'മാംസള പത്രപ്രവര്‍ത്തനം' എന്നു പറയുന്ന ഒരുജാതി പത്രജോലിയുണ്ട്‌

എം.ജയരാജ്‌

08 Aug 2013


ഇന്ത്യയുമായി ആയുധവില്പനക്കരാര്‍ സമ്പാദിക്കുന്നതിന് ഇടനിലക്കാരായി അഭിനയിച്ച് തെഹല്‍കാ ഓണ്‍ ലൈന്‍ പത്രത്തിലെ റിപ്പോര്‍ട്ടര്‍മാര്‍ രാജ്യരക്ഷാവകുപ്പിലെ ഉന്നതോദ്യോഗസ്ഥന്മാരെയും രാഷ്ട്രീയനേതാക്കളെയും മദ്യവും മദിരാക്ഷിയും കൈക്കൂലിയും നല്കി സ്വാധീനിച്ചത് ഇന്ത്യന്‍ പത്രപ്രവര്‍ത്തനചരിത്രത്തിലെ പ്രധാന സംഭവമാണ്. ഒരു ജീവിതകാലം മുഴുവന്‍ പത്രപ്രവര്‍ത്തനം നടത്തിയാലും ഒരു ജേണലിസ്റ്റിന് ലഭിക്കാത്ത പ്രശസ്തിയാണ് ഒറ്റദിവസംകൊണ്ട് ഈ പത്രത്തിനും ഈ ഓപ്പറേഷന് നേതൃത്വം നല്കിയ റിപ്പോര്‍ട്ടര്‍മാര്‍ക്കും ലഭിച്ചത്. അധികാരത്തിന്റെ ഇടനാഴികകളിലേക്ക് പത്രപ്രവര്‍ത്തകര്‍ വേഷപ്രച്ഛന്നരായി നടത്തിയ നുഴഞ്ഞുകയറ്റം പക്ഷേ, പത്രപ്രവര്‍ത്തനത്തിന്റെ ധാര്‍മികമൂല്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്കും തുടര്‍ച്ചയായ കോടതിനടപടികളുടെ ഊരാക്കുടുക്കുകളിലേക്കുമാണ് അവരെ എത്തിച്ചത്. തെഹല്‍കയെ അനുകരിച്ച് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാനായി എം.പിമാര്‍ കോഴ കൈപ്പറ്റുന്നതിന്റെയും ഭരണകക്ഷിക്കനുകൂലമായി വോട്ടുചെയ്യാന്‍ നോട്ടുകെട്ടുകള്‍ കൈമാറുന്നതിന്റെയും ചിത്രങ്ങള്‍ ചാനലുകളിലൂടെ പുറത്തുവന്നെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കാന്‍ മുന്നോട്ടുവന്നതും ചാനലുകളും പത്രങ്ങളുമായിരുന്നുവെന്നത് വിരോധാഭാസമായിത്തോന്നാം. പത്രങ്ങളും ചാനലുകളും രാഷ്ട്രീയക്കളികളില്‍ സജീവമായി പങ്കുചേരുന്നതുകൊണ്ടാകാം, ജനത്തിന് വാര്‍ത്തകളുടെ നിജസ്ഥിതി അറിയാനാവാത്ത അവസ്ഥയിലേക്ക് അവ നിറംകെട്ടുപോകുന്നത്.

ഇന്ത്യന്‍ പത്രപ്രവര്‍ത്തനചരിത്രത്തില്‍ തെഹല്‍ക നടത്തിയ പരീക്ഷണം പുതുമയുള്ളതാണെങ്കിലും ഈ സമ്പ്രദായം അമേരിക്കയില്‍ 1920-കളില്‍ ത്തന്നെ ആരംഭിച്ചിരുന്നു. 'മാംസള പത്രപ്രവര്‍ത്തനം' എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. പത്രപ്രവര്‍ത്തകനായ ഫ്രങ്ക് കാര്‍സനാണ് അത്യന്തം ആപത്കരമായ ഈ ജേണലിസത്തിന്റെ സ്രഷ്ടാവ്. കാര്‍സന്‍ ജോലിയില്‍നിന്ന് വിരമിക്കുകയാണെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. ന്യൂസ് പേപ്പര്‍ വേള്‍ഡ് എന്ന പത്രത്തില്‍ ഫ്രങ്ക് കാര്‍സനെക്കുറിച്ച് വന്ന ലേഖനം 1942 ഏപ്രില്‍ 19-ന് പുറത്തിറങ്ങിയ ആഴ്ചപ്പതിപ്പില്‍ 'പത്രാധിപരായാല്‍' എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. സത്യം കണ്ടെത്താന്‍ എന്തു മാര്‍ഗം സ്വീകരിച്ചാലും തെറ്റില്ല എന്നതായിരുന്നു കാര്‍സന്റെ നിലപാട്. തന്നെ 'മഞ്ഞ'പ്പത്രക്കാരനെന്ന് വിളിച്ച് അധിക്ഷേപിക്കുന്നവരെ അദ്ദേഹത്തിന് പുച്ഛമായിരുന്നു. 'വസ്തുതകള്‍ അറിയാതെ കഴിയുമോ?' എന്നാണ് വിമര്‍ശകര്‍ക്കുനേരെ അദ്ദേഹം ഉയര്‍ത്തുന്ന ന്യായവാദം.

രണ്ട് മേശകള്‍ നിറയെ അദ്ദേഹത്തിന്റെ പണിയായുധങ്ങളാണ്. സമന്‍സ്, വാറണ്ട് തുടങ്ങി ഏതു കോടതിയുടെയും ഫോറങ്ങള്‍ കളവായി അച്ചടിച്ചതാണ് ഒരു മേശയില്‍. രഹസ്യാന്വേഷണ പോലീസുകാര്‍, പോലീസുകാര്‍, ഷെറിഫ് ഫെഡറല്‍ ഏജന്‍സ് തുടങ്ങിയവരുടെ ബാഡ്ജുകളാണ് രണ്ടാമത്തെ മേശയില്‍. ജഡ്ജിയുടെയോ അറ്റോര്‍ണിയുടെയോ കള്ളവാറണ്ടുകള്‍ ഉണ്ടാക്കാന്‍ കാര്‍സന് യാതൊരു പ്രയാസവുമില്ല. കള്ളവാറണ്ടുകള്‍ കാണിച്ച് വീടുകളും സ്ഥാപനങ്ങളും പരിശോധിക്കുക, ആളെ തട്ടിക്കൊണ്ടുപോവുക, ടെലിഫോണ്‍ സംഭാഷണങ്ങള്‍ ഒളിഞ്ഞു കേള്‍ക്കുക തുടങ്ങിയ തന്ത്രങ്ങളിലൂടെയാണ് അദ്ദേഹം വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. പോലീസുകാരുടെ കൈയില്‍നിന്ന് പ്രതികളെ റാഞ്ചിയെടുത്തും കൊലനടത്താന്‍ തയ്യാറായവരുമായി അഭിമുഖം നടത്തിയും ലഭിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ കാര്‍സന്റെ പ്രശസ്തി അമേരിക്കയ്ക്ക് പുറത്തേക്കും വ്യാപിച്ചു. അമേരിക്കയില്‍ കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതകക്കേസിന്റെ കോടതിവിധി മുന്‍കൂട്ടി അറിയാന്‍ സാധിച്ചതാണ് കാര്‍സന്റെ പത്രപ്രവര്‍ത്തനജീവിതത്തിലെ മഹത്തായ നേട്ടം. കേസ് വിചാരണ ചെയ്ത ജഡ്ജിയുടെ സുഹൃത്തായ കാര്‍സന് വിധി എന്തായിരിക്കുമെന്ന് തലേദിവസംതന്നെ സൂചന കിട്ടി. വിധിപറയുന്ന ദിവസം കോടതിമുറിയില്‍ പ്രത്യേകമായി ടെലിഫോണ്‍ ബന്ധം സ്ഥാപിക്കാനും കാര്‍സന് സാധിച്ചു. ജഡ്ജി പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ശിക്ഷാവിധി ഫോണിലൂടെ അറിഞ്ഞ ഉടനെ 'പുറത്തേക്ക് വിട്ടേക്കുക' എന്ന കാര്‍സന്റെ സന്ദേശം ചിക്കാഗോയിലെ അന്‍പതു കേന്ദ്രങ്ങളിലെത്തി. വിധിന്യായത്തിന്റെ പൂര്‍ണരൂപത്തോടെ പത്രത്തിന്റെ ലക്ഷക്കണക്കിന് കോപ്പികള്‍ നിമിഷങ്ങള്‍ക്കകം വിറ്റുതീര്‍ന്നു.

വാര്‍ത്തകള്‍ക്കുവേണ്ടി ആപത്കര വഴികള്‍ സ്വീകരിച്ച കാര്‍സന് അതേ മാതൃകയില്‍ത്തന്നെ തിരിച്ചടിയും കിട്ടി, അതും മറ്റൊരു പത്രത്തില്‍നിന്ന്. ചിക്കാഗോയിലെ ഒരു പ്രശസ്ത പത്രസ്ഥാപനത്തിന് കാര്‍സന്റെ സേവനം ലഭിച്ചേ മതിയാകൂ എന്ന അവസ്ഥവന്നു. നേരായ മാര്‍ഗത്തിലൂടെ സമീപിച്ചാല്‍ അദ്ദേഹത്തെ ലഭിക്കുകയില്ലെന്ന ഉറപ്പുള്ളതുകൊണ്ട് ഒരു ദിവസം ഒരുസംഘമാളുകള്‍ അദ്ദേഹത്തെ മോഷ്ടിച്ചുകൊണ്ടുപോയി മയക്കുമരുന്ന് നല്കിയ ശേഷം ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് രാജിവെച്ചതായും തങ്ങളുടെ സ്ഥാപനത്തില്‍ ചേരാനുള്ള കരാറില്‍ ഒപ്പുവെച്ചതായും വ്യാജരേഖ ചമച്ച് വെട്ടിലാക്കി. ഫ്രങ്ക് കാര്‍സന്‍ ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹം തുടങ്ങിവെച്ച പ്രസ്ഥാനത്തിന് ലോകത്തില്‍ ആരാധകര്‍ ഏറെയാണ്. 'മഞ്ഞ', 'പപ്പരാസി' എന്നീ മുദ്രകള്‍ ചാര്‍ത്തി 'മാന്യന്മാര്‍' അവരെ തീണ്ടാപ്പാടകലെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ഇപ്പോഴും അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്ന മേമ്പൊടിയോടെ 'മാന്യന്മാര്‍' ചെയ്യുന്നതും ഇതുതന്നെയാണ്. പത്രങ്ങളില്‍ നിത്യവും കാണുന്ന വാര്‍ത്തകളൊക്കെ യാതൊരന്വേഷണവുമില്ലാതെയാണോ പ്രസിദ്ധീകരിക്കുന്നത്? അല്ലെങ്കില്‍ 'അന്വേഷണാത്മക പത്രപ്രവര്‍ത്തനം' എന്ന ലേബലിന്റെ പ്രസക്തി എന്താണെന്നാണ് വായനക്കാരുടെ സംശയം.

(മലയാള അച്ചടിമാധ്യമം: ഭൂതവും വര്‍ത്തമാനവും എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം
Tags :
Print
SocialTwist Tell-a-Friend