ചിരവയൊച്ച കേട്ട പൂച്ച

പുനത്തില്‍ കുഞ്ഞബ്ദുള്ള

03 Jun 2013


പണ്ട് വീട്ടുകാരോടു പിണങ്ങി മക്കത്തേക്ക് ഹജ്ജിനു പോയ പൂച്ചയെപ്പോലെയാണ് ഞാനും. തേങ്ങ ചിരകുന്ന ഒച്ച കേട്ടാല്‍ ഞാന്‍ ഓടി അടുക്കളയിലെത്തും. അതുപോലെ മീന്‍ കൊണ്ടുവന്നാലും. അടുക്കളയില്‍ എനിക്കിഷ്ടപ്പെട്ട മൂന്നു കാര്യങ്ങളാണ് തേങ്ങാ ചിരവല്‍, മോര് കടയല്‍, മീന്‍ വറുക്കല്‍.

മുത്തശ്ശി തേങ്ങ ചിരവുന്നതിനുമുമ്പായി ഒരു നാളികേരപ്പൂള്‍ എനിക്കു തരും. എന്നാലും ചിരവയില്‍നിന്ന് ഒരു കിള്ള് വാരിയെടുത്ത് എനിക്കു തിന്നണം. അതാണ് ഏറ്റവും ടേസ്റ്റ്. ചിലപ്പോള്‍ ചിരവയുടെ മൂര്‍ച്ചയേറിയ കുഞ്ഞിപ്പല്ലുകള്‍കൊണ്ട് എന്റെ കൊച്ചുകൈവിരല്‍ മുറിഞ്ഞെന്നു വരും.

ആഹാരാസ്വാദനശേഷികൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്. എങ്കിലും മനുഷ്യനു ലഭിച്ച വലിയ അനുഗ്രഹങ്ങളിലൊന്നാണ് ആഹാരാസ്വാദനശേഷി. നന്നായി ആസ്വദിച്ചു കഴിക്കുമ്പോഴുള്ള ആനന്ദം എത്ര വലുതാണ്. എന്നാല്‍, ചിലര്‍ ആഹാരം കഴിക്കുന്നതു കണ്ടാല്‍ വല്ല വഴിപാടും നടത്തുന്നതുപോലെയിരിക്കും.

ഭക്ഷണം ആഘോഷമാക്കുന്നവരും വഴിപാടാക്കുന്നവരും അനുഷ്ഠാനമാക്കുന്നവരുമുണ്ട്. വടക്കന്‍ കേരളത്തിലെ മുസ്‌ലിംകള്‍ക്ക് ഭക്ഷണം ഒരാഘോഷമാണ്. അന്തരിച്ച പ്രശസ്ത സംവിധായകന്‍ അരവിന്ദന്‍ ഭക്ഷണം കഴിക്കുന്നത് ഒരു വഴിപാടുപോലെയായിരുന്നു. എല്ലാം ഒരു നിമിഷംകൊണ്ട് കൂട്ടിക്കുഴച്ച് വാരിവലിച്ചു വിഴുങ്ങി അവസാനിപ്പിക്കുക. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന വി.കെ. മാധവന്‍കുട്ടി ഭക്ഷണം കഴിക്കുന്നത് ഒരനുഷ്ഠാനംപോലെയാണ്. ഇലയിട്ട് വിഭവങ്ങളെല്ലാം വിളമ്പി, നെയ്യും പരിപ്പും ചേര്‍ത്ത് ആദ്യ ഉരുളതുടങ്ങി പതുക്കെപ്പതുക്കെ ഓരോ കറികളും കൂട്ടി ആസ്വദിച്ച് പ്രഥമനിലും പായസത്തിലും എത്തിയശേഷം പുളിശ്ശേരിയും കൂട്ടി അവസാനപിടി ഉരുട്ടിത്തിന്ന് ഇഞ്ചിത്തൈരിലും പുളിയിഞ്ചിയിലും തൊട്ടുനക്കി ഒരേമ്പക്കവും വിട്ട് പതുക്കെ, ചെറിയ തളര്‍ച്ചയോടെ സ്ലോമോഷനില്‍ ചുരുട്ടിപ്പിടിച്ച കയ്യുമായി എഴുന്നേറ്റു പോകുക.

നല്ല ആഹാരം ഉണ്ടാക്കുവാനുള്ള കഴിവ് എല്ലാവര്‍ക്കുമില്ല. എന്നാല്‍ ചെറുപ്പംമുതല്‍ ശ്രമിച്ചാല്‍ ഈ കഴിവ് വളര്‍ത്താം. നല്ല ആഹാരമുണ്ടാക്കുകയെന്നത് ഒരു ടെക്‌നോളജിയാണ്. ക്ഷമയും ഭാവനയും നല്ല പ്ലാനിങ്ങും ശാസ്ത്രബോധവുമൊക്കെ ആവശ്യമായ പ്രവര്‍ത്തനമാണ് ആഹാരനിര്‍മാണം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ വീടിന്റെ ഗവേഷണശാലതന്നെയാണ് അടുക്കള.

നാം നിത്യവും ചായയും കാപ്പിയും കുടിക്കുന്നു. എന്നാല്‍ അപൂര്‍വമായേ നല്ല ചായയും നല്ല കാപ്പിയും നമുക്കു ലഭിക്കുന്നുള്ളൂ. കാപ്പിയെക്കാള്‍ പ്രയാസമുണ്ട് നല്ല ചായയുണ്ടാക്കാന്‍. രണ്ടാള്‍ക്കോ നാലാള്‍ക്കോ ചായയുണ്ടാക്കാന്‍ എത്ര വെള്ളം വേണം. ചായപ്പൊടി ഇടുന്നതിനുമുമ്പ് വെള്ളം എത്രമാത്രം തിളയ്ക്കണം. വെള്ളം അധികം തിളച്ചുതുള്ളിയാല്‍ ചായയുടെ രുചി കുറഞ്ഞുപോകും. ചായയില നുറുക്കാണോ ഡസ്റ്റാണോ ഇലയായിട്ടാണോ എന്നെല്ലാം നോക്കിയിട്ടുവേണം തേയിലയുടെ അളവ് കണക്കാക്കാന്‍. പിന്നെ എത്ര പാല്‍ വേണം, എത്ര പഞ്ചസാര വേണം എന്നെല്ലാം തീരുമാനിച്ചുവേണം ചായയുണ്ടാക്കാന്‍.

അടുക്കളയിലെ പാചകം മോശപ്പെട്ട കാര്യമല്ല. കഥയെഴുതുന്നതുപോലെ, ചിത്രം വരയ്ക്കുന്നതുപോലെ, നൃത്തംവെക്കുന്നതുപോലെ അതും ഒരു കലയാണ്. ഒരു പുതിയ വിഭവം കണ്ടുപിടിക്കുന്നത് ഒരു പുതിയ കവിതയെഴുതുന്നതുപോലെ മഹത്തായ ഒരു സര്‍ഗപ്രക്രിയതന്നെയാണ്. അടുക്കളക്കാര്യങ്ങളില്‍ ആണ്‍കുട്ടികള്‍ പൊതുവേ വിമുഖരാണ്. ഈ ആഗോളയുഗത്തില്‍, അണുകുടുംബങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകുന്ന ജീവിതത്തില്‍ ആണും പെണ്ണും ഒരുപോലെ ഭക്ഷണനിര്‍മിതിയില്‍ ഏര്‍പ്പെടേണ്ടിവരും. ഭാര്യ പാത്രങ്ങള്‍ കഴുകുമ്പോള്‍ ഭര്‍ത്താവ് കറിക്കു നുറുക്കിക്കൊടുക്കണം. അതിനുള്ള ഒരു പരിശീലനകേന്ദ്രമാക്കി അടുക്കള ചെറുപ്പത്തിലേ ഉപയോഗിച്ചുതുടങ്ങണം.

ഇതെല്ലാം മനുഷ്യനെക്കൊണ്ട് ചെയ്യിക്കുന്നത് വിശപ്പ് എന്ന സ്ഥായിയായ വികാരമാണ്. മനുഷ്യനു വിശപ്പില്ലായിരുന്നെങ്കില്‍ ഈ ലോകം പണ്ടേ മറ്റൊന്നായിത്തീര്‍ന്നേനേ. ഇവിടെ സംഘട്ടനമുണ്ടാകുകയില്ല. സംഘര്‍ഷമുണ്ടാവുകയില്ല. എന്തിന് യുദ്ധംപോലുമുണ്ടാകുമായിരുന്നില്ല.

ഇങ്ങനെ ആലോചിക്കുമ്പോള്‍ മനുഷ്യന്റെ ആകത്തുക ഭക്ഷണം മാത്രമായിരിക്കും. ഭക്ഷണത്തെ മുന്‍നിര്‍ത്തിയാണ് ജീവിക്കാന്‍വേണ്ടി തിന്നുന്നവരും തിന്നുവാന്‍വേണ്ടി ജീവിക്കുന്നവരും ഭൂമിയില്‍ നിലനില്‍ക്കുന്നത്.

തിന്നുവാന്‍വേണ്ടി ജീവിച്ച ഒരു രോഗിയുടെ കഥ ഓര്‍മ വരികയാണ്. ഏകദേശം പത്തിരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. കച്ചവടക്കാരനായ ഒരു ചെറുപ്പക്കാരന്‍ രോഗി എന്നെ കാണാന്‍ വന്നു. വിശപ്പില്ലായ്മയാണ് അയാളുടെ രോഗം. അയാളോട് ഞാന്‍ ചോദിച്ചു: 'ആട്ടെ, എങ്ങനെയൊക്കെയാണ് നിങ്ങളുടെ ഭക്ഷണരീതി?'

'രാവിലെ ഉണര്‍ന്ന ഉടനെ പശുവിന്‍പാലിലുണ്ടാക്കിയ ഒരു കാപ്പി കുടിക്കും. കടയില്‍ പോകാന്‍ നേരത്ത് രണ്ടു മുട്ടയുടെ ബുള്‍സൈ, നാലു ടോസ്റ്റ് വിത്ത് ബട്ടര്‍, ഒരു കപ്പ് പാലില്‍ കുതിര്‍ത്ത കോണ്‍ഫ്‌ളേക്‌സ്, പുഴുങ്ങിയ ഒരു നേന്ത്രപ്പഴം. അങ്ങനെ ചെറിയ ഒരു ബ്രേക്ഫാസ്റ്റ് ഡോക്ടര്‍. അത്രമാത്രം.
കടയിലെത്തി കച്ചവടം നോക്കിയും കണക്കുകളെഴുതിയും കൊണ്ടിരിക്കെ പതിനൊന്നു മണിയാവുമ്പോള്‍ ഹോര്‍ലിക്‌സും ക്രീം ബിസ്‌കറ്റും കൊണ്ടുവന്ന് മുന്നില്‍ വെക്കും. പക്ഷേ, തിന്നാന്‍ വയ്യ.'
'ഉം?' ഞാന്‍ ചോദിച്ചു.
'വിശപ്പില്ല ഡോക്ടറേ. എന്നാലും ദേഹം ക്ഷീണിക്കുമല്ലോ എന്നോര്‍ത്ത് ഞാനത് എടുത്ത് കഴിക്കും. ശേഷം വായ നന്നാക്കാന്‍വേണ്ടി മേശവലിപ്പ് തുറന്ന് കാഡ്ബറീസിന്റെ രണ്ടുമൂന്ന് എക്ലയര്‍ ചോക്കലേറ്റ് നുണച്ചിറക്കും.
ഉച്ചയ്ക്കു വീട്ടിലെത്തിയാല്‍ അരപ്ലേറ്റ് ആവി പറക്കുന്ന ചോറു നെയ്യും പരിപ്പും കൂട്ടി ആദ്യം കഴിക്കും. പിന്നീട് സാമ്പാറും അവിയലും കൂട്ടി ഒരു അര പ്ലേറ്റ്. വറുത്ത മീനും തേങ്ങയരച്ചു വറ്റിച്ചുവെച്ച മീനും മുളകും പുളിയും ചേര്‍ത്തുവെച്ച വരട്ടിയ മീനും ഒരു കഷ്ണം ചിക്കന്‍ ഫ്രൈയും കൂട്ടിക്കൊണ്ട് ഒരു അര പ്ലേറ്റ് കൂടെ.

പിന്നീട് ഞാനധികം കഴിക്കില്ല. നല്ല പുളിക്കാത്ത കട്ടിത്തൈര് കൂട്ടി അര പ്ലേറ്റ് ചോറുമാത്രം. എന്നിട്ടെന്തു ഫലം. എന്റെ ജീവനില്‍ ജീവനായ രണ്ടു സാധനങ്ങളാണ് മോരും രസവും. ഇതും രണ്ടും കൂട്ടി ഉണ്ടില്ലെങ്കില്‍ ഉണ്ടെന്ന് വരുമോ? അങ്ങനെ മനസ്സില്ലാമനസ്സോടെ മോരും രസവും കൂട്ടി അരപ്ലേറ്റ് കൂടി ഉണ്ണും. എന്റെ കാര്യം കഷ്ടമാ ഡോക്ടറേ.'
'ഉം?'
'വിശപ്പില്ല ഡോക്ടറേ...'
'ഉച്ചമയക്കത്തിനുശേഷം കടയിലേക്കു പോകുമ്പോള്‍ കട്‌ലറ്റും ഹല്‍വയും ചായയും കൊണ്ടുവന്നു വെച്ചിട്ടുണ്ടാകും. വിശപ്പുണ്ടായിട്ടു വേണ്ടേ തിന്നാന്‍. എന്നാലും ശ്രീമതി പിണങ്ങുമല്ലോ എന്നു കരുതി രണ്ടുമൂന്ന് കട്‌ലറ്റുകള്‍ ഞാന്‍ എടുത്തു തിന്നും. പിന്നെ ഒരു രസത്തിനുവേണ്ടി രണ്ടു കഷ്ണം ഹല്‍വയും.

രാത്രിയിലത്തെ കാര്യമാണ് ഏറ്റവും കഷ്ടം. സന്ധ്യയാകുമ്പോള്‍ ദാഹശമനത്തിനായി ഒരു വലിയ ഗ്ലാസ് ജൂസ് ഞാന്‍ കുടിച്ചിരിക്കും. വെറും വെള്ളമല്ലേ ജൂസ്. എന്നിട്ടെന്തു കാര്യം. രാത്രി ഒമ്പതുമണിയാവുമ്പോള്‍ ടേബിളില്‍ ഭക്ഷണം നിരത്തിയാല്‍ എനിക്കൊരാര്‍ത്തി തോന്നണ്ടേ. മനസ്സില്ലാമനസ്സോടെ നാലഞ്ച് വെള്ളയപ്പവും ചിക്കന്‍ കറിയും ഞാനകത്താക്കും. വിശന്നിട്ട് വേണ്ടേ എന്തെങ്കിലും തിന്നാന്‍. രാത്രി ഉറക്കറയില്‍ വലിയ പളുങ്കുഗ്ലാസ്സില്‍ പാലുമായി ഭാര്യ വരുന്നതു കാണുമ്പോള്‍ എന്റെ ചങ്കിടിക്കും.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend



 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education