പാലേരിഭാഷയിലെ മാണിക്യം

16 Oct 2012

'പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന സിനിമയില്‍ രക്തബന്ധം വിധിവഴിയിലെത്തിക്കുന്ന മൂന്നു കഥാപാത്രങ്ങളാണ് മുരിക്കുംകുന്നത്ത് അഹമ്മദ്ഹാജിയും ഹരിദാസും ഖാലിദും. ആഗോളമലയാളിക്കു നിശ്ചയിക്കാവുന്ന സംഭാഷണഭാഷയാണ് ഹരിദാസിന്റേത്.പരിഷ്‌കൃതമെങ്കിലും അനിയന്ത്രിതമായ ആത്മവിശ്വാസം നല്‍കുന്ന ഗര്‍വ്വ് ഖാലിദിന്റെ ഭാഷക്കുണ്ട്.അതേസമയം നാടന്‍ഭാഷയുടെ ഉഗ്രപ്രതാപവുമായി നിലകൊള്ളുകയാണ് അഹമ്മദ്ഹാജി.അഭിനയവൈജാത്യത്തിന്റെ അഭൗമതലങ്ങള്‍ അനുഭവിപ്പിച്ച മമ്മൂട്ടി മലയാളഭാഷയുടെ പ്രാദേശികതയുടെയും ഉച്ചാരണഭേദത്തിന്റെയും താരതമ്യപഠനത്തിനുതകുന്ന മൂന്നു കഥാപാത്രങ്ങളായി ഈ ചിത്രത്തില്‍ ജീവിക്കുകയായിരുന്നു.പുറംലോകവുമായുള്ള നിരന്തരബന്ധവും ദീര്‍ഘകാലത്തെ വിദൂരവാസവുമെല്ലാം ഹരിദാസിനെയും ഖാലിദിനെയും സ്വന്തം ഭാഷാങ്കണങ്ങളില്‍ നിന്നകറ്റിയപ്പോള്‍ കോഴിക്കോടിന്റെ വടക്കന്‍പ്രദേശങ്ങളില്‍ വിപുലപ്പെട്ട ഭാഷാസ്വഭാവങ്ങളില്‍ പലതിന്റെയും വക്താവാകുകയായിരുന്നു അഹമ്മദ് .

ചിത്രത്തിന്റെ അന്‍പത്തിയഞ്ചാം സീനെടുക്കാം;മുരിക്കുംകുന്നത്തുവീടാണ് പശ്ചാത്തലം.ഒരു തോര്‍ത്തു മാത്രമുടുത്ത് മുറ്റത്തുനില്‍ക്കുന്ന അഹമ്മദ്ഹാജിയുടെ മുന്നിലേക്ക് വേലായുധനും ഇരുപത്തിയൊന്നുകാരനായ കേശവനും വരുന്നു.

വേലായുധന്‍ : (ഭവ്യതയോടെ) ചെക്കനൊരു മടി.വീട്ട്‌ച്ചെന്ന് മുടിമുറിക്കലും വടിക്കലൊക്കെ ഓന്റെ അച്ഛന്റെ കാലം കൊണ്ട് കയിഞ്ഞീന്ന്.നടക്ക് നായിന്റെ മോനേന്ന് പറഞ്ഞപ്പോ കൂടെപ്പോന്നു.

ഹാജി ഒന്നമര്‍ത്തിച്ചിരിച്ചു.

ഹാജി : അപ്പുക്കുട്ടി മരിച്ചപ്പോ പുതിയ പരിഷ്‌കാരാ,ചെക്കന്റെ വക.ന്നിട്ട് നെന്റെ അമ്മെനെ മാറ്റി പുതിയ ആളെ എടുത്തോ...
(ഉച്ചത്തില്‍) ന്താടാ...അപ്പൊ ചെലതെല്ലാം മാറ്റാന്‍ കയ്യൂല. ഞ്ഞ് അതിനൊട്ട് മെനക്കെട്യേം വേണ്ട.വിളിക്കുമ്പം ഇവിടെത്തിക്കോളണം...
(പുശ്ചഭാവത്തില്‍) അമ്പട്ടന്റെ മോന്‍ മരിക്കുമ്പരെ അമ്പട്ടന്‍ തന്ന്യാ.മന്ഷ്യമ്മാരെ മുടി കളയാന്‍ ജനിച്ചോന്‍ അതു മര്യാദക്ക് ചെയ്യ. അല്ലാണ്ട് അന്റെ കമ്യൂണിസം ഈന്റാത്തോട്ട് കേറ്റാന്‍ നോക്കേണ്ട.ഇബ്ട്‌പ്പോ പാലേരീല് അമ്മദാജീന്റെ കമ്യൂണിസാ നടക്ക്‌ന്നേ...അത് തിരിഞ്ഞിക്കോ നായിന്റെ മോനെ അനക്ക്.

മയ്യഴിപ്പുഴക്കും കോരപ്പുഴക്കുമിടയിലുള്ള വാമൊഴിയാണ് അഹമ്മദ്ഹാജിയും വേലായുധനും പറയുന്നത്.കൂടുതല്‍ സൂക്ഷ്മാംശങ്ങളിലേക്കുപോയാലത് വടകരത്താലുക്കിലെ കുറുമ്പ്രനാട്, കടത്തനാട് പ്രദേശങ്ങളില്‍ വിപുലമായിട്ടുള്ള ഭാഷ എന്ന നിലക്കും വിവക്ഷിക്കാം.കുറ്റിയാടിയിലും നാദാപുരത്തും പാലേരിയിലും ആവളയിലുമെല്ലാം അതിന് സാമുദായികപ്രാധാന്യവും സമാനതയും ലഭിക്കുന്ന സാഹചര്യത്തിലാണിത്.'പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ'യില്‍ മുരിക്കുംകുന്നത്ത് അഹമ്മദ്ഹാജി വക്താവാകുന്നത് പൂര്‍ണ്ണമായും ഏറനാട്ടിലേതു പോലെയുള്ള മാപ്പിളഭാഷക്കല്ല. മലപ്പുറം ഭാഷയുടെ വികസിതമോ അവികസിതമോ ആയ ശൈലീഭേദം കൂടിയാണ് ഏറനാടന്‍ ഭാഷ.പ്രസ്തുതഭാഷയില്‍ നിന്ന് വ്യതിയാനങ്ങളുള്ളതാണ് പഴയ നാട്ടുരാജ്യങ്ങളായിരുന്ന കുറുമ്പ്രനാടിന്റെയും കടത്തനാടിന്റെയും മറ്റും ഭാഷ.

ജനാധിപത്യകേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആദ്യത്തെ കൊലപാതകക്കേസായിരുന്നു മാണിക്യത്തിന്റേത്.1950കളില്‍ നടന്ന സംഭവത്തെ ആധാരമാക്കി ടി പി രാജീവന്‍ രചിച്ച നോവലിന്റെ ചലച്ചിത്രഭാഷ്യം ജന്‍മി-കുടിയാന്‍ ബന്ധങ്ങളിലെ വൈവിധ്യവും വൈരുധ്യവുമായിരുന്നു ഭൂമികയാക്കിയത്.നായര്‍ജന്‍മികളുടെ ആശ്രിതര്‍ ഏറിയകൂറും പുലയവിഭാഗത്തില്‍പെട്ടവരായിരുന്നെങ്കില്‍ മുസ്ലീംജന്‍മികളെ ആശ്രയിച്ചവരധികവും തീയ്യസമുദായത്തില്‍പ്പെട്ടവരായിരുന്നു.ജാതിഘടനയുടെ തീവ്രതയും മരുമക്കത്തായസമ്പ്രദായവും ഉള്‍ച്ചേര്‍ന്ന ഫ്യൂഡല്‍ വ്യവസ്ഥിതിയും അവയുടെ സാമൂഹികപ്രകാശനങ്ങളും മലബാര്‍ മാന്വലില്‍ വിവരിക്കുന്നിടത്ത് ജനസഞ്ചയത്തെപ്പറ്റി വര്‍ണ്ണിക്കുന്നത് ഇപ്രകാരമാണ് - ഉത്തരമലബാറിലെ തീയ്യസമുദായക്കാരായ സ്ത്രീകളും പുരുഷന്‍മാരും നോക്കിലും നടപ്പിലും നായന്‍മാരെപ്പോലെ അനന്യസാധാരണമായ വൃത്തിയും ശുചിത്വവും പുലര്‍ത്തുന്നു.മലബാര്‍ ജില്ലയില്‍ ഒരു യൂറോപ്യന്റെ കണ്ണില്‍ ഏറ്റവും മതിപ്പുണ്ടാക്കുക പുരാതനകടത്തനാട്ടേയും ഇരുവഴിനാട്ടിലേയും കോട്ടയത്തെയും സ്ത്രീപുരുഷന്‍മാരായിരിക്കുമെന്ന് പൊതുവില്‍ പറയുന്നതില്‍ തെറ്റില്ല - ഈ പറഞ്ഞ സ്ത്രീപുരുഷന്‍മാരില്‍ ഗണ്യമായ വിഭാഗം തീയ്യസമുദായത്തില്‍പ്പെട്ടവരാണെന്നും പത്തൊന്‍പതാംനൂറ്റാണ്ടിന്റെ അന്തിമദശകങ്ങളില്‍ വില്യംലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അന്നത്തെ സാമൂഹികക്രമങ്ങളില്‍ മേല്‍വിവരിച്ച സമുദായങ്ങളോരോന്നും സുപ്രധാനമായിരുന്നുവെന്നതിന്റെ സൂചന കൂടിയാണിത്.അത്തരം സാഹചര്യത്തുടര്‍ച്ചയില്‍ നിന്നുകൊണ്ട് വര്‍ത്തമാനകാലത്തേക്കു കഥാഗതിയെ കൂട്ടിക്കൊണ്ടുവരാനുള്ള 'പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ'യുടെ ശ്രമങ്ങളെയാണ് മൂന്നുവേഷങ്ങളിലൂടെ മമ്മൂട്ടി വിസ്മയകരമായി പിന്തുണക്കുന്നത്്.

'കോഴിക്കോട്ടെ ആളുകള്‍ തന്നെയാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നവരില്‍ ഭൂരിപക്ഷവും.അവര്‍ക്ക് പ്രത്യേകിച്ച് ഭാഷാപരമായ ട്രയിനിംഗിന്റെ ആവശ്യമില്ല.ഈ ഡയലക്ട് അവര്‍ക്കറിയാം.അതിലെ പ്രധാനക്യാരക്ടറുകളിലൊന്നാണ് പൊക്കന്‍.അയാളെന്റെ നാട്ടുകാരനാണ്.കുറ്റിയാടിക്കാരന്‍ ശ്രീജിത് ...അതു പോലെ പലരും തൊട്ടടുത്ത പഞ്ചായത്തുകാരാണ് പിന്നെ മമ്മൂട്ടി...അദ്ദേഹം ചെയ്ത മൂന്നാമത്തെ വേഷമില്ലേ...ഖാലിദ് .അതെന്റെ ക്രിയേഷനല്ല;സംവിധായകന്റേതാണ്. ഹാജി എന്ന കഥാപാത്രമുണ്ടല്ലോ...അത് ഞാന്‍ മനസ്സില്‍ കണ്ട അതേ രീതിയിലാണ് മമ്മൂട്ടി ചെയ്തിരിക്കുന്നത്.അഭിനയത്തിലും ഭാഷയിലുമെല്ലാം... എനിക്കത് വല്ലാത്തൊരല്‍ഭുതമായിരുന്നു '-നോവലിസ്റ്റ് ടി പി രാജീവന്‍ പറയുന്നു.കലയുടെയും സാഹിത്യത്തിന്റെയും പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ഭാഷാപരമായ നിരീക്ഷണം ഇങ്ങനെയാണ്. 'മയ്യഴി ഒരു ഈഴവ,തീയ്യ സ്വാധീന മേഖലയാണ്. മുകുന്ദന്റെ രചനകളൊക്കെ നോക്കിയാല്‍ മതി.ആ ഡയലക്ടാണത്.മാഹിപ്പുഴയുടെ അടുത്തുനിന്നും കോരപ്പുഴയുടെ ഭാഗത്തേക്കു വരുമ്പോള്‍ മുസ്ലീങ്ങള്‍ക്കു പ്രാധാന്യം ഏറിത്തുടങ്ങി... ഹിന്ദുക്കളിലാണെങ്കില്‍ നായരും തീയരും...അപ്പോള്‍ പ്രധാനമായും ഈ മൂന്ന് കമ്മ്യൂണിറ്റിയുടെയും ഭാഷയുടെ ചേര്‍ച്ചയാണ് സിനിമയിലുള്ളത്.'

വടക്കേമലബാറില്‍ സാമാന്യേനയും കണ്ണൂരും കാസര്‍ഗോഡും പ്രത്യേകിച്ചും കന്നടയുടെ സ്വാധീനം പരാമര്‍ശവിധേയമാണ്.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പുറമെ നിന്നുള്ളവരുടെ കുടിയേറ്റമുണ്ടാകുകയും ചെയ്തു.അതുവരെ ഒരു ആദിവാസിമേഖലയുടെ പ്രതീതി പ്രദേശത്തിനുണ്ടായിരുന്നു.സ്വാഭാവികമായും ആദിവാസികള്‍ക്കിടയിലുള്ള ഭാഷാഭേദം അവിടെ പൊതുരീതിയും ആയിട്ടുണ്ടാകണം.പിന്നീട് മേലാള-കീഴാളഭാഷ,വിവിധ തൊഴില്‍സംസ്‌കാരം,ജാതിസംസ്‌കാരം എന്നിങ്ങനെ ബാഹ്യസ്വാധീനങ്ങളില്‍പ്പെട്ട് വ്യതിരിക്തമായ നില ആര്‍ജ്ജിക്കാനും ഭാഷക്ക് കഴിഞ്ഞിരിക്കണം.മുരിക്കുംകുന്നത്ത് അഹമ്മദ്ഹാജിയുടെ ഭാഷ പ്രാദേശികഭാഷാഭേദത്തിന്റെ നേര്‍പകര്‍പ്പാണ്.ഓരോ പ്രദേശത്തെയും മുസ്ലീംഭാഷ അതത് പ്രദേശത്തെ സ്ലാങ്ങാണെന്നതിന്റെ ലളിതമായ ഉദാഹരണം കൂടിയാണത്.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education