കുടിവെള്ളം പോലും തൊടാന്‍ കഴിയാതെ...

ശരണ്‍കുമാര്‍ ലിംബാളെ

10 Nov 2012

ജൂമ്മയെ ഞങ്ങളുടെ ഗ്രാമത്തിലെ സ്‌കൂളില്‍ നാലാം ക്ലാസില്‍ ചേര്‍ത്തു. അവനപ്പോള്‍ പത്തോ പതിനൊന്നൊ വയസ്സായിരുന്നു. അമ്മയുടെ മരണത്തിനുശേഷം അവന്‍ അനാഥനായി. അവനെ കല്യാണം കഴിപ്പിക്കാന്‍ തീരുമാനിച്ചു ദാമുഅണ്ണാ. രത്‌നാബായിയും ദാമുഅണ്ണായും ജൂമ്മാ ഒരു സുന്ദരന്‍ പയ്യനാണെന്ന് എന്റെ അമ്മയോട് പറയുമായിരുന്നു. അവന്റെ അമ്മയുടെ സ്വത്ത് അവന് കിട്ടിയിട്ടുണ്ടെന്നും ഭാവിയില്‍ അവന് ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ലെന്നും അവര്‍ പറയും. അങ്ങനെയാണ് മസാമായി അവനെ ശ്രദ്ധിച്ചു തുടങ്ങിയത്. അവരെല്ലാവരും ചേര്‍ന്ന് എന്റെ പെങ്ങള്‍ വാണിയെ അവന് കല്ല്യാണം ചെയ്തുകൊടുക്കുവാന്‍ തീരുമാനിച്ചു. കാക്കായും എന്റെ അമ്മ പോലും ഒരു സംശയവുമില്ലാതെ അതിനു സമ്മതിക്കുകയും ചെയ്തു. വാണി ജുമ്മയേക്കാള്‍ കായബലമുള്ളവളായിരുന്നു; എന്റെ അമ്മ അതംഗീകരിച്ചില്ലെങ്കിലും.

അവര്‍ക്ക് മകളുടെ കല്ല്യാണം നടന്നു കാണണമെന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒടുക്കം അവരുടെ കല്ല്യാണം നടന്നു. വാണി നാള്‍ക്കുനാള്‍ വളര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ ജുമ്മാ അപ്പോഴും ട്രൗസറിട്ടു നടക്കുകതന്നെയായിരുന്നു. ജുമ്മാ സ്‌കൂളില്‍ പോകാതായി. ജീവിതം അവനു മടുത്തു.ഒരുദിവസം അവനെ കാണാതായി. ഒരു പക്ഷേ, ബോംബെയിലേക്കു തന്നെ തിരിച്ചുപോയിരിക്കാം. അവരെ അന്വേഷിച്ചു പോകാനൊന്നും ആരും മെനക്കെട്ടില്ല. ആര്‍ക്കും അതിനുള്ള സമയമില്ലായിരുന്നു. എല്ലാവരും അവരവരുടെ കാര്യങ്ങളുമായി തിരക്കിലായിരുന്നു.

ഇത്
നാരായണ്‍ പാട്ടീലിന്റെ കിണറാണ്. കഴിഞ്ഞ വര്‍ഷം 'മഹാര്‍' ജാതിക്കാരായ തൊഴിലാളികളാണ് ഇത് കുഴിച്ചതും പടുത്തുകെട്ടിയതും. മഹാര്‍ വംശജരുടെ തൂമ്പകളും മറ്റു പണിയായുധങ്ങളുമുപയോഗിച്ചാണ് ഈ കിണര്‍ കുഴിച്ചത്. അവരുടെ വിയര്‍പ്പൊഴുക്കിയാണ് ഇതുണ്ടായത്. അവരുടെ പാറ വെടിക്കോപ്പുകളും ഉളികളുമാണ് ഇതിന്റെ അടിപ്പാറകള്‍ പൊളിച്ചെടുത്തത്. ഈ കിണറ്റില്‍ വെള്ളമെത്തിയത് 'മഹാര്‍' എന്നൊരു വിഭാഗത്തില്‍ പെടുന്ന മനുഷ്യരുടെ കഠിനാധ്വാനം കൊണ്ടായിരുന്നു. എന്നാലിപ്പോള്‍ അതേ മഹാര്‍ ജാതിക്കാര്‍ക്ക് ഈ കിണറ്റില്‍നിന്നു വെള്ളമെടുക്കാന്‍ നിരോധനം! കുടിവെള്ളത്തിനുപോലും!

മല്യയും പാര്‍ശ്യയും ഞാനും കിണറിനടുത്തു നില്‍ക്കുകയായിരുന്നു. അതിലെ ജലത്തില്‍ ഞങ്ങളുടെ പ്രതിബിംബങ്ങള്‍ കാണാമായിരുന്നു. 'ബോര്‍' മരത്തിന്റെ പഴങ്ങള്‍ തേടിനടന്നലഞ്ഞു വന്നതിനാല്‍ ഞങ്ങള്‍ക്ക് വല്ലാത്ത ക്ഷീണവും ദാഹവും തോന്നി. ഞാന്‍ കിണറ്റിന്നരികില്‍ തന്നെ നിന്നു. മല്യയും പാര്‍ശ്യായും കിണറ്റിന്റെ പാമ്പേരി വഴി താഴെ ഇറങ്ങിപ്പോയി വെള്ളം കുടിച്ചുവന്നു. പിന്നെ അവര്‍ പുറത്ത് കാവല്‍ നിന്നപ്പോള്‍ ഞാനും അതുപോലെ താഴെയിറങ്ങിച്ചെന്ന് വെള്ളം കുടിച്ചു. കാരണം ഞങ്ങള്‍ ആ കിണറ്റില്‍നിന്ന് വെള്ളം കുടിക്കുന്നത് ആരും കാണാന്‍ പാടില്ല. കണ്ടാല്‍ അവിടെ അടികലശല്‍ തന്നെ നടന്നെന്നുവരും. ഞങ്ങള്‍ക്കു ദാഹിച്ച വെള്ളം കുടിക്കണമെങ്കില്‍ പോലും അതാരും കാണാതെ വേണമായിരുന്നു.

വെള്ളം പോലും സവര്‍ണരുടെ അധീനതയിലായിരുന്നു. കിണറ്റിലിറങ്ങി കൈക്കുമ്പിളില്‍ ഞാന്‍ വെള്ളമെടുത്തപ്പോള്‍ കിണറ്റില്‍ വലയങ്ങളുണ്ടായി. ഭൂഗര്‍ഭത്തിലെ വെള്ളം ഇളകി. ഭാഗ്യത്തിന് ഞങ്ങള്‍ വെള്ളം കുടിച്ചത് ആരും കണ്ടില്ല. കണ്ടിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് നല്ല പൂശു കിട്ടുമായിരുന്നു. വെള്ളവും ആഹാരവും, വീടും വസ്ത്രങ്ങളും, ശ്മശാനങ്ങളും, ചായക്കടകളും, ദൈവവും, മതവും, മനുഷ്യന്‍ പോലും ഞങ്ങള്‍ തൊടുമ്പോള്‍ അശുദ്ധമാകാന്‍ തക്കവണ്ണം എന്തു പ്രത്യേകതയാണാവോ ഞങ്ങളുടെ സ്​പര്‍ശനത്തിലുള്ളത്?
ഒരു ശനിയാഴ്ച നടന്ന സംഭവം എനിക്കിപ്പോഴും നല്ല ഓര്‍മയുണ്ട്.

വാരാന്ത്യമായതിനാല്‍ ഞങ്ങള്‍ വീടുകളിലേക്ക് പോവുകയായിരുന്നു. പോകുന്ന വഴിയില്‍ മറ്റു കുട്ടികളുമായി ഞാന്‍ വഴക്കുണ്ടാക്കി. അവരെല്ലാവരും എന്നെ തനിച്ചാക്കി മുന്‍പേ പോയി. ഗിര്‍മാല്യ അയാളുടെ പാടത്തു ജോലിചെയ്യുകയായിരുന്നു. അയാളുടെ ഭാര്യ അയാള്‍ക്കുള്ള ഭക്ഷണവുമായി വന്നു. തലയില്‍ ഒരു ഭാണ്ഡത്തിലായിരുന്നു ഭാക്രി പ്പൊതി. ആ കെട്ട് താഴെയിറക്കി വെക്കാന്‍ അവളെന്റെ സഹായമപേക്ഷിച്ചു. ഞാനതു താഴെയിറക്കി വെക്കാന്‍ അവരെ സഹായിച്ചു. ഗിര്‍മാല്യാ ഭാര്യയെ കണ്ടയുടനെ ജോലിനിര്‍ത്തി അവളുടെ അടുത്തേക്ക് വരികയായിരുന്നു. എന്നെ കണ്ടതും അയാള്‍ ഉച്ചത്തില്‍ ശകാരിക്കാന്‍ തുടങ്ങി. ഞാന്‍ കെട്ടിറക്കിവെക്കാന്‍ സഹായിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്ന് ഗിര്‍മാല്യയുടെ ഭാര്യ വിശദീകരിക്കുന്നുണ്ടായിരുന്നു. ഇതു കേട്ടപ്പോള്‍ അയാളുടെ കോപം ഇരട്ടിച്ചു.
'അവനൊരു മഹാര്‍ ചെറുക്കനാണ്. ആ സന്താമായിയുടെ മകളുടെ ചെക്കന്‍.'

ഗിര്‍മാല്യയുടെ ഭാര്യ ഇതു കേട്ടപാടെ വിളറിവെളുത്തുപോയി. അവള്‍ കരയുമെന്നു തോന്നി. ഗിര്‍മാല്യ നിന്നു കലിതുള്ളി. അയാള്‍ ചെരുപ്പൂരി അതുകൊണ്ട് എന്നെ എറിഞ്ഞു. ഞാന്‍ ഗ്രാമത്തിലേക്ക് കുതികുതിച്ചോടി.

ഞാന്‍
പത്താംക്ലാസ് പൊതു പരീക്ഷ ജയിച്ചു. ക്ലാസില്‍ രണ്ടാം സ്ഥാനം എനിക്കായിരുന്നു. ഫസ്റ്റ്ക്ലാസും ഉണ്ടായിരുന്നു. നംന്ദ്യായും ശിരോളെയും ഞാനും ഫസ്റ്റ് ക്ലാസോടെ ജയിച്ചു. എല്ലാവരും ഞങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. അന്നുരാത്രി സന്താമായിയും, ദാദായും ഞാനും ഒന്നിച്ചിരുന്നു കള്ള് കുടിച്ചു.

ഞാന്‍ തീരെ ദരിദ്രനായിരുന്നതിനാല്‍ എന്റെ കോളേജ് പഠനം ഒരു പ്രശ്‌നം തന്നെയായിരുന്നു. സന്താമായി പലരോടും കാശ് കടം ചോദിച്ചുനോക്കി. വാങ്ങുന്ന പണത്തിനു പലിശ കൊടുക്കാന്‍ പോലും അവര്‍ തയ്യാറായിരുന്നു. എന്നിട്ടും ഞങ്ങള്‍ക്കാരും കടം തന്നില്ല. ഒടുക്കം സന്താമായിക്ക് ഇരന്നു നടന്ന് മനസ്സുമടുത്തു.

ദാദായുടെ അമ്മാമന്‍ ബാര്‍ശിയില്‍ പോലീസുകാരനായിരുന്നു.
ദാദാ ബാര്‍ശിയില്‍ പോയിനോക്കിയെങ്കിലും പൈസയൊന്നും കിട്ടിയില്ല. ശമ്പളം കിട്ടുമ്പോള്‍ തരാമെന്ന് അമ്മാമന്‍ വാക്കുകൊടുത്തി
രുന്നു. എന്നാല്‍ അപ്പോഴേക്ക് കോളേജ് പ്രവേശനത്തിനുള്ള സമയം കഴിയുമോയെന്ന് ഞങ്ങള്‍ക്കാശങ്ക തോന്നി.

സന്താമായിയും ഞാനും ഒരു ഹുണ്ടികക്കാരന്റെ അടുത്തുപോയി. അയാള്‍ അപ്പോള്‍ കുടിച്ചിട്ടുണ്ടായിരുന്നു. സന്താമായിയും ഞാനും
അല്പം അകലെയാണ് നിന്നത്. സന്താമായിയുടെ ബ്ലൗസ് കീറിയിട്ടുണ്ടായിരുന്നു. അവരുടെ മാറിടം ആ കീറിലൂടെ കാണാമായിരുന്നു. ഹുണ്ടികക്കാരന്‍ പുറത്തു കാണാമായിരുന്ന മുലകളിലേക്ക് തുറിച്ചു നോക്കി.
അയാള്‍ പണമൊന്നും തന്നില്ല. അയാളുടെ നോട്ടം വിഷം പോലെ എന്റെ കരളില്‍ കടന്നുചെന്നു. ഇയാളുടെ അമ്മപെങ്ങമ്മാരുടെ ബ്ലൗസുകളും ഇതുപോലെ കീറിപ്പറിയണമെന്നും എനിക്കവരുടെ മുലകളിലേക്ക് അയാള്‍ ചെയ്തതുപോലെത്തന്നെ തുറിച്ചുനോക്കാന്‍ അവസരമുണ്ടാകണമെന്നും ഞാനാഗ്രഹിച്ചു. ആ അപമാനത്തിനെതിരെ കലഹിക്കണമെന്ന് എനിക്കു തോന്നി.

ഒരു
വിധത്തില്‍ ഞാന്‍ ഷോലാപൂരിലെ ദയാനന്ദ് കോളേജില്‍ ചേര്‍ന്നു. ഈ 'പുതിയ അന്തരീക്ഷത്തില്‍' എനിക്കു കൂടുതല്‍ സ്വാതന്ത്ര്യം തോന്നി. സ്‌കൂള്‍ പഠനകാലത്ത് എന്റെ ഗ്രാമാന്തരീക്ഷത്തില്‍ മാത്രം കഴിഞ്ഞിരുന്ന എനിക്ക് ഈ അന്തരീക്ഷം കൂടുതല്‍ പ്രോത്സാഹജനകമായിരുന്നു. അതെന്നെ കൂടുതല്‍ ഉത്സാഹവാനാക്കി.

കോളേജാഫീസില്‍ നിംബാളെ എന്നു പേരുള്ള ഒരു ഗുമസ്തനുണ്ടായിരുന്നു. ഞാന്‍ ചേരുന്ന ദിവസം അയാളായിരുന്നു കൗണ്ടറില്‍ ഇരുന്നിരുന്നത്. അയാള്‍ എന്റെ പേരെഴുതി. പിന്നെ ജാതിയും മതവും ഏതെന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു:
'ഹിന്ദു-മഹാര്‍'
അയാളപ്പോള്‍ തെല്ലാശ്ചര്യത്തോടെ ചോദിച്ചു:
'മഹാര്‍മാര്‍ക്കും നിംബാളെ എന്നു പേരുണ്ടോ?' ഉവ്വെന്നു പറഞ്ഞ് ഞാന്‍ നടന്നകന്നു.
എന്റെ ജാതിയെക്കുറിച്ച് എനിക്കെപ്പോഴും പേടിതോന്നിയിരുന്നു. 'ഹിന്ദു-മഹാര്‍' എന്നു പറഞ്ഞ് ഞാന്‍ തടിതപ്പുകയായിരുന്നു. കാരണം എനിക്കെന്റെ അച്ഛന്റെ ജാതി അവകാശപ്പെടാന്‍ പറ്റില്ല. ഒരര്‍ഥത്തില്‍ ഞാന്‍ മഹാറായിരുന്നില്ല. കാരണം എന്റെ സിരകളിലോടുന്നത് സവര്‍ണരക്തമാണ്. അടിതൊട്ടു മുടിവരെ. ഈരക്തം എന്റെ ശരീരത്തില്‍ നിന്ന് ഊറ്റിയെടുക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍! എന്റെ ശരീരത്തെ ഞാന്‍ തന്നെ വെറുത്തു. ഞാന്‍ അനുഭവിച്ച ദുഃഖങ്ങള്‍ എന്റേതെന്നപോലെ എന്റെ ഗ്രാമത്തിന്റേതും കൂടിയായിരുന്നു. എന്റെ ഗ്രാമത്തിന്റെ ജീവിതം എന്റെ ജീവിതം കൂടിയായിരുന്നു. ഈ ജന്മിഭവനം എന്നെ എപ്പോഴും മുറിപ്പെടുത്തിക്കൊണ്ടിരുന്നു.
എങ്ങനെയാണൊരു മനുഷ്യന്‍ ജാതി സമേതം ജനിക്കുന്നത്? ജനിച്ചു വീഴുമ്പോള്‍ തന്നെ ഒരു മനുഷ്യന്‍ എങ്ങനെയാണ് അയിത്തക്കാരനാകുന്നത്? എങ്ങനെയാണവന്‍ ജന്മനാല്‍ കുറ്റവാളിയാകുന്നത്? ബ്രഹ്മാവ് തന്റെ പാദത്തില്‍ നിന്ന് വിപുലമായ ഒരു ശൂദ്രസഞ്ചയത്തെ സൃഷ്ടിച്ചുവത്രെ. ഈ സമൂഹം കീഴാളരായിത്തീര്‍ന്നു. അന്നു മുതല്‍ ഈ സമൂഹം അയിത്തജാതിക്കാരായി. അവര്‍ വിശപ്പു മാറ്റാന്‍ വേണ്ടി മോഷ്ടിക്കുകയോ, യാചിക്കുകയോ, ചത്ത മൃഗങ്ങളെ തിന്നുകയോ ചെയ്യുന്നു.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education