മണിപ്പൂര്‍ : ഉരുകിയമരുന്ന ഉടലുകള്‍ ...

ജോഷി ജോസഫ്‌

03 Nov 2012

മണിപ്പൂരിലേക്ക് പതിനൊന്ന് കൊല്ലങ്ങള്‍ക്കു മുന്‍പ് റോഡുമാര്‍ഗമാണ് കല്‍ക്കത്തയില്‍നിന്നും ആദ്യമായി പോയത്. ബംഗാള്‍, ബിഹാര്‍, അസം, മേഘാലയ, നാഗാലാന്‍ഡ് വഴി മണിപ്പൂരിലെത്തുമ്പോഴേക്കും ആറാംദിവസം അസ്തമിച്ചിരുന്നു. ഇംഫാലില്‍ ഗസ്റ്റ്ഹൗസില്‍ തങ്ങി. തമങ്‌ലോങ് ജില്ലയിലെ താമെ സബ്ഡിവിഷനിലെ ന്യൂ കുങ്ഫൂങ് ഗ്രാമക്കൂട്ടങ്ങള്‍ ബാരക് നദീതീരത്താണ്. ഇവിടെ നാല്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം മുളങ്കാടുകള്‍ പൂക്കുന്നത്, ഫിലിംസ് ഡിവിഷനുവേണ്ടി സ്വന്തം മുന്‍കൈയില്‍ സിനിമയാക്കാന്‍ യൂണിറ്റുമായെത്തിയതാണ്. നാട്ടില്‍നിന്നും റസാഖ് കോട്ടക്കലും ഒപ്പമുണ്ടായിരുന്നു.

പോകുംവഴി അസമിലും മേഘാലയയിലും വഴിയോര 'ധാബ'(ചായക്കടയുടെ വല്യേട്ടന്‍)കളിലാണ് അന്തിയുറങ്ങിയിരുന്നത്. നാഗാലാന്‍ഡിലെ കൊഹിമയിലെത്തിയപ്പോള്‍ പി.ഡബ്ല്യു.ഡി. ഗസ്റ്റ്ഹൗസുകള്‍ അപ്പാടെ പട്ടാളത്തിന്റെ ബാരക്കുകളായി മാറിയതറിഞ്ഞു. കാഴ്ചയില്‍ മലയാളിയാണെന്നു തോന്നിച്ച പട്ടാളക്കാരനോട് പേരുപറഞ്ഞ് പരിചയപ്പെടുത്തിയതേയുള്ളൂ, അടക്കിപ്പിടിച്ച അദ്ഭുതഭാവത്തിലും അടക്കാനാകാത്ത സ്വകാര്യത്തിലും അയാള്‍ ഓഫീസറുടെ കാതില്‍ വിവരം എത്തിച്ചത് ഞാന്‍ കേള്‍ക്കാത്ത മട്ടുകാട്ടി. അവരുടെ മുന്‍കൈയില്‍, അത്ര അകലെയല്ലാത്ത വി.ഐ.പി. ഗസ്റ്റ്ഹൗസില്‍ അന്നു രാത്രി തങ്ങാന്‍ ഏര്‍പ്പാടായി. മോനേ, നീയെന്നാണ് ശരിക്കും ഒരു സിനിമയെടുക്കുന്നത് എന്ന പെറ്റമ്മയുടെ ചോദ്യം, കാച്ചുന്ന പപ്പടംപോലെ ശിരസ്സില്‍ ഉറഞ്ഞ് വിടര്‍ന്നു. സാറേ, നാട്ടീന്ന് ജോഷിസാറ് സിനിമയെടുക്കാന്‍ വന്നിരിക്കുന്നു എന്നായിരുന്നു ഞാന്‍ നേരത്തെ കേട്ട പട്ടാളസ്വകാര്യം. അങ്ങനെയൊരു സൂപ്പര്‍ഹിറ്റ് ഫിലിം മേക്കറായി ബലംപിടിച്ചിരിക്കുമ്പോള്‍ത്തന്നെ മുറിയിലെ കോളിങ് ബെല്ലും അടിച്ചു. മാനേജര്‍ അടക്കം നാലു നാഗന്മാര്‍. കടമക്കുടിപ്പള്ളിയിലെ ഇംഗ്ലീഷ് പറയുന്ന മണവാളനച്ചന്റെ മംഗളോയ്ഡ് പതിപ്പുപോലെ നാലുപേര്‍. അവര്‍ മാറിമാറി ചോദ്യം ചെയ്യുന്നത് എന്റെ ഉദ്ദേശ്യശുദ്ധിയില്ലായ്മയെത്തന്നെയാണ്. മുളങ്കാടുകള്‍ പൂക്കുന്നതിനെപ്പറ്റിയുള്ള ഒരു പാരിസ്ഥിതികസിനിമയാണ് എന്റെ ഉള്ളിലുള്ളത് എന്നവര്‍ വിശ്വസിക്കുന്നേയില്ല. മാത്രമല്ല, മണിപ്പൂരില്‍നിന്നും തിരിച്ച് മിസോറം വഴിയാണ് കല്‍ക്കത്തയ്ക്കു പോകുന്നത് എന്നതിനാല്‍ മുളങ്കാടുകളുടെ രാഷ്ട്രീയം സിനിമയുടെ വിഷയംതന്നെയാകണമെന്നും അവര്‍ തറപ്പിച്ചു. പിന്നെ രണ്ടുമൂന്ന് മണിക്കൂറുകളോളം രാഷ്ട്രീയചര്‍ച്ചയായിരുന്നു. എന്‍.എസ്.സി.എന്‍. (ഐ.എം) യുവവിഭാഗത്തിലെ നേതാവും ഭാരവാഹികളുമായിരുന്നു അസമയത്തെ എന്റെ അതിഥികള്‍.

അറുപതുകളുടെ ആദ്യം മിസോറം മുഴുവനും ങമൗമോ എന്നു വിളിക്കപ്പെടുന്ന മുളമ്പൂക്കാലം എത്തിയപ്പോള്‍ പട്ടിണിമരണം ഒഴിവാക്കാനായി അരി പിരിക്കാന്‍ ഇറങ്ങിയവരുടെ നേതാവായിരുന്നു അന്ന് ലാല്‍ഡംഗ. രണ്ടു പതിറ്റാണ്ടിലേറെ മിസോറമില്‍ മുരണ്ടുനിന്ന Mizo National Front (MNF) എന്ന തീവ്രവാദി സംഘടനയുടെ പ്രഭാതഭേരി മൂളിയത് കാറ്റിലുലയുന്ന മുളങ്കാടുകളുടെ ഞരക്കത്തില്‍നിന്നുതന്നെയാകുന്നു. മുള പൂക്കും ചാക്രികതയുടെ ഓരോ തിരിവിലും ക്ഷാമം, പ്ലേഗ്, രാഷ്ട്രീയ ഭൂമികുലുക്കങ്ങള്‍ എന്ന ഉത്തരപൂര്‍വത്തിന്റെ ഹിസ്റ്ററിയും മിസ്റ്ററിയുമുണ്ട്. ചുരുക്കിപ്പറയാം. പുല്‍വര്‍ഗത്തിലെ അഥവാ ഗ്രാസ്സ് ഫാമിലിയിലെ സീമന്തന്‍ മുളയാണ്. ലോകത്താകമാനം ഏതാണ്ട് ആയിരത്തോളം ഇനം മുളകള്‍ ഉണ്ട്. മുള പൂക്കുക എന്നുവെച്ചാല്‍, ആ പ്രത്യേകതരം മുളയുടെ ജീവിതചക്രം അവസാനിക്കുന്നു എന്നാണര്‍ഥം. അഥവാ ഉന്മാദം മൂത്ത് പൂതലിക്കുന്ന, പുഷ്പിച്ചു മരിക്കുന്ന ഒരു ജീവിതം.

അങ്ങനെയാണ് ഞാന്‍ മണിപ്പൂരിനെയും മണിപ്പൂരിയെയും അറിഞ്ഞുതുടങ്ങുന്നത്. ജനസംഖ്യയുടെ തൊണ്ണൂറു ശതമാനവും പാര്‍ക്കുന്നത്, മൊത്തം മണിപ്പൂരിന്റെ പത്തു ശതമാനത്തോളം മാത്രം വരുന്ന ഇംഫാല്‍ താഴ്‌വരയിലാണ്. അതായത് തൊണ്ണൂറു ശതമാനത്തോളം വരുന്ന മലകളില്‍ പത്തു ശതമാനത്തോളമുള്ള നാഗാ-കുക്കി ആദിവാസി ന്യൂനപക്ഷവും, ഇംഫാല്‍ താഴ്‌വരയില്‍ വൈഷ്ണവരീതികള്‍ പാലിക്കുന്ന മെയ്‌തെയ് ഭൂരിപക്ഷവും പ്രകൃതിയെപ്പോലെ മലകളും താഴ്‌വരയുമായി പ്രകൃതത്തിലും വിഭജിച്ച് വിഘടിച്ചു നില്പാണ്. വിഘടനവാദം മുദ്രാവാക്യമാക്കി ഒരു ഡസനിലേറെ അണ്ടര്‍ഗ്രൗണ്ട് ഗ്രൂപ്പുകള്‍ ഇന്നിപ്പോള്‍ മണിപ്പൂരിലുണ്ട്. ഇതില്‍ ഗ്രേറ്റര്‍ നാഗാലാന്‍ഡിനുവേണ്ടി പൊരുതുന്ന NSCN (IM), NSCN (K) എന്നിവയോടു മാത്രമേ വട്ടമേശസമ്മേളനത്തിലൂടെയും നീണ്ടമേശ സന്ധികളിലൂടെയും കേന്ദ്രസര്‍ക്കാരിനു മിണ്ടാട്ടമുള്ളൂ.

ചരിത്രത്തിലേക്കു തിരിഞ്ഞാല്‍ 1878 മുതല്‍ 1947 വരെയുള്ള കാലഘട്ടത്തില്‍ മൂവായിരം ചതുരശ്ര മൈല്‍ വിസ്തീര്‍ണമുള്ള മലകളിലെ നാഗന്മാരെ നിയന്ത്രിക്കാന്‍, അസം റൈഫിള്‍സിന്റെ ഒരു ബറ്റാലിയന്‍ മാത്രമേ സായിപ്പിന് വേണ്ടിവന്നുള്ളൂ എന്നു കാണാം. എന്നാല്‍ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഭാരത സര്‍ക്കാരിന് അതിന്റെ മുപ്പത് ഇരട്ടിയിലധികം പട്ടാളത്തെ ഉത്തരപൂര്‍വത്തില്‍ വിന്യസിക്കേണ്ടിവന്നത് എന്തുകൊണ്ടാകാം? ഉസ്താദുകള്‍ക്ക് ഉത്തരങ്ങള്‍ പലതുണ്ട്. അതിലൊന്ന്, ബ്രിട്ടീഷുകാര്‍ ഈ ജനതയോടും പ്രദേശത്തോടും അവരുടെ തനത് ശീലങ്ങളുമായി ഏറ്റവും മിനിമം ഇടപെടലുകള്‍ നടത്തിക്കൊണ്ടാണ് ഭരിച്ചതെന്നും 1955 മുതലുള്ള കേന്ദ്ര സര്‍ക്കാര്‍ നയമാകട്ടെ, പട്ടാളശക്തിയിലാണ് അടിയുറച്ച് വിശ്വസിച്ചത് എന്നതും ആകുന്നു. അങ്ങനെ പരസ്​പരം വിതച്ച വെറുപ്പിന്റെയും വയലന്‍സിന്റെയും വിത്തുകള്‍ പൂര്‍ണവളര്‍ച്ചയെത്തി ഉന്മാദം മൂത്ത് പൂത്തിരിക്കുകയാണിവിടെ, പ്രത്യേകിച്ച് മണിപ്പൂരില്‍. ഇവിടെയിരുന്ന് സ്‌നേഹപൂര്‍വം എന്ന് നാട്ടിലേക്ക് കത്തെഴുതിയാല്‍, സ്‌നേഹത്തോടെ എന്ന് അമ്മച്ചി വായിച്ചെടുക്കുമെങ്കിലും, വടക്കുകിഴക്കിന്റെ വര്‍ത്തമാനത്തിലിരുന്ന് ഉത്തരപൂര്‍വം എന്നെഴുതുമ്പോള്‍, ഉത്തരത്തില്‍ എത്തുന്നതിനു മുന്‍പ് എന്ന് സംസ്‌കൃതം പ്രാകൃതത്തില്‍ സംവദിക്കും. കണ്ണിനും കാതിനുമൊപ്പം ക്യാമറയോ തോക്കോ ഉപയോഗിക്കുന്നവന് ഒടുങ്ങാത്ത അവാര്‍ഡ് ഖനിയാണ് ഇപ്പോള്‍ മണിപ്പൂര്‍. തോക്കുകൊണ്ട് കാച്ചുന്ന പട്ടാളക്കാരന്റെയും ക്യാമറകൊണ്ട് ഷൂട്ടുന്ന മനുഷ്യാവകാശവാദിയുടെയും ഡ്രോയിങ് റൂമുകളില്‍ മണിപ്പൂരില്‍നിന്നും കൊയ്‌തെടുത്ത ചാകരയുടെ പതക്കങ്ങള്‍, കരിയറിന്റെ തിളക്കങ്ങള്‍. പറയാം.

മണിപ്പൂരിലെ തോം ശര്‍മ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വെച്ച് 2007-ല്‍ ചെയ്ത ങമസശിഴ വേല എമരല എന്നൊരു സിനിമയ്ക്ക് ദേശീയ അവാര്‍ഡ് കിട്ടിയിരുന്നു. ആരാച്ചാരെക്കുറിച്ച് ചെയ്ത One Day from a Hangman's Life കല്‍ക്കത്തയില്‍ കുഴപ്പമായതിനുശേഷം, ഉള്ള പണി പോകാതിരിക്കാന്‍വേണ്ടി പൊതുമേഖലയില്‍ ഗറില്ലാരീതി പയറ്റുകയാണ് ഈയാത്മാവ്. പല പേരുകളില്‍ പല സിനിമകള്‍. സുവേന്ദു ചാറ്റര്‍ജി എന്ന ഫോട്ടോഗ്രാഫര്‍ സുഹൃത്താണ് ഇക്കുറി പ്രസിഡന്റില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഞങ്ങള്‍ തയ്യാറാക്കിയ പ്രതിഷേധത്തിന്റെ പ്ലാനും സ്‌കെച്ചും അനുസരിച്ച് മഞ്ഞയും ഇളംനീലയും ചേര്‍ന്ന ഒരു ഡിസൈനര്‍ ടി-ഷര്‍ട്ട് ധരിച്ചാണ് സുവേന്ദു, പ്രസിഡന്റ് പ്രതിഭാ പാട്ടീലില്‍നിന്നും അവാര്‍ഡ് സ്വീകരിച്ചത്. ടി-ഷര്‍ട്ടിന്റെ നെഞ്ചില്‍ ഇറോം ഷര്‍മിളയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയുടെ തൊട്ടുതാഴെ, Repeal - Armed Forces Special Powers Act, 1958 എന്ന വലിയ ലിഖിതം. പ്രസിഡന്റ് ഇതൊന്നും കണ്ടതേയില്ല. ചെ ഗുവേര ടി-ഷര്‍ട്ടുകള്‍ ലോകമെമ്പാടും, പ്രത്യേകിച്ച് അമേരിക്കയില്‍ ഫാഷനായതുപോലെ, രാഷ്ട്രീയം തിരിച്ചറിഞ്ഞ ചില പത്രക്കാര്‍, ഇറോം ഷര്‍മിള T-Shirt എവിടെനിന്നാണ് വാങ്ങിയതെന്ന് സുവേന്ദുവിനോട് അന്വേഷിച്ചു. വിപരീതങ്ങളിലേക്ക് പതിക്കുക എന്ന വിപര്യയ-മെഗാസീരിയലില്‍, ഗാന്ധിജിയെ റീ-മിക്‌സ് ചെയ്തിറക്കാന്‍ കമ്പോളകമ്പങ്ങള്‍ കണ്ടെത്തുന്ന പോസ്റ്റര്‍ പെണ്‍മുഖമായേക്കുമോ ഇനിമേല്‍ ഇറോം ഷര്‍മിള?

ഇക്കഴിഞ്ഞ കൊല്ലം സൈനിക, അര്‍ധസൈനിക വിഭാഗങ്ങള്‍ക്ക് രാഷ്ട്രപതി നല്കുന്ന Gallantry Awards അഥവാ വീരതാപുരസ്‌കാരങ്ങള്‍ ഏറ്റവും കൂടുതല്‍ നേടിയതും മണിപ്പൂരില്‍നിന്നുമാണ്. അസം റൈഫിള്‍സിലെ ഒരു മലയാളി ഓഫീസര്‍ എങ്ങനെയാണ് ഏറ്റുമുട്ടല്‍ കൊലകള്‍ പ്ലാന്‍ ചെയ്ത് നടപ്പാക്കി, ഇതില്‍ ഏറ്റവും ഉയര്‍ന്ന പതക്കം നെഞ്ചില്‍ ചാര്‍ത്തിയത് എന്നത് ഇംഫാലിലെ മലയാളി കൂട്ടായ്മകളിലെ മദ്യസദസ്സ് ഗോസിപ്പാകുന്നു. ഗോസിപ്പുകള്‍ക്ക് ന്യായാലയങ്ങളില്‍ പുല്ലുവിലയാണ്. സിനിമയ്ക്കും ചരിത്രത്തിനും ഗോസിപ്പില്ലാതെ നിലനില്പുമില്ല.

സ്വന്തം മണ്ണിലെ ശത്രുവിനെ വകവരുത്തിയതിന് ഭരണകൂടം, അസം റൈഫിള്‍സിലെ കൊലയാളി ഓഫീസര്‍ക്ക് ദേശീയ അവാര്‍ഡ് നല്കുന്നു. ഈ അറുംകൊലകള്‍ കണ്ട് മിണ്ടാതിരിക്കാന്‍ വയ്യാതെ സിനിമയെടുത്ത് പ്രതികരിക്കുന്ന മലയാളി ഓഫീസര്‍ക്കും അതേ ഭരണകൂടം ദേശീയ അവാര്‍ഡുകള്‍ ചാര്‍ത്തുന്നു.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education