ഓണപ്പൂവ്‌

പി.കുഞ്ഞിരാമന്‍ നായര്‍

12 Sep 2013


രാവിന്‍പടലം പിളര്‍ന്നു വാനിന്‍
പൂവാലന്‍കോഴിയുണരുന്നേരം,
അഞ്ജനവിണ്ണിലിളം മുകിലിന്‍
മഞ്ഞക്കിളികള്‍ പറക്കുന്നേരം,
മഞ്ഞിന്‍കണങ്ങളെയുമ്മവെയ്ക്കാന്‍
കുഞ്ഞിക്കാറ്റോടി നടക്കുന്നേരം,
പൂമഴത്തുള്ളിതന്‍ മുത്തു നേടീ
ചാമവളരും വെളിപ്പറമ്പില്‍,
തെച്ചിമലര്‍ക്കുലയെത്തിനോക്കും
പട്ടിളംപുല്ലണിക്കാട്ടിനുള്ളില്‍,
നാണംകുണുങ്ങി നീ നില്പതെന്തെന്‍
പ്രാണനും, പ്രാണനാമോണപ്പൂവേ?
എന്‍ നിഴല്‍വീണ മുഹൂര്‍ത്തം നിന്റെ
പൊന്നുംകവിളു വിളര്‍ത്തതെന്തേ?
താരില്‍ മണിമുത്താം തങ്കമേ, നീ-
യൂരുമെന്‍ പേരും മറന്നുപോയോ?
തെണ്ടിയലയും മലിനരൂപം
കണ്ടു പകച്ചു നടുങ്ങിപ്പോയോ?
പൊന്നു വിളയും മലയാളത്തിന്‍
മണ്ണില്‍പ്പൊടിഞ്ഞവനാണു ഞാനും.
കാലക്കെടുതിതന്‍ തല്ലു കൊണ്ടു
കോലം പകര്‍ന്നിവനാളു മാറി!
മിന്നിത്തിളങ്ങിത്തെളിയും നീയോ
വിണ്ണഴകിന്‍ പൊടിപ്പന്നുമിന്നും!
വെള്ളിമലരണിത്തുമ്പയൊത്തു
തുള്ളിക്കളിക്കുമശ്ശൈശവത്തില്‍
മുത്തുവിളയുമിച്ചാമക്കാട്ടില്‍
ഒത്തുകളിച്ചതിന്നോര്‍മ്മയുണ്ടോ?
താരണിച്ചില്ലയിലൂയലാടി-
പ്പാടുമൊരോണക്കിളികള്‍പോലെ,
മേളക്കൊഴുപ്പില്‍ വിരിഞ്ഞ പൊന്നിന്‍
നാളുകളെങ്ങോ പറന്നുപോയി.
നിന്നുടല്‍ ചേര്‍ന്നു പുണര്‍ന്ന കാല-
മെന്നു മറക്കും ഞാനോണപ്പൂവേ!
കണ്ണുനീര്‍ തൂകിപ്പിരിഞ്ഞ രംഗ-
മെന്നു മറക്കും ഞാനോണപ്പൂവേ!

നഞ്ഞു വിതയ്ക്കുമക്കര്‍ക്കടക-
പ്പഞ്ഞക്കുടിലില്‍ക്കിടന്നു രാവില്‍,
പേര്‍ത്തും നിന്‍ മോഹനമാനനംതാ-
നോര്‍ത്തു ഞാന്‍ കണ്ണുനീരെത്ര വാര്‍ത്തു!
തോപ്പു, മത്തോടും കടന്നുവന്നീ-
പ്പൂപ്പറമ്പേറി ഞാനെത്ര കാത്തൂ!
മെല്ലെ നിന്‍ വാര്‍ത്തകള്‍ ചോദിച്ചപ്പോള്‍
മുല്ല ചിരിച്ചു തിരിച്ചുപോയീ.
പച്ചിലച്ചാര്‍ത്തിന്നിടയില്‍ക്കൊച്ചു-
പിച്ചകം കൈവിരല്‍ ചൂണ്ടിനിന്നൂ.

ഒന്നുരചെയ്യുകെന്നോമനേ, നീ
പൊന്നുമലനാട്ടിലെന്നു വന്നൂ?
വാനവനാടുകള്‍ കണ്ടു പോരും
ആനന്ദപ്പൂംപുലര്‍ക്കാറ്റിലേറി,
വേണുനിനദംപോല്‍ തേന്‍ കിനിയു-
മോണലഹരീലയത്തിലേറി,
കാനനരാജി തഴുകിനില്ക്കും
മാനത്തുനിന്നോ നീ പാറിവന്നൂ?
ആനന്ദപ്പാലൊളിവെണ്ണിലാവി-
ന്നാമ്പലത്തോണി തുഴഞ്ഞു മന്ദം
പാവനമാദിമമാമഴകിന്‍
പൂവനിയിങ്കല്‍നിന്നാണോ വന്നൂ?
ദാഹം സഹിച്ചു സഹിച്ചിരിക്കു-
മൂഴിതന്‍ വീര്‍പ്പില്‍ നിന്നാണോ വന്നു?
അത്തലൊഴിഞ്ഞുള്ള പൂത്തുമ്പ ന-
ന്മുത്തുക്കുടകള്‍ പിടിച്ചുനില്‌ക്കെ,
മൂക്കുറ്റി മഞ്ഞ പിഴിഞ്ഞുടുക്കേ
കാക്കപ്പൂ കണ്മഷിച്ചെപ്പെടുക്കേ,
തൃക്കരതാരിന്‍ വിളക്കുമായി-
ത്തൃക്കാക്കരനിന്നോ വന്നതിപ്പോള്‍?
സ്വാഗതം സ്വാഗതമെന്നുമെന്നും
ത്യാഗസമ്രാട്ടിന്‍ മുടിമലരേ!
പൊന്നുംകതിരു പടിക്കല്‍ വന്നൂ;
മുന്നില്‍ നടക്കൂ മണിവിളക്കേ!
അര്‍ക്കനുണര്‍ന്നു തെളിഞ്ഞു, പാടി
ദിക്കുക,ളാനന്ദദീപ്തി ചൂടി,
പുത്തനായ് വിണ്ണുമീ മണ്ണുമിപ്പോള്‍
പുത്തനായ് പൂക്കളും മാനുഷരും!
തിങ്ങിയ പച്ചിലക്കഞ്ചുകത്തില്‍
പൊങ്ങിയ കുന്നുകള്‍ക്കെന്തു ഭംഗി!
വിണ്ടലനീലനിറങ്ങളിപ്പോള്‍
കുണ്ടുകുളത്തില്‍ വിരുന്നുചെന്നൂ.
ആടിത്തളര്‍ന്നു വരമ്പില്‍ച്ചായു-
മാരിയന്‍നെല്ലിനു പൂ വിരിഞ്ഞു,
ആയിരമായിരം വീര്‍പ്പു തിങ്ങി,
ആയിരമായിരം ഓര്‍മ്മ തങ്ങി,
പൊന്നുംകതിരോന്‍കിരണം ദൂരാല്‍
വന്നുനില്ക്കുന്നിതാ പൂക്കളത്തില്‍!
ഇന്നലെയില്ലംനിറ കഴിച്ചു
പുന്നെല്ക്കതിരാല്‍ വിളക്കു വെച്ചു
ആറ്റുനോറ്റന്നെതിരേല്പൂ നിന്നെ
ജ്യേഷ്ഠതന്‍ ബാധയൊഴിഞ്ഞ ഗേഹം!
പറ്റടിവെയ്ക്കുവാന്‍ കാത്തിരിപ്പൂ
ചുറ്റുംമെഴുകിയണിഞ്ഞ മുറ്റം!
ധാരയായ്‌പ്പെയ്യുമൊരാനന്ദത്തിന്‍
നീരു നിറഞ്ഞ നയനങ്ങളും,
പൂത്തു തളിരിടും സസ്യങ്ങളും,
പൂവിളിത്തേനൂറും ചുണ്ടുകളും,
ആനന്ദപ്പാലിലലിഞ്ഞുചേര്‍ന്നു
പൂനിലാവോലും കരളുകളും,
പൊങ്ങിയ മൂകപ്രണയബാഷ്പം
തങ്ങിയൊരഞ്ജനക്കണ്ണുകളും,
ഉള്ളില്‍ത്തിളയ്ക്കും ലഹരിയേറി-
ത്തുള്ളുമിപ്പിഞ്ചുപുല്‍ക്കൂമ്പുകളും,
വേലിക്കല്‍നിന്നു വരുന്ന നിന്നെ-
കാലുകഴുകിപ്പാന്‍ കാത്തിരിപ്പൂ.
തത്തകള്‍ നെല്ക്കതിര്‍ കൊത്തി വീണ്ടും
പുത്തന്‍വയലുകള്‍ തേടിപ്പോയി.
നീലത്തുളസിത്തറയിലോമല്‍-
ബാലത്തരുണി വിളക്കു വെച്ചു.
ഉണ്ണിക്കതിരോനെ മുന്‍ നടത്തി
സന്ധ്യ കുളിച്ചു തൊഴുതുപോയീ.
വാനവനാടു കടന്നുപോരു-
മാനന്തപ്പൈതല്‍പ്പിറപ്പു കണ്ടു
ഏറിയ ജീവിതക്ലേശഭാരം
പേറി നടന്നു ചുമലു മാറി,
നേരിയൊരാശ്വാസവീര്‍പ്പു വിട്ട
കേരളകര്‍ഷകഗ്രാമമിപ്പോള്‍
മോഹിച്ചുകൈവന്ന നിന്നെക്കണ്ടു
മോന്തിയൊരാനന്ദക്കഞ്ഞിവെള്ളം!
പാറ ചേറാക്കിത്തടിയുടഞ്ഞു
പാഴ്പ്പറമ്പേറി നടന്നു മേഞ്ഞു
അമ്പിലിഗ്ഗോക്കളുമന്തിനേര-
ത്തുമ്പാരവങ്ങള്‍ മുഴക്കിടുന്നു.
എങ്ങും വറുതിതന്‍ പേക്കോലങ്ങ-
ളെങ്കിലുമോണമാണോണപ്പൂവേ!
പൂമരം പൂത്ത വഴിയില്‍ക്കൂടി
മാമരച്ചാര്‍ത്തിന്നിടയില്‍ക്കൂടി
ഓര്‍മ്മതന്നോടക്കുഴലുമൂതി-
യോണനിലാവു ചിരിച്ചു വന്നൂ!
ചേലിലവള്‍ക്കു കളിക്കണംപോല്‍
ബാലത്തരുണികളൊത്തുകൂടി,
തോണിക്കടവു കടന്നുപോരു-
മോണമലരുകളൊത്തുകൂടി!
കമ്പി തകര്‍ന്നൊരു നന്തുണിയാ-
ണിമ്പമെഴുന്നൊരിഗ്രാമ;മെന്നാല്‍
ഓണക്കളികള്‍ കളിച്ചുകൊണ്ടും
ഓര്‍മ്മതന്‍ കുമ്പിള്‍ നിറച്ചുകൊണ്ടും
ഓമനപ്പൂവേ, വിരുന്നൊരുക്കാ-
മോണമാണോണമാണോണപ്പൂവേ!
തേനൊലിപ്പാട്ടിന്‍ പൊരുളുപോലേ
മാണിക്യക്കല്ലുവിളക്കുപോലേ
തങ്ങിയിരിക്ക നീ നാമഘോഷം
പൊങ്ങുമിക്കര്‍ഷകവാടങ്ങളില്‍!
വേദനിപ്പിക്കും സ്മരണപോലേ
ദീപമെരിയും പുറംതളത്തില്‍,
ചെല്ക നീ ചെല്ക നീയോണപ്പൂവേ,
ചൊല്ക നീ ചൊല്ക കടംകഥകള്‍!
ചേണുറ്റ മാബലിനാട്ടിലിപ്പോ-
ളോണമാണോണമാണോണപ്പൂവേ!
ഉച്ചിയില്‍ച്ചോളക്കുടുമ്മ കണ്ടു,
കൊച്ചുപയറിന്‍ കളികള്‍ കണ്ടു,
താരകരാജി പതഞ്ഞലിഞ്ഞു
ചേരുമീയോണനിലാവു കണ്ടു,
ഓണപ്പുലരെത്തുയിലുണര്‍ത്തും
തേനൊലിപ്പാട്ടിന്‍ പൊരുളു കണ്ടു,
മത്ത കളിക്കുമിപ്പന്തല്‍ കണ്ടു
പത്തുനാളിങ്ങു പൊറുത്തുകൂടേ?
കുഞ്ഞുവയറിന്‍ ഞരക്കമുണ്ടു,
പഞ്ഞവും പാട്ടുമുണ്ടെ;ങ്കിലും നീ
പോവല്ലേ പോവല്ലേ ഓണപ്പൂവേ,
ജീവനുംജീവനാമോണപ്പൂവേ!
തൈക്കുളിര്‍ക്കാറ്റും മുകിലുകളും
പൂക്കളും പാട്ടും പറവകളും
പിഞ്ചുകിടാങ്ങളുമോണവില്ലും
നെഞ്ചലിഞ്ഞൊത്തു കളിപ്പതെങ്ങോ,
സുന്ദരമാനന്ദസംപൂര്‍ണ്ണമാ-
മന്ദിരത്തിന്‍പടിവാതില്‍ ചൂണ്ടി,
മാനുഷരെല്ലാരുമൊന്നുപോലാം
മാവേലി നാടിന്‍വഴികള്‍ ചൂണ്ടി,
തള്ളിവരും പുലരോണക്കാറ്റില്‍-
ത്തുള്ളിക്കളിക്ക നീയോണപ്പൂവേ!
തള്ളിവരുന്ന നിലാവൊളിയില്‍-
ത്തുള്ളി വിരിയൂ നീ കണ്മണിയേ!
കാറ്റിലിണങ്ങിക്കളിക്ക, ജീവന്‍
പോറ്റിപ്പുലര്‍ത്തുമെന്‍ പൊന്‍കിനാവേ!

(ഓണപ്പാട്ടുകാര്‍ - ഓണക്കവിതകളുടെ അപൂര്‍വ്വസമാഹാരം എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം
Tags :
Print
SocialTwist Tell-a-Friend