പ്രണയത്തിന്റെ നീളുന്ന പാത

ആലങ്കോട് ലീലാകൃഷ്ണന്‍

29 Sep 2012

നിളാതീരഗ്രാമങ്ങളില്‍ കടങ്കഥകളും പഴഞ്ചൊല്ലുകളും നാടന്‍പാട്ടുകളും ശേഖരിക്കാന്‍ നടന്ന കാലത്തുതന്നെയാണ് കണിയാര്‍കോട്ടുകാരി തങ്കമണി കവിയുടെ പ്രണയനായികയാവുന്നത്. ആ ഏകാങ്ക പ്രണയനാടകം കല്യാണമില്ലാത്ത കല്യാണത്തിലെത്തിയില്ല. എങ്കിലും പെണ്ണിന്റെ പേരിലൊരു തെരുവുപോരു നടന്നു. കവിക്ക് പോലീസ്‌സ്റ്റേഷനില്‍ കയറേണ്ടിവരികയും ചെയ്തു.

'അഴിച്ചിട്ട ഈറന്‍ തലമുടി. തൈപ്പൂനെറ്റിയില്‍ കുങ്കുമപ്പൊട്ട്. അഴകിന്റെ മഷിയോടിയ കരിമീന്‍കണ്ണ്. ഒന്നരമുണ്ട്. റോസ് നിറം ബ്ലൗസ്.'
അതായിരുന്നു തങ്കമണി.

പുഴവക്കില്‍ കന്നിനിലാവുപോലെ പൂത്തുനിന്ന തങ്കമണി പാട്ടു പകര്‍ത്താന്‍ സ്വന്തം കിടപ്പറതന്നെ ഒഴിഞ്ഞുകൊടുത്തു.

നക്ഷത്രപ്പാല പൂത്ത മകരരാത്രി. കിടപ്പറയിലിരുന്ന് മലവേലപ്പാട്ട് പകര്‍ത്തി. വിളക്കൂതി കിടന്നു. കൊണ്ടുപോയ കല്‍ക്കണ്ടത്തുണ്ട് പാതി
കടിച്ചു വായില്‍ത്തന്ന് രാക്കിളിപോലെ അവള്‍ പറഞ്ഞു:
''കഴുത്തില്‍ വീണ ഈ മാല ഇനി വലിച്ചെറിയാന്‍ പറ്റില്ല. ഇത് ഈ മാറില്‍ തല ചായ്ചു കിടക്കും. മയങ്ങും. എന്നന്നേക്കുമായി വാടിക്കരിയും.''
കെട്ടിപ്പുണര്‍ന്ന് മുകര്‍ന്ന് അവള്‍ കണ്ണു നിറഞ്ഞു ചോദിച്ചു: ''പറയൂ.
ഇല്ലേ എന്നെ ഇഷ്ടമില്ലേ?''
''ഇഷ്ടമുണ്ട്. ഉത്തരമില്ലാത്ത കടംകഥയാണ് നീ.''
(തുഴയറ്റ തോണിയാത്ര)
നാടോടിപ്പാട്ടുകളും കടങ്കഥകളും നാട്ടുചൊല്ലുകളും തിരഞ്ഞ് കവി നിളാതീരഗ്രാമങ്ങളിലെല്ലാം വളരെക്കാലം അലഞ്ഞിട്ടുണ്ട്. പല വീടുക
ളിലും അക്കാലത്ത് അന്തിയുറങ്ങി. അചുംബിതങ്ങളായ പാട്ടിന്റെയും ചൊല്ലിന്റെയും നാട്ടുചന്തങ്ങളോടൊപ്പം കുറെയേറെ നാടന്‍പെണ്ണുങ്ങളുടെ പ്രണയവും പൊരുളും കവി കവര്‍ന്നെടുത്തു.

'എന്റെ കൈയിലുണ്ട് കുറെ കടംകഥ. പോകുംമുന്‍പ് അതിന്റെ അര്‍ഥം പറഞ്ഞുതരാം' എന്ന് അര്‍ഥം വെച്ച് പറഞ്ഞു ചിരിച്ച ചിന്നമ്മാളു, കൈതപ്പൂപോലെ പുഴക്കരെ വിടര്‍ന്നുനിന്ന കൊച്ചുകോത എന്ന എണ്ണമൈലി നാടോടിപ്പെണ്ണ്, മുന്നാഴി മുല്ലപ്പൂവും ചെന്തെങ്ങിളനീരും സമ്മാനിച്ച പതിനേഴു തികയാത്ത വേശു-അങ്ങനെയങ്ങനെ എത്രയോ പെണ്ണുങ്ങള്‍.
പട്ടാമ്പിയിലെ ഒരു മാധവിഅമ്മയെയും മകള്‍ തങ്കത്തെയും കുറിച്ച്
കവിതന്നെ പറയുന്നുണ്ട്:
'അന്ന് ഉണ്ടുപാര്‍ത്തു വന്ന മാന്തോപ്പില്‍ഭവനം. എന്തിനും മുന്നിട്ടിറങ്ങി കാര്യം കാണുന്ന മാധവിഅമ്മ. അഴകുള്ള ആണുങ്ങളെ കണ്ടാല്‍ വീട്ടിലേക്ക് വിരുന്നിനു വിളിക്കുന്ന മാധവിഅമ്മ. മകള്‍ തങ്കം. തങ്കത്തിന്റെ കരള്‍ സ്‌നേഹത്തിന്റെ പൂക്കള്‍ കൈമാറി. അന്ന് പവിഴമല്ലിച്ചോട്ടില്‍നിന്ന് പരന്ന പാടം കടക്കുംവരെ യാത്രയാക്കി കണ്ണീരോടെ നോക്കിനിന്നു, തങ്കം.

മാധവിഅമ്മ ധാരാളം സമ്പാദിച്ചു. നെല്ലും പണവും കൂമ്പാരം കൂടി.

വലിയ നിലയിലായി. ഒരു ദിവസം, ഇന്നും അതോര്‍ക്കുമ്പോള്‍ നടുങ്ങുന്നു. തെങ്ങന്‍പൂക്കുലപോലുള്ള ആ ദേഹം പുലര്‍ച്ചയ്ക്ക് റെയില്‍പ്പാളത്തില്‍ രണ്ടു തുണ്ടായി കിടക്കുന്നു. നാട്ടുകാര്‍ എന്തൊക്കെയോ പറയുന്നു. വിധവയായ ആയമ്മയ്ക്ക് എട്ടുമാസം തികഞ്ഞുവെന്ന്. പലരുടെയും പേര് പറഞ്ഞുകേള്‍ക്കുന്നു.'
(കവിയുടെ കാല്പാടുകള്‍)

പ്രണയത്തിന്റെയും പാപത്തിന്റെയും വഴികളില്‍ ഇങ്ങനെ കവി ഒരുപാട് നടന്നു. പ്രണയംതന്നെ ഒടുങ്ങാത്ത പാപമായിത്തീര്‍ന്നു.
'സ്ത്രീയില്‍ കുഞ്ഞിരാമന്‍ നായര്‍ കണ്ടത് പ്രകൃതിസൗന്ദര്യമാണ്.

പ്രകൃതിയിലെ കവിതയെ യോഗമുറയിലുപാസിച്ച കവി സ്ത്രീയിലെ കവിതയെ ഭോഗമുറയിലുപാസിച്ച മനുഷ്യനായി. ഈ ഭോഗകഥകള്‍ മിക്കവാറും ദുരന്തപര്യവസായിയുമായി'എന്ന് കുഞ്ഞിരാമന്‍ നായര്‍ക്കവിതയെ ആഴത്തില്‍ പഠിച്ചറിഞ്ഞ പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്‍ വിലയിരുത്തുന്നു.

ഗുരുവായൂരിലെ കവിയുടെ ചില അടുത്ത സുഹൃത്തുക്കള്‍ പഴയൊരു സംഭവം ഓര്‍മിക്കുന്നു:
ഒരിക്കല്‍ ഗുരുവായൂരമ്പലത്തില്‍ തൊഴുത് പ്രദക്ഷിണം വെക്കുകയായിരുന്ന കുഞ്ഞിരാമന്‍ നായരെ ഒരമ്മയും മകളും പിന്തുടര്‍ന്നു. കവിയുടെ അടുത്തെത്തിയപ്പോള്‍ അമ്മ മകളോടു പറഞ്ഞു:
'അച്ഛനാണ്. കാലു തൊട്ടു വണങ്ങൂ.'
കാല്‍ തൊട്ടു വന്ദിക്കാന്‍ കുനിഞ്ഞ മകളെ കുഞ്ഞിരാമന്‍ നായര്‍ തടഞ്ഞ് ചീത്തപറഞ്ഞു. അമ്മയെ ആക്ഷേപിച്ചു.
ബഹളം കേട്ട് ആള് കൂടിയപ്പോള്‍ അജ്ഞാതരായ ആ അമ്മയും മകളും കണ്ണീരോടെ ആള്‍ത്തിരക്കില്‍ മറഞ്ഞു.
ഇങ്ങനെ കവി പറയാത്തതും പുറത്തറിയാത്തതുമായ ഒട്ടുവളരെ ബന്ധങ്ങള്‍ വേറെയുമുണ്ടായിരുന്നു. ശരീരവും ഹൃദയവും പങ്കിട്ട ഒരുപാടു സ്ത്രീകള്‍ കവിയുടെ ഉദാത്തമായ സ്ത്രീസങ്കല്പത്തിന്റെ ആയിരത്തിലൊരംശംപോലുമാവാതെ പരാജിതരായി. കവി എന്നും നിത്യകന്യകയെ തേടിനടന്നു. കവിയുടെ മനസ്സിലെ സ്ത്രീ നിത്യമായി ജ്വലിക്കുന്ന ഒരു കന്യകാസ്വരൂപമായിരുന്നു. നിത്യവിരഹിണിയായ, നിത്യസ്വപ്‌നസ്വരൂപിണിയായ മിസ്റ്റിക് സൗന്ദര്യദേവത.

ഭൗതികതലത്തില്‍ അനേകം സ്ത്രീകളെ ഉപയോഗിച്ച് തള്ളുകയും ആത്മീയതലത്തില്‍ നിത്യകന്യകയായ കവിതയെ മാത്രം ഉപാസിക്കുകയുമാണ് പി.കുഞ്ഞിരാമന്‍ നായര്‍ ചെയ്തത്. തന്റെ കല്യാണങ്ങള്‍ മനുഷ്യന്റെതല്ലായിരുന്നുവെന്നും സത്യം, ധര്‍മം, നീതി, ന്യായം, സമുദായമര്യാദ എന്നിവ കൈവിട്ട കണ്ണില്‍ച്ചോരയില്ലാത്ത രാക്ഷസന്റെതായിരുന്നുവെന്നും കവിതന്നെ പിന്നീട് വിലയിരുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശ്വപ്രസിദ്ധനായ ഇംഗ്ലീഷ് റൊമാന്റിക് കവി ഷെല്ലിയുടെ ജീവിതം ഓര്‍മപ്പെടുത്തുന്നു പി.യുടെ ജീവിതം. ഹാരിയറ്റ് ഗ്രോവ്,ഹാരിയറ്റ് വെസ്റ്റ്ബ്രൂക്ക്, എലിസബത്ത് ഹിച്ച്‌നര്‍, കോര്‍ണില്യ ടര്‍ണര്‍, മേരി ഗോഡ്‌വിന്‍, ക്‌ളെയരി ക്ലയര്‍മൗണ്ട്, സോഫിസ്റ്റേഡി, എമിലിയാ വിവിയാനി തുടങ്ങി ഒട്ടുവളരെ സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയ ഷെല്ലിയും പക്ഷേ, ആത്മാവുകൊണ്ട് സ്വീകരിച്ചത് കവിതയെ മാത്രമായിരുന്നുവല്ലോ. ഷെല്ലിയുടെ ജീവിതം അനുകരിക്കുകയായിരുന്നില്ല കുഞ്ഞിരാമന്‍ നായര്‍. ഒരേ മനോഘടനയുള്ള രണ്ടു കാല്പനികകവികളുടെ ജീവിതത്തിലെ ആശ്ചര്യകരമായ സാദൃശ്യമായേ ഇക്കാര്യം വിലയിരുത്താനാവൂ.

ഒരുത്തിയെ വിവാഹമോചനം ചൊല്ലി തള്ളാതെ മറ്റൊരുത്തിയെ വിവാഹം ചെയ്യാന്‍ പ്രേരിപ്പിച്ചത് പി.യുടെ ധര്‍മബോധമാണെന്ന് സി.പി. ശ്രീധരന്‍ ഒരിക്കല്‍ വിലയിരുത്തുകയുണ്ടായി. എന്നാല്‍ കവിയുടെ ഈ വിചിത്ര ധര്‍മബോധത്തെ ചോദ്യം ചെയ്യാനും പി.യുടെ ജീവിതത്തില്‍ത്തന്നെ ഒരു സ്ത്രീയെങ്കിലുമുണ്ടായി.

ലക്കിടിമംഗലത്ത് ഇന്നും ജീവിച്ചിരിക്കുന്ന പാറുക്കുട്ടി ടീച്ചര്‍.

* * *
ഒരിക്കല്‍ തിരുവില്വാമല തൊഴുതുമടങ്ങുമ്പോള്‍ പരിചയക്കാരനായ കഥകളിപ്പാട്ടുകാരന്‍ ലക്കിടി ഭാഗവത(കൃഷ്ണന്‍നായര്‍)രുടെ വീട്ടില്‍ കവി രാത്രി താമസിച്ചു. കവിയെ രസിപ്പിക്കാന്‍ ഭാഗവതരുടെ മകള്‍ പാറുക്കുട്ടി കഥകളിപ്പദം പാടി. രാമായണം വായിച്ചു. അതെല്ലാം കേട്ട് കവി രസിക്കുകയും ചെയ്തു.

പിന്നീടൊരിക്കല്‍ വഴിയില്‍ കണ്ടപ്പോള്‍ ഭാഗവതര്‍ ചോദിച്ചു:
'ഈ നാട് ഏറ്റവും പിടിച്ച നാടാണെന്നെനിക്കറിയാം. തിരുവില്വാമലയിലും കിള്ളിക്കുറിശ്ശിമംഗലത്തും സ്ഥിരമായി തൊഴലുണ്ടല്ലോ. എമ്പ്രാന്തിരിയുടെ മൂട്ടബെഞ്ചില്‍ കിടന്ന് നരകിക്കാതെ ഈ നാട്ടില്‍ സ്ഥിരമായി ഒരു താവളമുണ്ടാക്കാന്‍ ആലോചിച്ചുകൂടേ?'
ഭാഗവതരോടൊപ്പം വീണ്ടും വീട്ടില്‍ച്ചെന്നു. ഭാരതപ്പുഴയുടെ കാറ്റോട്ടമുള്ള വീട്. വള്ളുവനാടന്‍ മനസ്സും ഭാഷയും.

നിളയുടെ മകളായ, കവിതയുടെ കളിത്തോഴിയായ പാറുക്കുട്ടി.
കൂടുതല്‍ ആലോചിക്കേണ്ടിവന്നില്ല.

ലക്കിടിമംഗലത്തെ താവളം ഇതുതന്നെ. എല്ലാം തീരുമാനിച്ചു. കല്യാണത്തീയതിയും കുറിച്ചു.
ഭാഗവതര്‍ കടംകൊണ്ട് കല്യാണമൊരുക്കി. മംഗലത്ത് നാടടക്കി ക്ഷണിച്ചു.

പക്ഷേ, പാതിരയായിട്ടും കല്യാണക്കാരന്‍ വന്നില്ല. കവിതയില്‍ കുടുങ്ങി പല നാടലഞ്ഞുനടന്ന കവി കല്യാണം മറന്നുപോയി.
കല്യാണച്ചെക്കനില്ലാതെ പെണ്ണ് ബോധം കെട്ടുവീണു. ഉണര്‍ന്ന് കിണറ്റില്‍ ചാടാനോടി. തല നിലത്തിട്ടടിച്ച് ഉരുണ്ടുവീണു.
എല്ലാം അറിഞ്ഞപ്പോള്‍ കവി സ്വയം ചോദിച്ചു: 'നിങ്ങള്‍ ചെകുത്താനോ ഭ്രാന്തനോ കവിയോ കളിക്കുട്ടിയോ?'
പിന്നീടൊരുനാള്‍ ഭാഗവതരുടെ വീട്ടില്‍ കയറിച്ചെന്നു.
'ക്ഷമിക്കണം, അന്നു വരാന്‍ പറ്റിയില്ല. പറ്റിയ തെറ്റ് തിരുത്താനൊരുങ്ങി വന്നതാണിന്ന്.'
ഭാഗവതര്‍ കണക്കറ്റ് ക്ഷോഭിച്ചു. പുലഭ്യം പറഞ്ഞ് ആട്ടിയിറക്കാനൊരുങ്ങി. ഒടുവില്‍ മധ്യസ്ഥനായ താച്ചു എഴുത്തച്ഛന്റെ നയതന്ത്രസംഭാഷണങ്ങളില്‍ കാര്യം ഒത്തുതീര്‍പ്പായി. നടക്കാതെപോയ കല്യാണം കല്യാണച്ചടങ്ങില്ലാതെ നടന്നു. 'മൂന്നാമത്തെ കല്യാണമില്ലാത്ത കല്യാണം.'

പക്ഷേ, പാറുക്കുട്ടി ടീച്ചര്‍ കവിയെ വ്യവഹാരജീവിതത്തിലെ തന്റേടിയായ സ്ത്രീ ആരെന്ന് പഠിപ്പിച്ചു. ഇടപഴകിയവരെയെല്ലാം വിഡ്ഢികളാക്കി, ജീവിതം കുട്ടിക്കളിയാക്കി നടന്ന കപടനാട്യക്കാരനെ പലപ്പോഴും വരച്ച വരയില്‍ നിര്‍ത്തി. പെണ്ണ് ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കവിക്കു പോലും പേടിയും അനുസരണശീലവും സ്വന്തം അനുഭവമായി.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education