ക്ലിയോപാട്രയുടെ നഗരത്തില്‍

എസ്.കെ.പൊറ്റക്കാട്‌

28 Jan 2013

മാര്‍ച്ച് 11-നു രാവിലെ ഒമ്പതര മണിക്കു അലക്‌സാന്ദ്രിയയിലേക്കുള്ള ട്രെയിനില്‍ കയ്‌റോ വിട്ടു. കൂടെ കുട്ടിയുമുണ്ടായിരുന്നു. (കയ്‌റോ- അലക്‌സാന്ദ്രിയാ ദൂരം 160 മൈല്‍. രണ്ടാം ക്ലാസ് ചാര്‍ജ് 74 പി.ടി.)

ഈജിപ്തിന്റെ ഉള്‍നാടുകളിലൂടെയുള്ള ഈ തീവണ്ടിയാത്ര ഉല്ലാസപ്രദമായിരുന്നു. ചോളവയലുകളും ഒട്ടകങ്ങളും മഞ്ഞപ്പരവതാനി വിരിച്ചിട്ടതുപോലെ തോന്നിക്കുന്ന കടുകുകൃഷിപ്പാടങ്ങളും വെള്ളക്കൊറ്റികളും ചതുരാകൃതിയിലുള്ള മേല്പുരയില്‍ ചിതകൂട്ടിയപോലെ ചാണകവരടികള്‍ സംഭരിച്ചുവെച്ചു മണ്‍കുടിലുകളും ആട്ടിന്‍പറ്റങ്ങളും കഴുതകളും താലവൃക്ഷങ്ങള്‍ തോരണം തൂക്കിയ തോട്ടുവക്കിലൂടെ നീങ്ങുന്ന കറുത്ത ഉടുപ്പണിഞ്ഞ തീക്കനല്‍ മുഖികളായ അറബിവനിതകളും എല്ലാം കൂടിച്ചേര്‍ന്ന ഗ്രാമരംഗങ്ങള്‍ മനസ്സില്‍ എന്നും തങ്ങിക്കിടക്കും.

കയ്‌റോവിട്ടു മൂന്നര മണിക്കൂറു കഴിഞ്ഞപ്പോള്‍ മധ്യധരണ്യാഴിയുടെ ദര്‍ശനം ലഭിച്ചു. അതും മറക്കാന്‍ വയ്യാത്ത ഒരു ദൃശ്യമായിരുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ മധ്യധരണ്യാഴി കാണുന്നത്. (സൂയസ് തോടും മധ്യധരണ്യാഴിയും കാണാതെയാണല്ലോ ഞാന്‍ ഇന്ത്യയില്‍ നിന്ന് ഈജിപ്തിലെത്തിയത്.)

പിന്നെ കാല്‍ മണിക്കൂറുകൊണ്ടു ഞങ്ങള്‍ അലക്‌സാന്ദ്രിയയില്‍- ക്ലിയോപാട്രയുടെ നഗരിയില്‍ ചെന്നുചേര്‍ന്നു.

റെയില്‍വെസ്റ്റേഷനില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ ഒരു ഡ്രാഗോമന്‍ (ഗൈഡ്) ഞങ്ങളെ പിടികൂടി. പരിചയമില്ലാത്ത നഗരങ്ങളില്‍ ചെന്നുചേരുമ്പോള്‍ പലപ്പോഴും സഹായകരമായ ശല്യങ്ങളായി ഗൈഡുകളെ നമുക്കു കൈക്കൊള്ളേണ്ടിവരും.

ഹോട്ടലിന്റെ താഴെ നിലയിലെ ഭക്ഷണശാല നടത്തുന്നതു വേറൊരു കക്ഷിയാണ്. അവിടെനിന്നു ഭക്ഷണം വരുത്തിക്കഴിച്ചു. ബയറര്‍ ഓരോ ഊണിനും പതിനേഴ് പി.ടി. ചാര്‍ജ് ചോദിച്ചു വാങ്ങിക്കൊണ്ടുപോയി.

ഉച്ചയുറക്കവും കഴിഞ്ഞു 3 മണിക്കു കുട്ടിയും ഞാനും കാഴ്ചകള്‍ കാണാന്‍ പുറത്തിറങ്ങി. 'അവന്യൂ ഡി ലാ റെയ്‌നി'യിലൂടെ കുറെ നടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഇന്ത്യാ ട്രേഡ് കമ്മീഷണറുടെ ആപ്പീസ് എന്നൊരു ബോര്‍ഡ് ദൃഷ്ടിയില്‍ തടഞ്ഞു. ശനിയാഴ്ചയായിരുന്നതിനാല്‍ ആപ്പീസ് പൂട്ടിയിരുന്നു.

ലക്ഷ്യമില്ലാതെ എവിടെയൊക്കെ ചുറ്റിയടിച്ചു മടങ്ങുമ്പോള്‍ വഴിതെറ്റി. പിന്നേയും പല തെരുവുകളും കടന്നു, ഒടുവില്‍ അന്വേഷിച്ചു പിടിച്ചു ഹോട്ടലിലെത്തിയതു അഞ്ചര മണിക്കാണ്.

ആറ് മണിക്കു ഞങ്ങള്‍ റിയോ തിയേറ്ററില്‍ പോയി സിനിമ കണ്ടു-അഹേമിശേ െഎന്നൊരു നല്ലൊരിംഗ്ലീഷ് പടം.

പിറ്റേന്ന് (ഞായറാഴ്ച) രാവിലെ ഞങ്ങള്‍ അലക്‌സാന്ദ്രിയയിലെ ഒരു പ്രധാന കാഴ്ചയായ 'കാറ്റാംകൂംബ്‌സ്' (Catacombs) കാണാന്‍ പോയി.

കാറ്റാംകൂംബ്‌സ്

പഴയ റോമാച്ചക്രവര്‍ത്തിമാരുടെയും രാജവംശങ്ങളുടെയും മൃതദേഹങ്ങള്‍ അടക്കം ചെയ്ത അറകളുടെ പരമ്പരകളാണ് കാറ്റാകൂംബ്‌സ്. ഭൂമിക്കടിയില്‍, കടന്നല്‍ക്കൂട്ടിലേതുപോലുള്ള അറകളോടുകൂടിയ ഈ കൂറ്റന്‍ ശ്മശാനത്തിന് 3000 കൊല്ലം പഴക്കമുണ്ട്. തട്ടുതട്ടായി നിര്‍മിച്ച അറകളില്‍, ഷെല്‍ഫില്‍ ബുക്കുകള്‍ വെയ്ക്കുംപോലെ ശവങ്ങള്‍ നിക്ഷേപിക്കുകയാണ് ചെയ്തിരുന്നത്. അക്കൂട്ടത്തില്‍ മമ്മികളും ഉണ്ടായിരുന്നു. മമ്മികള്‍ നീക്കം ചെയ്യപ്പെട്ട കരിങ്കല്‍പ്പേടകങ്ങള്‍ മുന്നൂറെണ്ണം ഇവിടെ കിടപ്പുണ്ട്. ഏറെ പഴകി ദ്രവിച്ച മമ്മികളും എല്ലിന്‍കൂടങ്ങള്‍ ഒരു മൂലയില്‍ കൂട്ടിവെച്ചു മണ്ണുമൂടിയിരിക്കുന്നതും കണ്ടു.

നൂറ്റാണ്ടുകളുടെ നാറ്റം വമിക്കുന്ന ആ അന്തരീക്ഷത്തില്‍ ഏറെ നേരം പൊറുപ്പിക്കാന്‍ കഴിഞ്ഞില്ല. പഴയ കുതിരലായങ്ങള്‍, മഴവെള്ളം ശേഖരിച്ചുവെയ്ക്കുന്ന കിണര്‍, തോട്ടിലേക്കുള്ള ഗൂഢഗുഹാമാര്‍ഗം തുടങ്ങിയ അവിടത്തെ മറ്റു ചില കാഴ്ചകള്‍ വേഗം കണ്ടുതീര്‍ത്തു പുറത്തുകടന്നു.

കാറ്റാകൂംബ്‌സില്‍ നിന്നു പുറത്തു കടന്നപ്പോള്‍ അത്യാവശ്യമായിത്തോന്നിയത് കുറച്ചു ശുദ്ധവായു ശ്വസിക്കാനാണ്. പിന്നെ ഞങ്ങള്‍ ഒരു ടാക്‌സിപിടിച്ചു പോംപിസ്തംഭം കാണാന്‍ പോയി.

പോംപിസ്തംഭം

പോംപി ചക്രവര്‍ത്തിയുടെ അരമനയുടെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന സ്ഥലമാണിത്. ഇവിടെ ഒരു കൂറ്റന്‍ ശിലാസ്തംഭമുണ്ട്.
പഴയ ജൂപ്പിറ്റര്‍ ദേവാലയം സ്ഥിതിചെയ്തിരുന്നതിനു സമീപമാണ് ഈ സ്തംഭം. റോമന്‍ മാതൃകയില്‍ അഞ്ചു വലിയ ശിലകള്‍ കൂട്ടിച്ചേര്‍ത്തു പണിത സ്തംഭമാണ്. 99 അടി പൊക്കമുണ്ട്.

അലക്‌സാന്ദ്രിയയില്‍ പഴയ കാലത്തെ സ്മാരക വസ്തുക്കളില്‍ കേടുപറ്റാതെ ഇന്നു നിലനിന്നു കാണുന്ന ഒന്നത്രേ ഈ പോംപിസ്തംഭം
പോംപിയുടെ പേരിനോടു ബന്ധപ്പെടുത്തിപ്പറയുന്നുണ്ടെങ്കിലും ഈ സ്തംഭം ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ സ്മാരകമായി എ.ഡി. നാലാം ശതകത്തില്‍ നിര്‍മിച്ചതാണെന്നാണ് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നത്.

സ്തംഭത്തിന്റെ ഇരു പാര്‍ശ്വങ്ങളിലും ഓരോ സ്ഫിങ്ങ്ക്‌സ് പ്രതിമ പ്രതിഷ്ഠിച്ചിരിക്കുന്നു. ഒന്ന് ആണും, മറ്റേത് പെണ്ണും. പെണ്‍സ്ഫിങ്ങ്ക്‌സിന്റെ മൂക്ക് ഉടഞ്ഞു വികൃതമായിക്കാണുന്നു.

ദേവന്മാരുടേയും ദേവിമാരുടേയും ചില ശിലാപ്രതിമകള്‍ തല വേര്‍പെട്ട് അവയവങ്ങള്‍ തകര്‍ന്ന നിലയില്‍ അവിടവിടെ കിടന്നിരുന്നു. പഴയ കൊട്ടാരത്തിന്റെ ചില അവശിഷ്ടങ്ങളും ഞങ്ങള്‍ കാണുകയുണ്ടായി. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുപയോഗിച്ച കല്ലും കുമ്മായവും ഞങ്ങള്‍ കൈകൊണ്ടു തൊട്ടുനോക്കി.

പഴയകാലത്തെ ഗ്രന്ഥശാല

പുരാതന കാലത്തെ ഗ്രന്ഥശാലകളായിരുന്ന, നിലയറകളിലേക്കാണ് പിന്നെ ഞങ്ങള്‍ നീങ്ങിയത്. ഭൂഗര്‍ഭത്തില്‍ പ്രാക്കൂട്ടിന്റെ ദ്വാരങ്ങള്‍പോലെയുള്ള കൊച്ചു കൊച്ചു അറകളിലായിരുന്നു പപ്പൈരസ്സ് ഗ്രന്ഥങ്ങള്‍ നിക്ഷേപിച്ചിരുന്നത്.

പൂര്‍വകാലങ്ങളിലെ ഏറ്റവും വലിയ ഗ്രന്ഥശേഖരമായിരുന്നു അലക്‌സാന്ദ്രിയയിലെ ലൈബ്രറി. ടോളമി ഒന്നാമന്‍ സോട്ടേര്‍ സ്ഥാപിച്ച ഈ സരസ്വതീമന്ദിരം അദ്ദേഹത്തിന്റെ പുത്രന്‍ വളര്‍ത്തിക്കൊണ്ടുവന്നു.

ടോളമി ഡെമീട്രിയസ്സ് ഫാലേറിയസ്സിന്റെ കാലത്ത് ഈ ലൈബ്രറിയില്‍ 50,000 പുല്‍ക്കടലാസ്സുചുരുള്‍ ഗ്രന്ഥങ്ങള്‍ സൂക്ഷിച്ചുവെച്ചിരുന്നു. ഈ സ്ഥാപനം അതിന്റെ പ്രതാപത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലായിരുന്ന കാലത്ത്- അരിസ്റ്റോഫേനിസ്സ്, കാലിമാച്ചസ്സ് മുതലായവരുടെ കാലഘട്ടം-ഇവിടെ ഇരട്ടപ്പകര്‍പ്പുകളടക്കം ആകെ ഏഴു ലക്ഷത്തിലേറെ കൈയെഴുത്തുപ്രതികളാണുണ്ടായിരുന്നുവത്രെ.

റോം, ഗ്രീസ്, ഇന്ത്യ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള വിജ്ഞാനീയങ്ങള്‍ മുഴുവനും സൂക്ഷിച്ചിരുന്നത് മ്യൂസിയത്തിലായിരുന്നു. ജൂലിയസ് സീസറുടെ അലക്‌സാന്ദ്രിയാ ആക്രമണത്തിന്റെ ബഹളത്തില്‍ മ്യൂസിയത്തിലെ ഈ ഗ്രന്ഥശേഖരം എങ്ങനെയോ തീപ്പിടിച്ചു നശിച്ചുപോയി. പക്ഷേ, പിന്നീട്, പെര്‍ഗാമൂം എന്ന പണ്ഡിതന്റെ രണ്ടു ലക്ഷത്തോളം ഗ്രന്ഥങ്ങളടങ്ങിയിരുന്ന ഒരു കൂറ്റന്‍ ലൈബ്രറി ക്ലിയോപാട്രയുടെ അപേക്ഷപ്രകാരം മാര്‍ക്ക് ആന്റണി മ്യൂസിയത്തിലേക്കു സംഭാവന ചെയ്യുകയുണ്ടായി.

ലൈബ്രറിയുടെ മറ്റെ വിഭാഗം ജൂപ്പിറ്റര്‍ ദേവാലയമായ സെറാപ്യൂമില്‍ത്തന്നെ സൂക്ഷിച്ചുവെച്ചിരുന്നു. മഹാനായ തിയോഡോഷ്യസിന്റെ കാലംവരെ ആ അമൂല്യഗ്രന്ഥം അവിടെത്തന്നെയുണ്ടായിരുന്നു. പിന്നെ ആ ചക്രവര്‍ത്തി റോമാ സാമ്രാജ്യത്തിലെ ഹീന ദേവലായങ്ങള്‍ മുഴുവനും നശിപ്പിക്കാന്‍ സമ്മതം മൂളിയതിനെത്തുടര്‍ന്നു ചുട്ടെരിക്കപ്പെട്ട കൂട്ടത്തില്‍ സെറാപ്യൂസ് ദേവാലയവും പെട്ടു. എ.ഡി. 391-ല്‍ ഒരു കൂട്ടം ക്രിസ്തീയ മത ഭ്രാന്തന്മാര്‍ ജൂപ്പിറ്റര്‍ ദേവാലയത്തിനു തീക്കൊളുത്തിയപ്പോള്‍ അതിന്നുള്ളിലെ അമൂല്യഗ്രന്ഥശേഖരവും അഗ്നിക്കിരയായി!

കാലാവസ്ഥ

ലോകത്തിലെ ഏറ്റവും നല്ല സ്ഥിരമായ കാലാവസ്ഥ അലക്‌സാന്ദ്രിയയിലാണെന്നു പറയുന്നു. എന്റെ അനുഭവവും അങ്ങനെത്തന്നെയാണ്. കയ്‌റോവിലായിരുന്നപ്പോള്‍ കഠിനമായ ചൂടുകൊണ്ട് എന്റെ മൂക്കിന്റെ തൊലി പൊളിഞ്ഞു, പിന്നെ ആ ഭാഗം കരുവാളിച്ച് ആകെ വികൃതമായിത്തീര്‍ന്നിരുന്നു. എന്നാല്‍, അലക്‌സാന്ദ്രിയയിലെത്തി ഒരു ദിവസം കഴിഞ്ഞപ്പോള്‍ എന്റെ മൂക്കു മുന്‍ സ്ഥിതിയിലായി. മുഖത്തെ തൊലിക്കും ഒരു നിറ വ്യത്യാസം വന്നു. സമുദ്ര സാമീപ്യമായിരിക്കാം അലക്‌സാന്ദ്രിയയ്ക്ക് ആരോഗ്യപരമായ അഭികാമ്യത നേടിക്കൊടുത്തത്.
അലക്‌സാന്ദ്രിയ

അലക്‌സാന്ദ്രിയ!

എന്തൊരാകര്‍ഷകമായ പേര്. പേരുച്ചരിക്കുമ്പോള്‍ ഒരു നര്‍ത്തകിയുടെ കാല്‍ച്ചിലങ്കകിലുക്കം കേള്‍ക്കുംപോലെയില്ലേ?
കൗമാരകാലം മുതല്‍ക്കേ എന്റെ അന്തരംഗത്തില്‍ കൗതുക സ്വപ്‌നങ്ങളണിയിച്ച ഒരു പേരാണ് അലക്‌സാന്ദ്രിയ. പിന്നീട് ക്ലിയോപാട്രയെപ്പറ്റി വായിക്കുകയും പഠിക്കുകയും ചെയ്തപ്പോള്‍ അലക്‌സാന്ദ്രിയയോടുള്ള അനുരാഗം വര്‍ദ്ധിച്ചു. എന്റെ ആരാധനാപാത്രമായ ക്ലിയോപാട്രയുടെ നഗരിയാണ് അലക്‌സാന്ദ്രിയ. ആ അത്ഭുതനഗരിയില്‍ ഒന്നു കാലുകുത്താന്‍ കഴിഞ്ഞുവെങ്കില്‍ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education