പൂവു തേടിപ്പോയ അഞ്ചു കുട്ടികളുടെ കഥ

കടമ്മനിട്ട

13 Sep 2013


അത്തപ്പൂക്കണി മുറ്റത്തൊരുക്കാന്‍
ആഴക്കു മൂഴക്കു പൂവിറുക്കാന്‍
അഞ്ചുപേര്‍ ഉണ്ണികള്‍ പോകുന്നു
കാവുകള്‍തോറുമലയുന്നു.
കാവില്‍ കരിയില കത്തുന്നു
പൂവുകള്‍ നീറിക്കരിയുന്നു
കനലു ചവിട്ടി നടക്കുന്നു
മലകളിലേറിത്തിരക്കുന്നു.
ഒന്നാംകുന്നിലെ പപ്പടപ്പുല്ലുകള്‍
പറ്റിപ്പിടിച്ചു കരയുന്നു.
രണ്ടാംകുന്നിലെ തൊട്ടാവാടികള്‍
ഒന്നിച്ചു വാടിച്ചുരുളുന്നു.
മൂന്നാംകുന്നിലെ ഇല്ലിമുള്‍ക്കൂടങ്ങള്‍
ഇല്ലെന്നു ചൊല്ലിയിരുളുന്നു.
നാലാംമലയിലെ കള്ളിമുള്‍ക്കാടുകള്‍
കയ്യുമലര്‍ത്തിയൊഴിയുന്നു.
അഞ്ചാം മലയിലെ കാഞ്ഞിരക്കുറ്റികള്‍
ഹാ! ഹാ! എന്നാര്‍ത്തു ചിരിക്കുന്നു
ആറാംനിലയിലെ കല്ലിടാംകുന്നിന്മേല്‍
അണലികള്‍ ചുറ്റിപ്പിണയുന്നു.
പൂവുകള്‍ കാണാഞ്ഞ്, പൂവിളി കേള്‍ക്കാഞ്ഞ്
ഉണ്ണികള്‍ വീണ്ടും കുതിക്കുന്നു.
ആയം വെച്ചവര്‍, ആയം വെച്ചവര്‍
വായുവോടൊപ്പം കിതയ്ക്കുന്നു.
ഏഴാംമലയിലെറുമ്പുവഴിയിലൂ-
ടേറിനെറുകയിലെത്തുന്നു.
നെറുകയില്‍ നാരകം നില്ക്കുന്നു
നാരായംപോലുള്ള മുള്ളുമാത്രം.
നാരകച്ചോട്ടിലെ പൂഴിയില്‍ വീണുരു-
ണ്ടണ്ണാന്‍ നരകമെന്നോതുന്നു
നാരകമുള്ളില്‍ കുരുങ്ങിക്കിടന്നു-
കൊണ്ടണ്ണാന്‍ നരകമെന്നെണ്ണുന്നു.
ഉണ്ണികള്‍ ചെന്നപ്പോളുടലു പിടഞ്ഞെ-
ണീറ്റണ്ണാര്‍ക്കണ്ണന്‍ ചിലയ്ക്കുന്നു.
''അത്തപ്പൂക്കണി മുറ്റത്തൊരുക്കാന്‍
ആഴക്കുമൂഴക്കു പൂവിറുക്കാന്‍
വന്നവനാണുഞാനെന്നാലിവിടെ-
യീമുള്ളിന്റെയുള്ളിലുടക്കിപ്പോയി.
നാരകം പൂക്കുന്ന രാവിലിവിടെ
വന്നാരോ കവര്‍ന്നുകൊണ്ടോടുന്നു.
നാരകം ചുറ്റി വലംവെക്കാനല്ലാതെ
നാശമെനിക്കൊന്നുമാവില്ലല്ലൊ!
അത്തപ്പൂക്കണി മുറ്റത്തൊരുക്കാന്‍
ആഴക്കു മൂഴക്കു പൂവുതേടി
വന്നവര്‍ നിങ്ങളുമെന്നറിയുന്നു ഞാന്‍
ഇന്നതിനൊന്നുണ്ടു ഞാന്‍ പറയാം.
നോക്കുവിന്‍ നിങ്ങളീമുള്‍വേലി
നീക്കിക്കൊണ്ടാക്കമുറച്ചു മുന്നോട്ടുപോവിന്‍
കേള്‍ക്കുവിന്‍ നിങ്ങളീപുകമറ കീറിക്കൊ-
ണ്ടീമലവിട്ടു പറന്നുചെല്ലിന്‍.
കാണാം കടലുകളേഴു നിറങ്ങളി
ലേഴു തരങ്ങളിലേഴുകടല്‍
ആറും കടലും കടന്നു ചെന്നാകിലോ
ഏഴാംകടലില്‍ ജയിച്ചു കാര്യം.
കടലാണു കടലില്‍ കയങ്ങളുണ്ട്
കടലില്‍ കടുപ്പങ്ങളേറെയുണ്ട്
മടിയാതെ നിങ്ങള്‍ മുതൃന്നുപോവിന്‍
ഇടയില്‍ കുഴഞ്ഞാല്‍ മുടിഞ്ഞുനിങ്ങള്‍
ഏഴാംകടലില്‍ നടുവിലുയര്‍ന്നഴ-
കേഴും തികഞ്ഞൊരു വന്മരത്തില്‍
പഞ്ചവര്‍ണക്കിളിയൊന്നുണ്ടു വാഴുന്നു
തഞ്ചത്തിലെല്ലാം, പറഞ്ഞുകൊള്ളിന്‍
കടലുകള്‍ താണ്ടാന്‍ കരുതല്‍ വേണം
കഴിവീലെന്നാലോ മുടിഞ്ഞുനിങ്ങള്‍''.
അണ്ണാക്കണ്ണനെ തൊട്ടുതടവിക്കൊ-
ണ്ടുണ്ണികള്‍ വേഗത്തില്‍ പോകുന്നു.
ഒന്നാംകടലില്‍ ഇറങ്ങിച്ചെന്നപ്പോള്‍
കണ്ണുകള്‍ കടലില്‍ തെളിയുന്നു.
കണ്ണിന്റെ കടപൊട്ടിക്കടലുതികയുന്നു
കണ്ണില്‍ കടലുമൊതുങ്ങുന്നു.
ഉണ്ണികള്‍ കണ്ണിലുദിക്കുന്നു.
കണ്ണീര്‍ക്കടലാണെന്നറിയുന്നു
കണ്ണിലടിയാതെ കണ്‍പീലി തൂങ്ങിക്കൊ-
ണ്ടുണ്ണികള്‍ മുന്നോട്ടു നീന്തുന്നു.
രണ്ടാംകടലില്‍ നടുക്ക് കരിമ്പൂത
മൊന്നുണ്ടിരുന്നു വിയര്‍ക്കുന്നു
തിരകളെ വാരിവിഴുങ്ങുന്നു.
തിരമാലയായിക്കിതയ്ക്കുന്നു
ഭൂതം കടലായി മാറുന്നു
കടലൊരു ഭൂതമായ്ത്തീരുന്നു.
ഭൂതമിടയ്ക്കിടയ്ക്കലറുന്നു
ഭൂമി മുഴുക്കെ കുലുങ്ങുന്നു.
ഭൂതം തോളത്തു താങ്ങിയെടുക്കുന്നു
മൂന്നാംകടലിലേക്കെറിയുന്നു.
മൂന്നാംകടലിലോ ചോരതിളയ്ക്കുന്നു
വാളുകള്‍ മിന്നിപ്പിണയുന്നു.
വായ്ത്തലയൂറുന്ന ചോര തെറിച്ചു-
വീണാശകളൊക്കെച്ചുവക്കുന്നു.
വാളിന്മേല്‍ വീഴാതെ വാളായി മാറാതെ
വായ്ത്തലയൂടേക്കടക്കുന്നു.
നാലാം കടലിലിറങ്ങിച്ചെന്നപ്പോള്‍
നാറും ശവങ്ങളൊഴുകുന്നു.
കഴുകുകള്‍ നൃത്തം ചവിട്ടുന്നു
മരണം തിരയടിച്ചാര്‍ക്കുന്നു.
മരണത്തിരത്തുമ്പിലാടിയുയര്‍ന്നവര്‍
തിരിയുന്നു അഞ്ചാംകടലുനോക്കി
അഞ്ചാംകടലിലെ സ്വര്‍ണത്തിരകളില്‍
അപ്‌സരകന്യകള്‍ നീന്തുന്നു.
ആടിക്കുഴഞ്ഞവര്‍, ആടിക്കുഴഞ്ഞവര്‍
ഉണ്ണികളോടായടുക്കുന്നു
ഉണ്ണികള്‍ നീന്തിയകലുന്നു.
കാഞ്ചനകാഞ്ചികളുലയുന്നു.
പവിഴപ്പൂവാടയഴിയുന്നു
മുത്തുകള്‍ വാരി വിതറുന്നു
എത്തിപ്പിടിക്കാന്‍ മുതിരുന്നു
മരതകക്കൊട്ടാരവാതില്‍ ചൂണ്ടി
വാ, വായെന്നോതി വിളിക്കുന്നു
കണ്‍കോണിളക്കി വിളിക്കുന്നു.
കണ്‍കെട്ടു കാട്ടി വിളിക്കുന്നു
കണ്ടു ഭ്രമിച്ചൊട്ടും കാര്യംമറക്കാതെ
ഉണ്ണികള്‍ മുന്നോട്ടു നീന്തുന്നു
ആറാംകടലിലകപ്പെട്ടപ്പോള്‍
ആകെക്കുഴപ്പത്തിലാകുന്നു
ആഴക്കരിങ്കടലാണല്ലോ
ചുഴികുത്തിയാഴത്തിലേക്കല്ലോ
ചുഴിയുടെ ഞൊറിവിലൊളിഞ്ഞിരിക്കും
മുതല വായും തുറന്നെത്തുന്നു.
മുതല കരഞ്ഞു കണ്ണീരുകാട്ടി
പലതും പറഞ്ഞടുത്തെത്തുന്നു.
മേലെകുതിച്ചു മുതലക്കണ്ണില്‍
ആഞ്ഞുതൊഴിച്ചൂളിയിട്ടുവേഗം
ഏഴാംകടലിലവരണഞ്ഞു.
ഏറെ നിശ്വാസമടര്‍ന്നുവീണു
നീല വിശാലജലപ്പരപ്പ്
നീലവിതാന മുകള്‍പ്പരപ്പ്
നീലയലകളില്‍ നീലവെട്ടം
നീളെപ്പതഞ്ഞുതുടിക്കുന്നു.
അക്കടല്‍ മദ്ധ്യത്തുയര്‍ന്നു നില്പൂ
ആയിരം സൂര്യനുദിച്ചപോലെ
പൊലിയാത്ത പൂമണം പൂത്തപോലെ
പൊലിമകള്‍ വാരിപ്പുണര്‍ന്നപോലെ
അതിരറ്റ പുണ്യപ്പടര്‍പ്പുപോലെ
അത്ഭുതവൃക്ഷമതിന്‍പടര്‍പ്പില്‍
തേന്‍കനികൊത്തിത്തികട്ടിയേതോ
തീവ്രാനുരാഗസംഗീതമായി
പഞ്ചവര്‍ണ്ണക്കിളി കൊഞ്ചുന്നു
നീലക്കടല്‍ത്തിര മൂളുന്നു
കിളിയുടെ കണ്ണില്‍തിളക്കമുണ്ട്
കിളിയുടെ വാലില്‍ കിലുക്കമുണ്ട്
ആ മരച്ചില്ലകളോരോന്നിലും
ഇളകിപ്പറന്നു തേന്‍കൊത്തുന്നു
ചിറകുകള്‍ ചിക്കിയൊതുക്കുന്നു
നിറമേലും തൂവല്‍ മിനുക്കുന്നു
നിലവിട്ടതിശയസ്തബ്ധരായി
നീലക്കടലില്‍ പതഞ്ഞുപൊങ്ങി
നീലത്തിരകളിലാടിയാടി
ലോലവിലോല വിവശരായി
ഉണ്ണികളുച്ചത്തില്‍ മൊഴിയുന്നു
പഞ്ചവര്‍ണക്കിളി കേള്‍ക്കുന്നു.
''അത്തപ്പൂക്കണി മുറ്റത്തൊരുക്കാന്‍

ആഴക്കു മൂഴക്കു പൂവുവേണം
കാവായ കാവെല്ലാം തേടിഞങ്ങള്‍
മലയായ മലയൊക്കെക്കേറി ഞങ്ങള്‍
ആഴക്കടലുകള്‍ താണ്ടിവന്നേ
അണ്ണാര്‍ക്കണ്ണന്‍ പറഞ്ഞയച്ചേ
പഞ്ചവര്‍ണ്ണക്കിളിച്ചങ്ങാതീ
ആഴക്കു മൂഴക്കുപൂവുതായോ''
''അത്തപ്പൂക്കണി മുറ്റത്തൊരുക്കീ-
ട്ടിക്കൊച്ചു കുട്ടികളെന്തു ചെയ്യും?''
''അത്തപ്പൂക്കണി മുറ്റത്തൊരുക്കീ-
ട്ടോണത്തപ്പനെ വരവേല്ക്കും''
''ഓണത്തപ്പനെ വരവേറ്റുവെച്ചിട്ടി-
യോണക്കുട്ടികളെന്തു ചെയ്യും?''
''ഓണത്തപ്പനെ വരവേറ്റു വെച്ചിട്ട്
പൂവട വെച്ചു നിവേദിക്കും
പൂവട വെച്ചു നിവേദിച്ചിട്ട്
ഓണപ്പാട്ടുകള്‍ പാടീടും
ഓണപ്പാട്ടുകള്‍ പാടിക്കൊണ്ട്
നീലക്കരിമ്പ് കുലച്ചീടും
നീലക്കരിമ്പു കുലച്ചു വലിച്ച്
പൂവമ്പുഭൂമിയിലേക്കയയ്ക്കും
പൂവമ്പുകൊണ്ടിട്ടീഭൂമി തരിക്കുമ്പോള്‍
പുളകം പൂണ്ടെങ്ങള്‍ ചിരിച്ചീടും
പഞ്ചവര്‍ണക്കിളിച്ചങ്ങാതീ
ആഴക്കു മൂഴക്കു പൂവുതായോ''
''ഇവിടെയീക്കൊമ്പത്തിരുന്നോളിന്‍
തേമ്പഴം തിന്നു രസിച്ചോളിന്‍
പൂക്കളിലോടി നടന്നോളിന്‍
പൂമണമേറ്റു മദിച്ചോളിന്‍''
''പറ്റില്ല ഞങ്ങള്‍ക്കു പോകേണം
മുറ്റത്തു പൂക്കണി തീര്‍ക്കേണം
പറ്റിെല്ലന്നാകിലീപൂമരം ഞങ്ങള്‍ക്ക്,
പാഴ്മരമാണെന്നറിയേണം.''
''ഇരുളുന്നനേരമാണൊട്ടുമുന്നില്‍
മറിയുന്ന കടലുകളാണ് മുന്നില്‍
ചതിയുടെ ചുഴികളുമുണ്ടുമുന്നില്‍
ഗതിയത്രനല്ലതല്ലോര്‍ത്തുകൊള്ളിന്‍''
''മരണവും കൂടി മറന്നു ഞങ്ങള്‍
ഇരവിലും ചതിയിലും പേടിയില്ല
കരളില്‍ത്തെളിയുമാ വെളിച്ചമുണ്ട്
ഉടലിലൊതുങ്ങാക്കരുത്തുമുണ്ട്
കടലുകള്‍ തല്ലിച്ചതച്ചു നീന്തി
കരയിലണയുമീ ഞങ്ങള്‍ വേഗം
തരിക, തരികെങ്ങള്‍ക്കു പൂക്കള്‍വേഗം
തരികില്ലെന്നാകിലീ മരമിളക്കും''
പഞ്ചവര്‍ണക്കിളിക്കണ്‍നിറഞ്ഞു
തൊണ്ടയിലെന്തോ തടഞ്ഞുനിന്നു
''നിങ്ങളെക്കാണുവാന്‍ കാത്തിരുന്നു
നിങ്ങളെയോര്‍ത്തു ഞാന്‍ പാട്ടുപാടി
നിങ്ങടെയോര്‍മയായീമരത്തില്‍
എന്നും പുതിയതായ് പൂക്കള്‍ വന്നു.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education