ഇരുട്ടിലെ കിനാവ്

പി.കുഞ്ഞിരാമന്‍ നായര്‍

12 Aug 2013


മരണത്തിന്റെ മുന്‍പില്‍

മരിച്ച പകലിന്റെ ശവദാഹം കഴിഞ്ഞ ആകാശം; കുന്നുകൂടിയ കനല്‍ക്കട്ടകള്‍. ചിതറിയ ചാരം. ഉടച്ച നാളികേരമുറികള്‍ കിഴക്കും പടിഞ്ഞാറും. തിരിച്ചുപോകുന്ന തൂക്കുവിളക്ക്. തല താഴ്ത്തി പോകുന്ന മേഘങ്ങള്‍. മുക്കില്‍ കണ്ണീര്‍വാര്‍ത്തിരിക്കുന്ന സന്ധ്യ. ബലിക്കരിയൊരുക്കുന്ന ഇരുട്ട്. ആരോ മരിച്ച പഴയ വീട്. പ്രപഞ്ചം. ചുറ്റും നിശ്ശബ്ദത. ശൂന്യത.

ശ്രീപരദേവതയെ കുടിവെച്ച പഴയ തറവാട്ടുവീടിന്റെ പുറംതിണ്ണയിലിരുന്നു. കതകും ജനലുമടഞ്ഞു. തൊട്ടു തെക്കേത്തൊടി. ചാരം മൂടിയ ചുടല. പാണ്ടുപിടിച്ച ചുടലക്കാഞ്ഞിരം. വേടിറങ്ങിയ പേരാല്‍. കള്ളിക്കാട്. കൂര്‍ത്തുമൂര്‍ത്ത കാരമുള്‍ച്ചെടി. ചാറല്‍മഴ. മിന്നാമിനുങ്ങുകള്‍. ഇരുട്ടിനക്കരെ, ആരോടോ എന്തോ വിളിച്ചുപറയുന്ന മണ്ണട്ടകള്‍.

പായ്ക്കപ്പല്‍ തകര്‍ന്നു. എല്ലാം കളഞ്ഞ് തകര്‍ന്ന കപ്പല്‍ കരയ്ക്കടിഞ്ഞു തളര്‍ന്ന കപ്പിത്താനായി ഇരുട്ടില്‍ ചിന്തിച്ചിരുന്നു. ഇന്ന് ഈ
രാവില്‍, ഇരുട്ടില്‍, കൂടെയാരുമില്ല. എല്ലാം പോയി, എല്ലാവരും പോയി.

വാത്സല്യം കോരിച്ചൊരിഞ്ഞ അച്ഛന്‍. പാലൂട്ടിയ അമ്മ. മാറോടണച്ച് മുത്തം തന്ന മുത്തശ്ശി. കൂടെ കളിച്ചുവളര്‍ന്ന ഉടപ്പിറപ്പുകള്‍ ഓരോ വഴിക്കു പോയി. ഭാഗം കഴിഞ്ഞ് താവഴി പിരിഞ്ഞ അസ്ഥികൂടം ശേഷിച്ച വലിയ തറവാട്ടുഭവനം. പടിപ്പുര, പാടം, കുളം, തോട്. വീണ്ടും പാടം, തെങ്ങിന്‍തോപ്പ്, വെള്ളമണല്‍ വിരിച്ച ഇടവഴി. അതാ, അവിടെ തെങ്ങിന്‍തോപ്പില്‍ പുല്ലു മേഞ്ഞ മാളികവീട്; ഈ ഞാന്‍ പിറന്നുവീണ വീട്. എന്റെ ഈറ്റില്ലം. ഈ മഹാബ്രഹ്മാണ്ഡത്തില്‍ എനിക്ക് കിട്ടിയ ഒരടി മണ്ണ്. വടക്കിനിത്തളം. ഇവിടെ ഭൂഗോളത്തറവാട്ടില്‍ കേറിവന്നശേഷം ഇരുപത്താറായിരത്തിരുന്നൂറ്റി എണ്‍പത്തൊന്ന് രാപകലുകള്‍ വെറുതേ വാടിക്കൊഴിഞ്ഞു വീണു. ഈറ്റില്ലത്തിനും ശ്മശാനത്തിനുമിടയ്ക്ക് - വിടവ് നാലു വിളിപ്പാടു മാത്രം.

എഴുപത്തിരണ്ടു കൊല്ലം മുന്‍പ് - ഭൂമിയില്‍ - ഈ വഴിയമ്പലത്തില്‍ ഞാനില്ല. പതിറ്റാണ്ടിനപ്പുറം ഈ വഴിയമ്പലത്തില്‍ ഞാനുണ്ടാവില്ല. ഞാന്‍ - ഈ ഞാനാരാണ്, എവിടെനിന്നു വന്നു? എങ്ങോട്ടു പോവുന്നു? ഈ പ്രപഞ്ചം. അദ്ഭുതപ്രപഞ്ചം. എന്ത്? ഉത്തരമില്ല; അന്നും ഇന്നും ഉത്തരമില്ല. ഞാന്‍ പിറന്നത് എന്റെ ഇഷ്ടത്തിനല്ല; എന്റെ മരണം എന്റെ ഇച്ഛയ്ക്ക് ഒത്താവില്ല; ഇടയ്ക്കുള്ള ഈ ജീവിതം എന്റെ പിടിയിലല്ല; ഞാന്‍ ഈ കരകാണാപ്പുഴയില്‍ നീന്തുകയല്ല; ഒലിച്ചുപോവുകയാണ്. എങ്ങോട്ട്? ഏതോ അജ്ഞാതലോകത്തിലേക്ക്. ഓ; എങ്ങും ഇരുട്ട്. എല്ലാം അജ്ഞാതം. ചുറ്റും പൂട്ടിയിട്ട അജ്ഞാതരഹസ്യങ്ങള്‍.

പത്തു മാസം വീര്‍പ്പുമുട്ടിക്കിടന്ന തടവറ. ആ കൊടുംതണുപ്പ്. കഴുത്തില്‍ വീഴാനിരിക്കുന്ന കാലപാശക്കുടുക്ക്. വീര്‍പ്പുമുട്ടല്‍, കൊടുംചൂട്. രണ്ട് പെരുങ്കടവുകള്‍. ആയിരം തവണ കിടന്ന തടവറകള്‍; തല കുത്തിവീണ മരണക്കിണറുകള്‍. ഓ! ഇഴഞ്ഞു നിരങ്ങിനീങ്ങുന്ന ഈ പുനര്‍ജനിഗുഹയുടെ വാതിലെവിടെ? മോചനദിനമെവിടെ? ചിന്തിച്ചു കണ്ണീരൊഴുക്കി ഉറങ്ങാതെ കഴിഞ്ഞ രാവുകള്‍, നെടുവീര്‍പ്പിട്ട് ഓടിനടന്ന പകലുകള്‍, തുറിച്ചുനോക്കുന്ന ചോദ്യചിഹ്നങ്ങള്‍, തത്ത്വചിന്തയുടെ ആ ചൂടുപിടിച്ച ദിവസങ്ങള്‍ യാത്ര പറഞ്ഞു പോയി.

ഇന്ന് അടുക്കളയില്ല. അടുപ്പില്‍ തീയില്ല. ചാരം; ഭൗതികചിന്തയുടെ വെറും ചാരം. മനസ്സിന്റെ പിടച്ചിലൊതുങ്ങി. ആത്മാവിന്റെ നിലവിളിയടങ്ങി. ജീവന്‍ ചെന്നായയുടെ പല്ലില്‍ കോര്‍ത്ത ചോരവാര്‍ന്ന മാന്‍കിടാവായി.

കൊതു, മൂട്ട, ഈച്ച, പുഴു, പേന്‍ അവയ്ക്കുമുണ്ട് മരണഭയം. ചിന്തിക്കുന്ന മനുഷ്യജീവിക്ക് - എല്ലാം തന്റേതാക്കാന്‍ വെമ്പുന്ന മനുഷ്യജീവിക്ക് - പതിനായിരം മടങ്ങുണ്ട് മരണഭയം.

ഊതിക്കെടുത്തിയ ദീപനാളം, തകര്‍ന്ന നീര്‍പ്പോള, കൊഴിയുന്ന പൂമണം, കൂടു വിടുന്ന ജീവന്‍ - എല്ലാം എങ്ങോട്ട് പോകുന്നു? മരണാനന്തരം ഈ ഞാന്‍ എവിടെയായിരിക്കും? പൊട്ടിക്കരഞ്ഞു കെട്ടിപ്പിടിക്കുമ്പോള്‍ വരാഭയമരുളുന്ന തത്ത്വചിന്ത നെടുവീര്‍പ്പിടുന്നു.
എന്റെ: നിന്റെ - ഇരുട്ടറയില്‍ സ്വയം അകപ്പെട്ടവരെല്ലാം എല്ലാ പിടിയും വിട്ട് പെട്ടെന്നിറങ്ങിപ്പോയി.

വലിയ മാളികവീട്, തെങ്ങിന്‍തോപ്പ്, പുഞ്ചവയല്‍, മലയോരത്തെ കാടുകള്‍, പുന്നക്കൃഷി എല്ലാം എല്ലാം കൈവിട്ടുപോയി. വലിയ തറവാടുവീട് ശൂന്യം. നൂറോളം അംഗങ്ങളുള്ള അച്ഛന്റെ വീട് മൂകം. സ്‌നേഹത്തിന്റെ മധുരം പകര്‍ന്ന കൈകള്‍ പോയി. ഈ ദേഹം, ഇതെന്റെ സ്വന്തമല്ല; എന്റെ സൃഷ്ടിയല്ല. ഉടമസ്ഥന്‍ വരുമ്പോള്‍ ഒഴിഞ്ഞുകൊടുക്കേണ്ട വാടകവീട്. ചോരുന്ന മേല്‍പ്പുര, വിണ്ട ചുമരുകള്‍, ദ്രവിച്ച വാതിലുകള്‍. ചെരിയുന്ന തൂണുകള്‍. വാടകക്കുടിശ്ശിക ഏറെയുള്ള ഈ വലിയ വീട് ഒഴിയണം, ഒഴിപ്പിക്കും. ഒരുപിടിച്ചോറിന് അടിമ. കാറ്റിനും വെള്ളത്തിനും അടിമ. വെളിച്ചത്തിനടിമ. സ്വതന്ത്രനെന്നഹങ്കരിക്കുന്ന ഞാന്‍ പ്രകൃതിക്കടിമ.

ഉയിരൂട്ടുന്ന സൂര്യന്‍, ചന്ദ്രന്‍, ജാതകം കുറിച്ച നവഗ്രഹങ്ങള്‍, ഭൂമി, കടല്‍, ഈ ബ്രഹ്മാണ്ഡം - പിണ്ഡാണ്ഡം - ജീവിതം, മരണം, കവിത - ഒന്നും എന്റെ സൃഷ്ടിയല്ല. പക്ഷേ, ഓരോ വീര്‍പ്പും വിഷം ചീറ്റുന്നു - ഞാന്‍ എന്റെ.
മഴപ്പാറ്റ - മഴപ്പാറ്റയോടു പറഞ്ഞു: ഒരു മഹാജ്യോത്സ്യന്‍ എന്റെ ജാതകം നോക്കി.
എന്തു പറഞ്ഞു. ആയുസ്സ് നൂറ്റിരുപത്. അതിനിടയ്ക്ക് തല്ലിക്കൊന്നാല്‍ ചാവില്ല.

ഒരു പാതിരയ്ക്ക് ഞാന്‍ കടലോരത്തെ മണല്‍വിരിപ്പില്‍, ഈറ്റില്ലത്തില്‍ എത്തി. ഇനിയെങ്ങോട്ട്. പറമ്പിനും പാടത്തിനും തോടിനുമക്കരെ തെക്കേത്തൊടിയിലെ ചുടലക്കാട്ടിലേക്ക് രണ്ടറ്റം നീണ്ട തുരങ്കം. ഇടയില്‍ വളഞ്ഞ റെയില്‍പ്പാളം. ജീവിതമെന്ന പകല്‍ക്കിനാവ്. സ്വപ്‌നത്തിലെ രാജവാഴ്ച. ഇത്തിരി നേരത്തെ മനസ്സെന്ന വെള്ളിത്തിരയിലെ ചലച്ചിത്രപ്രദര്‍ശനം.

വലയിലെ ഒരിഴ

മരണം! - ജീവനെ കുടുക്കിയ വലയുടെ കറുത്ത ഒരു ഇഴ മാത്രം-ജീവിതം- വെളുത്ത ഇഴ. വലയില്‍ കുടുങ്ങിപ്പിടയുന്ന മത്സ്യം. ജീവിതം, അതെന്ത്? ദാഹം പെരുപ്പിക്കുന്ന കൂള്‍ഡ്രിങ്ക് മാത്രം. ഈ തടവറയില്‍നിന്നു പുറത്തു ചാടാന്‍ പിടയുന്ന ഹൃദയസ്​പന്ദം ചോദിക്കുന്നു: പുറത്തു ചാടാന്‍ വാതിലെവിടെ; ജനലെവിടെ: പഴുതെവിടെ?

ചുരുളിട്ടു കിടക്കുന്ന പെരുമ്പാമ്പിന്റെ പുറത്തു കേറി ഇരയായ കോഴി കൂകുന്നു. അരിമണി കൊറിക്കുന്നു. ഇണ ചേരുന്നു. ആ കോഴി, അതാണ് ഈ ഞാന്‍. ഒന്നും അറിഞ്ഞില്ല, അറിയുന്നില്ല, അറിയാന്‍ കഴിയുന്നില്ല. എന്തു വഴി, രക്ഷപ്പെടാന്‍ എന്തു വഴി, ഈ പെരുമ്പാമ്പിന്‍കൂട്ടില്‍ നിന്നു രക്ഷപ്പെടാന്‍ എന്തു വഴി?

ദേഹം കിടക്കേ, ലോകം പറയുന്നു: ആള്‍ പൊയ്ക്കഴിഞ്ഞു. അപ്പോള്‍ ദേഹമല്ല ആള്‍, കൂടല്ല പക്ഷി, കൂടിരിക്കേ പറവ പറന്നുപോയി, തിരിച്ചുവരാത്ത ഈ നിഗൂഢയാത്ര എങ്ങോട്ട്?

മൂന്നു ലോകമായി പരിചയമുണ്ട്. ജാഗ്രത്ത്, സ്വപ്‌നം, സുഷുപ്തി. അതിനപ്പുറമായിരിക്കണം എന്റെ നാട്, വീട്, സ്വരാജ്യം. സ്വന്തം നാടും വീടും മറന്ന-വീടോട് ഇടഞ്ഞു ചാടിപ്പോയ കുട്ടി-അതാണ് ഞാന്‍. മരണത്തിന്റെ കൊച്ചുപതിപ്പ് എന്റെ പക്കലുണ്ട്. ഞാനതു നിത്യം വായിക്കുന്നു. ഉറക്കം. ദുഃസ്വപ്‌നം കാട്ടി പേടിപ്പെടുത്തുന്ന ഉറക്കം. അതിനപ്പുറം എല്ലാം മറന്ന ലോകം, ദേഹം, നാട്, വീട്, ഭാര്യ, മക്കള്‍, ബാങ്ക് ബാലന്‍സ്, കമ്പനി ബിസിനസ്, ഉദ്യോഗം. എല്ലാം നഷ്ടപ്പെട്ട സുഷുപ്തി. മരണത്തിന്റെ പ്രൂഫ്‌കോപ്പി. ആയില്ല; അതിനപ്പുറം നീണ്ട തുരങ്കവഴിയുണ്ട്. പതിനാലു ലോകങ്ങള്‍.

കണ്ണടച്ചിരുട്ടാക്കുന്ന യുക്തിവാദം, തലകറങ്ങി വീഴുന്ന ചെങ്കുത്തായ കരിംപാറക്കെട്ടുകള്‍. അലകടലിനു മീതേയുള്ള നൂല്‍പ്പാലങ്ങള്‍.
നിന്റെയും എന്റെയും കുറ്റംകള്ളുപീപ്പയില്‍, ബ്രാണ്ടിക്കുപ്പിയില്‍, കഞ്ചാവുപുകമറയില്‍, ഉറക്കഗുളികകളില്‍ ഒളിച്ചിരിക്കൂ-രക്ഷയില്ല. കൊലക്കുറ്റക്കാരനെവിടെയിരുന്നാലും രക്ഷയില്ല. ഏതു കൊലക്കുറ്റം? നീ നിന്നെത്തന്നെ കൊലചെയ്ത കുറ്റം. ഈ ലോകത്തിലെ എല്ലാ കുഴപ്പങ്ങള്‍ക്കും മൂലകാരണമായ കുറ്റം-എല്ലാമറിഞ്ഞു എന്നഭിമാനിച്ച് അറിയേണ്ടതറിയാത്ത കുറ്റം. ഞാനാര് എന്നറിയാത്ത ഉള്‍ക്കണ്ണ് സ്വയം കുത്തിപ്പൊട്ടിച്ച കുറ്റം.

പുഞ്ചവയല്‍ തൂര്‍ത്ത്, പുത്തന്‍മാളിക കേറ്റി കുടികൂടല്‍ദിവസം ഉണ്ണാന്‍ തുമ്പുനാക്കില വെച്ചിരിക്കേ അവന്‍ കതകില്‍ മുട്ടി പറയുന്നു: 'സമയമായി! സമയമായി! പുറപ്പെടൂ!'

കുരുത്തംകെട്ട മൂത്ത മകനോട് ഒന്നും മിണ്ടാതെ സ്‌നേഹപ്പാലാഴിയായ അച്ഛന്‍ പടിയിറങ്ങിപ്പോയ രാത്രി. നാടുതെണ്ടിയായ മൂത്ത മകന്റെ കൈയില്‍നിന്നു വെള്ളം വാങ്ങിക്കുടിക്കാന്‍ നില്ക്കാതെ അമ്മ വീടുവിട്ടിറങ്ങിപ്പോയ രാത്രി. അതെന്റെ മൃത്യുരാത്രിയായിരുന്നു.
താടിവേടിറങ്ങിയ പേരാല്‍ പറഞ്ഞു: നീ മരണത്തിന്റെ മേല്‍വിലാസം തിരക്കുന്നു, വിഡ്ഡീ, നീ മരിക്കില്ല, കാരണം നീ ജീവിച്ചിട്ടില്ല. നിന്റെ ജീവിതം ജീവിതമല്ല. മൃത്യുനിദ്ര, നീണ്ട ദുഃസ്വപ്‌നം നിറഞ്ഞ അബോധാവസ്ഥ. നീ പാതിര കണ്ടു. ഇരുട്ടു കണ്ടു. ആത്മബോധത്തിന്റെ പുലരിപ്രഭ കണ്ടില്ല. കാണുമോ? കാണാന്‍ കഴിയുമോ? അറിഞ്ഞുകൂടാ.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education