രപാളിയിലെത്തുന്നുണ്ടോ.

ഉവ്വ്. പക്ഷേ, അതേക്കുറിച്ച് കൂടുതല്‍ പറയാറായിട്ടില്ല. മറ്റൊരു നോവല്‍ ചലച്ചിത്രമാക്കാനായിരുന്നു ഈ സംവിധായകന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ 'കട്ട് ലൈക്ക് എ വൂണ്ടി' ന്റെ കഥ കേട്ടപ്പോള്‍ അദ്ദേഹം പിന്നെ മറ്റൊന്നും ആലോചിച്ചില്ല.

പതിനഞ്ചാമത്തെ പുസ്തകം എപ്പോഴാണ്. അതേക്കുറിച്ച് ആലോചിച്ചു തുടങ്ങിയോ.

തീര്‍ച്ചയായും. ഒരു ചരിത്ര നോവലാണ് ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ മാമാങ്കം ആണ് വിഷയം. 2013 അവസാനം ഇത് പ്രതീക്ഷിക്കാം.
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education