വംശാനന്തരതലമുറ

വി.ആര്‍ .സുധീഷ്‌

21 May 2013


കീറിമുറിക്കപ്പെടുന്നതിനുമുന്‍പ് ആഴത്തില്‍ പേടി നിറഞ്ഞ കണ്ണുകള്‍ തുറിച്ച് അതു കുട്ടികളെയെല്ലാം നിസ്സഹായമായി നോക്കുകയുണ്ടായി. ഭൂതകാലത്തില്‍നിന്നെന്നപോലെ പാളിവീണ ഒരു നോട്ടമായിരുന്നു അത്. എന്നിട്ടും ആ തവളക്കണ്ണുകളില്‍ അജ്ഞാതമായ ഒരു സദ്ഭാവത്തിന്റെയും ജാഗരണത്തിന്റെയും മുകുളങ്ങള്‍ വിടര്‍ന്നുനിന്നിരുന്നു.

കാലങ്ങള്‍ക്കുമുന്‍പുള്ള ഒരു ജീവശാസ്ത്രക്ലാസ്സാണ്. ആറാം തരത്തില്‍ തവളയുടെ ശരീരശാസ്ത്രം പഠിപ്പിക്കുകയാണ് ബാലക്കുറുപ്പുമാഷ്. ജീവനുള്ള ഒരു തവളയെ ആരെങ്കിലും കൊണ്ടുവന്നാല്‍ കീറിമുറിച്ചു പഠിപ്പിക്കാമെന്ന് കഴിഞ്ഞദിവസം മാഷ് പറഞ്ഞിരുന്നു. അന്ന് സ്‌കൂള്‍വിട്ടപാടെ ആവേശത്തോടെ കുട്ടികള്‍ തവളയെ പിടിക്കാനിറങ്ങി. ഉച്ചയിലെ പട്ടിണിത്തളര്‍ച്ചപോലും കൂട്ടാക്കാതെ കുളത്തിലും പാടത്തിലും ചളിക്കുഴികളിലുമെല്ലാം അവര്‍ തവളയെ തിരഞ്ഞുനടന്നു. പലര്‍ക്കും കിട്ടിയത് ചെറിയ തവളയെയായിരുന്നു. മൂന്നുനാലുപേര്‍ക്കാണ് വലിയ തവളയെ കിട്ടിയത്. പക്ഷേ, അവയ്‌ക്കൊന്നിനും കാലില്ലായിരുന്നു. തവളപിടിത്തക്കാര്‍ കാലുവെട്ടിയെടുത്ത് കനിവോടെ ജീവിക്കാന്‍ വിട്ടവയായിരുന്നു അവ. വലിയ തവളയെ കൊണ്ടുവരാനാണ് മാഷ് പറഞ്ഞത്. ഏറ്റവും വലിയ തവളയെ കൊണ്ടുവന്നത് ഗോപിക്കുട്ടനായിരുന്നു. ഒരു പോത്താച്ചിത്തവളതന്നെയായിരുന്നു അത്. കാലുള്ളതും ജീവനുള്ളതുമായ ആ തവളയെത്തന്നെ കീറിമുറിക്കാന്‍ മാഷ് തിരഞ്ഞെടുത്തു.

സ്റ്റാഫ്‌റൂമില്‍നിന്നു കൊണ്ടുവന്ന ഒരു കാര്‍ഡ്‌ബോര്‍ഡില്‍ തവളയുടെ കാലുകള്‍ ഇരുവശത്തേക്കും വലിച്ചുനീട്ടി ആണിയടിക്കുമ്പോള്‍ ഹരിതവര്‍ണങ്ങളുള്ള കണ്ണുകള്‍ കുട്ടികളെ മിഴിച്ചുനോക്കി. ക്ലാസ്മുറിയില്‍ അന്ന് ഒരുത്സവംതന്നെയായിരുന്നു. ആ പോത്താച്ചിത്തവളയെ സ്‌കൂള്‍കുളത്തില്‍നിന്നും രാവിലെ പിടിച്ചു സഞ്ചിയിലാക്കിയ സാഹസികകഥ ഇടയ്ക്കു ഗോപിക്കുട്ടന്‍ വിവരിക്കുന്നുണ്ടായിരുന്നു. നന്നേ രാവിലെ സ്‌കൂളില്‍ വന്ന് അവന്‍ കുളക്കരയില്‍ കാത്തിരിക്കുമ്പോഴാണ് തവള വെള്ളത്തില്‍നിന്നും എടുത്തുചാടിയത്. ഉടുമുണ്ടെറിഞ്ഞാണ് അവന്‍ അതിനെ പിടിച്ചത്. ഏറ്റവും വലിയ തവളയെ കൊണ്ടുവന്ന് അവന്‍ ക്ലാസില്‍ ആളായെന്നുമാത്രമല്ല ബാലക്കുറുപ്പുമാഷുടെ പിശുക്കന്റെ നാണയംപോലുള്ള അഭിനന്ദനവും അടിച്ചെടുത്തുകളഞ്ഞു. അത് കുട്ടികളെയൊക്കെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്.

മലര്‍ത്തി ആണിയടിച്ചുറപ്പിച്ച, നെഞ്ചിടിപ്പുകള്‍ ഉയര്‍ത്തിക്കാട്ടുന്ന, ആ ഉഭയജീവിയെ കീറിമുറിച്ചതും ഗോപിക്കുട്ടനായിരുന്നു.
സൂക്ഷിച്ച്... വളരെ സൂക്ഷിച്ച്...

മാഷ് മുന്നറിയിപ്പു നല്കിക്കൊണ്ടിരിക്കെ തവളയുടെ ഉദരത്തില്‍ ബ്ലേഡുകൊണ്ട് ഗോപിക്കുട്ടന്‍ നെടുങ്ങനെ ഒരു വരയിട്ടു. ഇരുവശത്തേക്കും തൊലി മാറ്റിയപ്പോള്‍ അപകൃഷ്ടമായ ഔത്സുക്യത്തോടെ ശരീരരഹസ്യങ്ങള്‍ പുറത്തായി. തവളയുടെ പ്രത്യക്ഷമായ ആന്തരലോകം മാഷെ ശരിക്കും ഊര്‍ജസ്വലനാക്കി. മേശയ്ക്കു ചുറ്റും കൂടിനിന്ന കുട്ടികളോട് അതാതു സ്ഥാനങ്ങളില്‍ ചെന്നിരിക്കാന്‍ മാഷ് പറഞ്ഞു. ബെഞ്ചില്‍ പോയിരിക്കുമ്പോള്‍ ഒരു മനുഷ്യശരീരം കീറിമുറിച്ച അഹന്തയും ആനന്ദവും അവര്‍ക്കുണ്ടായിരുന്നു.

ഗോപിക്കുട്ടനെ മാത്രം അടുത്തുനിര്‍ത്തി ഉച്ചത്തില്‍ മാഷ് ക്ലാസ് തുടങ്ങി. അന്തഃസ്രാവികളുമായി പിണഞ്ഞുകിടന്ന ഗ്രന്ഥികളിലൂടെ ചൂരലോടിച്ച് മാഷ് പറഞ്ഞുതുടങ്ങി. ശ്രോണിക്ക് ഇരുവശങ്ങളിലൂമായി കാണപ്പെടുന്ന പരന്നു വിസ്തൃതമായ തരുണാസ്ഥിയും പിത്തവാഹിനിയും ഗ്രസനിയുമെല്ലാം മാഷ് തൊട്ടുകാണിച്ചു. അപ്പോഴും തവളയുടെ ജീവന്‍ സ്​പന്ദിച്ചുകൊണ്ടിരുന്നു. അതിന്റെ കരളിടിപ്പുകളും മലാശയത്തിനു ചുവടെ കണ്ട അവക്ഷിപ്തങ്ങളും കുട്ടികളെ രസിപ്പിച്ചിരുന്നു.

ക്ലാസ് അവസാനിച്ചപ്പോള്‍ അഭിനവമായ ഒരുന്മേഷം എല്ലാവര്‍ക്കുമുണ്ടായി. അസാധാരണമായ ചൈതന്യവിശേഷം മാഷുടെ മുഖത്തും കാണപ്പെട്ടു. സമീപകാലത്തൊന്നും ഇങ്ങനെയൊരു നിറഞ്ഞ ചാരിതാര്‍ഥ്യത്തോടെ മാഷ് ക്ലാസെടുക്കുകയുണ്ടായിട്ടില്ലെന്നു സ്​പഷ്ടം.

അനന്തരം ഗോപിക്കുട്ടനോട് തവളയുടെ കീറിമുറിച്ച ശരീരം തുന്നിക്കെട്ടാന്‍ മാഷ് പറഞ്ഞു. സഹായത്തിന് ഒന്നുരണ്ടു കുട്ടികളും കൂടി. സൂചിയും നൂലും സംഘടിപ്പിച്ച് വിദഗ്ധമായി തവളയുടെ ശരീരം മൂവരും ചേര്‍ന്ന് തുന്നിച്ചേര്‍ക്കാന്‍ തുടങ്ങി. കൗതുകത്തോടെ മാഷും കുട്ടികളും അതു കണ്ടുനിന്നു. അപ്പോഴും തവളയില്‍ ബാക്കിയായ ജീവസ്​പന്ദം എല്ലാവരെയും കൂടുതല്‍ ഉത്തേജിപ്പിച്ചു.

തുന്നിച്ചേര്‍ത്ത തവള ചെറുതായി ഒന്നു പിടഞ്ഞപ്പോള്‍ കുട്ടികള്‍ ഒന്നടങ്കം കൈയടിച്ചു. സ്‌കൂള്‍ക്കുളത്തില്‍ത്തന്നെ അതിനെ ഇറക്കിവിടാന്‍ മാഷ്
കല്പിച്ചു.

ജീവിക്കുന്നെങ്കില്‍ ജീവിച്ചോട്ടെ. കൊണ്ടുപോയിട്...

കുട്ടികള്‍ ക്ലാസില്‍നിന്നിറങ്ങി തുന്നിക്കെട്ടിയ തവളയേയുംകൊണ്ട് ഒരു ഘോഷയാത്രപോലെ കുളക്കരയിലേക്കു നടന്നുപോയി. ഇപ്പോള്‍ തവള കീറിമുറിക്കപ്പെട്ട ഒന്നാണെന്ന് ആരും പറയുകയില്ല. അതു തീര്‍ത്തും തന്റെ ജീവിതാവസ്ഥയെ പ്രാപിച്ചിരിക്കുന്നു. ഗോപിക്കുട്ടന്‍ അതിനെ കുളക്കരയില്‍ ഇറക്കിവെച്ചതേയുള്ളൂ. അതു കുട്ടികളെയെല്ലാം തിരിഞ്ഞൊന്നു നോക്കിയതുപോലെ തോന്നി. ആ ശരീരത്തില്‍ വര്‍ധിച്ചുവന്ന ജീവചലനങ്ങള്‍ അവരെ ആവേശംകൊള്ളിച്ചു. കുട്ടികള്‍ ഒന്ന് ആര്‍പ്പുവിളിക്കാനൊരുങ്ങവേ തവള ചെറുതായി മുന്നോട്ടു ചാടി. ഓരിയിട്ട് തുള്ളിച്ചാടുന്ന കുട്ടികളെ പിന്നെയും അതൊന്നു തിരിഞ്ഞുനോക്കി വീണ്ടും ചാടി. കുളത്തിന്റെ ആഴങ്ങളിലേക്ക് ഒരു ചെറിയ ശബ്ദത്തോടെ അത് മുങ്ങിയിറങ്ങുന്നത് ഉച്ചത്തിലുള്ള ഘോഷങ്ങളുമായി കുട്ടികള്‍ കണ്ടുനിന്നു.
ആഴങ്ങളിലൂടെ ആ തവള തിരിച്ചുകിട്ടിയ ജീവിതവുമായി മുന്നോട്ടു നീങ്ങിപ്പോയി. അതിന്റെ സഞ്ചാരപഥങ്ങള്‍ ഇരുണ്ടതും ക്ലേശകരവുമായിരുന്നു. കാഴ്ചയ്ക്കു വല്ലാത്ത മൂടല്‍ വന്നുപെട്ടിരുന്നു. നീറിപ്പുകയുകയായിരുന്നു ശരീരം. എങ്ങനെയൊക്കെയോ ഉടലില്‍ കരുത്ത് സംഭരിച്ച് ഒട്ടും സന്തപ്തനാകാതെ ആവുംവിധം നീന്തിപ്പോയ ആ തവള കുളത്തിന്റെ മറുകരയിലെ നിറയെ പൂപ്പലുള്ളതും പൊട്ടിയടര്‍ന്നതുമായ പടവുകള്‍ക്കു കീഴെ ഇലപ്പച്ചകള്‍ക്കു മധ്യേയുള്ള തന്റെ വീട്ടില്‍ ഒരുവിധം നീന്തിക്കയറി. അതൊരു ചന്ദ്രക്ഷയത്തിന്റെ രാത്രിയായിരുന്നു. കാത്തുകാത്ത് വിലപിച്ചവശരായി തളര്‍ന്നുകിടക്കുകയായിരുന്നു ഭാര്യയും കുഞ്ഞുങ്ങളും. ഭര്‍ത്താവിനെ കണ്ടപ്പോള്‍ പ്രിയതമയുടെയും അച്ഛനെ കണ്ടപ്പോള്‍ കുഞ്ഞുങ്ങളുടെയും കണ്ണുകളില്‍ ആഹ്ലാദത്തിന്റെ കൊള്ളിമിന്നലുകളുണ്ടായി. എല്ലാവരും ചേര്‍ന്ന് തവളയെ ആഞ്ഞുപുല്കിയപ്പോള്‍ ശരീരം വേദനിച്ച് അതു ഞരങ്ങി. ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും ഒന്നും മനസ്സിലായില്ല. കുടുംബനാഥന്റെ ശരീരത്തില്‍ ഒരു മാറ്റവും കാണാനായില്ല. ശരീരത്തിലെ തുന്നിച്ചേര്‍ക്കലുകളൊന്നും അവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല.

'ഞങ്ങള് പേടിച്ചുപോയി... എവിടെയായിരുന്നു?...' ഉത്കണ്ഠാപൂര്‍വമായ ചോദ്യത്തിന് പെട്ടെന്നു മറുപടി കൊടുക്കാന്‍ ആ തവളയ്ക്കു കഴിഞ്ഞില്ല. അത് നീണ്ടുനിവര്‍ന്നു തളര്‍ന്നുകിടന്നു. ദീര്‍ഘമായി കിതയ്ക്കാന്‍ തുടങ്ങി. അതിന് എന്തോ പറ്റിപ്പോയിട്ടുണ്ടെന്ന് അപ്പോഴാണ് എല്ലാവര്‍ക്കും ബോധ്യമായത്. കുഞ്ഞുങ്ങള്‍ കരയാന്‍ തുടങ്ങി. അവരെ ആശ്വസിപ്പിച്ചുകൊണ്ട് തവള വിളിച്ചു:
'മക്കളേ...'
പിന്നെയും ആ വിളി കേട്ടപ്പോള്‍ കുഞ്ഞുങ്ങള്‍ ശിരസ്സുയര്‍ത്തി. തവള പറഞ്ഞുതുടങ്ങി:
'മഹത്തായ ഒരു കര്‍മനിര്‍വഹണത്തിനുശേഷമാണ് അച്ഛന്‍ വരുന്നത്. ഈശ്വരപൂര്‍ണമായ ഒരു നന്മയില്‍ എന്റെ ശരീരമാകെ കുതിര്‍ന്നിരിക്കുകയാണ്. അര്‍ഥങ്ങള്‍ ഏറെയൊന്നും അവകാശപ്പെടാനില്ലാത്ത നമ്മുടെ വംശജീവിതത്തിന് നിത്യവും നിരതിശയകരവുമായ ഒരു പ്രകാശം ലഭിച്ചിരിക്കുന്നു. എന്റെ മക്കളിലേക്ക് അതു പകര്‍ന്നുകൊണ്ട് ഏറ്റവും ധന്യമായ ഒരു ജീവിതവുമായി അച്ഛന് ഇനി വിരമിക്കാമെന്നു തോന്നുന്നു.'

മിഴിച്ചുനോക്കിയതല്ലാതെ കുഞ്ഞുങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ല. ഹൃദയേശ്വരന് ഭ്രാന്തുപിടിച്ചുപോയോ എന്നു പെണ്‍തവളയ്ക്കു സംശയമായി. 'നിങ്ങള്‍ക്കെന്തുപറ്റി?' എന്നു ചോദിച്ച് അവള്‍ ഒന്നു കുലുക്കിയുണര്‍ത്തിയപ്പോള്‍ 'ങ്ഹാ!' എന്ന് ശരീരത്തിലാകെ ഉഗ്രമായി വേദനിച്ച് ഒച്ചവെച്ച് ആ തവള പുളഞ്ഞു നിലവിളിച്ചു. അപ്പോഴാണ് പ്രിയതമന്റെ ശരീരത്തിലെ തന്തുക്കള്‍ അവളുടെ ദൃഷ്ടിയില്‍പ്പെട്ടത്. ഉച്ചത്തില്‍ ആക്രോശിക്കാന്‍ തുടങ്ങിയ അവളെ തലോടി ആ തവള വീണ്ടും ആശ്വസിപ്പിച്ചു. കരയരുതെന്ന് അഭ്യര്‍ഥിച്ചു. താന്‍ പറയുന്നതു മുഴുവനും സാവകാശം കേട്ട് ആലോചിക്കണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചു.
അനന്തരം പ്രിയതമയും കുഞ്ഞുങ്ങളും കുടുംബനാഥന്‍ പറഞ്ഞ കഥ കേട്ടു. ആ ക്ലാസ്മുറിയില്‍ നാല്പതോളം കുഞ്ഞുങ്ങള്‍ക്കു മുന്നില്‍ താനൊരു പാഠ്യവസ്തുവായി നിന്നുകൊടുത്ത ത്യാഗത്തിന്റെ കഥ ഒട്ടും സങ്കടച്ചുവയില്ലാതെ ആ തവള വിശദീകരിച്ചു.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education