എന്റെയും നിങ്ങളുടെയും കുഞ്ഞുങ്ങള്‍

ബീന ഗോവിന്ദ്‌

11 Oct 2012

എട്ടാംക്ലാസ്സുകാരിയായ റീന പഠിക്കാന്‍ മിടുക്കിയാണ്. കാണാന്‍ ഓമനത്തമുള്ള കുട്ടി. അച്ഛനും അമ്മയും കോളേജ് അധ്യാപകര്‍. നഗരത്തിലെ സ്വകാര്യസ്‌കൂളില്‍ പഠിക്കുന്ന കുട്ടി, പാട്ടിലും നൃത്തത്തിലുമൊക്ക പ്രവീണയാണ്. വീട്ടിലും സ്‌കൂളിലുമായി ഒതുങ്ങിക്കൂടുന്ന പ്രകൃതമുള്ള റീന ഒരു യുവാവുമായി അടുപ്പത്തിലായി. ക്ലാസ് വിട്ടാല്‍ യുവാവിനോടൊപ്പം ചുറ്റിക്കറങ്ങും. വീട്ടില്‍ ചോദിച്ചാല്‍ സ്‌പെഷ്യല്‍ക്ലാസ്സാണ് അല്ലെങ്കില്‍ കൂട്ടുകാരിയുടെ വീട്ടില്‍ പോയി എന്നൊക്കെ പറഞ്ഞ് തടിതപ്പും.

റീനയുടെ പുതിയ ബന്ധം അടുത്ത വീട്ടിലെ അങ്കിള്‍ അറിയാനിടയായി. ഉച്ചയൂണ്‍ സമയത്തും വൈകീട്ടും ഐസ്‌ക്രീം പാര്‍ലറുകളിലും പാര്‍ക്കുകളിലും കുട്ടിയെ യുവാവിനൊപ്പം കണ്ട കാര്യം അദ്ദേഹം റീനയുടെ അച്ഛനെ ധരിപ്പിച്ചു. എന്നാല്‍ 'എന്റെ മോളെപ്പറ്റി അപവാദം പറഞ്ഞുനടക്കാതെ സ്വന്തം മോളെ മര്യാദയ്ക്കു വളര്‍ത്താന്‍ നോക്കിയാല്‍ മതി' എന്ന റീനയുടെ അച്ഛന്റെ മറുപടി അയല്‍വാസിക്ക് മുഖത്തടിച്ചതുപോലെയാണ് തോന്നിയത്.

പിന്നീടദ്ദേഹം ഒരു കുട്ടിയുടെ കാര്യത്തിലും ആവശ്യമില്ലാത്ത ഉത്കണ്ഠ കാണിച്ചില്ല. പക്ഷേ, വൈകാതെ റീനയെ യുവാവിനൊപ്പം ഒരു സ്ഥലത്തുനിന്നു പോലീസ് പിടികൂടി. അപമാനിതരായ രക്ഷിതാക്കളുടെ രോഷം മുഴുവന്‍ ഏറ്റുവാങ്ങേണ്ടിവന്ന കുട്ടി സ്‌കൂളിലും പരിഹാസപാത്രമായി. സഹിക്കവയ്യാതെ അവള്‍ ആത്മഹത്യ ചെയ്തു.

രക്ഷിതാക്കള്‍ തകര്‍ന്നുപോയി. ഒരേയൊരു മകളെ നഷ്ടപ്പെട്ടതിനെക്കാള്‍ വലിയ ദുഃഖമായിരുന്നു അവളെ ആപത്തിന്റെ സമയത്ത് തുണച്ചില്ലല്ലോ എന്ന ആത്മനിന്ദ. പല രക്ഷിതാക്കള്‍ക്കും പറ്റുന്ന തെറ്റാണിത്. സ്വന്തം മക്കളെപ്പറ്റി അസുഖകരമായതു കേള്‍ക്കേണ്ടിവരുമ്പോള്‍ അതു വേണ്ട രീതിയില്‍ ഉള്‍ക്കൊള്ളാനോ തിരുത്താനോ ശ്രമിക്കാതെ പറഞ്ഞയാളുടെ നേര്‍ക്ക് ആക്ഷേപം ചൊരിയാനാണ് മുതിരുക. സ്വന്തം കുട്ടിയെ മറ്റൊരാള്‍ നേര്‍വഴിയില്‍ നടത്താന്‍ ശ്രമിക്കുന്നത് തങ്ങള്‍ക്ക് അപമാനമാണെന്നവര്‍ കരുതുന്നു. സത്യം അറിയാനും അംഗീകരിക്കാനും തയ്യാറാവുന്നില്ല. സ്വന്തം കുട്ടിയെപ്പോലെ കരുതി മറ്റേയാള്‍ മകളുടെ കാര്യത്തില്‍ കാണിച്ച താത്പര്യത്തിനു നന്ദിയും സത്‌വാക്കും പറഞ്ഞ് മകളെ ശരിയായ വഴിയില്‍ നയിക്കുകയായിരുന്നു റീനയുടെ അച്ഛന്‍ ചെയ്യേണ്ടിയിരുന്നത്. മക്കളെ വിശ്വസിക്കണം. പക്ഷേ, ആരും തെറ്റിന് അതീതരല്ലെന്ന വസ്തുത സ്വന്തം മക്കള്‍ക്കും ബാധകമാണെന്ന് മനസ്സിലാക്കണം. എല്ലാം തികഞ്ഞ ആരുണ്ട് ലോകത്തില്‍?

വിശാഖിന്റെ രക്ഷിതാക്കള്‍ക്കും സമാനമായ അനുഭവം പറയാനുണ്ട്. പത്താംക്ലാസ്സുകാരനായ വിശാഖ് സഹപാഠിയോടുള്ള ദേഷ്യം തീര്‍ത്തത് പുറമേനിന്ന് ഗുണ്ടാസംഘത്തെ ഏര്‍പ്പെടുത്തിയാണ്. സൈമണ്‍ എന്ന കുട്ടിയുമായുണ്ടായ നിസ്സാരമായ വഴക്ക് മൂത്ത് അടിപിടിയിലെത്തി. കൂട്ടുകാര്‍ ഇടപെട്ട് വഴക്ക് തീര്‍ത്തെങ്കിലും സൈമണെ സ്‌കൂളിനു പുറത്തുവെച്ച് നേരിടാന്‍ വിശാഖ് ഗുണ്ടകളെ വരുത്തി. അടി കൊണ്ട് അവശനായ സൈമണ്‍ വീട്ടില്‍ച്ചെന്നു കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ സൈമണിന്റെ പപ്പ വിശാഖിന്റെ അച്ഛനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. വിശാഖ് അത്തരക്കാരനല്ലെന്നും സൈമണിന്റെ കൈയിലിരിപ്പാണ് മോശമെന്നും അയാള്‍ തിരിച്ചടിച്ചു. പപ്പയുടെ നിര്‍ദേശപ്രകാരം സൈമണ്‍ വഴക്കിനുപോകാതെ പഠിത്തവുമായി ഒതുങ്ങിക്കൂടി. എന്നാല്‍ വിശാഖിന്റെ വഴി തെറ്റി. കഞ്ചാവ് വില്പനക്കാരുടെയും ബ്ലേഡ്മാഫിയയുടെയും ശിങ്കിടിയായിത്തീര്‍ന്ന വിശാഖ് താമസിയാതെ പോലീസിന്റെ പിടിയിലകപ്പെട്ടു.

കുട്ടിയായതിനാല്‍ പോലീസ് കേസെടുത്തില്ലെങ്കിലും സ്‌കൂളില്‍നിന്ന് വിശാഖിനെ പുറത്താക്കി. വിഷാദരോഗത്തിനടിപ്പെട്ട കുട്ടിക്ക് ചികിത്സ വേണ്ടിവന്നു. രണ്ടു വര്‍ഷം പഠനം തടസ്സപ്പെട്ടു. യഥാസമയത്ത് മകന്റെ വഴിവിട്ട പോക്ക് അറിഞ്ഞിട്ടും വേണ്ടവിധം ഇടപെടാന്‍ തയ്യാറാവാത്ത അച്ഛനമ്മമാര്‍ക്കായിരുന്നു കുറ്റബോധം.

നശിക്കുന്നത് സ്വന്തം കുഞ്ഞോ അന്യന്റെ കുഞ്ഞോ എന്നു നോക്കിയാവരുത് മുതിര്‍ന്നവരുടെ ഇടപെടല്‍. കുട്ടികള്‍ക്കു വേണ്ട സമയത്ത് സഹായം കൊടുക്കണം. ഇന്ന് പരിചയക്കാരന്റെ കുട്ടി വീണ കുഴിയില്‍ നാളെ നമ്മുടെ കുട്ടിയാവും വീഴുന്നത്. അപ്പോഴും നമ്മള്‍ നോക്കിനില്ക്കുമോ?
(കുട്ടികളുടെ മനസ്സറിയുക എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education