ഹിമാലയം

കെ.മാധവനാര്‍

18 Nov 2012

ഹിമാലയത്തെക്കുറിച്ചുള്ള മലയാളത്തില്‍ ആദ്യമായി എഴുതപ്പെട്ട യാത്രാവിവരണത്തില്‍ നിന്ന് ഒരു ഭാഗം.

ഇന്ത്യയുടെ വടക്ക് അഫ്ഘാനിസ്ഥാനം മുതല്‍ മേല് ബര്‍മ്മവരെ ഏകദേശം ആയിരത്തഞ്ഞൂറു നാഴിക നീളത്തിലും, കാശ്മീര്‍, ഗാര്‍വ്വാള്‍, അല്‍മോറ, തിബത്ത്, നേപ്പാളം, ഭൂട്ടാന്‍, സിക്കിം മുതലായ അനേകം പ്രദേശങ്ങളുള്‍പ്പെടെ ഏകദേശം ഇരുനൂറ്റമ്പതു നാഴിക വീതിയിലും ഉള്ള സ്ഥലമത്രയും മാമലകളുടെ ഒരു പെരുങ്കുടുംബം കുടികൊള്ളുന്നുവെന്ന് പറയാം. അവയില്‍ പല നിരകളും പല തരങ്ങളുമുണ്ട്. ചിലതു വെറും പാറക്കുന്നുകള്‍, ചിലത് നിബിഡമായ കാടുകള്‍, ചിലത് ഭയങ്കര ജന്തുക്കളുടെ ആവാസങ്ങള്‍, ചിലത് കാലകാലാന്തരം ഉരുകാത്ത ഹിമത്താലും അപ്രാപ്യമായ ഉയരത്താലും യാതൊരുവിധം ചെടിക്കും പ്രാണിക്കും ജീവിക്കാനരുതാത്ത ഏകാന്തശിഖരങ്ങള്‍, ഇങ്ങനെ പലമാതിരിയാണ് ഈ മലക്കൂട്ടം. ചിലേടത്ത് ഒന്നൊന്നിനെ തൊട്ടും ചിലേടം തമ്മില്‍ കുറെ വിട്ടും വേറെ സ്ഥലങ്ങളില്‍ വീണ്ടും അടുത്തുമായി ഇവ വളഞ്ഞും പിരിഞ്ഞുമുള്ള അനേകം നിരകളായി കിടക്കുന്നു. പല താഴ്‌വാരങ്ങളും നദികളും പല ഗ്രാമങ്ങളും കൃഷികളും ചില നഗരങ്ങള്‍ തന്നെയും ഇവയുടെ ഇടയില്‍ പെട്ടിരിക്കുന്നുമുണ്ട്. ഈ ഗംഭീര പര്‍വ്വതവംശത്തിനു പൊതുവിലുള്ള പേരാണ് ഹിമവാന്‍, ഹിമാലയം. അഥവാ, ഹിമാലയങ്ങള്‍. അല്ലാതെ, ഹിമവാന്‍ എന്നത് ഭാഗവതവായനക്കാര്‍ പക്ഷേ, ധരിച്ചേക്കുംപ്രകാരം പതിനായിരം യോജന ഉയരവും രണ്ടായിരം യോജന വണ്ണവുമായി ഒത്ത ആകൃതിയോടുകൂടിയ ഒരു ഒറ്റ മലയല്ല. ഹിമാലയങ്ങളില്‍പ്പെട്ട ഓരോ പ്രത്യേക മലകള്‍ക്കും പ്രത്യേകം ഓരോ പേരുണ്ട്. നീലഗിരിഡോഡബേറ്റാ, ആനടിക്കോടന്‍, ദേവികുളം മുതലായവയെല്ലാം പശ്ചിമഘട്ടങ്ങള്‍ എന്ന പര്‍വ്വതക്കൂട്ടത്തിന്റെ ഓരോ ഭാഗങ്ങളെന്നപോലെ, കാഞ്ചന്‍ജംഗ, ധവളഗിരി, ഗൗരീശങ്കരം മുതലായവ ഇങ്ങനെ ഓരോ ഹിമാലയന്‍ മലകളാണ്. കാശ്മീരില്‍ കിടക്കുന്ന അമരനാഥം, ഗാര്‍വ്വാള്‍ അതിര്‍ത്തികളിലുള്ള കേദാരനാഥം, ബദര്യാശ്രമം, നേപ്പാളിലെ മുക്തനാരായണം, തിബത്തില്‍ സ്ഥിതിചെയ്യുന്ന കൈലാസം എന്നിങ്ങനെ പരമ്പരാ പവിത്രങ്ങളായ ധാമങ്ങളും ഒരേ ഹിമവാന്റെ വ്യത്യസ്ത ശിഖരികളത്രേ. ഗംഗയുടെ ഉത്ഭവസ്ഥലമായ ഗംഗോത്രി, യമുനയുടെ ഉത്പത്തി ജംബുത്രി, സിന്ധു, ബ്രഹ്മപുത്ര മുതലായ വേറെയും അനേകം നദികളുടെ ഉറവുകള്‍, പുരാണപ്രസിദ്ധമായ മാനസസരസ്സ് ഇവയും ഹിമവല്‍ഗര്‍ഭങ്ങളാകുന്നു.

ഹിമാലയം മനുഷ്യചിന്തയെ അനാദികാലം മുതല്‍ക്കേ ആകര്‍ഷിച്ചിട്ടുണ്ട്. പ്രകൃതിയുടെ അനന്തചൈതന്യം ഇത്രയും പ്രത്യക്ഷത്തില്‍ ഗംഭീരമോഹനമായി സ്ഥൂലീഭവിച്ച കാഴ്ച വേറെ ഒട്ട് ഇല്ലെന്നുതന്നെ പറയാം. വൈദികമന്ത്രങ്ങളിലും പുരാണകവിതകളിലും ഹിമാലയത്തിന്റെ തുഷാരസുഷമയും അത്യുന്നതപ്രൗഢിയും ഏകാന്തവിലാസവും പ്രസന്നമായി പ്രതിഫലിച്ചുകാണുന്നതില്‍ എന്താണാശ്ചര്യം? ജീവനും പ്രകൃതിയും ഈശ്വരനും എന്തെന്ന തത്ത്വത്തെപ്പറ്റിയും ആ പരമരഹസ്യത്തെ നിദാനമാക്കി ജീവിതത്തെ നിയന്ത്രിക്കുന്നതായ ശാസ്ത്രങ്ങളെപ്പറ്റിയും ഋഷീശ്വരന്മാര്‍ അനേകകാലം ഇടമുറിയാതെ ആലോചിച്ചു വന്നത് അധികവും ഹിമവാന്റെ ശാന്തിനികേതനങ്ങളില്‍ വെച്ചായിരുന്നു. വേദപാഠങ്ങള്‍ സവിസ്തരം പരിശോധന കഴിച്ചതിന്റെ ഫലമായി അവയുടെ ഉത്ഭവം അതിശീതളമായ ധ്രുവമേഖലയില്‍ നിന്നാണെന്ന് കാണിക്കുന്നതായ തെളിവുകള്‍ വേദത്തില്‍ത്തന്നെ ഉണ്ടെന്നാണ് പരേതനായ ബാലഗംഗാധരതിലകന്‍ അദ്ദേഹത്തിന്റെ ഒരു ഗ്രന്ഥത്തില്‍ സമര്‍ത്ഥിച്ചിരിക്കുന്നത്. അതിശൈത്യം, ഉറച്ച മഞ്ഞ്, ജനബാഹുല്യമില്ലായ്മ, നിശ്ശബ്ദത, പ്രഭാതരശ്മികളോ അസ്തമയകിരണങ്ങളോ അനന്തഹിമമായ ശിഖരികളിന്മേല്‍ നിന്നും പ്രതിബിംബിക്കുമ്പോള്‍ ധ്രുവങ്ങളിലെ അറോറാദീപ്തിപോലെ ഉളവാകുന്ന കാന്തിപൂരം, മഞ്ഞുമഴ എന്നിങ്ങനെ അനേക കാര്യങ്ങളില്‍ ഹിമാലയം ധ്രുവദേശങ്ങളോടു സാമ്യം വഹിക്കുന്നതാകയാല്‍ 'വേദങ്ങളിലെ ധ്രുവഭവനം' യഥാര്‍ത്ഥത്തില്‍ ഹിമാലയം ആയേക്കുമോ? ഏതായാലും ചരിത്രകാലങ്ങള്‍ക്കു മുമ്പുതന്നെ ഋഷികളും മുമുക്ഷുക്കളും തത്ത്വവിചിന്തനത്തിനായി ഹിമാലയം പ്രാപിച്ചിരുന്നുവെന്നും ഹിമാലയത്തിലെ ഏകാന്തനിശ്ശബ്ദതയില്‍ നിന്നും ചില മഹാചിന്തകള്‍ ഉറന്നു ലോകം മുഴുവന്‍ ഇരമ്പീട്ടുണ്ടെന്നും അനായാസേന വിശ്വസിക്കാം. അങ്ങനെയുള്ള തത്ത്വാന്വേഷികളുടെ ഓരോ പുരാതനസങ്കേതങ്ങള്‍തന്നെയാണ് ഹിമാലയത്തില്‍ തീര്‍ത്ഥാടനക്കാര്‍ ഭക്തിയോടെ ഇന്നും തേടിവരുന്ന പുണ്യധാമങ്ങള്‍.

നാനാജന്തുസങ്കീര്‍ണ്ണമായ വനാന്തരംഗങ്ങളിലോ, ഉന്നതങ്ങളായ പര്‍വ്വതശിഖരങ്ങളിലോ, വന്‍നദികള്‍ വിശാലമായ സമുദ്രത്തിലേക്കു ചെന്നു സമ്മേളിക്കും സ്ഥലങ്ങളിലോ, എന്നുവേണ്ടാ ഏതേതിടങ്ങളിലാണോ, ടാഗോര്‍ പറയുംപ്രകാരം, പ്രകൃതിയുടെ രമണീയതയും വിപുലതയും വൈശിഷ്യവും പ്രാഭവവും മനുഷ്യന്റെ ആത്മാവിനെ വിശേഷാല്‍ വികസിപ്പിച്ച് അനന്തചൈതന്യത്തിലേക്ക് ആനയിക്കുന്നത്, ആനന്ദപൂര്‍ണ്ണമാക്കുന്നത്, ആ-ആ ഇടങ്ങളിലാണ് പ്രായേണ പ്രാചീന പിതാമഹന്മാര്‍ തീര്‍ത്ഥങ്ങളും ക്ഷേത്രങ്ങളും വിഹാരങ്ങളും കല്പിച്ചിരിക്കുന്നത്. ഉദാഹരണമായി , കന്യാകുമാരി, പുരി, ഗംഗാ, ബദര്യാശ്രമം എന്നിങ്ങനെ ഏതെങ്കിലും ചില പുണ്യസ്ഥലങ്ങള്‍ ഓര്‍ത്താല്‍ മതി. ഇതാണ് ദുര്‍ഗ്ഗങ്ങളായ ഹിമാലയത്തിലെ അനേകം പുണ്യധാമങ്ങളുടെയും ആഗമം.

കാശിയും സാരനാഥവും

ഏപ്രില്‍ 11നു രാത്രി ഞാന്‍ ജാംഷെഡ്പൂരില്‍ നിന്നും സ്‌നേഹിതന്മാരോട് യാത്ര പറഞ്ഞു പുറപ്പെട്ടു; 12-ാംനു പുലര്‍ച്ചവണ്ടിക്ക് താതാനഗര്‍ വിട്ടു. ടിക്കറ്റ് ബനാറീസി(കാശി)യിലേക്കാണ് വാങ്ങിയത്. വഴിക്കു സിനി പ്ലാറ്റുഫോറത്തിന്മേല്‍ കുളുര്‍ത്ത വൃക്ഷത്തണലില്‍ രണ്ടു മൂന്നു മണിക്കൂര്‍ വിശ്രമം ഉണ്ടായി. പിന്നീട് നാലഞ്ചു മണിക്കൂര്‍ ആദ്രാ ജങ്ഷനിലും താമസിക്കേണ്ടിവന്നു. ആ സമയത്ത് സ്റ്റേഷനു പുറമേ കുറെ സ്ഥലം ചുറ്റിനടന്നുകണ്ടു. ബീഹാറിലെ ഈ പ്രദേശങ്ങള്‍ നല്ല ആരോഗ്യവാസങ്ങളാണെന്നാണ് കണ്ടിട്ടു തോന്നുന്നത്. ആന്ധ്രയില്‍നിന്നും വണ്ടി പുറപ്പെട്ടപ്പോള്‍ രാത്രി ഏഴുമണിയായി. ഏകദേശം അര്‍ദ്ധരാത്രി ഗോമോ ജങ്ഷനിലെത്തി. അവിടെ നിന്നു ബോംബെ മെയിലിലേക്കു മാറിക്കേറി. പിറ്റേന്ന് രാവിലെ മൊഗള്‍ സാറായ് സ്റ്റേഷനിലിറങ്ങി. സാധാരണ വണ്ടിക്കുള്ള ടിക്കറ്റായിരുന്നു എന്റെ കൈവശം എന്ന വസ്തുത ഞാന്‍ മറന്നിരുന്നു. അതുകൊണ്ട് മെയിലില്‍ സഞ്ചരിച്ചതിന് ഇരട്ടിക്കൂലി ഇവിടെ കൊടുക്കേണ്ടി വന്നു. മൊഗള്‍ സാറായില്‍നിന്ന് അടുത്തുള്ള കാശിയിലേക്ക് വേറെ വണ്ടിയില്‍ കേറണം. കാശി സ്റ്റേഷനില്‍നിന്നും സ്‌നാനഘട്ടങ്ങള്‍, മന്ദിരങ്ങള്‍ (അതായത്, ക്ഷേത്രങ്ങള്‍) എന്നീ ഭാഗങ്ങളിലേക്കു രണ്ടു നാഴികയോളം ദൂരമുണ്ട്. അവിടെ എത്തിയപ്പോള്‍ പത്തുമണിയായി.

തീര്‍ത്ഥങ്ങളിലും ക്ഷേത്രങ്ങളിലും യാത്രക്കാരെ സ്‌നാനദര്‍ശനാദികള്‍ വഴിപോലെ കഴിപ്പിക്കുക എന്ന പുരോഹിതകര്‍മ്മം അനുഷ്ഠിച്ചു ജീവിക്കുന്ന ഒരു ജാതി ബ്രാഹ്മണര്‍ ഉണ്ടല്ലോ. 'പണ്ട' എന്നാണ് ഇവര്‍ക്ക് ഉത്തരേന്ത്യയില്‍ പേര്. കാശിയാത്രക്കാര്‍ മൊഗള്‍ സാറായ് സ്റ്റേഷനിലെത്തുമ്പോഴേക്കും അവരെ ഈ പണ്ടകളും അവരുടെ ഏജന്റുമാരും വന്നു പിടികൂടുകയായി. ചില പ്രധാനസ്ഥലങ്ങളില്‍ നിങ്ങള്‍ ആദ്യമായി വണ്ടിയിറങ്ങുമ്പോള്‍ കൂലിക്കാര്‍, കുതിരവണ്ടിക്കാര്‍, ഹോട്ടല്‍ ഏജണ്ടുമാര്‍, പണ്ടകള്‍ എന്നീ ശല്യങ്ങളില്‍നിന്നു രക്ഷപ്രാപിക്കുന്നത് എളുപ്പമായ കാര്യമല്ല. അന്യോന്യമത്സരികളായ പണ്ടകള്‍ അങ്ങോട്ടുമിങ്ങോട്ടുമായി എന്നെയും പിടികൂടി. പണക്കാരെന്നു തോന്നുന്ന തീര്‍ത്ഥയാത്രക്കാരെയാണ് ഈ ആള്‍പ്പിടിയന്‍മാര്‍ അധികം മുറുകെപ്പിടിക്കുന്നത്. എന്നോടു നേര്‍ത്ത ചില പണ്ടകള്‍ ഞാന്‍ ധനികനല്ലെന്നുതന്നെയല്ല അവരുടെ ശാസ്ത്രദൃഷ്ട്യാ ഒരുവിധം അവിശ്വാസിയും കൂടിയാണെന്ന് എങ്ങനെയോ മനസ്സിലാക്കി. അതുകൊണ്ട് ശാപംകൊണ്ടും ശകാരംകൊണ്ടും എന്നെ ഒരു വിധം, അനുഗ്രഹിച്ച് അവരില്‍നിന്നും മുക്തി നല്‍കി. എന്നാല്‍ സ്‌നാനത്തിനു ഞാന്‍ ഒരു ഘട്ടത്തില്‍ ചെന്നപ്പോള്‍ ഒരാള്‍ എന്നെ തടുത്തുവെച്ചു. അവരുടെ അധികാരത്തെ ചെറുത്ത് അവിടെ ഇറങ്ങുവാന്‍ പാടില്ലെന്ന് സഗൗരവം കല്പിച്ചു. ഗംഗ നിങ്ങളുടെ സ്വന്തമാണോ എന്ന് ഞാന്‍ ചോദിച്ചതിന് അതേ, ഗംഗാപുത്രന്മാരായ അവരുടെ സ്വന്തമാണ് ആ തുറന്ന വന്‍നദിയെന്നാണ് കൂസാതെ അയാള്‍ ഉത്തരം പറഞ്ഞത്. ശിഖ(കുടുമ)യില്ലാത്ത ഞാന്‍ ഹിന്ദുവല്ല, മുസല്‍മാനാണെന്നും അയാള്‍ ആക്ഷേപിച്ചു. ഹിന്ദുക്കള്‍ക്കെന്നപോലെ മുസല്‍മാന്‍മാര്‍ക്കും അവകാശപ്പെട്ട ഒരു പൊതുസ്വത്താണ് ഗംഗാനദി എന്നു പറഞ്ഞു ഞാന്‍ സൈ്വരമായി സ്‌നാനം തുടങ്ങി. ഭീഷണികള്‍ നിഷ്ഫലമെന്നുകണ്ട് അയാള്‍ എന്നെ വിട്ടു പോയി.

ശാസ്ത്രി രാമകുമാര്‍ജി എന്നാളുടെ ഒരു മഠത്തിലാണ് ഞാന്‍ താമസിച്ചത്. ആ സ്ഥലം അനേകം മലയാളിയാത്രക്കാരുടെയും ഭജനക്കാരുടെയും ഒരു സങ്കേതമാണ്. ശാസ്ത്രിക്കു തീര്‍ത്ഥയാത്രക്കാരെ എത്തിച്ചുകൊടുക്കുവാന്‍ സമര്‍ത്ഥന്മാരായ ചില മലയാളി ഏജണ്ടുമാരുണ്ട്.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education