ഇന്ത്യയിലെ ആദ്യസര്‍ക്കസ്‌

ശ്രീധരന്‍ ചമ്പാട്‌

02 Nov 2012

ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശനം നടത്തിയത് ചിരിനീസ് സര്‍ക്കസാണ്. ഇറ്റലിക്കാരന്‍ വില്യം ചിരിനിയുടെതായിരുന്നു ഈ സ്ഥാപനം. ആധുനിക സര്‍ക്കസ് കലയെക്കുറിച്ച് ഇന്ത്യക്കാര്‍ക്ക് കേട്ടറിവുപോലുമില്ലാത്തകാലം. ഫ്രാന്‍സിലും ജര്‍മ്മനിയിലും ഹംഗറിയിലും സര്‍ക്കസ്‌കല ജനപ്രീതിയാര്‍ജ്ജിച്ചു കഴിഞ്ഞിരുന്നു. ഇറ്റലിക്കാരുടെ രംഗപ്രവേശത്തിനും കാലതാമസമുണ്ടായില്ല. ക്രിസ്റ്റ്യാനീസാണ് ആദ്യം അരങ്ങേറിയത്. തുടര്‍ന്നു അറിഗോനീസ്, സോപ്പീസ്, ടോഗ്നീസ്, കരോലീസ്, ഫ്രേറ്റല്ലിനീസ്, കാര്‍ഡനൈല്‍സ്, സാവട്ടാസ്, കനസ്‌ട്രോലീസ്, ചിരിനീസ് കുടുംബങ്ങള്‍ രംഗത്ത് വന്നു. റോമന്‍ കായികകലാപാരമ്പര്യം രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഇറ്റലിക്കാരുടെ സാന്നിധ്യം സര്‍ക്കസരങ്ങിന്ന് അതിസാഹസികമായ മുഖസൗകുമാര്യം കൈവരുത്തി. അനേകതരം കരണം മറിച്ചലുകളിലും അശ്വാഭ്യാസങ്ങളിലും അജയ്യരായിരുന്നു ഇറ്റാലിയന്‍ കലാകാരന്മാര്‍.

വിക്റ്റര്‍ ഇമ്മാന്വല്‍ മഹാരാജാവിന്റെ ഭരണകാലത്താണ് ഇറ്റലിയില്‍ സര്‍ക്കസ്​പ്രസ്ഥാനം വേരുറച്ചത്. രാജാവിന്റെ മകന്‍ ഹംബര്‍ട് രാജകുമാരനും സര്‍ക്കസ് കലയുടെ ആരാധകനായിരുന്നു. രാജഭരണം അവസാനിച്ചെങ്കിലും ഇറ്റലിയില്‍ സര്‍ക്കസ് കലയ്ക്ക് പ്രത്യേക പരിഗണന ഇപ്പൊഴുമുണ്ട്. നിയമത്തിന്റെ നൂലാമാലകളൊന്നും ഇറ്റാലിയന്‍ സര്‍ക്കസ് പ്രസ്ഥാനത്തെ വരിഞ്ഞു വീര്‍പ്പുമുട്ടിക്കുന്നില്ല.
വിക്റ്റര്‍ ഇമ്മാന്വല്‍ മഹാരാജാവിന്റെ ഭരണകാലത്താണ് വില്യം ചിരിനി സ്വന്തമായൊരു സര്‍ക്കസിന്ന് രൂപം നല്കിയത്. ഏറെ താമസിയാതെ 'ചിരിനീസ് സര്‍ക്കസ്' വിദേശങ്ങളിലേക്ക് പ്രദര്‍ശനപര്യടനത്തിന്നായി പുറപ്പെട്ടു. ബ്രിട്ടീഷ് ഭരണപ്രദേശമായ ഇന്ത്യയിലേക്കായിരുന്നു ചിരിനിയുടെ കന്നിയാത്ര.

പ്രത്യേക കപ്പലില്‍ യാത്രതിരിച്ച ചിരിനിയും സംഘവും 1879 ഡിസംബര്‍ 8- ന് ബോംബെയിലെ ബോറിബന്തറില്‍ എത്തിച്ചേര്‍ന്നു. മനുഷ്യരും മൃഗങ്ങളും കൂടാരവും സാധന സാമഗ്രികളും. എല്ലാം കൂടി ചെറിയൊരു പട്ടണം. നഗരവാസികള്‍ അത്ഭുതസ്തബ്ധരായി. പത്രങ്ങള്‍ ഏറെ പ്രാധാന്യത്തോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചു.

ബോറിബന്തര്‍ റെയില്‍വെ സ്റ്റേഷന് മുന്‍വശത്തെ ക്രോസ് മൈതാനിയിലാണ് ചിരിനി തമ്പുയര്‍ത്തിയത്. ബോംബെ ഗവര്‍ണര്‍ സര്‍ ഫര്‍ഗൂസണ്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ആ കാലത്ത് ദിവസം ഒരു ഷോ മാത്രമെ പതിവുണ്ടായിരുന്നുള്ളൂ. ചിരിനിയുടെ കൂടാരത്തിലേക്ക് ജനം ഇരച്ചു കയറി. ഓരോ കളിയും കൂടാരം നിറഞ്ഞുകവിഞ്ഞ സദസ്സില്‍. വളരെ വിദൂരദേശങ്ങളില്‍നിന്നുപോലും കാണികള്‍ വന്നുകൊണ്ടിരുന്നു.

സായ്പന്മാരുടെ സാഹസികവും പുതുമയേറിയതുമായ അഭ്യാസപ്രകടനങ്ങള്‍ കാണാന്‍.

ഡിസംബര്‍ 25. ക്രിസ്മസ് നാള്‍. അന്ന് പ്രദര്‍ശനം കാണാന്‍ ഏതാനും വിശിഷ്ടാതിഥികളും സന്നിഹിതരായിരുന്നു. മഹാരാഷ്ട്രയിലെ നാട്ടുരാജ്യമായ കുരുന്ദ്‌വാഡിലെ മഹാരാജ ബാലാസാഹേബ് പട്വര്‍ദ്ധന്‍, ഇച്ചാല്‍ കരിഞ്ചി മഹാരാജ ജവഹാര്‍കര്‍, രാജാക്കന്മാരുടെ സുഹൃത്ത് നാരായണ്‍റാവുടില്ലു, കുരുന്ദ്‌വാഡ് കൊട്ടാരത്തിലെ അശ്വശിക്ഷകന്‍ വിഷ്ണുപന്ത് മൊറേശ്വര്‍ഛത്രെ.
യൂറോപ്യന്മാരുടെ അഭ്യാസപ്രകടനങ്ങള്‍ കാണികളെ അത്ഭുതപ്പെടുത്തി. അവര്‍ ആഹ്ലാദഭരിതരായി ആര്‍ത്തിരമ്പി. കയ്യടിച്ചും ചൂളം കുത്തി യും അനുമോദനങ്ങള്‍ ചൊരിഞ്ഞു.

ചിരിനിയുടെ വെല്ലുവിളി

ഏതാനും ഇനങ്ങള്‍ക്കു ശേഷം കറുത്ത സൂട്ട് ധാരിയായ സായ്പ് സാവകാശം റിങ്ങിലേക്ക് നടന്നു വന്നു. ഗംഭീരഭാവത്തില്‍. ബാന്റ് മേളത്തിന്റെ താളത്തിനൊത്ത് അടിവെച്ചടിവെച്ച്. കോട്ടിന്റെ മുന്‍വശം നിറയെ മെഡലുകള്‍. കയ്യില്‍ നീണ്ട ചാട്ടവാര്‍. വെള്ളാരങ്കണ്ണുകളില്‍ ഞാനെന്നഭാവം.

സായ്പിന് പിന്നാലെ തടിച്ചുകൊഴുത്തഴകേറിയ രണ്ടു കുതിരകള്‍ റിങ്ങിലേക്കു കൊണ്ടുവരപ്പെട്ടു. റിങ്ങിന്ന് നടുവില്‍ നിവര്‍ന്നുനിന്ന് സായ്പ് ചുറ്റിലും കണ്ണോടിച്ചു. പതിയെ ചുമച്ച് തൊണ്ട ശുദ്ധം വരുത്തി,സംസാരിച്ചു തുടങ്ങി. ഘനഗംഭീരശബ്ദത്തില്‍.
ഇന്ത്യയില്‍ പ്രദര്‍ശനം നടത്താന്‍ അനുവദിച്ച ബ്രിട്ടീഷ് സര്‍ക്കാറിന്ന് ആദ്യമേ നന്ദി. പിന്നെ സര്‍ക്കസ് കലയ്ക്ക് പ്രോത്സാഹനം നല്കുന്ന വിക്റ്റര്‍ ഇമ്മാന്വല്‍ മഹാരാജാവിനും ഹംബര്‍ട് രാജകുമാരനും കടപ്പാടും നന്ദി യും. സായ്പിന്റെ ചടുലമായ വാക്‌ധോരണി കാണികള്‍ക്കിഷ്ടമായി. അവര്‍ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. സായ്പ് അഭിമാനപുളകിതനായി. കയ്യുയര്‍ ത്തി കാണികളെ അഭിവാദ്യം ചെയ്തുകൊണ്ടു പ്രസംഗം തുടര്‍ന്നു:

എന്റെ പേര് വില്യം ചിരിനി. ഈ മഹല്‍സ്ഥാപനത്തിന്റെ ഉടമസ്ഥന്‍. ഇത്തരമൊരു ഷോ സംഘടിപ്പിച്ചുകൊണ്ടു നടക്കുക ശ്രമകരമായ കൃത്യമാണ്. അതിലേറെ സാഹസികമാണ് കടല്‍കടന്നു വിദേശങ്ങളില്‍പ്രദര്‍ശിപ്പിക്കുകയെന്നത്. ഈ സാഹസികയജ്ഞത്തില്‍ ഞാനും എന്റെ ജീവനക്കാരും മാത്രമല്ല ഇറ്റാലിയന്‍ ജനതയാകമാനവും അഭിമാനം കൊള്ളുന്നു. ഇന്ത്യയില്‍ ഇത്‌പോലൊരു സ്ഥാപനമില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അടുത്ത ദശകങ്ങളിലൊന്നും ഉണ്ടാവാനും പോകുന്നില്ല. പ്രശസ്തനായ ഒരശ്വശിക്ഷകനാണ് ഞാന്‍. എന്റെ പരിശീലനപാടവം അജയ്യമാണ്. അനുകരണാതീതമാണ്. ഞാന്‍ പരിശീലിപ്പിച്ചവയാണ് ഈ കുതിരകള്‍. അടുത്ത ഇനം ഇവയുടെ പ്രകടനമാണ്. മറ്റ് കുതിരകളെക്കൊണ്ടു ഇവയുടെ പ്രകടനംചെയ്ത്കാണിക്കാന്‍ ഇന്നേവരെ ആരാലും സാധ്യമായിട്ടില്ല. നിങ്ങളിലാര്‍ക്കെങ്കിലും സാധ്യമാണെന്ന് ഉറപ്പുണ്ടെങ്കില്‍ വരൂ, മുന്നോട്ടു വരൂ. ആറുമാസത്തെ കാലാവധി തരാം. വിജയിക്കുന്നവര്‍ക്ക് ആ
യിരം ബ്രിട്ടീഷ് രൂപയും ഈ കുതിരകളില്‍ ഒന്നിനെയും സമ്മാനമായി നല്കും.....

വെല്ലുവിളി അവസാനിപ്പിച്ചു ചിരിനി ചുറ്റിലും നോക്കി എവിടെയുമെന്നപോലെ ഇവിടെയും കാണികള്‍ സ്തബ്ധരായി ഇരിക്കുന്നു. ആരിലും യാതൊരു പ്രതികരണവുമില്ല. ചിരിനിയുടെ മുഖത്തെ ഗര്‍വ്വ് ഇരട്ടിച്ചു.

ഏയ് റാവുജീ! താങ്കളുടെ സ്‌നേഹിതന്‍ ഛത്രെ എന്താ മിണ്ടാതിരിക്കുന്നേ? വലിയ അശ്വശിക്ഷകനല്ലേ? ഒരു കൈ നോക്കിക്കൂടെ?
നാരായണ്‍റാവുടില്ലുവിനോട് മഹാരാജാ ബാലാസാഹേബ് ചോദിച്ചു. റാവുജി ഛത്രെയെ നോക്കി. മഹാരാജാവിന്റെ ചോദ്യം ഛത്രെയും കേട്ടിരുന്നു.
പ്രകടനം കണ്ടിട്ട് പറയാം റാവുജീ.
ഛത്രെ പറഞ്ഞു.
ചിരിനി ചാട്ടവാര്‍ ചുഴറ്റിയടിച്ചു. കുതിരകള്‍ റിങ്ങില്‍ ഓടാന്‍ തുടങ്ങി. ബാന്റിന്റെ താളക്രമത്തില്‍ ഓടിക്കൊണ്ടിരുന്ന കുതിരകള്‍ക്ക് മുന്‍പില്‍നിന്ന് ചിരിനി ഇരുകൈകളും ഉയര്‍ത്തി, എന്തോ പറഞ്ഞു. കുതിരകള്‍ പെട്ടെന്ന് നിന്ന് മുന്‍കാലുകളുയര്‍ത്തി. പിന്‍ കാലുകളില്‍ മുന്നോട്ടു നടന്നു. പിന്നെ വട്ടം കറങ്ങി. റിങ്ങിന്നെതിരായിട്ട പെട്ടിക്ക് മുകളില്‍ മുന്‍കാലുകള്‍ ഉയര്‍ത്തിവെച്ചും പിന്‍കാലുകളുയര്‍ത്തിവെച്ചും നടന്നു. ബാന്റ് മേളത്തിന്റെ താളത്തിനൊത്ത് നൃത്തം ചെയ്തു.

കാണികളുടെ ഹര്‍ഷാരവങ്ങളാല്‍ കൂടാരം തിറമ്പി. പ്രകടനം അവസാനിപ്പിച്ച് ചിരിനി റിങ്ങില്‍നിന്ന് തിരികെ പോകാന്‍ പിന്‍തിരിയുകയായിരുന്നു. അപ്പൊഴതാ, ഒരു പിന്‍വിളി.
- ബഹുമാനപ്പെട്ട മിസ്റ്റര്‍ വില്യം ചിരിനി! താങ്കളുടെ വെല്ലുവിളിയെ നേരിടാന്‍ ഞാന്‍ ഒരുക്കമാണ്.....
മുന്‍നിരയിലെ സീറ്റില്‍നിന്നും എഴുന്നേറ്റുനിന്ന ഇന്ത്യക്കാരന്റെ കനത്ത ശബ്ദം കേട്ട് ഗര്‍വ്വിഷ്ടനായ ചിരിനി ചോദ്യഭാവത്തില്‍ തുറിച്ചു നോക്കി. കാണികള്‍ അത്ഭുതാതിരേകത്താല്‍ നിശ്ശബ്ദരായി.

- എന്റെ പേര് വിഷ്ണുപന്ത് മൊറേശ്വര്‍ഛത്രെ. ബീജാപൂര്‍ സ്വദേശിയാണ്. ഇപ്പോള്‍ കുരുന്ദ്‌വാഡ് മഹാരാജാ ബാലാ സാഹേബ് പട്വര്‍ധന്‍ തിരുമനസ്സിന്റെ കൊട്ടാരത്തില്‍ അശ്വശിക്ഷകനായി പ്രവര്‍ത്തിക്കുന്നു. മഹത്തായ ഒരു കലാപ്രദര്‍ശനം ഇന്ത്യയില്‍ കൊണ്ടുവന്ന് ഞങ്ങള്‍ക്ക് കാണാനവസരം സൃഷ്ടിച്ച താങ്കള്‍ക്കും ഇറ്റലിയിലെ മഹാരാജാവിനും ജനങ്ങള്‍ക്കും ഞങ്ങള്‍ വിനയപൂര്‍വ്വം നന്ദിപറയുന്നു. താങ്കളുടെ കുതിരകള്‍ പ്രകടിപ്പിച്ച ഇനങ്ങളും അതില്‍കൂടുതലും അഭ്യാസങ്ങള്‍ എന്റെ കുതിരകള്‍ പ്രദര്‍ശിപ്പിക്കും. ആറ്മാസങ്ങള്‍വേണ്ട. മൂന്ന് മാസത്തിന്നകം. എന്റെ ശ്രമം പരാജയപ്പെടുകയാണെങ്കില്‍ ആയിരം ബ്രിട്ടീഷ്‌രൂപയും പത്ത് കുതിരകളെയും താങ്കള്‍ക്ക് ഞാന്‍ തരുന്നതായിരിക്കും. ഈ പന്തയത്തില്‍ എനിക്ക്‌വേണ്ടി ജാമ്യം നില്ക്കാമെന്ന് എന്റെ എജമാനന്‍ മഹാരാജാ ബാലാസാഹേബ് പട്വര്‍ധന്‍ തിരുമനസ്സ് സമ്മതിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട മിസ്റ്റര്‍ വില്യം ചിരിനി, താങ്കള്‍ പറഞ്ഞത് ശരിയാണ്. ഇന്ത്യയില്‍ ഇത്‌പോലൊരു സ്ഥാപനം ഇന്നേവരെ ഉണ്ടായിട്ടില്ല. പക്ഷേ, അതുണ്ടാവാന്‍ താങ്കള്‍ പ്രവചിച്ചതുപോലെ ദീര്‍ഘകാലംവേണ്ടി വരില്ല. ഒരു കൊല്ലം. ഒരു കൊല്ലത്തിനകം അതുണ്ടാവും. മാത്രമല്ല, ആ സ്ഥാപനം വിദേശ രാജ്യങ്ങളില്‍ പ്രദര്‍ശനം നടത്തുകയും ചെയ്യും. ഒത്താല്‍ താങ്കളുടെ പിതൃഭൂമിയായ ഇറ്റലിയിലും. താങ്കള്‍ക്ക് ഒരിക്കല്‍ കൂടി നന്ദി.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education