സ്ത്രീശരീരം നടത്തിയ കലാപം

ആലങ്കോട് ലീലാകൃഷ്ണന്‍

29 Jul 2013


'സ്ത്രീയെ, എനിക്കും നിനക്കും തമ്മില്‍ ബന്ധമെന്ത്?' എന്ന യേശുക്രിസ്തുവിന്റെ ചോദ്യത്തെ മുന്‍നിര്‍ത്തി, കുറിയേടത്തു താത്രിയുടെ
അപരാധം സ്വന്തം അപരാധവും വിലാപവുമായി രൂപപ്പെടുത്താന്‍ താന്‍ വേവലാതിപ്പെടുന്നതായി എം.ഗോവിന്ദന്‍ ഒരിക്കല്‍ വിഷാദിച്ചിട്ടുണ്ട്:
'അവരെ വീണ്ടും വിചാരണ ചെയ്യുവാനല്ല, അവരുടെ സാന്നിധ്യ ത്തില്‍ നാം സ്വയം വിചാരണ ചെയ്യപ്പെടാന്‍.'
കവിയുടെ ഈ വിഷാദം എക്കാലത്തേയും മനുഷ്യസ്‌നേഹിക ളുടെ ഒടുങ്ങാത്ത കുറ്റബോധമാണ്.
ജ്വലിക്കുന്ന ഒരഗ്നിശലാകപോലെ താത്രിക്കുട്ടി പ്രണയത്തിന്റെ യും പ്രതികാരത്തിന്റെയും തിരയൊടുങ്ങാത്ത കടലില്‍ മറഞ്ഞുപോയത് നമ്മുടെ ഭൂതാവേശങ്ങളിലെ ഒരു പ്രഹേളികയാണല്ലോ.
ഇന്നാകട്ടെ, നമ്മുടെ പെണ്‍മക്കളും സഹോദരിമാരും പിന്നെയും പിന്നെയും ഏതൊക്കെയോ കൊതിയുടേയും, ചതിയുടേയും കടലുകളില്‍ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്നു.

മുപ്പതുകളില്‍ മൂടുപടം ചീന്തിയെറിഞ്ഞും കാരാഗൃഹങ്ങള്‍ തകര്‍ത്തും അടുക്കളയില്‍നിന്ന് അരങ്ങത്തെത്തിയ നമ്മുടെ സ്ത്രീകള്‍ ഇന്ന് ഏതൊക്കെയോ പ്രതിലോമഭയങ്ങളാല്‍ വീണ്ടും വീണ്ടും അടുക്കളമൂലയിലേക്ക് ആട്ടിയോടിക്കപ്പെടുന്നു.
നമ്മുടെ പ്രധാനപ്പെട്ട നഗരങ്ങളെല്ലാം കേന്ദ്രീകരിച്ച് അധോലോക മാഫിയാസംഘങ്ങള്‍ എയ്ഡ്‌സ് ഭീഷണിയില്ലാത്ത ബാലകന്യ കാത്വങ്ങള്‍ക്ക് വലവിരിക്കുന്നു.
ഏറ്റവും നവീനമായ നമ്മുടെ മനുഷ്യാവകാശധാരണയും, അതിനൊത്ത ഭരണകൂടങ്ങളും നീതിന്യായവ്യവസ്ഥയും പോലീസും പൗരബോധവുമൊക്കെ ഇവിടെ നിഷ്‌ക്രിയമായി 'പൊട്ടന്‍'കളിക്കുന്നതെന്തു കൊണ്ടാണ്?സ്ത്രീയെ അവരുടെ വിവിധ സ്ഥാനങ്ങളില്‍ (അമ്മ, സഹോദരി, മകള്‍) തിരിച്ചറിയാന്‍ ആവശ്യമായ കേവല മനുഷ്യത്വം എവിടെവെച്ചാ ണ് കേരളീയന് കൈമോശം വന്നത്?
അപ്പോള്‍ പെട്ടെന്ന് നാം വീണ്ടും താത്രിക്കുട്ടിയെ ഓര്‍ത്തുപോവുന്നു.

ഇതിനേക്കാള്‍ ജീര്‍ണമായിരുന്ന ലൈംഗിക അരാജകത്വത്തിന്റെ ഒരു കാലഘട്ടത്തെ ഒന്നാകെ പിടിച്ചുകുലുക്കിയ ഒരു സ്മാര്‍ത്തവിചാരത്തിലേക്ക് അറിയാതെ തിരിഞ്ഞുനോക്കിപ്പോവുന്നു.
കേരള ചരിത്രത്തില്‍ കുറിയേടത്തു താത്രിക്ക് ഒരു സാംസ്‌കാരിക നവോത്ഥാന നായികയുടെ സ്ഥാനം കല്പിച്ചുകൊടുത്തുകൊണ്ട് വി.ടി. ഭട്ടതിരിപ്പാട് ഒരിക്കല്‍ ഇങ്ങനെ നിരീക്ഷിച്ചിട്ടുണ്ട്:
'താത്രിക്കുട്ടി അക്കാലത്തു നിലനിന്നിരുന്ന പുരുഷമേധാവിത്വത്തിന്റെ ലൈംഗികമായ അരാജകത്വത്തിനെതിരെ, അതേ ആയുധംകൊണ്ട് ബോധപൂര്‍വം സമരംചെയ്യുകയായിരുന്നു. കാമത്തിനായിരു ന്നുവെങ്കില്‍ തിരഞ്ഞെടുത്ത ഏതാനും പേരെക്കൊണ്ട് തൃപ്തിപ്പെടാം. തീരെ ദരിദ്രരെക്കൂടി സമീപിച്ച സ്ഥിതിക്ക് പണത്തിനാണെന്നും കരുതുകവയ്യ. അപ്പോള്‍ വ്യക്തമാണ്, പ്രതിഷേധമനഃസ്ഥിതിയാണ് അവരെ ഇതിനു പ്രേരിപ്പിച്ചത്. സമുദായത്തില്‍ ഏതെങ്കിലും തരത്തില്‍ സ്വാധീനമോ അധികാരമോ നേതൃത്വമോ അര്‍ഹിക്കുന്ന വ്യക്തികളെ പിടിച്ചെടുത്ത് ലൈംഗിക വേഴ്ചയിലൂടെ മാനംകെടുത്തി വിട്ടിട്ടുണ്ടാവാം.'

വി.ടി.യുടെ ഈ നിരീക്ഷണം പിന്നീട് വളരെയാരും പിന്തുടര്‍ന്ന ന്വേഷിച്ചിട്ടില്ല. ഇരുപതാം നൂറ്റാണ്ടിലെ കേരളചരിത്രത്തില്‍ ഇരുളടഞ്ഞ ഒരധ്യായം മാത്രമായി കുറിയേടത്തു താത്രിയുടെ കഥയും 1905-ലെ സ്മാര്‍ത്തവിചാരവും കുപ്രസിദ്ധപ്പെട്ടു കിടക്കുന്നു.
ആ സ്മാര്‍ത്തവിചാരത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, പക്ഷേ അക്കാലത്തെ സാംസ്‌കാരിക സാഹചര്യങ്ങളിലെ ചില വൈ രുധ്യങ്ങള്‍കൂടി നാം കണക്കിലെടുക്കേണ്ടതുണ്ട്. വിശേഷിച്ചും മേലാള-കീഴാള സമുദായ ഘടനകളില്‍ അന്ന് പ്രകടമായി നിലനിന്നിരുന്ന സ്ത്രീ-പുരുഷബന്ധങ്ങളിലെ വ്യത്യാസങ്ങള്‍. കീഴാള കുടുംബബന്ധങ്ങളിലെ അന്നത്തെ ബഹുഭര്‍ത്തൃത്വസമ്പ്രദായവും മേലാളര്‍ക്കിടയി ലെ ബഹുഭാര്യാത്വവും ഇതിന്റെ പ്രാഥമികമായ ഉദാഹരണങ്ങള്‍ മാത്രമാണ്.

നവോത്ഥാനകാലത്തിനു മുന്‍പുതന്നെ കേരളത്തിലെ കീഴാള സമുദായങ്ങള്‍ മിക്കതും സ്ത്രീക്കുകൂടി പ്രാമുഖ്യമുള്ള കുടുംബവ്യവസ്ഥകളെ സ്വീകരിച്ചിരുന്നതായി കാണാം. എന്നാല്‍ മേലാള-സവര്‍ണ സമുദായങ്ങളില്‍ പുരുഷാധിപത്യം അക്കാലത്തും സുശക്തമായിരുന്നു. 1859-ല്‍ തിരുവിതാംകൂറിലെ കീഴാളജനവിഭാഗമായിരുന്ന ചാന്നാന്മാര്‍ തങ്ങളുടെ സ്ത്രീകള്‍ക്ക് മേല്‍മുണ്ടു ധരിക്കാനുള്ള അവകാശത്തിനുവേണ്ടി വമ്പിച്ച സമരങ്ങള്‍ നടത്തുകയും വിജയിക്കുകയും ചെയ്ത ചരിത്രം ഓര്‍മിക്കേണ്ടതാണ്. സ്ത്രീയുടെ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് ഒരേസമയം കേവലമായ മനുഷ്യനീതിയുടെയും സാമാന്യമായ സാംസ്‌കാരിക ബോധത്തിന്റെയും മൂല്യങ്ങളെ വെളിച്ചത്തു കൊണ്ടുവരികയാണ് 'ചാന്നാന്‍ ലഹള'കള്‍ ചെയ്തത്. ('മേല്‍മുണ്ട് പ്രക്ഷോഭം' എന്നും ഇവ ചരിത്രത്തില്‍ അറിയപ്പെടുന്നു.) സ്ത്രീയുടെ പ്രശ്‌നം പുരുഷന്റെയും സമുദായത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും സംസ്‌കാരത്തിന്റെയും മുഴുവന്‍ പ്രശ്‌നമാക്കിത്തീര്‍ക്കുന്ന ആഴമുള്ള ഒരുള്‍ക്കാഴ്ചയും ആ പ്രക്ഷോഭങ്ങള്‍ക്കുണ്ടായിരുന്നു.

എന്നാല്‍ 1903-ല്‍ ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ എസ്.എന്‍.ഡി.പി. യോഗവും 1905-ല്‍ അയ്യന്‍കാളിയുടെ നേതൃത്വത്തി ല്‍ സാധുജനപരിപാലന സംഘവും രൂപീകരിക്കപ്പെട്ടുകഴിഞ്ഞ കാല ത്തും, കേരളത്തിലെ സമുദായ ഘടനയില്‍ മേലേക്കിടയില്‍ നിന്ന നമ്പൂതിരിമാര്‍ക്കിടയില്‍ പെണ്ണിന്റെ 'അടുക്കളദോഷ'ത്തെ കേന്ദ്രീകരിച്ച് പ്രാകൃതമായ കുറ്റവിചാരണകള്‍ നടക്കുകയായിരുന്നു.
1905-ലാണല്ലോ സ്മൃതിനിയമങ്ങളുടെ അടിസ്ഥാനത്തില്‍ കൊച്ചി രാജ്യത്തെ ധര്‍മ്മശാസ്ത്രപടുക്കളായ ബ്രാഹ്മണര്‍ കുറിയേട ത്തു താത്രിയെ 'ചാരിത്ര്യദോഷ'ത്തിന്റെ പേരില്‍ വിചാരണ ചെയ്യു ന്നത്.

ആ 'സ്മാര്‍ത്തവിചാരം' നാല്പതു നാള്‍ നീണ്ടുനിന്നു. വിചാര ണയ്‌ക്കൊടുവില്‍ പ്രതിയായ 'സാധനം' (ഈ നപുംസകപ്പേരിലാണ് ചാരിത്ര്യദോഷം ആരോപിക്കപ്പെട്ട പെണ്ണ് അറിയപ്പെട്ടിരുന്നത്.) അറുപത്തിനാലു പുരുഷന്മാരുടെ പേരുകള്‍ വിളിച്ചുപറഞ്ഞു. രാജനീതി അവരെയെല്ലാം സ്മൃതിനിയമമനുസരിച്ച് സമുദായഭ്രഷ്ടരാക്കി.

അറുപത്തി അഞ്ചാമത്തെ പുരുഷന്റെ പേരുപറയാതെ താത്രി അദ്ദേഹം നല്കിയ മോതിരം വൃഷലി (ദാസി) മുഖേന സ്മാര്‍ത്തനെ കാണിച്ചു. 'ഈ പേരും പറയേണമോ' എന്നവള്‍ ചോദിച്ചപ്പോള്‍ സ്മാര്‍ ത്തനും മീമാംസകരും മഹാരാജാവും ഒന്നടങ്കം പരിഭ്രാന്തരായി. 'മതി മതി' എന്ന് വിചാരണ അവസാനിപ്പിച്ചു എന്നു ചരിത്രം.

പുരുഷകേന്ദ്രിതമായ പ്രഭുത്വം അതിന്റെ എല്ലാവിധ പ്രതിലോമ സ്വഭാവത്തോടുംകൂടി ആധിപത്യമുറപ്പിച്ചിരുന്ന ഒരു സമുദായത്തില്‍ നിരാലംബയായ ഒരു സ്ത്രീ തന്റെ ശരീരം ആയുധമാക്കിക്കൊണ്ടു നടത്തിയ ഈ കലാപത്തിന്റെ ചരിത്രം കൂടുതല്‍ ആഴത്തില്‍ പഠിച്ചറിയപ്പെടേണ്ടതാണ്. പതിനാലു നൂറ്റാണ്ടോളം പിറകിലേക്കു നീണ്ടുകിടന്ന അതിസങ്കീര്‍ണമായ ഒരാധിപത്യവ്യവസ്ഥയെയാണ് താത്രി ഒറ്റയ്ക്കു നേരിട്ടത്. അതിന്റെ പ്രാക്തനമായ നിയമശൃംഖലയ്ക്കുള്ളില്‍നിന്ന് അതിന്റെ തന്നെ അധികാരികളെ കുറ്റവാളികളാക്കാനും അവര്‍ക്കു കഴിഞ്ഞു.
സാമൂഹിക ലക്ഷ്യംമാത്രം മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഒരു വിപ്ലവശ്രമമായിരുന്നില്ല അതെന്നു സമ്മതിക്കാം. എങ്കിലും വി.ടി.യെപ്പോലുള്ള പില്‍ക്കാല സാമുദായിക പരിഷ്‌ക്കര്‍ത്താക്കളെ വളരെ ആഴത്തില്‍ സ്വാധീനിച്ച ഒരു സ്‌ഫോടനമായിരുന്നു അത്. അന്നത്തെ ജീര്‍ണമായ സാമൂഹികവ്യവസ്ഥയെ 'അകം പുറംമറി'ക്കാന്‍പോന്ന ഒരു ചാലക 'ശക്തി'യായി കുറിയേടത്തു താത്രി മാറിത്തീര്‍ന്നു.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education