ഈശ്വരന്‍ ബധിരനാണോ?

അഷ്ടമൂര്‍ത്തി

01 Apr 2013


ഞങ്ങളുടെ അടുത്ത കൂട്ടുകാരന്‍ ജയരാമന്‍ കടമ്പാട്ടിന്റെ അമ്മയുടെ മരണം അന്വേഷിച്ചാണ് ഇ. സന്തോഷ്‌കുമാറും ഞാനും അന്നനാട്ടിലുള്ള അയാളുടെ തറവാട്ടില്‍ എത്തിയത്. സന്തോഷിന്റെ കുടുംബവുമുണ്ടായിരുന്നു ഒപ്പം. ഞങ്ങള്‍ ചെല്ലുന്നുണ്ടെന്നറിഞ്ഞ് സച്ചിദാനന്ദന്‍ പുഴങ്കരയും അവിടെയെത്തിയിരുന്നു.

ചാലക്കുടിപ്പുഴയുടെ തീരത്താണ് ജയരാമന്റെ തറവാട്. വൃശ്ചികമാസത്തിലെ സന്ധ്യയായിരുന്നു. പുഴയില്‍നിന്ന് തണുത്ത കാറ്റ് വീശുന്നുണ്ട്. സച്ചിദാനന്ദന്‍ തന്റെ പുഴയുടെ ഭംഗിയെക്കുറിച്ച് വാചാലനായി. കുട്ടിക്കാലത്ത് പുഴയില്‍നിന്നു കയറിയിരുന്നില്ല. കൂട്ടുകാരൊത്ത് തോണി കളിക്കുമായിരുന്നു. മണല്‍ത്തിട്ടില്‍ കുത്തിമറിയുമായിരുന്നു. പക്ഷേ, ഇപ്പോള്‍ പുഴ വല്ലാതെ മാറിപ്പോയി. മണല്‍ത്തിട്ടു പോയി. തോണി കളിക്കുന്നവരില്ലാതായി. ചൊറി വരുമെന്നു പേടിച്ച് ആരും പുഴയില്‍ കുളിക്കാതെയുമായി. ഇപ്പോഴത്തെ പുഴ പഴയതിന്റെ വെറും ഓര്‍മ മാത്രമായിരിക്കുന്നു.

തറവാട്ടിലേക്കു കയറിക്കഴിഞ്ഞിരുന്നില്ല. പണ്ടത്തെ ചാരുതയില്ലായിരിക്കാം. എന്നാലും പുഴ പുഴയാണല്ലോ. ഞങ്ങള്‍ പുഴക്കരയിലേക്കു നടന്നു.

പുഴയുടെ തീരത്ത് ഒരമ്പലമുണ്ട്. കുടുങ്ങാപ്പുഴ ശിവക്ഷേത്രമാണതെന്ന് ജയരാമന്‍ അറിയിച്ചു. ഭൂമിയുടെ അറ്റത്തേക്കെന്നപോലെ ഒതുങ്ങിനില്ക്കുന്ന അമ്പലം. പുഴയിലേക്ക് വെട്ടിയിറക്കിയ കടവുണ്ട്. ആകെ നിശ്ശബ്ദത. കടുത്ത ഭക്തരല്ലാത്തവര്‍ക്കുപോലും ഈശ്വരചിന്തയുണ്ടാക്കുന്ന അന്തരീക്ഷം.

അമ്പലക്കടവില്‍ ആരും കുളിക്കാറില്ലെന്ന് ഉണങ്ങിക്കിടക്കുന്ന കല്‍പ്പടവുകള്‍ വിളിച്ചറിയിച്ചു. കടവ് വിജനമായിരുന്നു. രോഷ്ണി കുട്ടികളെയുംകൊണ്ട് പുഴയിലേക്കിറങ്ങി. അവരുടെ കാലുകള്‍ ചാലക്കുടിപ്പുഴ നനച്ചുകൊടുത്തു.

പുഴയുടെ തീരത്ത് എത്ര നേരം വേണമെങ്കിലും നില്ക്കാം. ആര്‍ക്കും പ്രത്യേകിച്ച് ഒരു തിടുക്കവുമുണ്ടായിരുന്നില്ല. നേരം ഇരുട്ടിത്തുടങ്ങിയപ്പോള്‍ ഇനി തറവാട്ടിലേക്കു കയറാം എന്ന് ജയരാമന്‍ ഓര്‍മപ്പെടുത്തി. മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ പുഴയോട് വിട പറഞ്ഞു.

ജയരാമന്റെ തറവാട് വളരെ വലിയതായിരുന്നു. വിശാലമായ പൂമുഖത്ത് എത്ര പേര്‍ക്കു വേണമെങ്കിലും ഇരിക്കാം. കൂടപ്പിറപ്പുകളും അവരുടെ മക്കളും മക്കളുടെ മക്കളുമൊക്കെയായി ധാരാളം പേര്‍ അവിടെയുണ്ടായിരുന്നു. വേണ്ടപ്പെട്ടവരുടെ മരണം ഇത്തരം ഒത്തുകൂടലുകള്‍ക്ക് അവസരമുണ്ടാക്കുമല്ലോ.

ഞങ്ങള്‍ വര്‍ത്തമാനം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നാണ് അമ്പലത്തിലെ മൈക്ക് അലറിവിളിക്കാന്‍ തുടങ്ങിയത്. സന്തോഷിന്റെ കൈയിലെ ചായ തുളുമ്പിപ്പോയി. തികച്ചും അപ്രതീക്ഷിതമായിരുന്നതുകൊണ്ട് ഞാനും ഒന്നു കിടുങ്ങിപ്പോയി.

'അടുത്ത കാലംവരെ ഇവിടെ ഇങ്ങനെ ഒരു പതിവുണ്ടായിരുന്നില്ല,' ജയരാമന്‍ പറഞ്ഞു. 'പണ്ടാണെങ്കില്‍ ടേപ് റെക്കോഡറൊന്നും ഉണ്ടായിരുന്നില്ലല്ലോ. ഉണ്ടെങ്കില്‍ത്തന്നെ ദരിദ്രമായ അമ്പലത്തിന് അതൊന്നും വാങ്ങാനുള്ള കോപ്പുമുണ്ടായിരുന്നില്ല.'

എഴുപതുകളുടെ ആദ്യത്തിലാണ് കേരളത്തില്‍ ടേപ് റെക്കോഡര്‍ പ്രചാരത്തിലായത്. അതോടെയാണ് പല അമ്പലങ്ങളിലും പാട്ടുകള്‍ വെച്ചുതുടങ്ങിയതും. അറുപതുകളില്‍ ദാരിദ്ര്യത്തിന്റെ പിടിയില്‍ അകപ്പെട്ട അമ്പലങ്ങള്‍ മെല്ലെമെല്ലെ സമ്പന്നതയിലേക്കു നീങ്ങുന്ന കാലവുമായിരുന്നു അത്. ഈ പാട്ടുപരിഷ്‌കാരം തുടങ്ങിയ കാലത്തുതന്നെ ഇതുണ്ടാക്കുന്ന ശബ്ദശല്യത്തെ വിമര്‍ശിച്ചുകൊണ്ട് മാതൃഭൂമിയില്‍ ഒരു കത്തു വന്നിരുന്നു. തൃശ്ശൂരിലെ ശ്രീകേരളവര്‍മ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ. ഇ. കെ. നാരായണന്‍ പോറ്റിയാണ് അതെഴുതിയിരുന്നത്. ശങ്കരന്‍കുളങ്ങര അമ്പലത്തില്‍ ഇങ്ങനെ ഉച്ചത്തില്‍ പാട്ടു വെച്ചതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. പക്ഷേ, കൂടുതല്‍ പ്രകോപിതരായത് അമ്പലം ഭാരവാഹികളും ചില തീവ്രഭക്തരുമായിരുന്നു. അവര്‍ ആ വന്ദ്യവയോധികനെ കയ്യേറ്റം ചെയ്തു.

ഇന്ന് ആരെങ്കിലും അങ്ങനെ ഒരു കത്ത് എഴുതാന്‍ ധൈര്യപ്പെടുമോ എന്ന് ജയരാമന്‍. ധൈര്യപ്പെട്ടെങ്കില്‍ത്തന്നെ അത്തരം ഒരു കത്ത് പ്രസിദ്ധീകരിക്കാന്‍ ഏതെങ്കിലും പത്രം തയ്യാറാവുമോ എന്ന് സച്ചിദാനന്ദന്‍ പുഴങ്കര.

അങ്ങനെ ഒരാള്‍ ഇപ്പോള്‍ മുന്നോട്ടു വന്നിട്ടുണ്ടെന്ന് ഞാനവരെ അറിയിച്ചു. ചിറയിന്‍കീഴ് സ്വദേശി കെ. സോമസുന്ദരം. അദ്ദേഹം മനുഷ്യാവകാശക്കമ്മീഷനു മുന്‍പാകെ പരാതി സമര്‍പ്പിച്ചിരിക്കുന്നു. ഉച്ചഭാഷിണികളുണ്ടാക്കുന്ന ശബ്ദമലിനീകരണംമൂലം ജീവിക്കാനുള്ള അവകാശംപോലും നഷ്ടപ്പെടുന്നു എന്നാണ് അദ്ദേഹത്തിന്റെ പരാതി. ദിവസവും പുലര്‍ച്ചെ 4.45ന് അലറിവിളിക്കാന്‍ തുടങ്ങുന്ന ഉച്ചഭാഷിണികള്‍ പിറ്റേ ദിവസം രാത്രി ഒരു മണി വരെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിലെ മിക്ക അമ്പലങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണികള്‍ എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടിരിക്കുകയാണെന്നു കണ്ടെത്തിയിട്ടുണ്ട്.

ആരാധനാലയങ്ങളുടെ ഈ ഏര്‍പ്പാട് ഇന്ന് എല്ലാവരും അംഗീകരിച്ചമട്ടാണ്. എന്താണ് അതിലെ അന്യായം എന്ന് ഇതു വായിക്കുന്നവരില്‍പ്പലര്‍ക്കും മനസ്സിലാക്കാന്‍തന്നെ കഴിയുമെന്ന് എനിക്കു വിശ്വാസമില്ല. അങ്ങനെയാവുമ്പോള്‍ സോമസുന്ദരത്തിന് എത്രകണ്ട് ജനപിന്തുണ കിട്ടുമെന്ന് കണ്ടുതന്നെയറിയണം.

പാട്ടു വെക്കാത്ത അമ്പലങ്ങള്‍ ഇന്ന് അപൂര്‍വമാണ്. എന്റെ നാട്ടിന്‍പുറത്തും മൂന്ന് അമ്പലങ്ങളില്‍നിന്നായി അതിരാവിലെത്തന്നെ കൊലവിളികള്‍ ഉയരാറുണ്ട്. വീട് അല്പം അകലത്തായതുകൊണ്ട് എന്റെ പ്രഭാതങ്ങളെ അവ അലങ്കോലമാക്കാറില്ല എന്നു മാത്രം. അടുത്ത വീടുകളില്‍ താമസിക്കുന്നവരുടെ കാര്യം അതല്ലല്ലോ. രാമായണമാണ്, നാരായണീയമാണ്, വിഷ്ണുസഹസ്രനാമമാണ്, വെങ്കടേശസുപ്രഭാതമാണ് എന്നൊക്കെ പറഞ്ഞിട്ടു കാര്യമുണ്ടോ?

പാട്ടുകള്‍ തിരഞ്ഞെടുക്കുന്നതിലും ലവലേശം ഔചിത്യമില്ല. പണ്ട് ടേപ് റെക്കോഡര്‍ വ്യാപകമാവുന്നതിനു മുന്‍പ് ഗ്രാമഫോണ്‍ റെക്കോഡുകളാണല്ലോ ഉപയോഗിച്ചിരുന്നത്. രാവിലെ അഞ്ചു മണിയാവുന്നേയുള്ളൂ. പരീക്ഷക്കാലമായതുകൊണ്ട് നേരത്തേ എഴുന്നേറ്റ് പഠിക്കാനിരുന്നു. അപ്പോഴാണ് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള അമ്പലത്തില്‍നിന്ന് പാട്ടു തുടങ്ങിയത്. അക്കരപ്പച്ച എന്ന സിനിമ ഇറങ്ങിയ കാലമാണ്. 'ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ' എന്നു പ്രാര്‍ഥിച്ച് മാധുരി മറഞ്ഞേയുള്ളൂ. 'മനസ്സൊരു മയില്‍പ്പേട, മണിച്ചിറകുള്ള മയില്‍പ്പേട!' എന്ന് ഉച്ചത്തിലുച്ചത്തില്‍ അലറിക്കൊണ്ട് പിന്നാലെ വന്നു യേശുദാസ്. പാട്ടു വെക്കാന്‍ ചുമതലപ്പെട്ട ആള്‍ പകുതി ഉറക്കത്തില്‍ റെക്കോഡ് മറിച്ചിട്ടതുകൊണ്ടുണ്ടായ അന്ധാളിപ്പ്!

അക്കാലമൊക്കെ മാറി. ഇപ്പോള്‍ ഭക്തിഗാനങ്ങള്‍ക്ക് സിനിമാപ്പാട്ടുകളെ ആശ്രയിക്കേണ്ടതില്ല. ആയിരക്കണക്കിന് സീഡികളാണ് ഭക്തിഗാനങ്ങളെന്ന പേരില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നത്. മുരുകന്‍ വേണോ, അയ്യപ്പന്‍ വേണോ, കൃഷ്ണന്‍ വേണോ, ശിവന്‍ വേണോ? മുപ്പത്തിമുക്കോടി ദൈവങ്ങളില്‍ ആരെ വേണമെങ്കിലും പറഞ്ഞോളൂ. ഏതും എപ്പോഴും അവെയ്‌ലബ്ള്‍ ആണ്.

ഈ ആല്‍ബങ്ങള്‍ ഭക്തജനപ്രിയമാക്കാന്‍ ഇന്നുള്ള തന്ത്രങ്ങളില്‍ ഒന്ന് എല്ലാ അമ്പലങ്ങള്‍ക്കും അവ സൗജന്യമായി കൊടുക്കുകയാണ്. നിരന്തരം കേള്‍പ്പിച്ചു കേള്‍പ്പിച്ച് അവരതു ഹിറ്റ് ചാര്‍ട്ടിലാക്കിക്കോളും. എന്നാല്‍ അതിന്റെ സാധ്യതയും ഇപ്പോള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണുപോല്‍. കാരണം, മിക്കവാറും എല്ലാ അമ്പലക്കാരും അവരവരുടെ ദേവീദേവന്മാരെക്കുറിച്ച് പാട്ടുകളെഴുതിച്ച് ആല്‍ബങ്ങള്‍ ഇറക്കിക്കൂട്ടിയിട്ടുണ്ട്.

മൈക്കിന്റെ ഈ ദുരുപയോഗം ഹിന്ദുക്കളുടെ കുത്തകയാണെന്നു കരുതേണ്ട. മുസ്‌ലിം പള്ളികളില്‍നിന്നുള്ള വാങ്കുവിളികളും ഇതേപോലെത്തന്നെ ഉച്ചത്തിലാണ്. അതു കേള്‍ക്കുമ്പോള്‍ എല്ലാ പ്രവൃത്തികളും നിര്‍ത്തിവെക്കണം എന്ന കീഴ്‌വഴക്കവുമുണ്ട്. അതുകൊണ്ട് സമ്മേളനങ്ങള്‍പോലും ആ സമയത്ത് മരവിപ്പിച്ചു നിര്‍ത്താറുണ്ട്.
അതുപോലെത്തന്നെ ഉച്ചത്തിലാണ് കുറച്ചു കാലം മുന്‍പുമുതല്‍ പരിഷ്‌കാരമായി മാറിയ ധ്യാനയോഗങ്ങളും. ബസ്സ്റ്റാന്‍ഡ് പോലുള്ള ആള്‍ത്തിരക്കുള്ള സ്ഥലങ്ങളില്‍ വിശാലമായ പന്തലുകള്‍ കെട്ടിയാണ് ഇത്തരം യോഗങ്ങള്‍ നടത്താറ്. ധ്യാനത്തിനെത്തിയവരെക്കൊണ്ട് വളരെ ഉച്ചത്തില്‍ ഹലേലുയ്യാ പാടിക്കുന്നത് പരിസരം മുഴുവന്‍ പ്രകമ്പനംകൊള്ളിച്ചുകൊണ്ടാണ്. അകത്തുള്ളവര്‍ക്ക് സമാധാനം കിട്ടാറുണ്ടോ എന്നറിയില്ല, പുറത്തുള്ളവര്‍ക്ക് അതു നഷ്ടപ്പെടാറാണ് പതിവ്.

ഇപ്പോള്‍ ന്യായമായും സംശയിച്ചുപോവുന്നു: ദൈവത്തിന്, അത് ഹിന്ദുവായാലും മുസ്‌ലിമായാലും ക്രിസ്ത്യാനിയായാലും, ചെവി കേട്ടുകൂടേ? അവര്‍ കേള്‍ക്കണമെങ്കില്‍ ഇത്രയും ഉച്ചത്തില്‍ ഒച്ച വെക്കണമെന്ന് ആരാണ് നിശ്ചയിച്ചത്? 'ആര്‍ത്തുവിളിച്ചാലേ ചിലര്‍ക്ക് മനസ്സിലാവുള്ളൂ എന്നുണ്ട്' എന്ന് വടക്കന്‍ വീരഗാഥയില്‍ അരിങ്ങോടരുടെ മകള്‍ കുഞ്ഞി, ചന്തുച്ചേകവരെ കുറ്റപ്പെടുത്തുന്നുണ്ട്.
 1 2 NEXT 
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education