ദല്‍ഹി 1981

എം.മുകുന്ദന്‍

05 Jun 2011

എം.മുകുന്ദന്‍ 1981ല്‍ എഴുതിയ കഥ. സ്ത്രീകളെ ഉടലുകള്‍ മാത്രമായി നോക്കിക്കാണുന്ന നടപ്പുകാലഭൂരിപക്ഷസമൂഹത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതപ്പെട്ട ഈ കഥയ്ക്ക് പ്രസക്തി ഏറെയാണ്.


രാജീന്ദര്‍ പാണ്‌ഡെ ജനല്‍വാതില്‍ തുറന്നു പുറത്തേക്കു നോക്കി. നിരത്തിനപ്പുറം നിരനിരയായുള്ള കടകളാണ്. കടകളുടെ പിറകില്‍ ഒരു വലിയ മൈതാനം കാണാം. നിരത്തില്‍നിന്നു നോക്കിയാല്‍ ആ മൈതാനം കാണുകയില്ല. അയാളുടെ മുറി രണ്ടാംനിലയില്‍ റോഡിനഭിമുഖമായാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് ജനലിനരികില്‍ ചെന്നുനിന്നാല്‍ താഴെ തെരുവും നിരയായുള്ള പീടികകളും അപ്പുറത്തെ മൈതാനവും എല്ലാം വ്യക്തമായി കാണാം.

മൈതാനത്തിനു നടുവിലൂടെ ഒരു ഒറ്റയടിപ്പാത കടന്നുപോകുന്നു. അതിലേ പോയാല്‍ ചിരാഗ് ദല്‍ഹിയിലേക്കുള്ള പ്രധാന നിരത്തില്‍ എളുപ്പം ചെന്നെത്താം. മൈതാനം സദാ വിജനമായിരിക്കും. വല്ലപ്പോഴും മാത്രം ആ ഒറ്റയടിപ്പാതയിലൂടെ വല്ലവരും വരുകയോ പോകുകയോ ചെയ്‌തെന്നുവരും. പകല്‍സമയങ്ങളില്‍ അവിടെ പന്നികള്‍ മേഞ്ഞുനടക്കുന്നുണ്ടാവും. പടിഞ്ഞാറുവശത്ത് ഒരു ഇടിഞ്ഞുതകര്‍ന്ന ശവകുടീരം കാണാം. മുഗളരുടെ കാലത്തുള്ളതാണ്. അതില്‍ നിറയെ പ്രാവുകളാണ്. എല്ലായ്‌പ്പോഴും പ്രാവുകളുടെ കുറുകുറുക്കലും ചിറകടിയൊച്ചയും കേള്‍ക്കാം.

പാണ്‌ഡെ ജനലഴികളില്‍ പിടിച്ചുകൊണ്ട് വെറുതേ വെളിയില്‍ നോക്കി നിന്നു. അയാളുടെ കൂടെ അതേ മുറിയില്‍ താമസിക്കുന്ന കിശോര്‍ലാല്‍, റേഡിയോ തുറന്നു പാട്ടുകേട്ടിരിക്കുകയാണ്. സിനിമാപ്പാട്ടുകളില്‍ താത്പര്യമില്ലാതെ പാണ്‌ഡെ ബോറടിച്ച് എന്ത് ചെയ്യണമെന്നറിയാതെ ജനലിങ്കല്‍ത്തന്നെ നിന്നു.
താഴെ നിരത്തിലുടെ രഘുവീറും നാനക്ചന്ദും നടന്നുവരുന്നത് അയാള്‍ കണ്ടു. അവര്‍ സ്ഥലത്തെ പ്രധാന തെമ്മാടികളാണ്. രണ്ടുപേരും ചെറുപ്പക്കാരാണ്. ഐ.പി കോളേജിലെ വിദ്യാര്‍ഥിനികളെ ബസ്‌സ്റ്റോപ്പില്‍വെച്ച് ഉപദ്രവിച്ചതിന് രഘുവീര്‍ രണ്ടു ദിവസം ലോക്കപ്പില്‍ കിടക്കുകയുണ്ടായി. നാനക്ചന്ദ് അഞ്ചുതവണ ജയിലില്‍ കിടന്നിട്ടുണ്ട്. അവസാനത്തെ ജയില്‍ശിക്ഷ ഒരു സ്ത്രീയുടെ കഴുത്തില്‍നിന്ന് ആഭരണം പിടിച്ചുപറിച്ചതിനായിരുന്നു.

രഘുവീറും നാനക്ചന്ദും അമീര്‍സിങ്ങിന്റെ ഡ്രൈക്ലീന്‍ കടയുടെ പിറകിലൂടെ മൈതാനത്തേക്ക് ഇറങ്ങിപ്പോകുന്നത് പാണ്‌ഡെ കണ്ടു. അവര്‍ പുകവലിച്ചുകൊണ്ട് ഒരു വെട്ടുകല്ലിന്മേല്‍ ഇരുന്നു.
അകലെ മൈതാനത്തിന്റെ മറുവശത്ത് ഒരു മഞ്ഞനിഴല്‍ തെളിഞ്ഞുവരുന്നത് പാണ്‌ഡെ ശ്രദ്ധിച്ചു. കൂടെ ഒരു നീണ്ട നിഴലും. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ മഞ്ഞസാരിയുടുത്ത ഒരു സ്ത്രീയും ഒരു പുരുഷനുമാണെന്ന് അയാള്‍ക്ക് മനസ്സിലായി. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ അയാളുടെ കൈയില്‍ ഒരു കുഞ്ഞുകൂടിയുണ്ടെന്നും അയാള്‍ക്കു മനസ്സിലായി.

വെട്ടുകല്ലില്‍ ഇരിക്കുന്ന രഘുവീര്‍ മുഖംതിരിച്ചു സ്ത്രീയേയും പുരുഷനേയും നോക്കി. എന്നിട്ട് അയാള്‍ നാനക്ചന്ദിനോട് എന്തോ പറഞ്ഞു. അയാളും മുഖംതിരിച്ച് ആ സ്ത്രീയേയും പുരുഷനേയും നോക്കി. അവര്‍ വീണ്ടും തമ്മില്‍ എന്തോ പറഞ്ഞു. അതിനുശേഷം അവര്‍ എഴുന്നേറ്റ് മൈതാനിയിലൂടെ നടക്കുവാന്‍ തുടങ്ങി.

'അബ്ബേ കിശോര്‍, തമാശ കാണണമെങ്കില്‍ വാ.'
രാജീന്ദര്‍ പാണ്‌ഡെ കിശോര്‍ലാലിനെ ജനലിന്റെ അരികിലേക്ക് വിളിച്ചു. കിശോര്‍ലാല്‍ ചുണ്ടില്‍ വിരല്‍വെച്ചു മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു. റേഡിയോവില്‍ അമിതാബ് ബച്ചന്‍ പാടിയ, 'ലാവരിസ്സി'ലെ പാട്ടാണ് വരുന്നത്.

പരസ്​പരം തോളില്‍ കൈയിട്ട്, അലസമായി, ഒരു സിഗരറ്റുതന്നെ മാറിമാറി വലിച്ചുകൊണ്ട്, നാനക്ചന്ദും രഘുവീറും മൈതാനത്തിന്റെ നടുവിലേക്ക് നടക്കുകയാണ്. ഇപ്പോള്‍ മഞ്ഞനിഴല്‍ കുറേക്കൂടി തെളിഞ്ഞുകാണാം. ആ സ്ത്രീയും പുരുഷനും മൈതാനിയുടെ ഏകദേശം നടുവില്‍ എത്തിയിരുന്നു. ജനലിനരികില്‍ നില്ക്കുന്ന പാണ്‌ഡേയ്ക്ക് അവളുടെ മുഖം വ്യക്തമായി കാണുവാന്‍ കഴിഞ്ഞില്ല. എങ്കിലും അവള്‍ സുന്ദരിയാണെന്ന് അയാള്‍ ഊഹിച്ചു. അവളുടെ കൂടെ നടന്നുവരുന്ന ചെറുപ്പക്കാരന്‍ നീണ്ടു മെലിഞ്ഞിട്ടാണ്. അവര്‍ ഭാര്യയും ഭര്‍ത്താവും കുഞ്ഞും അടങ്ങുന്ന ഒരു സംതൃപ്തകുടുംബമാണ്.

വെയിലിന്റെ ശക്തി കാരണമായിരിക്കണം, ചെറുപ്പക്കാരി സാരിയുടെ തുമ്പുകൊണ്ട് തല മൂടി. അവര്‍ ഇപ്പോള്‍ മൈതാനത്തിന്റെ മധ്യഭാഗം കഴിഞ്ഞിരിക്കുന്നു.

നാനക്ചന്ദിന്റെയും രഘുവീറിന്റെയും നടത്തം സാവധാനത്തിലായി. മൈതാനിയിലെവിടെയും കണ്ണെത്താവുന്നയിടത്തൊന്നും ആരെയും കണ്ടില്ല. തകര്‍ന്ന ശവകുടീരത്തിലെ പ്രാവുകള്‍പോലും നിശ്ശബ്ദരാണ്.

'അബ്ബേ, കിശോര്‍. നിന്റെ റേഡിയോ ബന്ത് കരോ. എഴുന്നേറ്റ് വാ യാര്‍?'
പാണ്‌ഡെ ഒരിക്കല്‍ക്കൂടി കിശോര്‍ ലാലിനെ ജനലിന്റെ അരികിലേക്ക് വിളിച്ചു. നാനക്ചന്ദും രഘുവീറും ആ ചെറുകുടുംബത്തിന്റെ അരികിലെത്തി.

'അരേ ജല്‍ദി എഴുന്നേറ്റു വാ യാര്‍.'
പാണ്‌ഡെ മൈതാനത്തിന്റെ നടുവിലേക്ക് മിഴിച്ചുനോക്കി. റേഡിയോ ഓഫാക്കാതെതന്നെ കിശോര്‍ ലാല്‍ എഴുന്നേറ്റു വന്നു.


നാനക്ചന്ദും രഘുവീറും വഴിമുടക്കിനിന്നു. നാനക്ചന്ദ് ഇരുകൈകളും ഊരയില്‍വെച്ച് വായിലെ സിഗരറ്റ് എടുക്കാതെതന്നെ ചെറുപ്പക്കാരിയെ നോക്കി ഒന്നു ചിരിച്ചു. ചെറുപ്പക്കാരന്റെ മുഖം ചുവന്നു.

'മാറിനില്ക്കീന്‍, തെമ്മാടികളെ-' അയാള്‍ പറഞ്ഞു. 'റാസ്‌കല്‍സ്-'
നാനക്ചന്ദും രഘുവീറും അത് കേട്ടതായി ഭാവിച്ചില്ല. ചെറുപ്പക്കാരി മഞ്ഞ സാരി തലയിലൂടെ വലിച്ചിട്ട് ചൂളിനിന്നു. അവളുടെ ഇരുകവിളുകളും ചുവന്നു തുടുത്തു.

'അരേ യാര്‍, നാനക്ചന്ദും രഘുവീറും എന്തിനാ ഭാവം?'
കിശോര്‍ ലാല്‍, പാണ്‌ഡേയോടു ചോദിച്ചു:
'ലെറ്റ്‌സ് വെയ്റ്റ് ആന്റ് സി. ഒരു സിഗരറ്റ് താ യാര്‍.'
കിശോര്‍ ലാല്‍ ഒരു റെഡ് ആന്റ് വൈറ്റിന്റെ പാക്കറ്റ് കീശയില്‍നിന്നെടുത്തു പാണ്‌ഡേയുടെ നേരേ നീട്ടി. അവര്‍ രണ്ടുപേരും ഓരോ സിഗരറ്റ് കത്തിച്ചു. വര്‍ധിച്ച രസത്തോടെ മൈതാനത്തില്‍ നോക്കിനിന്നു. അവിടെ വെയില്‍ തിളയ്ക്കുകയാണ്.

'അവര്‍ മാറ്റിനിക്കു പോകുകയായിരിക്കണം യാര്‍.'
പാണ്‌ഡെ അഭിപ്രായപ്പെട്ടു. അല്ലാതെ ഈ നേരത്ത്, ഈ വെയിലില്‍ അവര്‍ മറ്റെവിടെ പോകുവാന്‍?
'ഹായ് മഞ്ഞക്കിളീ, നിന്റെ മുഖമൊന്ന് കണ്ടോട്ടെ.'
നാനക്ചന്ദ് ചെറുപ്പക്കാരിയുടെ മുഖത്തുനിന്ന് സാരിപിടിച്ചു നീക്കി. മാംസളമായ കവിളുകളും വിടര്‍ന്ന കണ്ണുകളുമുള്ള അതീവ സുന്ദരമായ ഒരു മുഖം. തലമുടിയുടെ മധ്യരേഖയില്‍ കുങ്കുമം വിതറിയിരിക്കുന്നു. നെറ്റിയില്‍ പൊട്ടും.

നാനക്ചന്ദ് കൈയില്‍ കുഞ്ഞുമായി നില്ക്കുന്ന ചെറുപ്പക്കാരന്റെ നേരെ തിരിഞ്ഞ് അയാളോടായി പറഞ്ഞു:
'അരേ ബ്രദര്‍, നീ വലിയ ഭാഗ്യവാന്‍തന്നെ. ഹേമമാലിനിയെപ്പോലുള്ള ഒരു ഭാര്യയെ നിനക്ക് കിട്ടിയല്ലോ.'
ചെറുപ്പക്കാരന്റെ ക്ഷമ നശിച്ചു. അയാള്‍ ഉള്ളാലേ ജ്വലിച്ചു. കൈയില്‍ കുഞ്ഞുണ്ട്. കുടെ ഭാര്യയുണ്ട്. അല്ലെങ്കില്‍...
അയാള്‍ കോപം ഉള്ളിലൊതുക്കി മയത്തില്‍ പറഞ്ഞു:
'ഫ്രണ്ട്‌സ്, നിങ്ങള്‍ക്ക് എന്താണ് വേണ്ടത്? ഇത്തരം ഇന്‍ഡീസന്റായ പെരുമാറ്റം നല്ലതല്ല. നിങ്ങള്‍ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരല്ലേ? പ്ലീസ്... ഞങ്ങള്‍ പോകട്ടെ.'

അയാള്‍ കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത്, ഭാര്യയുടെ കൈപിടിച്ച് അവരെ മറികടന്നുപോകുവാന്‍ ശ്രമിച്ചു.
'അങ്ങനെ പോകുവാന്‍ വരട്ടെ.'
രഘുവീര്‍ ചെറുപ്പക്കാരന്റെ ചുമലില്‍ കൈവെച്ചു.
'ഞങ്ങളുടെ അനുവാദം കൂടാതെ താന്‍ ഇവിടെനിന്ന് അനങ്ങാന്‍ പാടില്ല. ഓക്കെ?'
ചെറുപ്പക്കാരന്‍ ഉടനെ കൈവീശി രഘുവീറിന്റെ മുഖത്തുനോക്കി ഒന്നു കൊടുത്തു. അയാളുടെ കൈയില്‍നിന്ന് കുഞ്ഞ് ഉച്ചത്തില്‍ കരയുവാന്‍ തുടങ്ങി.

'സാലേ കുത്തേ, നീ അത്രയ്ക്കായോ?'
നാനക്ചന്ദ് പാന്റിന്റെയുള്ളില്‍നിന്ന് ഒരു കത്തി വലിച്ചു പുറത്തെടുത്തു. ചെറുപ്പക്കാരിയുടെ ചങ്ക് ഒരു പ്രാവിന്റെ ചങ്കുപോലെ മിടിച്ചു. വഴക്കിനൊന്നും പോകരുതേയെന്ന് അവള്‍ കണ്ണുകളാല്‍ ഭര്‍ത്താവിനോട് യാചിച്ചു.

ആ ചെറുപ്പക്കാരന്‍ കുഞ്ഞിനെ ഭാര്യയുടെ കൈകളില്‍ ഏല്പിച്ച് എന്തിനും തയ്യാറായി നിന്നു.
'സാലേ കുത്തേ...'
രഘുവീര്‍ അടികൊണ്ട കവിള്‍ തടവിക്കൊണ്ട് അയാളുടെ നേരെ തിരിഞ്ഞു. ഷര്‍ട്ടില്‍ കയറിപ്പിടിച്ചു. കരയുന്ന കുഞ്ഞിനെ കൈയിലേന്തി ചെറുപ്പക്കാരി നിസ്സഹായയായി നാലുപാടും നോക്കി. ഭയത്താല്‍ അവള്‍ അടിമുടി വിറയാര്‍ന്നു.

'വണ്‍മോര്‍ സിഗറ്റ് യാര്‍.'
പാണ്‌ഡെ മൈതാനത്തുനിന്ന് കണ്ണെടുക്കാതെ കിശോറിന്റെ നേരെ കൈനീട്ടി. അയാള്‍ ഒരു സിഗരറ്റുകൂടി കത്തിച്ച് പുകവിട്ടു. ഇതിനിടയില്‍ അയാള്‍ പറഞ്ഞു: 'യാര്‍ വെരി ഇന്ററസ്റ്റിങ്.'

ചെറുപ്പക്കാരനും നാനക്ചന്ദും പിടിയും വലിയുമായി നില്ക്കവെ രഘുവീര്‍ അല്പം അകലെ നടന്നുചെന്ന് ഒരു വലിയ കരിങ്കല്ല് എടുത്തു തിരികെ വന്നു. ആ കല്ല് ചെറുപ്പക്കാരന്റെ തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അയാള്‍ അവിടെ നിന്നു. അതുകൂടി കണ്ടപ്പോള്‍ മഞ്ഞക്കിളി ആകെ തളര്‍ന്നു.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education