പെണ്‍കഴുത്ത്‌

ഡെസ്മണ്ട് മോറിസ്‌

04 Nov 2012

തല താങ്ങിനിര്‍ത്താന്‍ മാത്രമുള്ള ഒരവയവമായിട്ടാണ് പാശ്ചാത്യലോകത്ത് പെണ്‍കഴുത്തിനെ പുരുഷന്മാര്‍ കാണുന്നത്. കഴുത്തിലെ ചര്‍മം മൃദുവായി തടവുമ്പോഴും ലൈംഗികകേളീപൂര്‍വലാളന നടത്തുമ്പോഴും ചുംബിക്കുമ്പോഴും അത് പങ്കാളിയെ ഉത്തേജിപ്പിക്കുമെന്ന് ഒരുപക്ഷേ ആണുങ്ങള്‍ക്കറിയാം. അതിനപ്പുറം പിടലിക്ക് വലിയ പ്രാധാന്യമൊന്നും കല്പിച്ചിട്ടില്ല. രതിജനകമായ ഭാഗമായി പിന്‍കഴുത്തിനെ ആരും കരുതുന്നില്ല.

ജപ്പാനില്‍ സ്ഥിതി വ്യത്യസ്തമാണ്. പിന്‍കഴുത്ത് പ്രദര്‍ശിപ്പിക്കുന്നത് സ്ത്രീകള്‍ ലൈംഗികാകര്‍ഷണത്തിന് ഏറ്റവും മോഹിപ്പിക്കുന്ന പ്രവൃത്തിയായിട്ടാണ് കരുതുന്നത്. പാശ്ചാത്യരാജ്യങ്ങളില്‍ മുലകള്‍ പ്രദര്‍ശിപ്പിക്കുന്നതിനു സമാനം. ഗെയ്ഷകള്‍ പിടലി പ്രദര്‍ശനം നടത്തേണ്ടവരാണ്. പക്ഷേ, മാന്യകളായവര്‍ അങ്ങനെ ചെയ്യില്ല. അവരുടെ വസ്ത്രങ്ങള്‍ കഴുത്ത് മൂടുന്നവയാണ്.

ഡോ.ഡെസ്മണ്ട് മോറിസിന്റെ നഗ്‌നനാരി വാങ്ങാം

പാരമ്പര്യമായി ഗെയ്ഷകള്‍ കഴുത്തുകള്‍ കലാപരമായ സുഭഗതയോടെ പ്രദര്‍ശിപ്പിക്കാന്‍ പരിശീലനം നേടിയവരാണ്. ക്യോത്തോവില്‍ ഇപ്പോഴും പരമ്പരാഗതമായ ഇത്തരം വേഷമണിഞ്ഞ ഗെയ്‌ഷെകളുണ്ട്. അവരുടെ വസ്ത്രങ്ങളുടെ മുന്‍ഭാഗം കഴുത്തുവരെ മറച്ചിരിക്കും. പക്ഷേ, പിന്‍ഭാഗം താഴ്ത്തിയതും ഇറക്കമുള്ളവയുമാണ്. പിന്നിലെ, നട്ടെല്ലിന്റെ ആദ്യത്തെ വലിയ എല്ലിനു കീഴെവരെയാവും ഇറക്കം. ആരോ പറഞ്ഞതുപോലെ പുരുഷന്മാര്‍ എല്ലായിടത്തും സ്ത്രീകളുടെ തുറന്ന മുന്‍ഭാഗം ആസ്വദിക്കും. പക്ഷേ, ജപ്പാനില്‍ പിന്‍ഭാഗമാണ് തുറന്നത്.

രാപ്പാടിക്കാഷ്ഠം കലര്‍ന്ന വെളുത്ത ചമയം മൃദുലമായ കഴുത്തില്‍ തേക്കുമ്പോള്‍ ഗെയ്ഷകള്‍ തലമുടിക്ക് തൊട്ടുതാഴെ അല്പം ചര്‍മഭാഗം ഒഴിച്ചിടും. ചമയത്തിന്റെ കൃത്രിമത്വത്തിനപ്പുറം തൊലിയുടെ സൗന്ദര്യംകൊണ്ട് പുരുഷന്മാരെ ഉത്തേജിപ്പിക്കാനാണിത്. ഒരു നിരീക്ഷകന്റെ അഭിപ്രായത്തില്‍ ഈ രീതിയുടെ കാമോദ്ദീപകത്വം പിറകിലെ സഗ്‌നകണ്ഠചര്‍മഭാഗം ഒരുമിച്ച V ആകൃതിയിലാവുന്നത് സ്ത്രീയുടെ രഹസ്യഭാഗങ്ങളുടെ സൂചനയാണെന്നാണ്.

കഴുത്തിനു പിറകിലെ മനോഹരമായ ഭാഗത്തിന് ജാപ്പനീസ് ഭാഷയില്‍ ഒരു പ്രത്യേക ശൈലിയുണ്ട്. 'കൊമാത നോ കെരിയഹത്തഹിതോ', അതിന്റെ അര്‍ഥം മാറിയിരിക്കുന്നു. കാരണം. കഴുത്തിനു പിറകിലെ ചമയം ഇപ്പോള്‍ പ്രജനനാവയവങ്ങളെ അനുസ്മരിപ്പിക്കുന്നവയാണ്. ഇപ്പോള്‍ ആ ശൈലി ധ്വനിപ്പിക്കുന്നത് ചേതോഹരമായ പ്രജനനാവയവങ്ങളുള്ള സ്ത്രീ എന്നാണ്.

ജാപ്പനീസ് സ്ത്രീകള്‍ മാറില്‍നിന്ന് ആകര്‍ഷണകേന്ദ്രം പിന്‍കഴുത്തിലേക്ക് മാറ്റിയതിനെക്കുറിച്ച് ഒരഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ജാപ്പനീസ് ശിശുക്കള്‍ മുലകുടിക്കുന്നതിനെക്കാള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് അമ്മമാരുടെ പിറകില്‍ തൂക്കിയ നിലയിലാണ്. ഇതിനുപുറമെ ജാപ്പനീസ് സ്ത്രീകളുടെ മുലകള്‍ വലുപ്പം കുറഞ്ഞവയാണെന്നതും കഴുത്ത് ആകര്‍ഷകകേന്ദ്രമാവുന്നതിന് ഹേതുവായി.

ശരീരശാസ്ത്രപരമായി മനുഷ്യശരീരത്തിലെ ഏറ്റവും സൂക്ഷ്മമായ അവയവമാണ് കഴുത്ത്. വായയും ഉദരവും തമ്മിലുള്ള ജീവല്‍പ്രധാനമായ ബന്ധിപ്പിക്കലിനു പുറമെ മൂക്കും ശ്വാസകോശങ്ങളും മസ്തിഷ്‌കവും സുഷുമ്‌നയും കഴുത്തില്‍കൂടിയാണ് സന്ധിക്കപ്പെട്ടിരിക്കുന്നത്. ഹൃദയത്തില്‍നിന്ന് തലച്ചോറിലേക്കുള്ള രക്തധമനികള്‍ കഴുത്തില്‍കൂടിയാണ് കടന്നുപോകുന്നത്. ഈ ബന്ധങ്ങള്‍ക്കു ചുറ്റുമുള്ള പേശികള്‍ തലതാഴ്ത്താനും ഇളക്കാനും തിരിക്കാനും കുലുക്കാനും സാമൂഹികാവസരങ്ങളില്‍ വിവിധ രീതികളിലുള്ള സന്ദേശങ്ങള്‍ ദ്യോതിപ്പിക്കുന്ന ചലനങ്ങള്‍ നടത്താനും സഹായിക്കുന്നു.

സുന്ദരമായ പെണ്‍കഴുത്തിനെ അരയന്നപ്പിടയുടെതെന്നും ആണ്‍കഴുത്തിനെ കാളക്കഴുത്തെന്നും വിശേഷിപ്പിക്കാറുണ്ട്. പെണ്‍കഴുത്ത് നീളംകൂടിയതും മെലിഞ്ഞതും കൂര്‍ത്തതുമാണ്, ആണ്‍കഴുത്ത് തടിച്ചതും കുറുകിയതുമാണ്. സ്ത്രീകള്‍ക്ക് നെഞ്ച് നീളം കുറഞ്ഞതും ആണുങ്ങളുടെ മാറെല്ലുകളുമായി തുലനംചെയ്താല്‍, ഏറ്റവും മുകളിലത്തെ എല്ല് ആണുങ്ങളുടേതിനെക്കാള്‍ താഴ്ന്നുമാണ്. പേശീവ്യൂഹം ആണുങ്ങളുടെയത്ര ബലമുള്ളതല്ല. മനുഷ്യപരിണാമചരിത്രത്തിലെ നീണ്ട നായാട്ടുഘട്ടത്തിലാണിത് സംഭവിച്ചത്. ശാരീരികാക്രമണസമയത്ത് കൂടുതല്‍ കരുത്തുള്ള, അധികം ഇളക്കാന്‍ പറ്റാത്ത കഴുത്ത് പുരുഷന്മാര്‍ക്ക് സഹായകമായി.
സ്ത്രീപുരുഷന്മാര്‍ തമ്മില്‍ കഴുത്തിന്റെ കാര്യത്തില്‍ മറ്റൊരു വ്യത്യാസം കണ്ഠമുഴയിലാണ്. ആണുങ്ങളുടെ കഴുത്തില്‍ ഇത് കൂടുതല്‍ മുഴച്ചുനില്‍ക്കുന്നു. കൂടുതല്‍ നേര്‍ത്ത ശബ്ദമുള്ള സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് ചെറിയ കണ്ഠശബ്ദപേടകമാണ്. സ്ത്രീകളുടെ ശബ്ദനാളി 1.3 സെന്റിമീറ്റര്‍ നീളത്തിലാണ്, ആണുങ്ങളുടേത് 1.8 സെന്റിമീറ്റര്‍ നീളത്തിലുള്ളതും. സ്ത്രീകളുടെ ശബ്ദനാളം ആണുങ്ങളുടേതിനെക്കാള്‍ 30 ശതമാനം ചെറുതും പുരുഷന്മാരുടേതിനെ അപേക്ഷിച്ച് തൊണ്ടയില്‍ മുകളിലുമാണ്, അതിനാല്‍ അത് ചെറുതായിത്തന്നെ കാണുകയും ചെയ്യും. ഈ ശബ്ദാവയവ വ്യത്യാസം പ്രായപൂര്‍ത്തിയാവുന്നതുവരെ പ്രകടമാവുകയില്ല. പ്രായപൂര്‍ത്തിയാവുമ്പോള്‍ പുരുഷശബ്ദം കൂടുതല്‍ കനത്തതാവുന്നു. മുതിരുമ്പോള്‍ സ്ത്രീകളുടെ ശബ്ദാവയവങ്ങള്‍ ശൈശവാവസ്ഥതന്നെ ഏറെക്കുറെ നിലനിര്‍ത്തുന്നു. ഒരു സെക്കന്‍ഡില്‍ 230 മുതല്‍ 255 വരെ സൈക്കിളുകളിലാണ് ശബ്ദവേഗം. പുരുഷന്മാരുടേത് സെക്കന്‍ഡില്‍ 130 മുതല്‍ 145 വരെ സെക്കന്‍ഡും.

എന്തോ ചില കാരണങ്ങളാല്‍ അനുഭവസമ്പന്നകളായ വേശ്യകള്‍ക്ക് സ്വനനാളം സാധാരണ സ്ത്രീകള്‍ക്കുള്ളതിനേക്കാള്‍ വലുതും അവരുടെ ശബ്ദം കൂടുതല്‍ കനത്തതുമാണ്. അവരുടെ തൊഴില്‍ എന്തുകൊണ്ടവര്‍ക്ക് ശബ്ദത്തില്‍ പൗരുഷപ്രവണതകള്‍ നല്‍കുന്നുവെന്നത് വ്യക്തമല്ല. ഒരുപക്ഷേ അവരുടെ സാധാരണമല്ലാത്ത ലൈംഗികജീവിതരീതി ശരീരത്തിലെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ ബാധിക്കുന്നുണ്ടാകാം.

സ്ത്രീകണ്ഠം പുരുഷന്മാരുടേതിനെക്കാള്‍ മെലിഞ്ഞതായതിനാല്‍, കലാകാരന്മാര്‍ പലപ്പോഴും അതിശയോക്തി കലര്‍ത്തിയാണ് അവയെ ചിത്രീകരിച്ചിട്ടുള്ളത്. സുന്ദരികളായ സ്ത്രീകളെ വരയ്ക്കുമ്പോള്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ശരീരശാസ്ത്രനിബന്ധനകള്‍ക്കപ്പുറം കഴുത്തു നീട്ടി നേര്‍പ്പിക്കുന്നു. മോഡലുകളായി പെണ്‍കുട്ടികളെ പരിശീലനത്തിനായി തിരഞ്ഞെടുക്കുമ്പോള്‍, ശരാശരി സ്ത്രീകളെക്കാള്‍ നീണ്ടുമെലിഞ്ഞ കഴുത്തുള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്.

ഒരു സംസ്‌കാരത്തില്‍ ഈ നീണ്ട കഴുത്തിനോടുള്ള ഭ്രമം പരിധിക്കപ്പുറത്താണ്. യൂറോപ്പില്‍ 'ജിറാഫ് കഴുത്തുള്ള സ്ത്രീകള്‍' എന്ന് വിശേഷിപ്പിക്കുന്ന രീതിയിലാണ് ഉത്തര ബര്‍മയിലെ കരേന്‍ ഗോത്രത്തില്‍പെടുന്ന പഡൗങ് പെണ്ണുങ്ങള്‍. പിച്ചളയണിയുന്നവരെന്നാണ് പഡൗങ്ങിന്റെ അര്‍ഥം. ഈ ഗോത്രത്തിലെ പരിഷ്‌കാരരീതികളനുസരിച്ച് പെണ്ണുങ്ങള്‍ ചെറുപ്പത്തില്‍തന്നെ കഴുത്തു നിറയെ പിച്ചളവളയങ്ങളണിഞ്ഞുതുടങ്ങും. അഞ്ച് വളയങ്ങളാണ് ആദ്യം അണിയുന്നത്. എണ്ണം ക്രമേണയായി വര്‍ധിച്ചുതുടങ്ങും. പ്രായപൂര്‍ത്തിയാവുമ്പോഴത്തേക്കും അത് 20-30 ആയി കൂടും. അന്തിമമായ ലക്ഷ്യം 32 ആണ്. അത്രയും പക്ഷേ, മിക്കപ്പോഴും കഴിയാറില്ല. പിച്ചളവളയങ്ങള്‍ കയ്യിലും കാലിലും സ്ത്രീകള്‍ ഈ ഗോത്രത്തില്‍ അണിയാറുണ്ട്. ഒരു സ്ത്രീ മുതിരുമ്പോള്‍ അവര്‍ 20 മുതല്‍ 30 വരെ കിലോ (50 മുതല്‍ 60 വരെ റാത്തല്‍) ഭാരം വഹിക്കും.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education