ദളിത് അവസ്ഥയുടെ യാഥാര്‍ഥ്യം (ബ്രാഹ്മണ്യവുമായുള്ള നമ്മുടെ കണക്കുതീര്‍ക്കലുകള്‍)

ഗെയില്‍ ഓംവെദ്/ബിജുരാജ്‌

20 Jan 2012


ജനങ്ങളില്‍ ഒരാളായി അലിഞ്ഞ് ചേര്‍ന്ന്, അവരെ നയിക്കുക ഒരു വിദേശിക്ക് ഒരിക്കലും എളുപ്പമല്ല. പ്രത്യേകിച്ച് അത് സ്ത്രീയാണെന്നു വരികില്‍. അതിലേറെ ഇന്ത്യയാണ് ഇപ്പുറത്തെ യാഥാര്‍ഥ്യമെങ്കില്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജാതി ആധിപത്യത്തെ അഭിമുഖീകരിക്കാന്‍ തുനിയുമ്പോള്‍ പഴമയിലേക്കു വീണ ഒരു ഭാഷയെയും അതിലെഴുതപ്പെട്ട വേദഗ്രന്ഥങ്ങളെയും നേരിടേണ്ടിവരും. അതിന്റെ പ്രയോക്താക്കള്‍ ഉറഞ്ഞെതിരിടും. പിടിച്ചു നില്‍ക്കുക പോലും അത്ര ലളിതമല്ല. ഡോ.ഗെയില്‍ ഓംവെദ് എന്നാല്‍ ഈ പ്രതിബന്ധങ്ങളെ, ആധിപത്യത്തിന്റെ ഭാഷയെയും രീതികളെയും വാദത്തെയും കീഴ്‌മേല്‍ മറിച്ചിരിക്കുന്നു. എതിരാളികളുടെ ശബ്ദത്തെ ദുര്‍ബലമാക്കി തന്നെ അവര്‍ ഹിന്ദുമതത്തിലെ പ്രതിലോമ ആശയങ്ങളെയും സംഹിതകളെയും നിശിതമായി ആക്രമിക്കുന്നു. ഡോ. ഗെയില്‍ ഓംവെദുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസ്‌ക്തഭാഗങ്ങളാണ് ചുവടെ. ചിലപ്പോഴൊക്കെ ചോദ്യങ്ങളേക്കാള്‍ പ്രസക്തമായ, അര്‍ഥഗര്‍ഭമായ മറുചോദ്യമാണ് മറുപടി.


മായാവതി, ദൈവം, ദളിത്
എന്താണ് നിങ്ങളുടെ കുടുംബ പശ്ചാത്തലം? ദളിത് ബോധത്തിലേക്കും ജാതിവിരുദ്ധ മുന്നേറ്റത്തിലേക്കും എത്തുന്നത് എങ്ങനെയാണ്?

അമേരിക്കയിലെ മിന്നപൊലിസിലാണ് ഞാന്‍ ജനിച്ചത്. 1963-64 കാലത്ത് ഞാന്‍ ഇന്ത്യയില്‍ ഒരു വര്‍ഷം തങ്ങിയിരുന്നു. പിന്നീടാണ് ബെര്‍ക്കിലിയില്‍ പഠിക്കുന്നത്. 1970 ല്‍ സോഷ്യോളജിയില്‍ പി.എച്ച്ഡി. പ്രബന്ധരചനയ്ക്കായി (അധിനിവേശ സമൂഹത്തിലെ സാംസ്‌കാരിക കലാപം: പശ്ചിമ ഇന്ത്യയിലെ ബ്രഹ്മണേതര മുന്നേറ്റം, 1873-1930) ഞാന്‍ വീണ്ടും ഇന്ത്യയില്‍ എത്തി. പിന്നീട് സാന്‍ ഡിയാഗോയില്‍ പഠിപ്പിക്കാന്‍ തുടങ്ങി. ഇന്ത്യയില്‍ താമസിക്കുകയും അവിടെ പഠിപ്പിക്കലും സാധ്യമാവില്ലായിരുന്നു. ഞാന്‍ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വന്നു. 1978 മുതല്‍ സ്ഥിര താമസമാക്കി. ദക്ഷിണ മഹാരാഷ്ട്രയിലെ ധനിക കര്‍ഷകനും ബഹുജനുമായ ഭരത് പട്‌നാകറെ വിവാഹം കഴിച്ചു. 1983 മുതല്‍ ഇന്ത്യന്‍ പൗരയാണ്. കൂട്ടുകുടുംബമാണ്. താമസിക്കുന്നത് ഒരു വലിയ ഗ്രാമമായ കാസിഗാനിലാണ്. എന്റെ മകള്‍ അവളുടെ കവിതകളില്‍ ഇതിനെ പട്ടണമായാണ് വിശേഷിപ്പിക്കുന്നതെങ്കിലും ഇന്ത്യന്‍ നിര്‍വചന പ്രകാരം ഇതൊരു ഗ്രാമമാണ്. ഇന്ത്യയില്‍ വന്നതുമുതല്‍ സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നു. ഇവിടെ എത്തിയ ശേഷമാണ് ദളിത് അവസ്ഥകളെപ്പറ്റി കൃത്യമായി ധാരണയുണ്ടാകുന്നത്. അതിനു മുന്‍പ് ജാതിവ്യവസ്ഥയെപ്പറ്റി കേട്ടിട്ടുണ്ട്. ഇവിടുത്തെ യാഥാര്‍ഥ്യങ്ങള്‍ നേരിട്ട് തിരിച്ചറിഞ്ഞ ശേഷം അതില്‍ ഇടപെട്ടേ മതിയാവൂ എന്നു തോന്നി.

ഇന്ത്യയില്‍ തുടരാന്‍ എന്താണ് ആദ്യം പ്രേരിപ്പിച്ചത്? ഇവിടെ എന്തു സവിശേഷതയാണ് നിങ്ങള്‍ കണ്ടത്?

ഇന്ത്യയുടെ സംസ്‌കാരം തന്നെ. വളരെയേറെ സവിശേഷതകളുളള ഈ വ്യത്യസ്ത സംസ്‌കാരം എന്നെ ആകര്‍ഷിച്ചു. അതെന്നെ ഇവിടെ തുടരാന്‍ പ്രേരിപ്പിച്ചു. പക്ഷേ, അതിനേക്കാള്‍ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ മാറ്റുന്നതില്‍ പങ്കു വഹിക്കണമെന്നും തോന്നി. സാമൂഹികശാസ്ത്രജ്ഞ എന്ന നിലയില്‍ അതെന്റെ കടമയുമാണ്.

എന്താണ് ദളിതുകളുടെ പൊതു അവസ്ഥ? പുരോഗമനപരമായ മാറ്റങ്ങള്‍ ചുറ്റും സംഭവിക്കുകയാണോ?

പുരോഗമനപരമായ മാറ്റങ്ങള്‍ നിരവധിയുണ്ട്. ഇതിന്റെ സൂചനകളിലൊന്ന് മായാവതിയുടെ വിജയമാണ്; അവരുടെ തന്ത്രത്തെപ്പറ്റി നമുക്ക് നിരവധി ചോദ്യങ്ങളുണ്ടാകാമെങ്കിലും. അവരുടെ വിജയം ഇന്ത്യയില്‍ മൊത്തത്തില്‍ ദളിതുകളെ ചലിപ്പിക്കുന്നുണ്ട്. അത് കോണ്‍ഗ്രസിനും മറ്റു വ്യവസ്ഥാപിത പാര്‍ട്ടികള്‍ക്കും ഭീഷണിയുയര്‍ത്തുകയും ചെയ്യുന്നു. രാഷ്ട്രീയത്തില്‍ ഇതാണ് ദളിത് മുന്നേറ്റത്തിന്റെ സൂചകം; അത് അവഗണിക്കാനാവില്ല. ഒരു ദളിത് സ്ത്രീ മുഖ്യമന്ത്രിയാവുക; പ്രധാനമന്ത്രി പദത്തില്‍നിന്ന് അല്പം മാത്രം അകലം പാലിക്കുക; ഇത് വലിയ നേട്ടമാണ്.

പക്ഷേ, ഈ കാഴ്ചയ്‌ക്കൊപ്പം നിഷേധാത്മകമായ മറുവശമുണ്ട്. 'ശൂദ്രര്‍' ഒ.ബി.സികള്‍, 'ബഹുജന്‍' സഖ്യം, തുടങ്ങിയപേരുകളിലുളള ഒരു ദളിത്-ബ്രാഹ്മണേതര ഐക്യം ജാതി ഉന്മൂലനത്തിന് അവശ്യമാണെന്ന് ആക്റ്റിവിസ്റ്റുകള്‍ കരുതുന്നുണ്ട്. പക്ഷേ, ഈ സഖ്യം ഇന്ന് ഏതാണ്ട് ജീര്‍ണിച്ചിട്ടുണ്ട്. ഒ.ബി.സി. ജനങ്ങളുടെ മാനസിക പിന്നാക്കാവസ്ഥയും അവരുടെ തുടരുന്ന ബ്രാഹ്മണ്യ അടിമമനോഭാവവും പ്രശ്‌നമായി ശേഷിക്കുന്നു എന്നത് ഖേര്‍ലാന്‍ജിയും മറ്റു നിരവധി അതിക്രമങ്ങളും കാണിക്കുന്നുണ്ട്. ഇത് മറികടന്നില്ലെങ്കില്‍ ശരിയായ വിജയം സാധ്യമല്ല. യു.പിയിലെ വിജയം സാധ്യമായത് അവിടെ നില്‍ക്കുന്ന പ്രത്യേകതരം ജാതി സമവാക്യം മൂലമാണ്- 20 ശതമാനം പട്ടികജാതിക്കാര്‍, 12 ശതമാനം ബ്രാഹ്മണര്‍, 12 ശതമാനം താക്കൂര്‍. 'ചാമര്‍' പങ്കാളിത്തത്തിലൊക്കെ വളരെയേറെ സത്യമുണ്ട്. പക്ഷേ, ഈ തന്ത്രം മറ്റൊരിടത്തും പ്രാവര്‍ത്തികമാകില്ല.

ദളിത് ജാതികള്‍ക്കിടയില്‍ ഭിന്നത വര്‍ധിക്കുന്നു എന്നതാണ് മറ്റൊരു നിഷേധാത്മകവശം. മാല-മഡിഗ ഭിന്നത ആന്ധ്രയില്‍ രൂക്ഷമാവുകയും ചില മഡിഗകള്‍ മാലകളെ സംവരണപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഇത്തരം ഭിന്നത എല്ലായിടത്തും കാണാനാവും. ഉദാഹരണത്തിന് മാറ്റാംഗുകളും ബുദ്ധമതക്കാരും തമ്മിലുളള ഭിന്നത. ദളിത് ക്രൈസ്തവരെയും ദളിത് മുസ്‌ലിംകളെയും സംവരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ദളിതര്‍ക്കിടയില്‍ ഒരുതലത്തിലും ഐക്യമില്ല. കൂടുതല്‍ സംവരണ സീറ്റുകള്‍ നല്‍കരുതെന്ന് പറഞ്ഞ് കോടതിയും കളിക്കുന്നു. അതിനോടുളള പല ദളിത് സംഘടനകളുടെയും പ്രതികരണം നിഷേധാത്മകമാണ്. വിശാലമായ ഐക്യം സാധ്യമാക്കേണ്ടതുണ്ട്.

ഉത്തര്‍പ്രദേശിലെ മായാവതിയുടെ വിജയം ദളിതരുടെ വിജയമായി പൊതുവില്‍ കാണുന്നു. പക്ഷേ, അവര്‍ക്കെതിരെയും അഴിമതി, സ്വജനപക്ഷപാതം, അവസരവാദ സഖ്യം തുടങ്ങിയ ആരോപണങ്ങളുണ്ട്?

രാഷ്ട്രീയമെന്നത് വൃത്തികെട്ട കളിയാണ്. പക്ഷേ, മായാവതി മറ്റേതെങ്കിലും രാഷ്ട്രീയക്കാരേക്കാള്‍ അഴിമതിയുള്ളയാളാണെന്ന് ഞാന്‍ കരുതുന്നില്ല.

മായാവതി ഉയര്‍ത്തുന്ന 'സര്‍വജന്‍ സമാജ്' എന്ന പുതിയ മുദ്രാവാക്യത്തെ എങ്ങനെ കാണുന്നു? ജാതി നശീകരണ മുന്നേറ്റത്തില്‍ നല്ല ചുവടുവയ്പാണോ ഇത്?

അതൊരു മോശം ചുവടാണെന്ന് എന്തായാലും ഞാന്‍ കരുതുന്നില്ല. പക്ഷേ, എങ്ങനെ ഇത് പ്രാവര്‍ത്തികമാകുന്നു എന്നതാണ് പ്രധാനം. ദളിതുകള്‍ ഭരണവര്‍ഗ സമൂഹമാവണം എന്നു പറയുമ്പോള്‍ ബാബാ സാഹബ് (അംബേദ്കര്‍) ഉദ്ദേശിച്ചത് അവര്‍ തങ്ങളുടെ ആവശ്യങ്ങളെമാത്രം പ്രതിനിധീകരിക്കണമെന്നല്ല, മുഴുവന്‍ സമൂഹത്തിന്റെയും താത്പര്യംകണക്കിലെടുക്കണമെന്നാണ്. അദ്ദേഹം തുടര്‍ച്ചയായി ഊന്നിപ്പറഞ്ഞ കാര്യം ജാതിയുണ്ടാക്കുന്ന ദോഷം മര്‍ദിതരെ അടിച്ചമര്‍ത്തുന്നു എന്നതിനൊപ്പം മുഴുവന്‍ സമൂഹത്തെയും ഭിന്നിപ്പിക്കുന്നു എന്നാണ്. ആ അര്‍ഥത്തില്‍ ദളിതുകള്‍ക്ക് 'സര്‍വജന്‍' എന്നതിനെ പ്രതിനിധീകരിക്കാം. ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഒരു പ്രത്യേക വിഭാഗത്തെ മാത്രമല്ല പ്രതിനിധീകരിക്കേണ്ടത്. മുഴുവന്‍ സമൂഹത്തിനും അനുഗുണമായ നയം അതു രൂപീകരിക്കണം. 'സര്‍വജന്‍സമാജ്' എന്നത് ബി.എസ്.പിയെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി കാണാം. കോണ്‍ഗ്രസിനു യഥാര്‍ഥ ബദലായി ബി.എസ്.പി.വരണമെന്ന് ആഗ്രഹിക്കുന്നവരില്‍ ഒരാളാണ് ഞാന്‍. കേവലം ഒരു വിഭാഗത്തിന്റെ പ്രതിഷേധ പാര്‍ട്ടി എന്ന നിലയില്‍നിന്ന് മുഴുവന്‍ രാജ്യത്തിനും വേണ്ടിയുളള പദ്ധതികളുളള രണ്ടു വലിയ പാര്‍ട്ടികളില്‍ ഒന്നായി ബി.എസ്.പി.മാറണം.

മായാവതിയുടെ ബി.എസ്. പി. തിരഞ്ഞെടുപ്പില്‍ ഹിന്ദു സവര്‍ണ ബിംബങ്ങളായ ദൈവരൂപങ്ങള്‍ പ്രചരണത്തിനായി ഉപയോഗിച്ചിരുന്നു. അതില്‍ വൈരുധ്യമുളളതായി ദളിത് ആക്റ്റിവിസ്റ്റുകള്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ?

ശരിയാണ്. പക്ഷേ, ദളിതുകളും തങ്ങളുടേതായ ബിംബങ്ങള്‍ ഉപയോഗിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് 'ഹാത്തി നഹി ഗണേഷ് ഹെ..' എന്ന മുദ്രാവാക്യം. പാലി സാഹിത്യത്തില്‍ 'നാഗ' എന്ന വാക്ക് ആനയ്ക്കു പകരമായി ഉപയോഗിക്കുന്നതുകാണാം (ധര്‍മപദ കാണുക). അതുപോലെ ബുദ്ധനെ 'മഹാനാഗ്' എന്നാണ് വിളിച്ചിരുന്നത്. ഗണേഷ് എന്നത് യഥാര്‍ഥത്തില്‍ ആര്യരുടേതല്ലാത്ത ദൈവമാണ്. അതിനെ ജാതി രഹിത, വര്‍ഗ രഹിത സമൂഹത്തെ സൂചിപ്പിക്കാനായി അവര്‍ക്ക് എടുക്കാവുന്നതേയുളളൂ; അതായത് ജനവ്യവസ്ഥാ മുദ്രാവാക്യമായി. 'ജനങ്ങള്‍ തന്നെ ഭരണാധികാരികളാകുന്ന ജനപതി'. ഇത്തരം ബിംബങ്ങളെ ഗുണകരവും പുരോഗമനപരവുമായ രീതിയില്‍ ഉപയോഗിക്കണമെന്നാണ് എന്റെ അഭിപ്രായം. ഇതിന് സവര്‍ണ ബിംബങ്ങളെ എതിര്‍ക്കുക എന്നതാവണം ലക്ഷ്യം.


സംഘപരിവാര്‍, ഗാന്ധി, അംബേദ്കര്‍
മണ്ഡല്‍ കാലത്ത് ഉയര്‍ന്നുവന്ന സവര്‍ണ ഹിന്ദുമുന്നേറ്റത്തിന് ഇന്ന് ചില തിരിച്ചടികള്‍ നേരിട്ടതായി തോന്നുന്നുണ്ടോ?

അവര്‍ക്ക് ചില തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education