സമാനഹൃദയരോടുള്ള വര്‍ത്തമാനങ്ങള്‍

ഡോ.പി.കെ.തിലക്‌

18 Mar 2013


'സമാനഹൃദയ, നിനക്കായ് പാടുന്നേന്‍' എന്നും 'ഇനിയീ മനസ്സില്‍ കവിതയില്ല' എന്നും ഉള്ളുറപ്പോടെ പാടിയ കവിയാണ് സുഗതകുമാരി. ഇതില്‍ വൈരുധ്യത്തെക്കാളേറെ സമാനതയാണുള്ളത്. തന്റെ ജന്മവും ഗാനവും സഫലമാകുന്നത് സമാനഹൃദയന്റെ സാന്നിധ്യംകൊണ്ടാണെന്ന് കവി വിശ്വസിക്കുന്നു. കവിതയുടെ സ്ഥാനത്ത് കനിവിന്റെ നാലഞ്ചു തുള്ളിമാത്രം അവര്‍ സൂക്ഷിക്കുന്നു. അത് സമാനഹൃദയനുമായി പങ്കുവെക്കാനുള്ളതുതന്നെ. അഴകും അനുരാഗവും കണ്ണീരുമെല്ലാം പകരം കൊടുത്താണ് അത് സ്വരൂപിച്ചത്. സുഗതകുമാരിക്കവിതയുടെ ഭാവസ്ഥിരത ഇവിടെ വെളിപ്പെടുന്നു.

കവിതയ്ക്കായി മനസ്സൊരുക്കി കാത്തിരിക്കുന്ന അവസ്ഥയില്‍നിന്ന് വികാരങ്ങളുടെ അനര്‍ഗളപ്രവാഹമായി കവിത മാറുമ്പോഴും സ്ഥായിയായി നില്‍ക്കുന്ന അനുരാഗഭാവം സുഗതകുമാരിയുടെ രചനകളെ ഹൃദ്യമാക്കുന്നു. ഈ അനുരാഗമാവട്ടെ, വിശ്വപ്രകൃതിയോളം വ്യാപിക്കുന്നതാണ്. പരിസ്ഥിതിക്കവിതകള്‍, കൃഷ്ണകവിതകള്‍, പ്രണയകവിതകള്‍, പെണ്ണെഴുത്തു കവിതകള്‍ തുടങ്ങിയ വേര്‍തിരിവുകള്‍ക്ക് അതീതമാണ് സുഗതകുമാരിയുടെ കാവ്യലോകം. എന്നാല്‍ ഇവയെല്ലാം ചേര്‍ന്ന ഒരു ഭാവുകത്വം ഈ കവിതകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്.
എന്നും കെടാതെ സൂക്ഷിക്കുന്ന അനുരാഗമാണ് സുഗതകുമാരിയുടെ കാവ്യജീവിതത്തിന്റെ കരുത്ത്. ജീവിതത്തിന്റെ ഗതിവിഗതികളെ അതിലംഘിച്ച് അത് അജയ്യമായി നിലകൊള്ളുന്നു. രാത്രിയില്‍, ഗംഗോത്രിയില്‍ എന്ന കവിത ഭര്‍ത്താവുമൊത്തുള്ള ജീവിതത്തിന്റെ സ്മരണയാണ്. ഗംഗോത്രിയിലെ ഒരു മഴക്കാലരാത്രിയുടെ പശ്ചാത്തലത്തില്‍ അനുരാഗസമ്പുഷ്ടമായ ദാമ്പത്യം ആവിഷ്‌കരിക്കുന്നു. മണവും പ്രണയവും തങ്ങിനിന്ന രാത്രിയില്‍ മുന്നറിയിപ്പില്ലാതെ കടന്നുവന്ന മഴ കവിയില്‍ ഭീതിയുണര്‍ത്തി. ഇടിമിന്നലില്‍ ചൂളിപ്പോയ കവിയെ ഭര്‍ത്താവിന്റെ സ്‌നേഹപരിചരണം ഉന്മേഷവതിയാക്കുന്നു.
പേടിയെന്തിന്! ചിരിക്കുന്നു നീ, എന്തായാലും
കൂടെയില്ലേ ഞാന്‍! നമ്മളൊന്നിച്ചു മരിച്ചോട്ടേ
എത്ര നേരമോ നീണ്ടുനിന്നതാക്കൊടും മിന്നല്‍
വെട്ടവും ഇടിവെട്ടും മഴയുമിരമ്പലും
ഓരോരോ മിന്നല്‍ക്കടുംപൊട്ടലില്‍ ഞെട്ടിക്കൊണ്ടും
ഓരോ ഞെട്ടലില്‍ പൊട്ടിച്ചിരിച്ചും കളിചൊന്നും
ചെറുപൈതങ്ങള്‍പോലെ മുറുകെക്കെട്ടിപ്പിടി-
ച്ചിവരങ്ങനെ പോക്കീ, വൈകി നാമുണര്‍ന്നപ്പോള്‍
കുളിച്ചു പച്ചപ്പട്ടുചാര്‍ത്തി നില്‍ക്കുന്നൂ
ഭൂമി ചിരിച്ചു നെറുകയിലുമ്മ വയ്ക്കുന്നൂ സൂര്യന്‍!

ഞെട്ടലിനെ പൊട്ടിച്ചിരിയാക്കിയ ഭര്‍ത്താവിന്റെ സാന്നിധ്യം പ്രകൃതിയിലും കവി ദര്‍ശിക്കുന്നു. ഈ പാരസ്​പര്യമാണ് കവിതയ്ക്ക് ശക്തിപകരുന്നത്. നിഴല്‍ മൂടിടും ലോകതീരങ്ങള്‍ക്കങ്ങേപ്പുറത്ത് മിഴിയും മനസ്സും ചെന്നെത്താത്ത ദൂരത്താണ് ഇപ്പോള്‍ പ്രിയന്‍ കഴിയുന്നത്. വിരഹവും ഒറ്റപ്പെടലും കവിയെ അലട്ടുന്നുണ്ട്. സ്മരണയിലൂടെ മഴ അവരെ ഒന്നിപ്പിക്കുന്നു. ഭൗതികമായ അകല്‍ച്ച ആത്മബന്ധത്തിനു തടസ്സമാവുന്നില്ല. അപരിചിതമായ ലോകത്തു കഴിയുന്ന പ്രിയനോട് കവി പ്രതീക്ഷ കൈവിടാതെ ചോദിക്കുകയാണ്: 'നിന്റെയാ ലോകത്തുണ്ടോ പ്രണയം വിരഹവും പേടിയും പാവം ഞാനും?' ഈ ചോദ്യത്തിനു പിന്നില്‍ ആത്മവിശ്വാസമുണ്ട്.

ഭര്‍ത്താവിന്റെ മരണം കവിയെ ഇരുളടഞ്ഞ ലോകത്തേക്കു തള്ളുന്നില്ല. ജീവിതത്തിന്റെ നിരര്‍ഥകതയില്‍ വ്യസനിക്കാന്‍ കവിക്ക് ഇടയുണ്ടാവുന്നില്ല. പോയതിന്‍ ശേഷം എന്ന കവിതയില്‍ ഇതു വീണ്ടും വ്യക്തമാവുന്നു. പോയതിന്‍ ശേഷവും എല്ലാം പണ്ടേപ്പോലെ അവശേഷിക്കുന്നുവെന്നു വിശ്വസിക്കാന്‍ കഴിയുന്നത് പ്രേമസുരഭിലമായ മനസ്സിന്റെ സംശുദ്ധികൊണ്ടാണ്. എല്ലാ സൗഭാഗ്യങ്ങളും നിലനില്‍ക്കുന്നുവെന്ന് അറിയുമ്പോഴും കവി ആഗ്രഹിക്കുന്നത് ഇത്രമാത്രമാണ്:
ഇത്തിരി മാത്രം നേരം കൈകോര്‍ത്തു നടക്കുവാന്‍
ഇത്തിരിയല്ലോ നേരം കൊതിക്കാന്‍, സ്‌നേഹിക്കാനും...

പ്രണയത്തിന്റെ പര്യായമായാണ് കവി ദാമ്പത്യത്തെ കാണുന്നത്. പാരസ്​പര്യത്തിലൂടെ അത് പുലരുന്നു. ഇവിടെ വലുപ്പച്ചെറുപ്പങ്ങള്‍ക്കു സ്ഥാനമില്ല. എല്ലാം പങ്കുവെക്കപ്പെടുന്ന മാനസികാവസ്ഥയിലാണ് അത് അര്‍ഥവത്താവുന്നത്. മൂടിവെക്കേണ്ട ഒന്നായി പ്രണയത്തെ കവി സങ്കല്പിക്കുന്നില്ല. മണലെഴുത്ത് എന്ന കവിതയില്‍ 'ഒരു കോടി വിരലുകള്‍ കൊതിയോടെ, വിറയോടെ വിരിമണലിലെഴുതുന്നു-പ്രേമം' എന്നു കവി പാടുന്നു. മറ്റു യുക്തികളെയെല്ലാം അത് അതിജീവിക്കുന്നുണ്ട്. നുണ എന്ന കവിതയിലും പ്രണയത്തിന്റെ മഹത്ത്വം തന്നെയാണ് കാണുന്നത്. പ്രണയമില്ലെങ്കില്‍ ജീവിതമില്ല എന്ന നുണ വിശ്വസിച്ചവളാണ് താനെന്നും പ്രണയം കരിയിലയും ഹൃദയം മണ്ണാങ്കട്ടയുമായപ്പോഴും കാറ്റിലും മഴയിലും വേര്‍പിരിയാതെ ഹൃദയം കുതിര്‍ന്നൊലിപ്പിച്ചപ്പോഴും മിടിക്കുകയാണെന്നും കവി പറയുന്നു.

സ്‌നേഹം കീഴടങ്ങലും കീഴടക്കലുമല്ല. വിനയമാണ് അതിന്റെ ബാഹ്യലക്ഷണം. അത്രമേല്‍ സ്‌നേഹിക്കയാല്‍ എന്ന കവിതയില്‍ ഭര്‍ത്താവില്‍നിന്നുള്ള സ്‌നേഹം വിനയപൂര്‍വം സ്വീകരിക്കുന്ന കവിയെ കാണാം. 'സ്വീകരിക്കുക, നിത്യകല്പകസുമങ്ങളാലാരയിച്ചൊരീയനശ്വരമാം കിരീടം നീ' എന്ന എളിമയോടെ കവി അഭ്യര്‍ഥിക്കുകയാണ്. വെന്നിപ്പറ മുഴക്കാതെ, പുകള്‍ക്കൊടി ഉയരത്തില്‍ പറത്താന്‍ വെമ്പാതെ, ലോകഭോഗത്തിന്റെ പടവുകള്‍ കയറാന്‍ ബദ്ധപ്പെടാതെ, സ്വന്തം നാമം ലോകത്തിന്റെ കരിങ്കല്‍ച്ചുവരില്‍ കുറിക്കാന്‍ കൈപൊക്കാതെ സ്വധര്‍മത്തില്‍ ഉറച്ചുനിന്ന മനുഷ്യനോടാണ് കവിക്ക് കടപ്പാടു കാട്ടാനുള്ളത്. നോവും ആലസ്യവും രോഗവും ബാധിച്ച സഹധര്‍മിണിക്ക് ആ കൈകള്‍ താങ്ങും തണലുമായി. ഒരിക്കലും തളരാത്ത കരുത്തോടെ അദ്ദേഹം നിലകൊണ്ടു. ഭര്‍ത്താവിന്റെ പരിചരണത്താല്‍ സുരക്ഷിതയായ കവി തന്റെ ആത്മാവിന്റെ സുഗന്ധംകൊണ്ടും ദീപ്തമായ ഗാനംകൊണ്ടും അദ്ദേഹത്തെ അനശ്വരനാക്കുകയാണ്.

എന്തിനോ വെറും പാവമൊരു പെണ്ണിനെ,സ്സൂര്യ-
ചന്ദ്രതാരകള്‍പോലും നോക്കിനിന്നുപോം മട്ടില്‍
അത്രമേല്‍ വിശുദ്ധമായത്രമേലഗാധമാ-
യത്രമേല്‍ സ്വയം സമര്‍പ്പിതനായ് സ്‌നേഹിക്കയാല്‍...
കവിക്ക് വിനയവതിയാവാതെ വയ്യ.
കൃഷ്ണ നീയെന്നെയറിയില്ല എന്ന കവിതയില്‍ പ്രേമതരളിതയായ രാധയായി കവി മാറുന്നു. കൃഷ്ണനെ രാധ സ്വന്തമാക്കുന്നത് വിനയാന്വിതമായ ഹൃദയസമര്‍പ്പണംകൊണ്ടാണ്. പ്രണയചാപല്യങ്ങള്‍ കാട്ടാനോ ധാടിയും മോടിയും പ്രകടിപ്പിക്കാനോ രാധയ്ക്കു താത്പര്യമില്ല. മോഹിപ്പിച്ച് കീഴ്‌പ്പെടുത്താന്‍ അവള്‍ ശ്രമിച്ചിട്ടില്ല. അത്തരത്തിലൊക്കെ കൃഷ്ണനെ സ്വന്തമാക്കാന്‍ ശ്രമിച്ചവരുണ്ട്. രാധയാവട്ടെ, തന്റെ ചെറുകുടിലില്‍ നൂറായിരം പണികളില്‍ മുഴുകി ജന്മം കഴിക്കുകയാണു ചെയ്തത്. എന്നാല്‍,

നിന്റെ കുഴല്‍ 'പോരൂ! വസന്തമായ്!' എന്നെന്റെ-
യന്തരംഗത്തിലലചേര്‍ക്കെ
ഞാനെന്റെ പാഴ്ക്കൂടിലടച്ചു തഴുതിട്ടിരു-
ന്നാനന്ദബാഷ്പം പൊഴിച്ചു ആരോരുമറിയാതെ
നിന്നെയെന്നുള്ളില്‍വച്ചാത്മാവു കൂടിയര്‍പ്പിച്ചു!

ആത്മസമര്‍പ്പണത്താല്‍ പ്രണയത്തിന്റെ ഉത്കര്‍ഷം വെളിപ്പെടുത്താനാണ് രാധ ആഗ്രഹിക്കുന്നത്. ഗോകുലം വിട്ട് ക്രൂരനക്രൂരനോടൊപ്പം മഥുരയ്ക്കു പോകുന്ന കൃഷ്ണന്‍ രാധയുടെ നിഷ്‌കല്‍മഷമായ പ്രണയം തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍ രാധയുടെ കുടിലിനു മുന്നില്‍ ഒരുമാത്ര, രഥം നിര്‍ത്തി കണ്ണീര്‍ നിറഞ്ഞ മിഴികള്‍കൊണ്ട് അവളെ കടാക്ഷിച്ചു. കരുണയാല്‍ തളര്‍ന്ന ദിവ്യമായ സ്മിതം സമ്മാനിച്ചാണ് കൃഷ്ണന്‍ യാത്രയായത്. കാമുകീ കാമുകബന്ധത്തിന്റെ ഉദാത്തതലമാണ് കൃഷ്ണ നീയെന്നെയറിയില്ല എന്ന കവിതയിലൂടെ വെളിപ്പെടുത്തുന്നത്. നിഷ്‌കാമകര്‍മത്തില്‍ അധിഷ്ഠിതമായ ഭക്തിയുടെ ഔന്നത്യമായും ഈ ബന്ധത്തെ വ്യാഖ്യാനിക്കാവുന്നതാണ്.

രാധ ത്യാഗത്തിലൂടെയും ആത്മസമര്‍പ്പണത്തിലൂടെയും കൃഷ്ണന്റെ ഹൃദയത്തില്‍ സ്ഥാനം നേടി. കവിയോട് ഭര്‍ത്താവു ചെയ്തതും അതുതന്നെ. ലിംഗപരമായ ഉച്ചനീചത്വത്തിന് ഇടയില്ലാത്തവിധം സ്ത്രീപുരുഷബന്ധത്തെ പ്രതിഷ്ഠിക്കാനാണ് സുഗതകുമാരി ഇഷ്ടപ്പെടുന്നത്. സ്ത്രീപക്ഷരചനയ്ക്ക് പുതിയ നിര്‍വചനം നല്‍കിക്കൊണ്ടുമാത്രമേ ഈ കവിതകളെ സമീപിക്കാനാവൂ. പുരുഷന്റെ അധീശത്വമാണ് എതിര്‍ക്കപ്പെടേണ്ടത്, പുരുഷഭാവത്തെയല്ല. പുരുഷഭാവം സ്ത്രീഭാവത്തിന്റെ ഭാഗം തന്നെയാണ്.

അധീശത്വത്തിന് എതിരായ ശക്തമായ പ്രതികരണം സുഗതകുമാരിയുടെ കവിതകളില്‍ കാണാം. ഒരു പാചകക്കുറിപ്പ്, പെണ്‍കുഞ്ഞ് -90 തുടങ്ങിയ കവിതകളില്‍ അധീശത്വത്തിന്റെ ദുരന്തങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 'ചെറുതായ് കൊത്തിക്കൊത്തി നുറുക്കിയെടുക്കുക, നിറയെക്കണ്ണീരുപ്പു വീഴ്ത്തിയൊന്നിളക്കുക, നിഷ്ഫലക്രോധത്തിന്റെയെരിവും വീറും ചേര്‍ക്ക, കയ്‌പെഴുമവമാനത്തിന്റെ ലജ്ജയും ചാലിച്ചുള്‍ച്ചൂടില്‍ തിളപ്പിച്ചു വാങ്ങുക' എന്നു തുടങ്ങുന്ന പാചകക്കുറിപ്പില്‍ സ്ത്രീസമൂഹം നേരിടുന്ന എല്ലാ അവഗണനകളും പീഡനവും അവതരിപ്പിച്ചിരിക്കുന്നു.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education