ചരിത്രത്തിന്റെ തുടക്കം

ഡോ. മുരളീകൃഷ്ണ

25 Oct 2012

നിരത്തിലൂടെ യുജിന്‍ ഓടുകയായിരുന്നു. വൈകിയതിനാല്‍ അപ്പന്റെ തല്ല് ഇന്ന് ഉറപ്പാണ്.
'സാറെ എനിക്കു വിശക്കുന്നു'.
പിന്നില്‍ നിന്നുയര്‍ന്ന ദയനീയമായ ശബ്ദം കേട്ട യുജിന്‍ നിന്നു. വിളക്കുകാലിനു കീഴിലിരുന്ന് കൈ നീട്ടിക്കരയുന്ന കൊച്ചുകുട്ടി. കരിയും
അഴുക്കും പുരണ്ട മുഖം.
'കഴിച്ചിട്ട് ദിവസം മൂന്നായി. എന്തെങ്കിലും...'
ശബ്ദത്തിലെ തളര്‍ച്ചയും നിസ്സഹായതയും യുജിന്റെ മനസ്സില്‍ ഉടക്കി. ഭിക്ഷയ്ക്കുവേണ്ടിയുള്ള തെരുവിലെ പതിവു വിളിയല്ല. അവന് വല്ലാതെ വിശക്കുന്നുണ്ടാവും.
കൊടുക്കാന്‍ ഒന്നും കൈയിലില്ല. തിരിച്ചു നടന്നു ചെന്ന് കരഞ്ഞുകൊണ്ടിരുന്ന മൂന്നു വയസ്സുകാരന്‍ കുട്ടിയുടെ തോളില്‍ തട്ടിവിളിച്ചു.
'പോന്നോളൂ...'
അവനെ കൈപിടിച്ചു നടത്തി പിതാവിന്റെ റൊട്ടിക്കടയിലേക്ക് കൊണ്ടുപോയി.
കസേരയില്‍ ചാഞ്ഞിരുന്ന് കണ്ണടച്ചുറങ്ങുന്ന കിഴവന്‍. കാലത്തേതന്നെ മൂക്കറ്റം കുടിച്ചിട്ടുണ്ടാവണം. ഇപ്പോഴെങ്ങും കണ്ണുതുറക്കുന്ന ലക്ഷണമില്ല.
ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കയറി. വില്‍ക്കാന്‍ നിരത്തിവച്ചിരുന്ന മൊരിച്ച റൊട്ടിയില്‍ ഒരെണ്ണം എടുത്തുനീട്ടി. 'തിന്നോളൂ...'
കുട്ടി ആര്‍ത്തിയോടെ റൊട്ടി കടിച്ചുതിന്നുന്നത് നോക്കിനിന്നു.
'കള്ളന്‍... തെമ്മാടി... നിന്നെ ഞാന്‍...'
ചട്ടുകം മുതുകത്തു വീണതുമാത്രം ഓര്‍മയുണ്ട്. കിഴവന്‍ നിന്നലറുകയാണ്.
യുജിന്‍ നിരത്തിലേക്ക് എടുത്തുചാടി. നിന്നാല്‍ കൈയോ, കാലോ ഒന്ന് ഒടിച്ചതുതന്നെ. ഒറ്റച്ചവിട്ടിന് അമ്മയെ കൊന്ന നീചനാണ്.
നിരത്തിനെ പൊതിഞ്ഞു നീങ്ങുന്ന മുഷിഞ്ഞ മനുഷ്യര്‍ക്കിടയിലൂടെ പത്തുവയസ്സുകാരന്‍ യുജിന്‍ ഓടി, എങ്ങോട്ടെന്നില്ലാതെ.
യുജിന്‍ പിന്നീടൊരിക്കലും വീട്ടിലേക്ക് തിരിച്ചു ചെന്നിട്ടില്ല. അപ്പനെ കണ്ടിട്ടില്ല.
ആഴ്ച ഒന്നു കഴിഞ്ഞപ്പോള്‍ കിഴവന്‍ യുജിനെക്കുറിച്ചു കേട്ടു. നിരത്തുവക്കിലെ തുണിക്കടയില്‍ നിന്നും പട്ടാപ്പകല്‍ മോഷണം നടത്തി യുജിന്‍ മുങ്ങി.
പാരീസ് നഗരത്തിനു പുറത്തെ തെണ്ടികളും തെരുവുവേശ്യകളും
തെമ്മാടികളും നിവസിക്കുന്ന ചാള. 'അറാസി'ലെ ആ കുടിലുകള്‍ക്കകത്ത് അരങ്ങേറാത്ത തിന്മകളില്ല. പരമ ദരിദ്രരുടെ ആ താവളത്തില്‍ റൊട്ടിക്കടക്കാരന്റെ മകനായി പിറന്നു വീണ യുജിന്‍ വര്‍ഷങ്ങള്‍ കടന്നപ്പോള്‍ ലോകം കണ്ട മഹാ വിസ്മയങ്ങളിലൊന്നായി വളര്‍ന്നു.
ഉദ്വേഗഭരിതവും സാഹസികവുമായ ഒരു ഇതിഹാസം അവിടെ തുടക്കം കുറിക്കുകയായിരുന്നു, യുജിന്‍ ഫ്രാങ്കോയിസ് വിഡോക്കെന്ന അത്ഭുത
മനുഷ്യനില്‍.
ജീവിച്ച കാലമത്രയും വിഡോക്ക് ഒരു വിസ്മയവും ദുരൂഹതയുമാ
യിരുന്നു. അമാനുഷികതയുടെ സമസ്ത പരിവേഷങ്ങളും ചൂഴ്ന്നു നിന്ന വിചിത്രനായ മനുഷ്യന്‍.
നന്മയിലും പച്ചത്തിന്മയിലും എന്നും വിഡോക്ക് ഉണ്ടായിരുന്നു. പുണ്യപാപങ്ങളുടെ അതിര്‍ത്തിക്കിരുപുറത്തും ചുവടുറപ്പിച്ചു നിന്ന കാലങ്ങളിലൊക്കെയും രണ്ടിലും ഏറ്റവും മുന്നിലും. ലോകം ഇന്നോളം കണ്ട ഏറ്റവും വലിയ ശിലാഹൃദയനായ കുറ്റവാളിയും ഏറ്റവും സമര്‍ത്ഥനായ കുറ്റാന്വേഷകനും ആ മനുഷ്യന്‍ തന്നെ.
ഇതിഹാസങ്ങളില്‍ മാത്രം അഭിമുഖം വരുന്ന കഥാപാത്രങ്ങളേക്കാള്‍ സാഹസികമായി ജീവിക്കുക. സ്വന്തം രചനകളിലൂടെ ഇതിഹാസതുല്യമായ ഒരു കഥാപരമ്പരയ്ക്ക് തുടക്കം കുറിക്കുക. നൂറ്റാണ്ടുകള്‍ പലതു കഴി
ഞ്ഞിട്ടും കുറ്റാന്വേഷണ രംഗത്തും കുറ്റാന്വേഷണ സാഹിത്യത്തിലും കാലപുരുഷനെപ്പോലെ നിഴല്‍വീശി വളര്‍ന്നു നില്‍ക്കുക. ഒളിമങ്ങാത്ത കൊളോസസിനെപ്പോലെ ചരിത്രത്തിന്റെ താളുകളില്‍ ആഴത്തില്‍ വരച്ചിട്ട അടിക്കുറിപ്പാവുക. വിഡോക്കിന്റെ ജീവിതം അതൊക്കെയായിരുന്നു.
പത്താം വയസ്സില്‍ വീട്ടില്‍ നിന്നും പുറത്തു ചാടിയ വിഡോക്ക് കുറഞ്ഞൊരുകാലം കൊണ്ടുതന്നെ പെരുംകള്ളനെന്നു പേരെടുത്തു. പോലീസിന്റെ വേട്ടയാടലില്‍ അറാസില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതായപ്പോള്‍ അമേരിക്കയിലേക്ക് കപ്പല്‍ കയറാനുള്ള മോഹവുമായി ആദ്യം ഡണ്‍ക്രീക്കിലും പിന്നെ ദാസ്റ്റ് എന്‍ഡിലും എത്തി. ഡോക്ക് യാര്‍ഡുകളില്‍ കൂലിപ്പണി ചെയ്തു. അവസരം കിട്ടിയപ്പോഴൊക്കെ വേഷം മാറി മോഷണം
നടത്തി. കിട്ടിയതൊക്കെ തിന്നും കുടിച്ചും തീര്‍ന്നതോടെ അമേരിക്കന്‍
യാത്ര കൈയെത്തിപ്പിടിക്കാനാവാത്ത മോഹമായി. എന്തൊക്കെ ചെയ്
തിട്ടും കപ്പല്‍കൂലിക്കുള്ള കാശ് കയ്യിലൊരിക്കലും മിച്ചം വന്നില്ല.
പട്ടാളത്തില്‍ കൂലിപ്പണിക്കാരനായി ചേര്‍ന്ന വിഡോക്ക് പതിനെട്ടാം
വയസില്‍ 'വാല്‍മിയ'യിലേയും 'ഹമ്മാസി'ലേയും യുദ്ധഭൂമികളില്‍ നിന്നു ഫ്രഞ്ച് പട്ടാളത്തിനു വേണ്ടി പീരങ്കിയുരുട്ടിയും വെടിയുണ്ട ചുമന്നും സൈന്യത്തോടൊപ്പം പൊരുതി. യുദ്ധമുന്നണിയില്‍ വച്ചൊരിക്കല്‍ നട്ടെല്ലില്‍ വെടിയുണ്ട തറച്ച് അവശനായ വിഡോക്കിനെ പട്ടാളക്കാര്‍ അറാസിലെ ചാളയില്‍ തന്നെ തിരിച്ചെത്തിച്ചു.

നിവര്‍ന്നു നില്‍ക്കാനുള്ള ആരോഗ്യം വീണ്ടുകിട്ടിയതോടെ ഒഴിഞ്ഞ കീശയും എന്തും ചെയ്യാനുറപ്പുള്ള ചെകുത്താന്റെ മനസ്സുമായി പാരീസ് നഗരത്തിലേക്ക് നടന്നു. മഹാനഗരത്തിന്റെ ജനാരണ്യത്തില്‍ വന്നടിഞ്ഞ വിഡോക്ക് പിന്നെ നാല്‍പതു വര്‍ഷത്തോളം നഗരത്തിലെ അധോലോക ചക്രവര്‍ത്തിയായി. ആത്മനിന്ദയോടെ സ്വയം വലിച്ചെറിയുംവരെ ആ കിരീടം എന്നും വിഡോക്കിന്റെ തലയില്‍ തന്നെയായിരുന്നു.

കുറുക്കന്റെ ബുദ്ധിയും കടുവയുടെ കായശേഷിയുമുണ്ടായിരുന്ന ആ മനുഷ്യന്‍ ചെയ്യാത്ത കുറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല. കൊള്ളക്കാരന്‍, പിടിച്ചുപറിക്കാരന്‍, ചൂതാട്ടക്കാരന്‍, ജാലവിദ്യക്കാരന്‍ തുടങ്ങി വിഡോക്ക് കെട്ടിയാടാത്ത വേഷങ്ങളൊന്നും ബാക്കിയില്ല. ഇഷ്ടക്കാരികളിലൊന്നിനെ കൈവയ്ക്കാന്‍ ധൈര്യം കാട്ടിയ ഒരു പോലീസുകാരനെ നടുറോഡിലിട്ട് തല്ലിച്ചതച്ചതോടെ കണ്ണില്‍ ചോരയില്ലാത്ത കൊലയാളിയുമായി. അന്ന് വിഡോക്കിനെതിരെ സാക്ഷി പറയാന്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. ഗില്ലറ്റിന്റെ വായ്ത്തലയില്‍ നിന്നും തലനാരിഴ ഭേദത്തില്‍ പലവട്ടം കഷ്ടിച്ച് രക്ഷപ്പെട്ട വിഡോക് ജീവിതത്തിന്റെ മുക്കാല്‍ പങ്കും ചെലവിട്ടത് തടവുമുറികള്‍ക്കകത്തായിരുന്നു.

വിഡോക്ക് കിടന്നിട്ടില്ലാത്ത ഒരു ജയിലും അന്ന് ഫ്രാന്‍സിലുണ്ടായിരുന്നില്ല. മനുഷ്യനെ തളച്ചിടാവുന്ന എല്ലാ അനുസാരികളും ആ മനുഷ്യന്റെ മേല്‍ പ്രയോഗിക്കപ്പെട്ടു. എങ്കിലും ഒരു തടവുമുറിക്കകത്തും വിഡോക്ക് മൂന്നുമാസത്തിനപ്പുറം കിടന്ന ചരിത്രവുമില്ല. ഉരുക്കു ചങ്ങലകള്‍ ആ വിരല്‍ സ്​പര്‍ശത്തില്‍ സ്വയം അഴിഞ്ഞുമാറി. പൂട്ടുകള്‍ മന്ത്രികവിദ്യയിലെന്നോണം തനിയെ തുറന്നു. ജയിലറയുടെ ഉരുക്കുദണ്ഡുകള്‍ ആ കൈകളില്‍ വാഴനാരുകളായി രൂപം മാറി.

വിഡോക്കിനെ സ്ഥിരമായി തളച്ചിടാന്‍ വേണ്ട എല്ലാ അടവുകളും ഭരണകൂടം പയറ്റിനോക്കി. ഇരുപത്തിരണ്ടാം വയസ്സില്‍ എട്ടു വര്‍ഷത്തെ കഠിന തടവിനുള്ള ശിക്ഷയുമായി ദുര്‍ഗമായ കടല്‍നടുവിലെ ദ്വീപിലുള്ള 'ബൈസെറ്റ്ട്ര'എന്ന തടവറയില്‍ അടയ്ക്കപ്പെട്ടു. അന്നുവരെ ആരും ജീവനോടെ തിരിച്ചെത്തിയ ചരിത്രമില്ലാത്ത ജയില്‍. തടവുപുള്ളികളെ കന്നുകാലികളെ പോലെ സ്ഥിരമായി ചങ്ങലയില്‍ പൂട്ടിയിട്ടിരുന്ന ജയിലറ.

വിഡോക്കിനെ തളച്ചിട്ട ചങ്ങലയില്‍ ഒപ്പം മുപ്പതോളം പേരുണ്ടായിരുന്നു. ഓരോരുത്തരുടെ കൈത്തണ്ടകളിലും വിളക്കിച്ചേര്‍ത്ത പത്തടിയോളം നീളം വരുന്ന ചങ്ങലകള്‍. ഭക്ഷണവും പണിയെടുപ്പുമൊക്കെ ആ സ്ഥിരബന്ധനത്തില്‍ തന്നെ. പുറം പണിക്കാരായ തടവുകാരുടെ സഹായത്തോടെ ഒളിച്ചു കടത്തിയ വാള്‍തുണ്ടുകൊണ്ട് ചങ്ങലയറുത്ത് ഒരു രാത്രി വിഡോക്ക് പുറത്തുചാടി. ജയിലറുടെ കൊച്ചുമകന്റെ കളിവളളത്തില്‍ ഒരു കാട്ടുകോഴിയുടെ പച്ചശവവും ഒരു കുപ്പി വെള്ളവുമായി മുപ്പതു ദിവസത്തെ കടല്‍യാത്ര നടത്തി പാരീസില്‍ തിരിച്ചെത്തി. വീണ്ടും പിടികൂടപ്പെട്ടപ്പോള്‍ ജീവപര്യന്തം തടവുശിക്ഷയുമായി ബൈസെറ്റ്ട്രായില്‍ തന്നെ അടയ്ക്കപ്പെട്ടു.

രണ്ടാം തവണ കൂടുതല്‍ മുന്‍കരുതലുകളോടെയാണ് വിഡോക്കിനെ തളച്ചിട്ടത്. കൈയും കാലും ഭിത്തിയില്‍ ഉറപ്പിച്ച ചങ്ങലകളില്‍ പൂട്ടി. മച്ചില്‍ നിന്നും തൂക്കിയിട്ട മറ്റൊരു ചങ്ങലവളയത്തില്‍ കഴുത്തും. ഓരോ കാലിലും മുപ്പതു പൗണ്ടോളം ഭാരം വരുന്ന ഉരുക്കുബൂട്ടുകള്‍. ഒന്ന് അനങ്ങാന്‍ പോലും കഴിയാത്തത്ര ലോഹഭാരം വിഡോക്കിന്റെ ശരീരത്തില്‍ തൂക്കി.

രണ്ടാം മാസത്തില്‍ ഉരുക്കു ചങ്ങലകള്‍ മുഴുവന്‍ അറുത്ത് വിഡോക്ക് പുറത്തുചാടി. സ്വയം കെട്ടിയുണ്ടാക്കിയ ചങ്ങാടത്തില്‍ ഒരു മാസത്തോളം നീണ്ട കടല്‍യാത്രയിലൂടെ പാരീസിന്റെ കടല്‍ത്തീരത്തടിഞ്ഞ മൃതപ്രായനായ വിഡോക്കിനെ മുക്കുവര്‍ കണ്ടെടുത്ത് രക്ഷിച്ചു. വിഡോക്കിന്റെ ജീവിതം തടവറയ്ക്കകത്തും പുറത്തുമായി അവിരാമം നീണ്ടു.

പുറത്തായാല്‍ ആര്‍ക്കും തിരിച്ചറിയാനാവാത്ത വിധത്തില്‍ വേഷം മാറി നടക്കാനും പല മനുഷ്യരുടെ ശബ്ദത്തില്‍ സംസാരിക്കാനും കഴിവുണ്ടായിരുന്ന വിഡോക്ക് പാരിസ് പോലീസിന് അവസാനിക്കാത്ത തലവേദനയായി.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education