പ്രധാനപ്പെട്ട ഫയലുകളെല്ലാം സോണിയാഗാന്ധിയുടെ വസതിയിലേക്കാണ് പോകുന്നത്..!!!

കുല്‍ദീപ് നയ്യാര്‍ (പരിഭാഷ:എന്‍.കെ. ഭൂപേഷ്)

20 Mar 2013


2004 ലെ തിരഞ്ഞെടുപ്പുഫലം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. എന്‍.ഡി.എയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. ഇന്ത്യ തിളങ്ങുന്നുവെന്ന മുദ്രാവാക്യം ഗുണം ചെയ്യുമെന്നും അവര്‍ കരുതി. എന്നാല്‍ 138 സീറ്റുകള്‍ മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. സഖ്യകക്ഷികള്‍ക്കും നിരവധി സീറ്റുകള്‍ നഷ്ടപ്പെട്ടു.

ബി.ജെ.പി. സര്‍ക്കാറില്‍ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. വര്‍ഗീയമായ അവരുടെ പക്ഷപാതിത്വത്തെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു. ആര്‍.എസ്.എസ്സിന്റെ രാഷ്ട്രീയമുഖം മാത്രമാണ് അവരെന്നത് പരസ്യമായ രഹസ്യമായിരുന്നു. പലരും ബി.ജെ.പി. അധികാരത്തിലെത്തുമെന്ന് കരുതിയിരുന്നുവെങ്കിലും എനിക്ക് അക്കാര്യത്തില്‍ സംശയമുണ്ടായിരുന്നു. ഹിന്ദുക്കളില്‍ ഏറെപ്പേരും ബഹുസ്വരതയില്‍ വിശ്വസിക്കുന്നവരാണെന്ന് എനിക്ക് അറിയാമായിരുന്നു. അല്ലെങ്കില്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറിയേനേ. ഞാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ആഗ്രഹിച്ചു. കാരണം അത് ബി.ജെ.പിയെ അപേക്ഷിച്ച് അത്ര അപകടകാരിയായിരുന്നില്ല.

അപ്രതീക്ഷിതമായി കോണ്‍ഗ്രസ്സിന് 145 സീറ്റുകളാണു ലഭിച്ചത്. ബി.ജെ.പിയെക്കാള്‍ ഏഴു സീറ്റുകള്‍ കൂടുതലാണു ലഭിച്ചത്. എന്നാല്‍, കോണ്‍ഗ്രസ്സുമായി പ്രത്യയശാസ്ത്രപരമായി അടുപ്പം പുലര്‍ത്തിയിരുന്ന പാര്‍ട്ടികള്‍ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. ഇടതുപക്ഷത്തിന് 60 സീറ്റുകള്‍ ലഭിച്ചു. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിന് 24 ഉം സമാജ് വാദി പാര്‍ട്ടിക്ക് 36 ഉം സീറ്റുകള്‍ ലഭിച്ചു. യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് രൂപീകരിച്ച കോണ്‍ഗ്രസ് അതിന്റെ അധ്യക്ഷയായി സോണിയാഗാന്ധിയെ നിയമിക്കുകയും ചെയ്തു.

സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നായിരുന്നു കോണ്‍ഗ്രസ്സിലെ ശക്തമായ ഒരു വിഭാഗത്തിന്റെ ആവശ്യം. നേരത്തേ 13 സീറ്റുകള്‍ ഉണ്ടായിരുന്നപ്പോള്‍ സോണിയാഗാന്ധിയെ പിന്തുണയ്ക്കാതിരുന്ന മുലായം സിങ് യാദവ് ഇത്തവണ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ അതെന്നെ ആശ്ചര്യപ്പെടുത്തി. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായും സോണിയാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയുമായി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. അതുപോലെ സംഭവിക്കുകയും ചെയ്തു. എന്നാല്‍ സോണിയാഗാന്ധിയുടെ കൈയിലെ ഉപകരണം മാത്രമാകും മന്‍മോഹന്‍ സിങ്ങെന്നോ, അവര്‍ക്ക് സര്‍ക്കാറില്‍ ഇത്രവലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നോ ഞാന്‍ കരുതിയില്ല. സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ തുടങ്ങിയതോടെ മന്‍മോഹന്‍ സിങ് മറയായി ഉപയോഗിക്കുന്ന നേതാവ് മാത്രമാണെന്ന് ബോധ്യപ്പെട്ടു തുടങ്ങി.

മന്‍മോഹന്‍ സിങ്ങിനെ സോണിയാഗാന്ധി നാമനിര്‍ദേശം ചെയ്യുന്നതുവരെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍നിന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ സോണിയാഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആവശ്യപ്പെടുന്നത് ദൂരദര്‍ശന്‍ കാണിക്കുന്നുണ്ടായിരുന്നു. ചിലര്‍ കരയുകയും മറ്റു ചിലര്‍ ധര്‍ണ നടത്തുകയും ചെയ്തു. സോണിയാഗാന്ധി പ്രധാനമന്ത്രിയാകാന്‍ സമ്മതിക്കുന്നതുവരെ ഹാള്‍ വിട്ടുപോകില്ലെന്ന് ചിലര്‍ ഭീഷണിപ്പെടുത്തി. തന്റെ അമ്മയാണ് തിരഞ്ഞെടുപ്പ് വിജയിപ്പിച്ചതെന്നും അവര്‍തന്നെ പ്രധാനമന്ത്രിയാകണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. കുറച്ചുസമയം ആ നാടകം ഞാനും കണ്ടു. പിന്നെ അത് മടുപ്പിക്കാന്‍ തുടങ്ങി.

യഥാര്‍ഥ അധികാരം എവിടെയാണെന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഈ നാടകം അരങ്ങേറാന്‍ അവര്‍ അനുവദിച്ചതെന്നതു വ്യക്തമാണ്. മന്‍മോഹന്‍ സിങ് അമിതമായി സന്തോഷിച്ചില്ല. എനിക്ക് അദ്ദേഹത്തോട് സഹതാപം തോന്നി. കുടുംബാധിപത്യത്തില്‍നിന്ന് ഭരണത്തിന് ഇടവേളയുണ്ടായതില്‍ ഞാന്‍ സന്തോഷിച്ചു.

മതേതരത്വബോധം ഉണ്ടെങ്കിലും അവര്‍ക്ക് ചില പോരായ്മകളുമുണ്ടായിരുന്നു. അമ്മായിഅമ്മയില്‍നിന്ന് ലഭിച്ച അമിതാധികാരപ്രവണത അവരുടെ സ്വഭാവത്തിലുണ്ടായിരുന്നു. അവര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നതില്‍ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കപ്പെടുമെന്ന് മനസ്സിലായ ഘട്ടത്തില്‍ അഞ്ചു പതിറ്റാണ്ടായി എന്റെ സുഹൃത്തായിട്ടുള്ള -ഈനാട് പത്രത്തിന്റെ പ്രതാധിപര്‍- റാമോജി റാവു എന്നെ വിളിച്ചു. ഇറ്റലിക്കാരി രാജ്യം ഭരിക്കുന്നതുമൂലമുള്ള അപമാനത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അതൊരു പൊതുഅഭിപ്രായമായിരുന്നു. 'അത് ഒരിക്കലും ഉണ്ടാവുകയില്ല.' അവര്‍ പ്രധാനമന്ത്രിയാകില്ലെന്ന തോന്നലിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പറഞ്ഞു.

ഉചിതമായ അവസരത്തില്‍ മകനെ നേതൃസ്ഥാനത്തെത്തിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് എനിക്കു തോന്നി. സോണിയാഗാന്ധിതന്നെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടാല്‍ പിന്നീട് മകന് അധികാരം കൈമാറുന്നതിനോട് രാഷ്ട്രം അനുകൂലമായി പ്രതികരിക്കുമോ എന്ന തോന്നലാകും അവരെ സ്വാധീനിച്ചിട്ടുണ്ടാകുക. വിദേശത്തുനിന്ന് നാട്ടിലെത്തിയ രാഹുല്‍ഗാന്ധിക്ക് മന്‍മോഹന്‍ സിങ്ങിനു ശേഷം അധികാരത്തിലെത്തുക എളുപ്പമാണ്. അതിനിടയില്‍ സംഘടനയില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ മാത്രം മതി. അതുതന്നെയായിരുന്നു സോണിയാഗാന്ധി സ്വീകരിച്ച രീതി. രാഹുലിനെക്കാള്‍ ജനപ്രീതിയുള്ള, തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പ്രിയങ്കാഗാന്ധിയെ സോണിയ ശ്രദ്ധിച്ചില്ല. സോണിയാഗാന്ധിക്കു കീഴില്‍ രാജ്യസഭയില്‍ പ്രതിപക്ഷനേതാവായി പ്രവര്‍ത്തിച്ച മന്‍മോഹന്‍ സിങ് തന്റെ വിധേയത്വംകൊണ്ട് സോണിയാഗാന്ധിയെ സ്വാധീനിച്ചിരുന്നു. 1984 ലെ സിക്ക് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മീഷനെക്കൂടി നിയമിക്കണമെന്ന് ഞാന്‍ സഭയില്‍ ആവശ്യപ്പെട്ടപ്പോള്‍ ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനി നിര്‍ദേശം സ്വീകരിച്ചു. എന്നാല്‍ ഇക്കാര്യത്തോട് പ്രതിപക്ഷനേതാവ് യോജിപ്പ് പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഞാന്‍ ആ നിര്‍ദേശത്തെ പിന്തുണയ്ക്കാന്‍ മന്‍മോഹന്‍ സിങ്ങിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഒന്നും മിണ്ടിയില്ല. പിറ്റേദിവസം അദ്ദേഹം നിര്‍ദേശം സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചു. സോണിയാഗാന്ധിയുടെ അനുമതി കിട്ടാനായിരുന്നു അദ്ദേഹം കാത്തുനിന്നത്. സോണിയാഗാന്ധിയാണ് മന്ത്രിസഭാംഗങ്ങളുടെ പട്ടിക തയ്യാറാക്കിയത്. പിന്നീട് ആ പട്ടിക മന്‍മോഹന്‍ സിങ്ങിനെ കാണിക്കുകയായിരുന്നു.

പ്രധാനപ്പെട്ട ഫയലുകള്‍ സോണിയാഗാന്ധിയുടെ വസതിയായ 10 ജന്‍പഥിലേക്ക് കൊണ്ടുപോകാറുണ്ടെന്നത് ഒരു സത്യമാണ്.വിദേശരാജ്യങ്ങളിലേക്കുള്ള നയതന്ത്രപ്രതിനിധികളെ അവരാണ് തിരഞ്ഞെടുക്കാറും ഏതു രാജ്യത്താണ് നിയമിക്കേണ്ടത് എന്ന് നിര്‍ദേശിക്കാറുമുള്ളത്. ഇരുതലയുള്ള ഈ ഭരണസംവിധാനം മുന്നോട്ടു കൊണ്ടുപോകുന്നത് മന്‍മോഹന്‍ സിങ്ങിന്റെ കഴിവാണ്. ഇത്ര ഫലപ്രദമായും അനുസരണയോടെയും ഏതെങ്കിലും മന്ത്രിക്ക് ഭരണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമോ എന്ന കാര്യം എനിക്കു സംശയമാണ്. വിദേശികള്‍ ഉള്‍പ്പെടെയുള്ളവരോട് മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ച് പാര്‍ട്ടി വേദികളിലും മറ്റും സൂക്ഷ്മമായി ഇടപെട്ട സോണിയ, ആരാണ് യഥാര്‍ഥനേതാവെന്ന കാര്യം ബോധ്യപ്പെടുത്തുകയും ചെയ്തു.

എല്ലാവരും ശ്രദ്ധിക്കുന്നത് 10 ജന്‍പഥിലേക്കാണ് എന്നതാണ് മന്‍മോഹനെ നിരാശനാക്കിയത്. എന്നാല്‍ അത്തരം കാര്യങ്ങളൊന്നും അദ്ദേഹം ശ്രദ്ധിച്ചില്ല, അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിച്ചു. കാരണം, പ്രധാനമന്ത്രിയായി തുടരാന്‍ നല്‌കേണ്ട വിലയാണ് അത് എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹത്തിന് മടുത്തു എന്ന് കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന് പറയേണ്ടിവന്നു. അദ്ദേഹത്തിന് മടുത്തിട്ടുണ്ടാകുമോ? ഇത്തരം അവസരങ്ങളിലും വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് അധികാരം വേണ്ടെന്നു വെക്കാറുള്ളത്. സോണിയാഗാന്ധിയെടുക്കുന്ന തീരുമാനങ്ങളുമായി പൊരുത്തപ്പെടേണ്ടിവരുന്നതുമൂലം അദ്ദേഹത്തിന് തന്റെ സ്വാധീനം കുറയുന്നതായി തോന്നിയ ഘട്ടത്തില്‍ത്തന്നെ രാജിവെച്ചിരുന്നുവെങ്കില്‍,അദ്ദേഹത്തിന്റെ അഭിമാനം കുറച്ചെങ്കിലും സംരക്ഷിച്ചുനിര്‍ത്താന്‍ കഴിയുമായിരുന്നു.

തന്റെ സ്വാധീനം പ്രയോഗിക്കാന്‍ കഴിയുന്നുണ്ടെന്ന് മനസ്സിലായ സോണിയാഗാന്ധി, അവര്‍ തിരഞ്ഞെടുത്ത സാമൂഹികപ്രവര്‍ത്തകരുടെയും ബുദ്ധിജീവികളുടെയും അഭിപ്രായങ്ങള്‍ ആരാഞ്ഞുതുടങ്ങി. സര്‍ക്കാറിതര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍ക്കൊള്ളിച്ച് അവര്‍ ദേശീയ ഉപദേശകസമിതി രൂപീകരിച്ചു. സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ ജനങ്ങളുടെ അഭിപ്രായങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ഉറപ്പുവരുത്താനായിരുന്നു സമിതി.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education