ലാസ്റ്റ് സാറ്റര്‍ഡെ...

അവിനാശ്‌

04 Nov 2012

കാലം കോരിത്തരിക്കുന്ന കവിതയുടെ പുണ്യം... അനന്തപുരിയിലെ ഭരണസിരാ കേന്ദ്രത്തില്‍നിന്ന് പടിയിറങ്ങി മണിക്കൂറുകള്‍ക്കകം ചെന്നുകയറുന്നത് മലയാള ഭാഷാ പിതാവ് തുഞ്ചത്താചാര്യന്റെ മണ്ണിന്റെ മനസ്സിലേക്ക്...

2012 ഒക്ടോബര്‍ 27 ശനിയാഴ്ച. പകല്‍.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ മുറിയുടെ പുറംവരാന്തയില്‍ വന്നുകൂടിയവരില്‍ എല്ലാ തരക്കാരുമുണ്ടായിരുന്നു. ഖദറിട്ട കോണ്‍ഗ്രസ്സുകാര്‍, വേഷംകൊണ്ട് തിരിച്ചറിയാന്‍ സാധിക്കാത്ത മറ്റ് പല പാര്‍ട്ടികളിലും പെട്ടവര്‍, ശബരിമലയുമായി ബന്ധപ്പെട്ടവര്‍, വിവിധ വകുപ്പുകളിലെ ഗുമസ്തര്‍, ഔദ്യോഗിക വേഷത്തിലല്ലാതെ ഡി.ജി.പി, സുഹൃത്തുക്കള്‍, സഹൃദയര്‍, പ്രത്യേകിച്ച് മേല്‍വിലാസമൊന്നും പറയാനില്ലാത്ത സാധാരണ മനുഷ്യര്‍... ഓരോരുത്തരോടും ജയകുമാര്‍ ക്ഷമയോടെ പ്രത്യേകം പ്രത്യേകം സംസാരിച്ചു; എല്ലാവരോടുമായും സംസാരിച്ചു. മറകളൊന്നുമില്ലാതെ. അതിനിടെ, മൊബൈല്‍ ഫോണും ഓഫീസ് ഫോണും ബെല്ലടിച്ചുകൊണ്ടേയിരുന്നു. ഒരു കോള്‍പോലും അദ്ദേഹം തിരസ്‌കരിച്ചില്ല. എല്ലാറ്റിനും കൃത്യമായ മറുപടി. അരമണിക്കൂര്‍ കൂടുമ്പോള്‍ യോഗങ്ങള്‍. എല്ലാം ചീഫ് സെക്രട്ടറിയുടെ സവിശേഷസാന്നിധ്യം വേണ്ടവ. ഒരു മണിക്കൂറിലധികം നീളുന്ന ഓരോ മീറ്റിങ്ങും കഴിഞ്ഞ് ഉള്ളിലൊരു മൂളിപ്പാട്ടും മൂളി അദ്ദേഹം തന്നെ കാത്തിരിക്കുന്നവരിലേക്ക് തിരിച്ചുവന്നു. വൈകുന്നേരം ആറുമണിക്ക് അക്കിത്തത്തിന് വയലാര്‍ അവാര്‍ഡ് നല്‍കുന്ന ചടങ്ങിന് സെനറ്റ് ഹാളില്‍ എത്തിയേ തീരൂ. അതിനിടയില്‍ ഇനിയും എത്രയോ യോഗങ്ങള്‍ കിടക്കുന്നു, പുകയുന്ന പ്രശ്‌നങ്ങളുമായി ആരൊക്കെയോ കാത്തിരിക്കുന്നു, ഒപ്പുകള്‍ക്കുവേണ്ടി ഫയലുകള്‍ കെട്ടഴിഞ്ഞു കിടക്കുന്നു...

കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷമായി ജയകുമാറിന്റെ നിത്യജീവിതം ഇങ്ങനെയാണ്. കണ്ടുനില്‍ക്കുന്നവര്‍ക്ക് പേടിയുണ്ടാക്കുന്ന രീതിയില്‍ തിരക്കുകള്‍ക്കും ജനബാഹുല്യത്തിനും നടുവില്‍. ഇവിടെയിരുന്നുകൊണ്ടാണ് ജയകുമാര്‍ എന്ന കവി

'പര്‍വതങ്ങള്‍ പറന്നുനടന്നതും
ചിറകൊതുക്കിയരികിലണഞ്ഞതും
വിരലുചൂണ്ടുമിടങ്ങളിലൊക്കെയും
ചുമലിലേറ്റിയുയര്‍ന്നു പറന്നതും...' സങ്കല്പിച്ചതും സ്വപ്നം കണ്ടതും, മഴയുടെ മറുവാക്കാം ചിറാപുഞ്ചിയെ മനസ്സുകൊണ്ട് തിരഞ്ഞതും അറിഞ്ഞതും, 'മൃത്യുവിന്‍ സ്വയംവര കന്യകളാം' വാരാണസിയിലെ വിധവകളെയോര്‍ത്ത് തപിച്ചതും, 'കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി'യെ വാഴ്ത്തിപ്പാടിയതും, 'ചന്ദനലേപ സുഗന്ധം ചൂടിയത് കാറ്റാണോ കാമിനി'യാണോ എന്നു ശങ്കിച്ചതും, 'വയല്‍പ്പൂവില്‍ വൈരം പതിക്കുന്ന സൂര്യാംശു'വിനെ പ്രണയിച്ചതും... രബീന്ദ്രനാഥ ടാഗോറിന്റെയും ഖലീല്‍ ജിബ്രാന്റെയും കവിതയുടെ വസന്തവനങ്ങളിലും ജലാലുദ്ദീന്‍ റൂമിയുടെ വാക്കുകളും ദര്‍ശനവും നിറഞ്ഞ സുഗന്ധഗിരികളിലുമലഞ്ഞതും... സര്‍ക്കാര്‍ ഓഫീസിന്റെ വരണ്ട ചുമരുകള്‍ക്ക് പിടികൊടുക്കാത്ത ആ മനസ്സ് ഇപ്പോള്‍ സ്വതന്ത്രമാണ്. ജയകുമാര്‍ വിരമിച്ചിരിക്കുന്നു...- ഒടുവില്‍ അങ്ങനെ സെക്രട്ടേറിയറ്റിലെ 'ലാസ്റ്റ് സാറ്റര്‍ഡെ'.

തീര്‍ച്ചയായും ആശ്വാസത്തിലായിരിക്കും അല്ലേ? ഒരു തരം റിലാക്‌സ് മൂഡ്...
സര്‍ക്കാര്‍സര്‍വീസില്‍ നിന്ന് പിരിയുക എന്നാല്‍ ആശ്വാസം എന്നാണ് എല്ലാവരും പറയുക പതിവ്. മടുത്തുകൊണ്ട് ഒരു ജോലി ചെയ്യുമ്പോഴാണ് ഇങ്ങനെ പറയേണ്ടിവരിക. എന്നാല്‍, ഞാന്‍ എന്റെ മുപ്പത്തിയഞ്ച് കൊല്ലത്തെ ഔദ്യോഗികജീവിതവും ആസ്വദിച്ച് ചെയ്തതുകൊണ്ട് ആശ്വാസം എന്ന വാക്ക് ഉപയോഗിക്കുന്നില്ല. പകരം സംതൃപ്തി എന്നു പറയാം. ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു, ഒരുപാട് നല്ലകാര്യങ്ങള്‍ക്ക് ഒപ്പംനില്‍ക്കാന്‍ സാധിച്ചു. വിവിധ തരക്കാരായ മനുഷ്യരെ കണ്ടു. അവരുടെ പ്രശ്‌നങ്ങള്‍ അറിഞ്ഞു. ആ അനുഭവം എന്റെ വ്യക്തിത്വത്തെയും എന്നിലെ കവിയെയും വളര്‍ത്തി. മറ്റൊരു കാര്യം, വിശ്രമജീവിതം ഇഷ്ടപ്പെടുന്ന ഒരാളല്ല ഞാന്‍. തിരക്കുകളും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതുമെല്ലാം എനിക്കിഷ്ടമുള്ള കാര്യങ്ങളാണ്. അതുകൊണ്ട് വിരമിച്ച് അപ്രത്യക്ഷന്‍ ആയിക്കളയാം എന്ന മോഹം എനിക്കില്ല. കൂടുതല്‍ സജീവമാകാനാണ് തീരുമാനം.

തിരുവനന്തപുരത്ത് ഓവര്‍ബ്രിഡ്ജിനു സമീപമുള്ള എം.ജി.എം. ലോഡ്ജില്‍ വാടകയ്ക്ക് മുറിയെടുത്ത് ഐ.എ.എസ്സിന് പഠിച്ച ചെറുപ്പക്കാരനെക്കുറിച്ചുള്ള ഓര്‍മകള്‍ അതേ നഗരത്തിലൂടെ ചീഫ് സെക്രട്ടറിയുടെ കാറില്‍ കടന്നുപോകുമ്പോഴും ജയകുമാര്‍ മറന്നിട്ടില്ല. ആ പഠനത്തിന്റെ ബലത്തിലാണ് ഇന്നത്തെ ഈ പോക്ക്...

ഇതല്ലെങ്കില്‍ ജയകുമാര്‍ ആരാകുമായിരുന്നു?

തീര്‍ച്ചയായും അധ്യാപകനാവാനാണ് സാധ്യത. കാരണം, 600 രൂപ ശമ്പളത്തില്‍ ഞാന്‍ കുറച്ചുകാലം കേരള സര്‍വകലാശാലയില്‍ അധ്യാപകനായിരുന്നു. നമ്മള്‍ അതിയായി ആഗ്രഹിക്കുന്നതാണ് നമുക്ക് ജീവിതത്തില്‍ ലഭിക്കുന്നത്. അലസമായി ജീവിക്കാന്‍ എനിക്ക് തീരെ താത്പര്യമില്ലായിരുന്നു. കൂടുതല്‍ക്കൂടുതല്‍ മനുഷ്യജീവിതങ്ങളോട് ഇടപെടാനും വ്യത്യസ്ത ലോകങ്ങളുമായി സൗഹൃദങ്ങള്‍ സ്ഥാപിച്ച് നിലനിര്‍ത്താനും എനിക്ക് എന്നും ഇഷ്ടമാണ്. അതിനു പറ്റിയ മേഖലയിലാണ് ഞാന്‍ എത്തിയത്. മറ്റൊരു പ്രധാനപ്പെട്ട കാര്യം മനുഷ്യരെ സേവിക്കാന്‍ സാധിച്ചു എന്നതാണ്. ആ സുകൃതം മറ്റെവിടെ നിന്നാണ് ലഭിക്കുക?

കവികള്‍ ഉള്ളിലും പുറത്തും കലാപകാരികളാണ്. അവര്‍ വ്യവസ്ഥിതിയുമായി നിരന്തരം കലഹിച്ചുകൊണ്ടേയിരിക്കുന്നു. ഭരണകൂടത്തിനെതിരെ പോരാടുന്നു. എഴുത്തിലും പ്രസംഗങ്ങളിലും പ്രതിരോധങ്ങള്‍ നിറയ്ക്കുന്നു. എന്നാല്‍, ജയകുമാറിലെ കവി എല്ലാ കാലത്തും എല്ലാ ഭരണങ്ങളോടുമൊപ്പം ഉണ്ടായിട്ടുണ്ട്, കലഹങ്ങളേതുമില്ലാതെ...

ഈ വൈരുധ്യത്തിന് എന്താണ് മറുപടി?
എന്നിലെ കവിയും എന്നിലെ കവിതയും രണ്ടാണ് എന്ന് ആദ്യം മനസ്സിലാക്കുക. രണ്ടും പരസ്​പരം കയറി ഭരിക്കാറില്ല. ഭരണവുമായി അടുത്തിരിക്കുമ്പോള്‍ മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം, നമ്മുടെ തീരുമാനമാണ് ആത്യന്തികമായി ശരി എന്ന് വിശ്വസിക്കരുത്. നമുക്ക് വിയോജിപ്പുള്ള ഒരുപാട് കാര്യങ്ങള്‍ ഉണ്ടാകും. അതിനെ ബന്ധപ്പെട്ടവരുടെ മുന്നില്‍വെച്ചുതന്നെ തിരുത്താനുള്ള സ്വാതന്ത്ര്യം ഉദ്യോഗസ്ഥനുണ്ട്. പ്രത്യേകിച്ചും കേരള രാഷ്ട്രീയത്തില്‍. അത്തരം എത്രയോ ഇടങ്ങളില്‍ ഞാന്‍ എന്റെ വിയോജിപ്പ് പറയുകയും മന്ത്രിമാരടക്കമുള്ള രാഷ്ട്രീയനേതൃത്വം സ്വയം തിരുത്തുകയും ചെയ്തിട്ടുണ്ട്. ഉള്ളിലെ കവി കലഹിക്കുമ്പോള്‍ തന്നെയാണ് ഞാന്‍ എന്റെ വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിട്ടുള്ളത്.

ബ്യൂറോക്രസിയുടെ ഭാഗമായി വിവിധ തസ്തികകളില്‍ ഇരിക്കുമ്പോഴെല്ലാം തന്നെ എന്നിലെ കവിയെ ജനപക്ഷത്ത് നിര്‍ത്താന്‍ എപ്പോഴും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കോഴിക്കോട് സബ്കളക്ടറായിരിക്കെ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് പൂട്ടി മുദ്രവെച്ചതും നക്‌സലുകളെ വിട്ടയച്ചതും പ്ലാച്ചിമട റിപ്പോര്‍ട്ടില്‍ 216 കോടി രൂപ ഭൂമിയും വെള്ളവും ജീവിതവും നഷ്ടമായ പാവങ്ങള്‍ക്ക് കൊടുക്കണം എന്ന് എഴുതിയതും എന്നിലെ കവിയാണ്, ഉദ്യോഗസ്ഥനല്ല. രാഷ്ട്രീയക്കാരും മന്ത്രിമാരും ഒരുകാര്യം പറയുമ്പോള്‍ അതിന്റെ മെറിറ്റ് നോക്കി അത് നടത്തിക്കൊടുക്കുകയാണ് വേണ്ടത്. അത് ഇല്ലാതാക്കേണ്ടത് എങ്ങനെയെന്ന് നോക്കുകയല്ല. മനുഷ്യനോടൊപ്പം നില്‍ക്കുന്നതാണ് ഭരണം, മനുഷ്യനൊപ്പം നില്‍ക്കുന്നവനാണ് കവി.

ജയകുമാറിന്റെ ജീവിതത്തില്‍ കോഴിക്കോടിന് ഒരു പോറ്റമ്മയുടേയും ചുവടു പഠിച്ച കളരിയുടേയും സ്ഥാനമുണ്ട്. കോഴിക്കോടിന്റെ നഗരസൗന്ദര്യത്തിന് തന്റെ കവിത്വവും സൗന്ദര്യബോധവും അദ്ദേഹം ചാര്‍ത്തിക്കൊടുത്തു.

അതൊക്കെ ഓര്‍ക്കുന്നുണ്ടോ?

അല്‍പ്പം പോലും ചോര്‍ന്നുപോവാതെ. കോഴിക്കോട് എന്ന ഭംഗിയുള്ള പട്ടണത്തെ പുതിയ ഒരു ജീവനിലേക്ക് മാറ്റിയെടുക്കാനാണ് ഞാന്‍ ശ്രമിച്ചത്. മേയറുടേയും കാലിക്കറ്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടേയും ചുമതലകൂടി അന്ന് എനിക്കുണ്ടായിരുന്നു. അത് ഞാന്‍ നല്ല രീതിയില്‍ ഉപയോഗിച്ചു. കോഴിക്കോട്ടുകാര്‍ ആ സ്‌നേഹം ഇപ്പോഴും കാത്തുവെക്കുന്നതില്‍ എനിക്ക് അവരോട് നന്ദിയുണ്ട്.
ഏകാന്തതയാണ് എഴുത്തുകാരന്റെ പണിപ്പുര. ലോകത്തിലെ ഏറ്റവും ഏകാന്തമായ തൊഴിലാണ് എഴുത്ത് എന്ന് മാര്‍ക്കേസ്.

ഈയൊരു പ്രശ്‌നത്തെ ജയകുമാര്‍ എങ്ങനെയാണ് മറികടക്കുന്നത്?
എന്റെ ഏകാന്തത എന്റെയുള്ളിലാണ്. എന്റെ കവിതകളെല്ലാം അഗാധമായ ഏകാന്തതയില്‍ നിന്ന് ഉണ്ടായതാണ്. 'ഒറ്റപ്പെട്ടവന്റെ പാട്ട്' എന്നാണ് എന്റെ ആദ്യ കവിതാസമാഹാരത്തിന്റെ പേര്. അതിന് അര്‍ഥഗര്‍ഭമായ ഒരു പുറംകവറാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരച്ചത്.
 1 2 NEXT 
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education