എന്റെ കുട്ടിക്കാലം

കെ.ആര്‍.ഗൗരിയമ്മ

30 Nov 2010


സ്‌കൂളിന്റെ കിഴക്കേമുറി അച്ഛന്‍ സ്ത്രീകള്‍ക്ക് ഷഷ്ഠി ദിവസം ഭജനം നടത്താന്‍ കൊടുത്തിരുന്നു. അക്കാലത്ത് സ്ത്രീകളുടെ ഇടയില്‍ ഷഷ്ഠിവ്രതം വ്യാപകമായിട്ടുണ്ടായിരുന്നു. വിയാത്രയിലെ മിക്ക ചെറുപ്പക്കാരിസ്ത്രീകളും ആ വ്രതമെടുക്കും. എന്തിനായിരുന്നു ആ വ്രതമെന്നെനിക്കിന്നും അറിയില്ല. ഷഷ്ഠിദിവസത്തിനു മുന്‍പ് ഒരിക്കലായിരിക്കും. അന്ന് ഒരു നേരം ആഹാരമേയുള്ളൂ. ഷഷ്ഠിഭജനം കഴിഞ്ഞാല്‍ പച്ചരിച്ചോറ്, ചമ്മന്തി, മോര് ഇതുകൂട്ടി ഊണ്. സ്‌കൂള്‍ദിവസങ്ങളില്‍ പടിഞ്ഞാറേ ഹാളില്‍ ഞങ്ങളുടെ ക്ലാസ് നടക്കുമ്പോള്‍ത്തന്നെ കിഴക്കേമുറിയില്‍ 'ഹരഹരോ ഹരഹര' എന്ന വിളി ഉയരും. പാട്ടു കഴിഞ്ഞ് പൂജയുംകഴിഞ്ഞ് (സുബ്രഹ്മണ്യന്റെ പടത്തിലാണ് പൂജ. സാമ്പ്രാണി, കര്‍പ്പൂരം ഇവ കത്തിച്ചുവെക്കും) ഭക്ഷണം. ഭക്ഷണം അവിടെ ഉണ്ടാക്കുന്നതാണോ അതോ അവരുടെ വീട്ടില്‍നിന്നും കൊണ്ടുവരുന്നതാണോ എന്ന് ഓര്‍മയില്ല. ചോറിന് പറയുന്നത് 'പടച്ചോര്‍' എന്നാണ്. കിഴക്കേമുറിയില്‍ ഭജനം നടക്കുമ്പോള്‍ പടിഞ്ഞാറേ ഹാളില്‍ പഠിക്കുന്നതിന് ഞാന്‍ ഏകാഗ്രത പാലിക്കാന്‍ ശ്രമിക്കും. പക്ഷേ, ഭജന തീര്‍ന്നാല്‍ അവരുടെ കൂടെ ആഹാരത്തിന് ഞാനും കൂടും. മൂത്ത ചേച്ചിയാണ് ഷഷ്ഠിവ്രതത്തിന്റെ നേതാവ്. ഭജനകഴിഞ്ഞ് ഊണിനു സമയമായാല്‍ ഞാന്‍ അവിടെ ഓടിയെത്തും. ചേച്ചിയുടെ വസ്ത്രത്തില്‍ പിടിച്ച് നില്പാകും. എനിക്ക് ഇലയിട്ട് ഊണുതരും. ഷഷ്ഠിവ്രതക്കാരിയെപ്പോലെ ഞാനും ചന്ദനംതൊട്ട് തിരിയെ ക്ലാസ്സിലെത്തും. സ്‌കൂളില്‍ത്തന്നെ ഇതെല്ലാം നടന്നാല്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെ എങ്ങനെ ബാധിക്കും എന്നുള്ള ചര്‍ച്ച വീട്ടിലോ മറ്റെവിടെയെങ്കിലുമോ നടന്നതായി എനിക്കോര്‍മയില്ല. അത് അന്നത്തെ സമ്പ്രദായമായിരിക്കാം.

പപ്പുസാര്‍ അന്ന് അവിവാഹിതനാണ്. ഏഴാംക്ലാസ്സില്‍ പഠിച്ചുകൊണ്ടിരുന്ന ദേവയാനിച്ചേച്ചിയുമായി സാര്‍ പ്രേമത്തിലായിരുന്നു. അവരും ഷഷ്ഠിവ്രതക്കാരിയാണ്. പില്ക്കാലത്ത് അവര്‍ വിവാഹിതരായി. ഞാന്‍ അച്ഛന്റെ ശിങ്കിടിയായതോടുകൂടി അച്ഛനുമായി നല്ല അടുപ്പത്തിലായി. അച്ഛന്‍ പറയുന്നതേ ഞാന്‍ കേള്‍ക്കൂ. എല്ലാ കാര്യത്തിലും അച്ഛന്റെ അഭിപ്രായമറിഞ്ഞ് മാത്രമേ പ്രവര്‍ത്തിക്കുകയുളളൂ. സാധാരണ ഒഴിവുള്ള സമയത്ത് എന്റെ നേരെ മൂത്ത അണ്ണന്‍ സുകുമാരന്‍ പോകുന്ന എല്ലാ സ്ഥലത്തും ഞാനും പോകാന്‍ ശ്രമിക്കും. അണ്ണനെക്കാള്‍ അഞ്ചു വയസ്സിന് മൂത്തതാണ് ഭാരതിച്ചേച്ചി. അവര്‍ എപ്പോഴും അവരുടെ മൂത്ത ചേച്ചിമാരും അവരുടെ പ്രായക്കാരുമൊത്താണ് നടക്കുകയും വര്‍ത്തമാനം പറയുകയും ചെയ്യുക. അടുത്തുചെന്നാല്‍ ഒന്നുകില്‍ അവര്‍ മാറിപ്പോകും, അല്ലെങ്കില്‍ ഓടിച്ചുവിടും. അണ്ണനുമായി മൂന്നുവയസ്സിനടുത്തേ പ്രായവ്യത്യാസമുള്ളൂ. വീട്ടില്‍ കളിക്കാനും കൂട്ടിന് അണ്ണനാണുള്ളത്. ആവശ്യം വരുമ്പോള്‍ എന്നെ അണ്ണന്‍ കൂടെകൂട്ടും. അല്ലാത്തപ്പോള്‍ എന്നെ ഒളിച്ച് അണ്ണന്റെ കൂട്ടുകാരുമായി ചുറ്റാന്‍ പോകും.

അണ്ണന്റെ വലിയ ഹോബിയാണ് ചൂണ്ടയിട്ട് മീന്‍പിടിക്കല്‍. കുട്ടികള്‍ ഇതിനു പോകുന്നത് അച്ഛന് അശേഷം ഇഷ്ടമല്ല. കണ്ടാല്‍ ശിക്ഷിക്കും. എങ്കിലും അണ്ണന്‍ ചൂണ്ടയിടല്‍ ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ചൂണ്ട ഒളിച്ചുവെക്കും. ആവശ്യം വരുമ്പോള്‍ വേലിയുടെ മുകളില്‍ക്കൂടി പുറത്തിടും. പടിയിറങ്ങിപ്പോയി അതെടുത്തുപയോഗിക്കുകയും ചെയ്യും. ചൂണ്ടയിടുന്ന അനേകം ആണ്‍കുട്ടികള്‍ കൂട്ടുകാരായി അണ്ണനുണ്ട്. അച്ഛന്‍ കാണാതിരിക്കാന്‍ അകന്ന തോട്ടിലോ ചാലിലോ ആണ് ചൂണ്ടയിടുന്നത്. എന്നെ കൂട്ടാതിരിക്കാന്‍ അണ്ണന്‍ നോക്കും. ഞാന്‍ വിട്ടുകൊടുക്കുകയില്ല. അണ്ണന്റെ പിറകെക്കൂടും. അണ്ണന്‍ പുരയ്ക്കു ചുറ്റിനും ഓടും. ഞാനും ഓടും. കുറച്ചുനേരം ഓടിക്കഴിഞ്ഞാല്‍ ഞാന്‍ വളരെ പിറകിലാകും. അപ്പോള്‍ അണ്ണന്‍ കടന്നുകളയും. കാണാതായാല്‍ എന്റെ ആയുധമായ ഉറക്കെ കരച്ചിലില്‍ തന്നെ അഭയംപ്രാപിക്കും. കരച്ചില്‍ കേട്ടാല്‍ അച്ഛന്‍ വിളിക്കുമെന്ന് പേടിച്ച് അണ്ണന്‍ പ്രത്യക്ഷപ്പെടും. 'നോക്കെടീ, ഞാന്‍ നിന്റെ മുന്നിലുണ്ട്' എന്നു പറഞ്ഞ് നെഞ്ചത്തടിച്ചു കാണിക്കും. അണ്ണന്‍ പോകുന്നില്ല എന്ന മട്ടില്‍ നടക്കും. എന്നെ ഒഴിവാക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കില്‍ എന്നെ ചിലപ്പോള്‍ കൊണ്ടുപോകും. അല്ലാത്തപ്പോള്‍ കൂട്ടുകാരുമായി കടന്നുകളയും. ഈ സമയങ്ങളിലെല്ലാം കൂട്ടിന് എനിക്ക് വിശ്വനാഥനാണുള്ളത്. എന്റെ അച്ഛന്റെ ഏറ്റവും ഇളയ അനുജന്‍ നാരായണനിളയച്ഛന്റെ മകനാണ് വിശ്വനാഥന്‍. അവര്‍ മാറിത്താമസിച്ചിരുന്നു. വിശ്വനാഥന്‍ ഒറ്റ മകനാണ്. ഞങ്ങള്‍ ഓടിച്ചാടിക്കളിക്കും. ഒളിച്ചു കളിക്കും. ചിലപ്പോള്‍ പൊക്കത്തുകയറുകയും വീഴുകയും ചെയ്യും.

നാരായണനിളയച്ഛന്‍ മാറിത്താമസിച്ചിട്ടും വിശ്വനാഥന്‍ രാവിലെ കുളിച്ച് വല്ലതും കഴിച്ച് വീട്ടില്‍ വരും. പിന്നെ പോകുന്നത് രാത്രിയിലാണ്. അവന്‍ നല്ലതുപോലെ വെളുത്ത ചുരുണ്ട മുടിയുള്ള സുന്ദരനായിരുന്നു. എന്റെ പ്രായമാണവന്. ഞങ്ങള്‍ വലിയ കൂട്ടുകാരായിരുന്നു. വിശ്വനാഥന്‍ വന്നില്ലെങ്കില്‍ ഞാന്‍ ചിലപ്പോള്‍ തിരക്കിപ്പോകും. ചിലപ്പോള്‍ ഇവിടെ കൂടും. ആഹാരം അവിടുന്നു കഴിക്കും. ആഹാരസമയത്താണ്് അമ്മ ഞങ്ങളെയൊക്കെ തിരക്കുന്നത്. ആരെങ്കിലും അന്വേഷിച്ചുവന്നാല്‍ ആഹാരം കഴിച്ചതറിഞ്ഞ് അവിടുന്നു കൊണ്ടുപോകുകയുമില്ല.

രാവിലെ ആരോ വന്ന് പറഞ്ഞു, വിശ്വനാഥന്‍ മരിച്ചെന്ന്. അവരുടെ വീട്ടില്‍ കൂട്ടക്കരച്ചില്‍. ഇളയച്ഛന് അവന്‍ ഒരു മകന്‍ മാത്രം. വീട്ടില്‍നിന്ന് എല്ലാവരും അങ്ങോട്ട് ഓടിച്ചെന്നു. മരണകാരണം വിരശല്യമാണ്. വെട്ടയ്ക്കല്‍നിന്നും കുട്ടികളുടെ വൈദ്യന്‍ ചുടുകാട്ടില്‍ അപ്പൂപ്പന്‍ മരുന്നു കൊടുത്തിരുന്നു. രാത്രി അവരുടെ വീട്ടില്‍ തങ്ങിയിരുന്നു. പക്ഷേ, പിറ്റേ ദിവസം കുട്ടി മരിച്ചു. എനിക്ക് അവന്റെ മരണത്തില്‍ വലിയ വിഷമമായി. കരച്ചില്‍ വന്നു. പക്ഷേ, അച്ഛന്റെ അനുവാദമില്ലാതെ കരയാമോ. അച്ഛനാണെങ്കില്‍ വിഷണ്ണനായി അവരുടെ പറമ്പില്‍ ആരോടോ സംസാരിച്ചുകൊണ്ടു നില്ക്കുന്നു. ഞാന്‍ പതുക്കെ കരച്ചില്‍ അടക്കി അച്ഛനോടു ചോദിച്ചു: 'എല്ലാവരും കരയുന്നു, ഞാന്‍ കരയണോ?' എന്ന്. അച്ഛന്‍ കുറച്ചുസമയം എന്നെത്തന്നെ നോക്കിനിന്നതിനുശേഷം പറഞ്ഞു: 'മകള്‍ക്ക് തോന്നുന്നെങ്കില്‍ കരഞ്ഞുകൊള്ളൂ.' ഇതു പറഞ്ഞതോടുകൂടി ഞാനും പൊട്ടിക്കരയാന്‍ തുടങ്ങി.

അതുപോലെ വേറൊരു സംഭവം. എന്റെ ചാരപ്രവൃത്തിയും അച്ഛന്റെ അടുക്കലുള്ള റിപ്പോര്‍ട്ട് ചെയ്യലും കാരണം, മൂത്തവരില്‍നിന്നു ഞാന്‍ ഒറ്റപ്പെട്ടിരുന്നു. കഴിയുന്ന സമയത്തെല്ലാം എന്നെ മാനസികമായി അവര്‍ വേദനിപ്പിക്കും. അതില്‍ ദേവകിച്ചേച്ചിയും വേലു ഇളയച്ഛന്റെ മകള്‍ ഭൈമിച്ചേച്ചിയും മുന്നിലായിരുന്നു. ഞാന്‍ കളത്തിപറമ്പിലേതല്ലെന്നും അച്ഛന്റെ കൂടെ നടക്കുന്ന കൊച്ചയ്യപ്പന്‍ വാപ്പാന്റെ മകളാണെന്നും, അച്ഛന്‍ പറഞ്ഞിട്ട് അമ്മ മുന്നാഴി തവിടുകൊടുത്തു വാങ്ങിയതാണെന്നും, പ്രസവിച്ചപ്പോള്‍ ഞാന്‍ വെളുത്തതായിരുന്നെന്നും, കറുത്തുപോകാതിരിക്കാനാണ് വാങ്ങിയതെന്നുമൊക്കെ പറയും.

കൊച്ചയ്യപ്പന്‍ വാപ്പാന്റെ വീട് കണ്ടയ്ക്കാപ്പള്ളിയിലായിരുന്നു. ധാരാളം എരുമയുണ്ടായിരുന്ന അവര്‍ പാലിന്റെയും തൈരിന്റെയും കച്ചവടം അവര്‍ ചെയ്തിരുന്നു. അവരുടെ വീട്ടുകാര്‍ ആണും പെണ്ണും നല്ല കറുത്തതാണ്. പെണ്ണുങ്ങളുടെ മുടി ചുരുണ്ടതും നല്ല അഴകുള്ള മുഖവുമായിരുന്നു. മൂക്കില്‍ പരന്ന സ്വര്‍ണ മൂക്കുത്തിയിട്ടു നടക്കുന്ന അവരുടെ വീട്ടിലെ സ്ത്രീകളെ കാണാന്‍ നല്ല അഴകാണ്. അവരൊക്കെ ചിലപ്പോള്‍ വീട്ടില്‍ വരും. അവരുടെ വീട്ടിലെ കൃഷ്ണപ്പണിക്കരുചേട്ടന്‍ എന്ന പണിക്കരുചേട്ടന്‍ എന്നും ഞങ്ങളുടെ വീട്ടിലാണ്. ചിലപ്പോള്‍ എന്നെ എടുത്തുകൊണ്ടു നടക്കും. ദേവകിച്ചേച്ചി എന്നെ ചൊടിപ്പിക്കാന്‍, കൊച്ചയ്യപ്പന്‍ വാപ്പാന്റെ മകളെവിടെപ്പോകുന്നു, എന്തെങ്കിലും ഇവിടെനിന്നു വേണമെങ്കില്‍ ഞങ്ങളോടു ചോദിക്കണം, ചോദിച്ചാല്‍ എടുത്തുതരാം എന്നൊക്കെ പറയും. എനിക്ക് പലപ്പോഴും ദേഷ്യംവരും. അടിപിടികൂടാന്‍ പറ്റുകയില്ല. സഹിക്കാതാകുമ്പോള്‍ കൊഞ്ഞനം കാണിക്കും, വഴക്കിടും. കുറേനേരം അവരുടെ അടുത്ത് പോകുകയില്ല. പിന്നെപ്പിന്നെ എനിക്കത് മനസ്സില്‍ വേദനയായി. അവരോടെല്ലാം മിണ്ടാതെയായി. അധികം കളിയും ചിരിയും ഇല്ലാതായി. ഇതിന്റെ നേരറിയാന്‍ കൊച്ചയ്യപ്പന്‍ വാപ്പാനോടുതന്നെ ചോദിക്കാമെന്നു ഞാന്‍ തീരുമാനിച്ചു.

(കെ.ആര്‍ .ഗൗരിയമ്മയുടെ ആത്മകഥയില്‍ നിന്ന്)


പുസ്തകം വാങ്ങാം

Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education