വേശ്യകളേ, നിങ്ങള്‍ക്കൊരമ്പലം

എം. മുകുന്ദന്‍

23 Feb 2011


ഹരിദ്വാരില്‍ പോകുമ്പോള്‍ ഒരു വേശ്യയെക്കൂടെ കൊണ്ടുപോകുവാന്‍ തീര്‍ച്ചപ്പെടുത്തി.
അവന്റെ വീട്ടില്‍ എന്നും വേശ്യകള്‍ വരാറുണ്ട്. ആപ്പീസിലാണെങ്കില്‍ സദാ വേശ്യകള്‍ ടെലിഫോണ്‍ ചെയ്യുന്നു. റസ്റ്റോറണ്ടില്‍ വേശ്യകളൊരുമിച്ചിരുന്നാണ് അവന്‍ കാപ്പികുടിക്കാറുള്ളത്. ഗാലറികളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ കാണുവാന്‍ പോകുമ്പോഴും വേശ്യകള്‍ അവനോടൊപ്പമുണ്ടാകും. എല്ലാ ചൊവ്വാഴ്ചയും ഹനുമാന്‍കോവില്‍ തൊഴാന്‍ ചെല്ലുന്നത് വേശ്യയുടെ അകമ്പടിയോടെയാണ്. ചിതയില്‍ പോകുന്നതും വേശ്യയോടൊപ്പമായിരിക്കും. അവന്റെ ജീവിതം വേശ്യകളുടെ ഒരു വഴിയമ്പലമാണ്.

ഒരു വേശ്യയുടെ വയറ്റില്‍ പിറക്കാത്തതാണ് അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം. ഒരു നല്ല തറവാട്ടില്‍ പൊന്നുപോലത്തെ സ്വഭാവമുള്ള ഒരമ്മയുടെ ഗര്‍ഭപാത്രത്തിലാണ് അവന്‍ പൊട്ടിമുളച്ചത്. അച്ഛന്റേതല്ലാതെ മറ്റാരുടേയും ജീവബീജങ്ങള്‍ കടന്നുചെന്നിട്ടില്ലാത്ത ആ ഗര്‍ഭപാത്രത്തിലാണ് അവന്‍ രക്തത്തിലും മാംസത്തിലും എല്ലിലും ഉരുത്തിരിഞ്ഞത്; അതുതന്നെ ദുരന്തവും.

നെപ്പോളിയന്റേയും ചെഗുവേരയുടേയും ബോബ്‌ഡൈലന്റേയും ദുരന്തവും അതുതന്നെയാണ്. എര്‍വിന്‍ സ്ട്രിറ്റ് മാറ്ററും വിറ്റോള്‍ഡ് ഗാംബോവിക്കും അതേ ദുരന്തത്തിന്റെ കുരിശുകളില്‍ കിടക്കുന്നു. ബുദ്ധന്റേയും യേശുവിന്റേയും ദുരന്തവും അവന്റെ ദുരന്തംതന്നെ. എന്തുകൊണ്ട് നെപ്പോളിയനും ചെഗുവേരയും ബോബ്‌ഡൈലനും ഒരു വേശ്യയുടെ ഗര്‍ഭപാത്രത്തില്‍ പിറന്നില്ല?
എന്തുകൊണ്ട് സ്ട്രിറ്റ് മാറ്ററും, ഗാംബോവിക്കും വേശ്യകളുടെ മക്കളായില്ല?
എന്തുകൊണ്ട് ശ്രീബുദ്ധനും ശ്രീയേശുവും വേശ്യകളുടെ വയറ്റില്‍ പിറവിയെടുത്തില്ല?

അവന്‍ വേശ്യയുടെ ഗര്‍ഭപാത്രത്തില്‍ പിറന്നില്ല. നേരുതന്നെ. പക്ഷേ, അവന്‍ വേശ്യകളോടൊപ്പം ജീവിക്കും. അവരെ കെട്ടിപ്പിടിച്ചുകൊണ്ടായിരിക്കും ചാകുക. ഒരു വേശ്യയോടൊപ്പം മാത്രമേ അവന്‍ ചാകുകയുള്ളൂ.

ഹരിദ്വാരില്‍ പോകുന്നത് ഒരു വേശ്യയോടൊപ്പമായിരിക്കും, തീര്‍ച്ച.

കരോള്‍ബാഗിലെ ശാന്ത എന്ന വേശ്യ പറഞ്ഞു.
'ഹരിദ്വാരില്‍ ഞാനും വരുന്നു.'
ശാന്ത തൃശ്‌നാപ്പള്ളിക്കാരിയാണ്. അവള്‍ കറുത്തിട്ടും മെലിഞ്ഞിട്ടുമാണ്; അവള്‍ മുടന്തിയുമാണ്.

ദരിയാഗഞ്ചിലെ കാന്ത എന്ന വേശ്യ ചോദിച്ചു:
'ഞാനും വരട്ടെ?'
കാന്ത തൃശ്‌നാപ്പള്ളിക്കാരിയല്ല. കറുത്തിട്ടും മെലിഞ്ഞിട്ടുമല്ല. മുടന്തിയുമല്ല.
കാന്ത ശാന്തയല്ല.
കാന്ത പഞ്ചാബിയാണ്. അവള്‍ക്കു ഗോതമ്പിന്റെ നിറമാണ്. തലമുടി കടുകെണ്ണ പുരട്ടി സദാ ചീകിവെക്കും.
കാന്ത കാന്തയാണ്.
ശാന്ത ശാന്തയാണ്.
കാന്ത കാന്തയും ശാന്ത ശാന്തയുമാണ്.

ഡിഫന്‍സ് കോളണിയിലെ ലത പതിനെട്ടുകാരിയാണ്. യാങ്കി ശൈലിയില്‍ ഇംഗ്ലീഷ് പറയും. ബീറ്റില്‍സിന്റെ ആരാധികയാണ്. ബെല്‍ബോട്ടും പാന്റും ഗോഗോകുര്‍ത്തയും ധരിക്കും; മൂക്കിന്മേല്‍ മൂക്കുത്തിയുണ്ട്.
ലത എന്ന വേശ്യ പറഞ്ഞു:
'ഞാനും വരുന്നു.'
അവള്‍ വെറുതേ വരില്ല. പണം കൊടുക്കണം. ഓരോ നിമിഷവും അവള്‍ക്ക് വിലപിടിച്ചതാണ്. ഒരു മണിക്കൂറിന് എഴുപത്തഞ്ചുറുപ്പികയാണ് അവള്‍ക്ക് വില. മൂന്നു ദിവസമാണ് ഹരിദ്വാരില്‍ ചെലവഴിക്കാന്‍ പരിപാടിയിട്ടിട്ടുള്ളത്.

'എത്ര പൈസ വേണം നിനക്ക്?'
'അഞ്ഞൂറു തരാമോ?'
'തരാം.'
ലതയെ മതി. അവളുടെ മൂക്കുത്തി മതി. അവളുടെ വിടര്‍ന്ന ചന്തി മതി. അഞ്ഞൂറുറുപ്പിക പുല്ലാണ്. പത്തു ദിവസത്തെ ശമ്പളം. പത്തു ദിവസത്തേതു മാത്രമല്ല; ഒരു മാസത്തെ ശമ്പളം മുഴുവനും തരാം. ഒരു വര്‍ഷത്തെ ശമ്പളം തരാം. ജീവിതകാലത്തെ മുഴുവന്‍ ശമ്പളം തരാം.
നീ മതി. നിന്റെ മൂക്കുത്തി മതി.
'അഞ്ഞൂറു കൂടുതലാണോ?'
'അല്ല, കുറവാണ്.'
'ആയിരം തരാമോ എന്നാല്‍?'
'പതിനായിരം തരാം.'
പതിനായിരം ആനയുടെ വിലയാണ്. ആനയേക്കാള്‍ വിലപിടിച്ചതല്ല വേശ്യ!

'ഉണ്ടെങ്കില്‍ തരുമെന്ന് എനിക്കറിയാം.'
ടെലഫോണിലൂടെ മണികിലുക്കംപോലവള്‍ ചിരിച്ചു. അവള്‍ക്ക് അവനെ സ്‌നേഹമാണ്. അവന്റെ കനത്ത കൈകാലുകള്‍, നീണ്ട കഴുത്ത്, വിരിഞ്ഞ നെഞ്ച്, പൈപ്പിന്റെ കറപിടിച്ച ചിറികള്‍- എല്ലാം എല്ലാം അവള്‍ക്കിഷ്ടമാണ്.
അവള്‍ക്കു മാത്രമല്ല അവനെ സ്‌നേഹം.
കരോള്‍ബാഗിലെ ശാന്തയ്ക്കും സ്‌നേഹമാണ്.
ശാന്തയ്ക്കു മാത്രമല്ല സ്‌നേഹം.
ദരിയാഗഞ്ചിലെ കാന്തയ്ക്കും അവനെ സ്‌നേഹമാണ്.
ലതയ്ക്കും ശാന്തയ്ക്കും കാന്തയ്ക്കും മാത്രമല്ല അവനോട് സ്‌നേഹം. നഗരത്തിലെ എല്ലാ വേശ്യകളും അവനെ സ്‌നേഹിക്കുന്നു.
അവന്‍ വേശ്യകളുടെ ക്ഷേത്രമാണ്.
രാവണന്‍ എന്ന രാക്ഷസനുവേണ്ടി മനുഷ്യന്‍ ക്ഷേത്രങ്ങള്‍ പണിതു. ഹനുമാന്‍ എന്ന കുരങ്ങിനുവേണ്ടിയും നാടുനീളെ അവന്‍ ക്ഷേത്രങ്ങള്‍ പണിതു. ശിവന്റെ മൂത്രാവയവത്തെ അവന്‍ പ്രതിഷ്ഠിച്ചു, പൂജിച്ചു.

വേശ്യകള്‍ക്കുവേണ്ടി ആരും അമ്പലങ്ങള്‍ പണിതില്ല.
അവന്‍ പണിയും. നാടുനീളെ, ജീവിതം നിറയെ, അവന്‍ അവര്‍ക്കുവേണ്ടി അമ്പലങ്ങള്‍ പണിയും.
ത്രിവേണിഘട്ടത്തിലെ പണ്ഡകളേ, വേശ്യകള്‍ക്കുവേണ്ടി ഗായത്രീമന്ത്രങ്ങള്‍ ചൊല്ലൂ.

പൂജാരികളേ, വേശ്യകള്‍ക്കുവേണ്ടി പൂജ ചെയ്യൂ.
മണികളേ, വേശ്യകള്‍ക്കുവേണ്ടി മുഴങ്ങൂ.
ദീപങ്ങളേ, വേശ്യകള്‍ക്കുവേണ്ടി ജ്വലിക്കൂ.

മനുഷ്യനു സുഖം നല്കി നല്കി സമുദായത്തിന്റെ നാറുന്ന ഓടയില്‍ ഉഷ്ണരോഗം വന്ന് ചത്തൊടുങ്ങുന്ന വേശ്യകള്‍ക്കുവേണ്ടി ലോകമേ, നീ കണ്ണീരൊഴുക്കൂ. വേശ്യകള്‍ മാലാഖമാരാണ്. തപസ്വിനികളാണ്. ദേവതകളാണ്. വേശ്യകളേ, നിങ്ങള്‍ക്കുവേണ്ടി ഞാന്‍ കണ്ണീരൊഴുക്കുന്നു.
'ഞാനെവിടെ വരണം?'
ലതയുടെ ശബ്ദം വീണ്ടും ടെലഫോണില്‍ കേട്ടു.
'വീട്ടില്‍ ഒരുങ്ങിനില്ക്കുക. രാവിലെ ആറു മണിക്ക്.'

സൂട്ട്‌കെയ്‌സില്‍ ഷര്‍ട്ടും പാന്റും എടുത്തുവെച്ചു. അവശ്യം വന്നേക്കാവുന്ന മറ്റ് അല്ലറചില്ലറ സാധനങ്ങളും അക്കൂട്ടത്തില്‍ ആഫ്റ്റര്‍ഷേവ് ലോഷനും ഓദ്‌കൊളോഞ്ഞുമുണ്ട്. ഒരു വലിയ ടിന്‍ പുകയിലയും മൂന്നു പൈപ്പും.
സൂട്ട്‌കെയ്‌സ് പൂട്ടി ടാക്‌സിക്കു ടെലഫോണ്‍ ചെയ്തു. ടാക്‌സി പറഞ്ഞു:
'രണ്ടു മിനിറ്റു സാര്‍.'
മുറിപൂട്ടി വെളിയില്‍ വരുമ്പോഴേക്കു ടാക്‌സി എത്തിയിരുന്നു.
'എവിടേക്കാണ്?' ടാക്‌സി ചോദിച്ചു.
'ഡിഫന്‍സ് കോളണി.'
'ഏതു ബ്ലോക്ക്?'

ടാക്‌സി ഓടുന്നതിനിടയില്‍ ചോദിച്ചു.
'ലത എന്ന വേശ്യ താമസിക്കുന്ന ബ്ലോക്കില്‍.'
ടാക്‌സി പാന്‍ തിന്നു ചുവപ്പിച്ച ചിറികളില്‍ അവജ്ഞയുമായി ഡിഫന്‍സ് കോളണിയിലേക്കു പാഞ്ഞു. അവനറിയാം ലതയുടെ വീട്. അവനു മാത്രമല്ല, എല്ലാ ടാക്‌സികള്‍ക്കും അറിയാം. ടാക്‌സികള്‍ക്കു മാത്രമല്ല, കാഡിലാക്കുകള്‍ക്കും ഷെപ്രോലകള്‍ക്കും അവളുടെ വീടറിയാം. അവളുടെ വീട് ഒരു തീര്‍ത്ഥാടനകേന്ദ്രമാണ്.
തീര്‍ത്ഥാടകരേ, നിങ്ങളെന്തിനു ഋഷികേശില്‍ പോകുന്നു? തീര്‍ത്ഥാടകരേ, നിങ്ങളെന്തിന് അലഹബാദിലെ സംഗമത്തില്‍ മുങ്ങുന്നു? തീര്‍ത്ഥാടകരേ, നിങ്ങളെന്തിനു മല കയറി അമര്‍നാഥിലും ബദരീനാഥിലും പോകുന്നു?

ശാന്ത താമസിക്കുന്ന കരോള്‍ബാഗാണ് ഋഷികേശ്. കാന്ത താമസിക്കുന്ന ദരിയാഗഞ്ചാണ് ബദരീനാഥ്. ലത താമസിക്കുന്ന ഡിഫന്‍സ് കോളണിയാണ് അമര്‍നാഥ്.
ലത വരാന്തയില്‍ കാത്തിരിപ്പുണ്ട്. കണ്ണുകളില്‍ ഉറക്കച്ചടവുണ്ട്. പച്ചനിറമുള്ള സാരി ചുറ്റിയിരിക്കുന്നു. കവിളില്‍ പല്ലുകളുടെ ചുവന്ന പാടുകള്‍.
'നിന്നെ കണ്ടാല്‍ വേശ്യയാണെന്നു തോന്നുന്നില്ല.'
'പിന്നെ എന്താണ് തോന്നുക?'
'ദേവതയാണെന്ന്.'
'ഞാന്‍ വേശ്യയാണ്. എന്റെ ശരീരത്തിനു പാപത്തിന്റെ നാറ്റമുണ്ട്.'
'നിന്റെ ശരീരത്തിന് അമൃതിന്റെ സുഗന്ധമാണ്.'
അവള്‍ സീറ്റില്‍ അവനോട് ചേര്‍ന്നിരുന്നു.
'ഇന്നലെ ഉറങ്ങിയില്ലേ? എത്ര കസ്റ്റമേഴ്‌സുണ്ടായിരുന്നു?'
'രണ്ട്.'

ആരായിരുന്നു അവരെന്ന് അവള്‍ വിവരിച്ചു. ഒരാള്‍ ഒരു എംബസ്സിയിലെ സെക്കന്‍ഡ് സിക്രട്ടറിയായിരുന്നു. അയാള്‍ക്കു പൊന്നിന്റെ നിറമുള്ള കൃതാവുകള്‍ ഉണ്ടായിരുന്നു. മറ്റെ ആള്‍ നഗരത്തിലെ പേരുകേട്ട ഒരു ചിത്രകാരനായിരുന്നു. അയാള്‍ക്കു നീണ്ട തലമുടിയുണ്ടായിരുന്നു.
'പല്ലാരുടേതാണ്?'
'ചിത്രകാരന്റെ.'
ചിത്രകാരന്‍ അവളുടെ കവിളില്‍ തന്റെ പല്ലുകള്‍കൊണ്ട് ചിത്രങ്ങള്‍ വരയ്ക്കുകയായിരുന്നുവോ?
ടാക്‌സി നയീദില്ലി തീവണ്ടിയാപ്പീസിലേക്ക് ഓടി.
'ഞാന്‍ നിന്റെ അരികില്‍ വരുന്നതെന്തിനാണ്.'
'കാമഭ്രാന്തു മാറ്റാന്‍.'
'അല്ല എന്നിലെ പാപങ്ങള്‍ കഴുകിക്കളയാനാണ്.'

ശാന്തയുടെ കറുത്തുണങ്ങിയ മുടന്തുകാലില്‍ കെട്ടിപ്പിടിച്ചുകൊണ്ട് അവന്‍ കേണു, 'എന്നെ എന്റെ പാപങ്ങളില്‍നിന്നു രക്ഷിക്കൂ.'
അവള്‍ കരഞ്ഞു.
'നീ ദേവതയാണ്.'
ഗുഹ്യരോഗം ബാധിച്ച ദേവതയുടെ കണ്ണുകള്‍ പൊട്ടിയൊഴുകി.
മസ്സൂറി എക്‌സ്​പ്രസ്സിലെ ഒന്നാംക്ലാസ് മുറിയില്‍ വേശ്യയുടെ തോളില്‍ തല ചായ്ച്ചുവെച്ച് അവന്‍ ഉറങ്ങി.
വേശ്യയുടെ കൈയും പിടിച്ച് അവന്‍ ഹരിദ്വാരില്‍ വണ്ടിയിറങ്ങി.
'നിനക്ക് ഉഷ്ണരോഗം ഉണ്ടോ?'
'ഇല്ല, അടുത്തുതന്നെ ഉണ്ടാകും.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education