ശാന്തിനികേതന്‍ -പ്രണയത്തിന്റെയും ഉള്‍പ്രേരണകളുടെയും രഹസ്യകലകള്‍

മിംലു സെന്‍

18 Dec 2012

ശാന്തിനികേതനില്‍, ഞങ്ങള്‍ക്കെപ്പോഴും സന്ദര്‍ശകരുണ്ടായിരുന്നു. ബാവുല്‍ ഗായകര്‍ എഴുപതുകളില്‍ പാശ്ചാത്യരാജ്യങ്ങളില്‍ വലിയ ആകര്‍ഷണമുണ്ടാക്കിയിരുന്നു. ആധുനിക യൂറോപ്യന്‍ തിയേറ്റര്‍ പ്രസ്ഥാനത്തോടാണ് അതിനു നന്ദിപറയേണ്ടത്. പ്രശസ്തനായ പോളിഷ് നാടക സംവിധായകന്‍ ജെര്‍സി ഗ്രോട്ടോവ്‌സ്‌കി, യൂറോപ്പിലെ നാടകത്തിന്റെ ഉറവകള്‍ നിലച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. പാശ്ചാത്യരായ നാടകപ്രവര്‍ത്തകരോട് കിഴക്കിന്റെ പാരമ്പര്യങ്ങള്‍ ശ്രദ്ധിക്കുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ബംഗാളിലെ ബാവുലുകളെ 'ജീവിക്കുന്ന ശക്തിപ്രവാഹങ്ങളായി' അദ്ദേഹം കണ്ടു.

രാമാനന്ദദാസ ബാവുല്‍, മാനുഷികമായ ദൈവികതയുടെ ആള്‍രൂപമാണെന്ന് ഗ്രോട്ടോവ്‌സ്‌കി പറഞ്ഞു. ചിന്താമണി ബാവുലിനിയുടെ ദത്തുപുത്രനായ രാമാനന്ദ വലിയൊരു ബാവുല്‍ ഗായകനായിരുന്നു. ബോല്‍പൂരിന്റെ അതിര്‍ത്തിപ്രദേശത്തെ നിച്ചു ബഡ്‌ഗോറയില്‍ ഒരിക്കല്‍ അദ്ദേഹം വസിച്ചിരുന്നു. ധാരാളമായി കഞ്ചാവ് വലിച്ചിരുന്ന രാമാനന്ദയ്ക്ക് ക്രമേണ പല പാട്ടുകളിലെ വരികള്‍ കൂടിക്കുഴഞ്ഞു. ഒരുനാള്‍ അയാള്‍ എന്നേക്കും അപ്രത്യക്ഷനായി. അയാള്‍ക്ക് ചുഴലിയുടെ അസുഖമുണ്ടായിരുന്നതിനാല്‍ അദ്ദേഹം മരിച്ചുപോയതായി ചിലര്‍ പറഞ്ഞു. അയാളിപ്പോഴും ഹിമാലയദേശങ്ങളിലെവിടെയോ ഉണ്ട് എന്ന് വിശ്വസിക്കുന്നവരുമുണ്ട്, മിക്കവാറും ഗംഗോത്രിയില്‍.
പാരീസിലെ പീറ്റര്‍ ബ്രൂക്കും ന്യൂയോര്‍ക്കിലെ ആന്ദ്രേ ഗ്രിഗറിയും ഗ്രോട്ടോവ്‌സ്‌കിയുടെ ശിഷ്യരില്‍പ്പെടുന്നവരാണ്. തങ്ങളുടെ ഇരുണ്ട വശങ്ങളെ അഭിമുഖീകരിക്കുവാനും അതിന്റെ വൈകാരികവും ഭൗതികവുമായ അതിരുകള്‍ കണ്ടെത്തുവാനും ഗ്രോട്ടോവ്‌സ്‌കി തന്റെ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചു. ജീവിതത്തില്‍ ശരിക്കും നിലയുറപ്പിക്കാത്തവരെ സംബന്ധിച്ചിടത്തോളം ഇത് അപകടകരമായൊരു ദിശാസൂചനയായി എനിക്കു തോന്നുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണത്. എന്നാല്‍ ഗ്രോട്ടോവ്‌സ്‌കിയുടെ മാതൃകകളില്‍ പ്രചോദിതരായി ബാവുല്‍ സന്ദര്‍ശകരില്‍ ഇപ്പോള്‍ നടന്മാരും സംഗീതജ്ഞരും കവികളും ഫോട്ടോഗ്രാഫര്‍മാരും ഗോത്രപഠിതാക്കളും എഴുത്തുകാരും ഏജന്റുമാരും സംഘാടകരും ഒക്കെ ഉള്‍പ്പെട്ടിരുന്നു. അതും ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ളവര്‍.

സ്വീഡനില്‍നിന്നുള്ള ജോണി എന്ന ആള്‍ട്ടോ സാക്‌സ് വാദകന്‍ ഞങ്ങളുടെ ഒരു സ്ഥിരം അതിഥിയായിരുന്നു. അയാള്‍ എല്ലായിടവും പബനോടൊത്ത് പോകും. അയാള്‍ വേഗംതന്നെ ബംഗാളിയില്‍ കുറച്ച് ജ്ഞാനം നേടിയെടുത്തു. കൈകള്‍കൊണ്ട് ചോറുണ്ണുവാന്‍ പഠിച്ചു. മീനുകളുടെ എല്ലുകള്‍ കടിച്ചുമാറ്റാനും ശീര്‍ഷാസനത്തില്‍നിന്ന് പ്രാണായാമം ശീലിക്കുവാനും പഠിച്ചു. സ്വീഡിഷ് ഭാഷയില്‍ ജോണിക്ക് 'യോണി'യെന്നാണ് ഉച്ചാരണം. ബാവുലുകള്‍ അയാളെ അല്പമൊന്നു കളിയാക്കി 'യോനി'എന്നുതന്നെ വിളിച്ചു. തന്റെ ആദ്യസന്ദര്‍ശനത്തില്‍ 'യോനി' ആറുമാസക്കാലം വസിച്ചു. ദാമോദര്‍നദിയുടെയും അജോയ്‌നദിയുടെയും തീരങ്ങളിലെ ഗ്രാമങ്ങളില്‍ അയാള്‍ വേഗംതന്നെ പ്രശസ്തനായി. അവിടെയെല്ലാം പബനെ മിക്കവാറും പരിപാടികള്‍ക്കു വിളിക്കാറുണ്ട്. തോളറ്റംവരെ പാറുന്ന അയാളുടെ സ്വര്‍ണമുടിയും സാക്‌സഫോണും അയാളെ ബംഗാളി ഗ്രാമങ്ങളില്‍ നിലയുറപ്പിക്കുവാന്‍ സഹായിച്ചു. ഗ്രാമത്തിലെ കുട്ടികള്‍ക്കും വേഗംതന്നെ അയാള്‍ സുപരിചിതനായി. അവര്‍ പല ദിക്കുകളില്‍നിന്നും അയാള്‍ക്കരികിലേക്കുവരും. ദൂരേ അയാളെ കാണുമ്പോള്‍ത്തന്നെ അവര്‍ 'യോണി, യോണി, യോണി' എന്നു വിളിച്ച് ഓടിക്കൂടും.

ഈ ആരവം കേള്‍ക്കുമ്പോള്‍ ജോണിയുടെ ചര്‍മം ചുവക്കും. അയാളുടെ നീലക്കണ്ണുകള്‍ നനയും. അടുത്തു കാണുന്ന അഭയസ്ഥലത്തേക്ക് അയാള്‍ വിഷണ്ണതയോടെ കയറും. താന്‍ അങ്ങനെയൊരു ശ്രദ്ധാകേന്ദ്രമായി മാറുന്നത് അയാള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ബാവുല്‍ജീവിതത്തിലെ സാമൂഹികമായ അന്തരീക്ഷവും അത്രമേല്‍ അയാള്‍ക്കു പരിചിതമല്ല. ഏറെ ബാവുലുകളും ചെറിയ കുടിലുകളിലാണ് പാര്‍ത്തിരുന്നത്. ആകെ അതിനുള്ളിലുള്ളത് ഒരു തടിക്കട്ടില്‍ മാത്രമായിരിക്കും. രാത്രിയില്‍ അവര്‍ മത്തി അടുക്കുംപോലെ ഒരു പായയില്‍ അടുങ്ങിക്കിടക്കും.

യാതൊരു നാട്യവും കാപട്യവുമില്ലാത്ത ജോണി, എത്രയും സത്യസന്ധതയോടെ താന്‍ പരിചയിച്ച സംഗീതജ്ഞരുടെ സംസ്‌കാരവും ജീവിതരീതിയും ആഗിരണം ചെയ്യാന്‍ ശ്രമിച്ചു. അയാള്‍ ഒരു നായാട്ടുകാരനോ കൊള്ളക്കാരനോ അല്ലല്ലോ. ഗോതെന്‍ബര്‍ഗിലെ ഉള്‍നാട്ടില്‍നിന്ന് ബോല്‍പൂരിന്റെ അതിര്‍ത്തിയിലേക്ക് അയാളെ കൊണ്ടുവന്ന ആഗോളീകരണത്തെക്കുറിച്ച് അപ്പോള്‍ ബോധവാനായിരുന്നില്ല. താന്‍ കഠിനമായി പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ആഗോളീകരണത്തിന്റെ വാഹനംതന്നെയായി അയാള്‍ സ്വയം മാറുന്നത് അയാള്‍ക്കു മനസ്സിലാക്കാനായില്ല.

രണ്ടാമത്തെ വരവില്‍ അയാള്‍ തന്റെ പങ്കാളി കത്രീനയെക്കൂടികൂട്ടി. അവള്‍ ഒരു നടിയാണ്. ബുദ്ധിയുള്ള സ്വതന്ത്രയായ ഒരു സ്വീഡിഷ് സുന്ദരി. ഇരുത്തംവന്ന സ്വഭാവം. നല്ല ഫലിതബോധം. അവള്‍ ഒരു സൈക്കിള്‍ എടുത്ത് ബോല്‍പൂരിലേക്കും ശാന്തിനികേതനിലേക്കും സഞ്ചരിച്ചുകൊണ്ടിരിക്കും. ബാവുല്‍ഗാനങ്ങളില്‍ വിവരിക്കുന്ന ചില ലൈംഗികസൂത്രങ്ങള്‍ മനസ്സിലാക്കിയാല്‍ കൊള്ളാമെന്നുണ്ടെന്ന് അവള്‍ പബനോടു പറഞ്ഞു. അത് പബനെ ദിവസങ്ങളോളം കുഴപ്പങ്ങളില്‍പ്പെടുത്തി. തികഞ്ഞ സംവേദനശീലരായ നാഗരികനടന്മാരെ യൂറോപ്പില്‍ സൃഷ്ടിക്കുവാനുള്ള തന്ത്രങ്ങളാണ് ഗ്രോട്ടോവ്‌സ്‌കി മെനഞ്ഞത്. കാര്‍ഷികവ്യവസ്ഥ നിലനില്ക്കുന്ന, ഗാഢമായ മതാത്മകത പുലരുന്ന, ദരിദ്രമായ അവസ്ഥകളില്‍നിന്ന് പുതിയ സങ്കേതങ്ങള്‍. അരിപ്പയില്‍ വെള്ളം കോരുന്നതിനു തുല്യമായ ഒരു പ്രക്രിയയാണത്, ബാവുല്‍ഗാനങ്ങളില്‍ ഒരുപാട് മനസ്സിലാക്കുവാനുണ്ടെന്ന് എനിക്കു തോന്നി.
എന്റെ ഹൃദയസ്ഥനായ ഫക്കീര്‍,
ഹൃദയത്തിലെ വാക്കുകള്‍
പരുന്തുകള്‍ മരത്തിലേക്കു വരുന്നു
പൂച്ച മരത്തിലേക്കു വരുന്നു.
ത്രികോണമത്സ്യം
മീന്‍മുട്ടകളത്രയും വാരിവിഴുങ്ങി.
എന്റെ പ്രിയപ്പെട്ട ഫക്കീര്‍,
ഹൃദയത്തിലെ വാക്കുകള്‍
തെമ്മാടിയായ പാഡോ
ബുദ്ധിമാനാണ്.
അവന്‍ അരിപ്പയില്‍
വെള്ളം കോരുന്നു. (പോഡോലോചന്‍, 19-ാം നൂറ്റാണ്ട്)
ആധുനികജീവിതത്തിന്റെ അധികസമ്മര്‍ദങ്ങള്‍ ബാവുല്‍ഗായകരെ അവരുടെ പുരാതനമായ സ്വര്‍ഗീയകര്‍മം ചെയ്യാന്‍ പ്രേരിതരാക്കുന്നുണ്ട്. പരമ്പരാഗതമായി ബാവുല്‍ഗുരുക്കന്മാര്‍, ബാവുല്‍ഗായകര്‍ക്ക് ഒരു 'ബൈന' നല്കാറുണ്ട്. ഗുരുക്കന്മാര്‍ക്കും കൃഷ്ണനും സമര്‍പ്പിക്കുന്ന ഉത്സവങ്ങള്‍ക്ക് തങ്ങളുടെ ആശ്രമങ്ങളില്‍ പാടാന്‍ വിളിക്കുന്നതിനുള്ള പ്രതിഫലമാണത്. ഈ 'അക്രകള്‍' അഥവാ അധ്യയനസ്ഥലങ്ങള്‍ ക്രമേണ നാട്ടുസമൂഹം ഏറ്റെടുക്കുന്നു. എന്നാല്‍ ഇരുപതാംനൂറ്റാണ്ടില്‍ ഈ സഹായസംവിധാനക്രമമാകെ തകര്‍ന്നുപോയി. ഈ സാഹചര്യത്തില്‍, സാധാരണ ഗ്രാമസമൂഹങ്ങളില്‍നിന്നുള്ള പരിരക്ഷ ലഭ്യമല്ലാതെ വന്നപ്പോള്‍ ബാവുല്‍ഗായകര്‍ ദയായാചകരായി. കൂലിക്കുവേണ്ടി പാടുന്ന അവസ്ഥയില്‍ അവരെത്തി. അന്നന്നത്തെ അത്താഴത്തിനായി പാടുന്നവര്‍.

അതിനാല്‍, തങ്ങളുടെ കലയില്‍ പാശ്ചാത്യലോകത്തുനിന്നുണ്ടായ താത്പര്യത്തില്‍ പല ബാവുല്‍ഗായകരും അതിജീവനത്തിനുള്ള അദ്ഭുതകരമായ പ്രതീക്ഷകള്‍ കണ്ടു. അത് പ്രത്യേകിച്ചും അപകടകരമായ ഒരു സമവാക്യം ഉരുത്തിരിക്കുന്നതിലെത്തി. ആത്മീയശാന്തി തേടുന്ന ഈ അസംതൃപ്തസഞ്ചാരികള്‍ തങ്ങളുടെ ഹൃദയവും പോക്കറ്റുകളും ബാവുലുകള്‍ക്കു മുന്നില്‍ ഒരുപോലെ തുറന്നു. അതിനു പകരമായി, പട്ടിണിക്കാരും ഉത്കണ്ഠാകുലരുമായ ബാവുലുകള്‍ അവരെ ചുറ്റിപ്പറ്റി നിന്നു. നാഗച്ചുരുളുപോലെ, പരസ്​പരാശ്രിതരായി അവര്‍ നിലകൊണ്ടു.

അവരില്‍ പലരും പിന്നീട് മധുകുറി പരിശീലിച്ചില്ല. അതിനു പകരം അവര്‍ കൊല്‍ക്കത്തയിലേക്കുള്ള തീവണ്ടികളില്‍ കയറി യാത്രികരുടെ ദയയ്ക്കായി കൈ നീട്ടി. ഭാഗ്യമുള്ളവരും കഴിവുള്ളവരും നല്ല സൗന്ദര്യമുള്ളവരും സംഗീതജീവിതത്തിലൂടെതന്നെ മുന്നോട്ടു നീങ്ങി. അവര്‍ ധനലോലുപരും നികൃഷ്ടരും ഒക്കെയായി രണ്ടു ജീവിതങ്ങള്‍ ജീവിച്ചു. യുവബാവുലുകള്‍ വേശ്യാവൃത്തിക്കായി പ്രേരിപ്പിക്കപ്പെട്ടു. അവരുടെ രക്ഷാധികാരികള്‍ നികൃഷ്ടബുദ്ധിയുള്ള കോണ്‍ട്രാക്ടര്‍മാരും ഏജന്റുമാരുമൊക്കെയായിരുന്നു. കല്‍ക്കരി മേഖലയില്‍ പാര്‍ക്കുന്നവര്‍. ചുറ്റും ചില പഴയ ബാവുല്‍ഗായകരും ഗുരുക്കന്മാരും മാത്രമേ വിദൂരത്തിലുള്ള തങ്ങളുടെ ആശ്രമങ്ങളില്‍ പാര്‍ത്തിരുന്നുള്ളൂ. അവരിപ്പോഴും തങ്ങളുടെ ഗാനങ്ങളിലെ അന്തര്‍ദര്‍ശനങ്ങളാല്‍ പ്രചോദിതരായിരുന്നു. ബാവുല്‍യുവത്വത്തിന്റെ വഴികള്‍ക്കു നേരേ അവര്‍ നിഷേധത്തോടെ തലതിരിച്ചു. പണത്തിനുവേണ്ടി മാത്രം പാടുന്നവര്‍ക്ക് യഥാര്‍ഥത്തിലുള്ള ആത്മീയസൗന്ദര്യഗുണങ്ങള്‍ നഷ്ടമാകും. നൈസര്‍ഗികമായ സംഗീതസിദ്ധിയുള്ള പബന്‍പോലും ചിലപ്പോള്‍ ഒരു തത്തയെപ്പോലെ പാടും, താന്‍ പാടുന്നതെന്തെന്ന് ഒട്ടുംതന്നെ ഗ്രഹിക്കാതെ.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education