ഹിറ്റ്‌ലറും ഫ്രോയിഡും തമ്മിലെന്ത്..?

എസ്.ജയചന്ദ്രന്‍ നായര്‍

29 Sep 2012

'സമയം ആസന്നമാകുമ്പോള്‍, അനാവശ്യമായി എന്നെ പീഡിപ്പിക്കാന്‍ അവരെ നിങ്ങള്‍ അനുവദിക്കില്ലെന്ന് എനിക്ക് ഉറപ്പുതരണം' - മാക്‌സ് ഷൂറിനോട് സിഗ്മണ്ട് ഫ്രോയിഡ് ആവശ്യപ്പെട്ടു. ഷൂര്‍ അതിനു സമ്മതിച്ചു. ഇരുവരും ഹസ്തദാനം ചെയ്ത് ആ വാക്ക് ഉറപ്പിച്ചു. മാര്‍ക്ക് എഡ്മണ്ട്‌സണ്‍ (Mark Edmundson) എഴുതിയ ദ് ഡെത്ത് ഓഫ് സിഗ്മണ്ട് ഫ്രോയിഡ് (The Death of Sigmund Freud: The Legacy of His Last Days) എന്ന ഗ്രന്ഥത്തിലെ ഒരു വാക്യമാണിത്. എണ്‍പത്തിമൂന്നാമത്തെ വയസ്സില്‍ കഥാവശേഷനാകുമ്പോള്‍, പതിനാറ് കൊല്ലമായി ദയാലേശമില്ലാതെ അദ്ദേഹത്തെ പീഡിപ്പിച്ചിരുന്ന കാന്‍സര്‍ വിജയക്കൊടി പാറിക്കുകയായിരുന്നു. സ്‌നേഹിതനായ ആര്‍നോള്‍ഡ് സ്വെയ്ഗിനെഴുതിയ ഒരു കത്തില്‍ രോഗപീഡയെ പരാമര്‍ശിക്കവേ അദ്ദേഹമെഴുതി: 'പതിനാറു കൊല്ലമായി ഞാനെന്റെ ജീവിതം പങ്കുവച്ചിരുന്ന എന്റെ പ്രിയപ്പെട്ട കാന്‍സര്‍ വീണ്ടും കാഠിന്യമുള്ളതാകാന്‍ പോകുന്നുവെന്നതില്‍ എനിക്ക് സംശയമേയില്ല. അതു സംഭവിക്കുമ്പോള്‍ ഞങ്ങളില്‍ ആരായിരിക്കും കരുത്തനെന്ന് ആര്‍ക്കും ദീര്‍ഘദര്‍ശനം ചെയ്യാനാവില്ല.' രോഗത്തിന്റെ നിത്യസാന്നിധ്യവുമായി പൊരുത്തപ്പെട്ട് ജീവിക്കുകയും മനുഷ്യരാശിയുടെ മാനസികമായ ഭൂമിശാസ്ത്രത്തിന്റെ അതിരുകള്‍ തിരുത്തിയെഴുതുന്നതില്‍ അവിശ്രാന്തമായി മുഴുകുകയും ചെയ്ത മഹാനായ ആ മനുഷ്യനെ, അന്ത്യം വേദനാനിര്‍ഭരമായിരിക്കുമെന്ന യാഥാര്‍ഥ്യം പരിഭ്രമിപ്പിച്ചില്ല. രോഗത്തോടൊപ്പം ജീവിച്ച അദ്ദേഹത്തിന്റെ അന്ത്യദിവസങ്ങളും ഹിറ്റ്‌ലറുടെ ആധിപത്യവും ഇടകലര്‍ത്തി ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു.

മനുഷ്യനില്‍ നിര്‍ലീനമായിട്ടുള്ള സ്വേച്ഛാധിപത്യവാസന ഹിറ്റ്‌ലര്‍ എത്തുന്നതിന് എത്രയോ മുന്‍പേ ഫ്രോയിഡ് കണ്ടെത്തിയിരുന്നതായി സൂചിപ്പിക്കുന്ന ഗ്രന്ഥകര്‍ത്താവ്, നാസിസത്തിന്റെ പെരുവെള്ളപ്പാച്ചിലില്‍ ഭരണകൂടങ്ങള്‍ കടലാസുതോണികളായി മുങ്ങിത്താഴുന്നത് നാടകീയമായി ആവിഷ്‌കരിച്ചിരിക്കുന്നു. പാണ്ഡിത്യത്തിന്റെ ഭാണ്ഡം ഭേസാത്തവിധം ലളിതശൈലിയിലാണ് ലോകത്തെ ഞെട്ടിപ്പിച്ച ആ നിഷ്ഠുരസത്യങ്ങള്‍ ഗ്രന്ഥകര്‍ത്താവ് ആലേഖനം ചെയ്യുന്നത്.

ലോകത്തെ പരിവര്‍ത്തിപ്പിച്ച രണ്ടുപേര്‍ (വില്യം ബ്ലേക്ക് വിശേഷിപ്പിച്ച ആത്മീയശത്രുക്കള്‍) വിയന്നയില്‍ 1909-ല്‍ വസിക്കുന്നുണ്ടായിരുന്നു. സൈക്കോഅനാലിസിസിലൂടെ പ്രശസ്തനായ സിഗ്മണ്ട് ഫ്രോയിഡായിരുന്നു അവരില്‍ ഒരാള്‍. അന്‍പത്തിമൂന്നു വയസ്സുണ്ടായിരുന്ന അദ്ദേഹം, സര്‍ഗശക്തിയുടെ പാരമ്യത്തിലായിരുന്നു. മറ്റേയാള്‍, ചെറുപ്പമായിരുന്നു. മനുഷ്യരാശിയില്‍ മറ്റൊരു വിധത്തിലുള്ള ആഘാതമേല്പിച്ചയാള്‍. ശില്പിയും ചിത്രമെഴുത്തുകാരനുമായി ജീവിതവിജയം കൈവരിക്കുക എന്ന ലക്ഷ്യവുമായാണ് അയാള്‍ വിയന്നയില്‍ വന്നത്. ഒരു കൊച്ചുവീട്ടില്‍ സ്‌നേഹിതനുമൊത്ത് താമസിച്ച അയാള്‍ സമയം ചെലവിട്ടത് വായിച്ചും ചിത്രങ്ങള്‍ വരച്ചും എഴുതിയും സംഗീതം സൃഷ്ടിച്ചുമായിരുന്നു. അതിലൂടെ അയാള്‍ സ്വപ്‌നങ്ങള്‍ നെയ്തു. പക്ഷേ, ആര്‍ട്ട് സ്‌കൂളോ അധ്യാപകരോ അയാളെ സ്വീകരിച്ചില്ല.

യാതൊരു കഴിവുമില്ലാത്തവനെന്നു പറഞ്ഞ ഏവരും അവനെ ആട്ടിയോടിച്ചു. അമ്മയുടെ മരണത്തോടെ കൈവന്ന ചെറിയൊരു സംഖ്യയായിരുന്നു അവന്റെ മൂലധനം. അതും ചെലവായിക്കഴിഞ്ഞു. അതോടെ അവന്‍ അപ്രത്യക്ഷനായി. കുറച്ചുകാലം അവന്‍ തെരുവുകളില്‍ ജീവിച്ചു. വീട്ടുനടകളിലും പാര്‍ക്കിലെ ബെഞ്ചുകളിലും കിടന്നുറങ്ങി. ഭക്ഷണത്തിനായി യാചിക്കുകപോലും ചെയ്തിരുന്നു. ഒടുവില്‍, പുരുഷന്മാര്‍ക്കുമാത്രം ആശ്രയം നല്‍കിയ ഒരു അഭയാലയത്തില്‍ അവന്‍ എത്തിപ്പെട്ടു. പോസ്റ്റുകാര്‍ഡുകള്‍ പെയിന്റു ചെയ്ത് അവ തെരുവുകളില്‍ കൊണ്ടുനടന്ന് വിറ്റായിരുന്നു അവന്‍ ജീവിച്ചത്. കമ്യൂണിസ്റ്റുകാരെയും ജൂതന്മാരെയും വെറുക്കുകയും ശപിക്കുകയും ചെയ്തു വളര്‍ന്ന ആ ചെറുപ്പക്കാരനായിരുന്നു അഡോള്‍ഫ് ഹിറ്റ്‌ലറായി ലോകത്തെ ഞെട്ടിവിറപ്പിച്ചത്. 1909-ല്‍ ഹിറ്റ്‌ലര്‍ തെരുവുകളില്‍ ജീവിക്കുമ്പോള്‍, ഏകാന്തതയുടെ കൂടുപൊട്ടിച്ച് മാനസികാപഗ്രഥനത്തിന്റെ കാണാപ്പുറങ്ങളിലെത്തിയ ഫ്രോയിഡ് സ്വപ്‌നവ്യാഖ്യാനത്തെക്കുറിച്ചുള്ള പുതിയ നിഗമനങ്ങള്‍ ലോകത്തിനു മുന്‍പില്‍ സമര്‍പ്പിക്കുകയായിരുന്നു. കാള്‍ യുങ്, സാന്തോര്‍ ഫെറന്‍സി, ഏണസ്റ്റ് ജോണ്‍സ് എന്നീ അനുയായികളുമൊത്ത് അമേരിക്ക സന്ദര്‍ശിക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും മാനസികാപഗ്രഥനത്തെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ പണ്ഡിത സദസ്സുകളില്‍ അവതരിപ്പിക്കുകയും ചെയ്തശേഷം മടങ്ങിയെത്തിയ ഫ്രോയിഡ് അധികാരത്തെ ആഴത്തില്‍ പരിശോധിച്ചുതുടങ്ങിയിരുന്ന കാലം. ആ കാലത്തെപ്പറ്റി എഴുതുന്ന ഗ്രന്ഥകര്‍ത്താവ് ഇങ്ങനെ സങ്കല്പിക്കുന്നു: '1909-ലെ തണുത്തുറഞ്ഞ ഒരു ശിശിരസായാഹ്നത്തില്‍ ഹിറ്റ്‌ലറും ഫ്രോയിഡും തെരുവില്‍വച്ച് മുഖാമുഖം കണ്ടിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു. ആള്‍ക്കൂട്ടത്തില്‍ ദരിദ്രനായ ഒരാള്‍, ഒരു സ്ട്രീറ്റ് റാറ്റായ ഹിറ്റ്‌ലര്‍. ഒരുപക്ഷേ, അയാളുടെ ദൈന്യതയില്‍ ഫ്രോയിഡിന് സങ്കടം തോന്നിയെന്നിരിക്കും. കീറിപ്പറിഞ്ഞ ഓവര്‍ക്കോട്ടും ഇളകിപ്പഴയതായ ഷൂസും ഫ്രോയിഡിന്റെ കണ്ണില്‍പ്പെടാതിരിക്കാനായി ഹിറ്റ്‌ലര്‍ ഒഴിഞ്ഞേക്കാം. കാര്യങ്ങള്‍ മോശമായ സ്ഥിതിയിലായിരുന്നെങ്കില്‍, യാചനയുടെ കൈ ഹിറ്റ്‌ലര്‍ ഉയര്‍ത്തുകയും ഫ്രോയിഡ് വല്ലതും നല്‍കുകയും ചെയ്‌തെന്നിരിക്കും.'

ഒടുവില്‍ ദരിദ്രനായ ഹിറ്റ്‌ലര്‍ നാസി സാമ്രാജ്യം കെട്ടിപ്പടുക്കുകയും എല്ലാ തിന്മകളുടെയും കേദാരമായി അദ്ദേഹം വിശേഷിപ്പിച്ച ജൂതന്മാരെ കൊല്ലുകയും ചെയ്യുന്നത് ഓസ്ട്രിയയെ കീഴടക്കിക്കൊണ്ടാണ്. 1909 പിന്നിട്ട് 1938-ലെത്തുമ്പോള്‍ ഹിറ്റ്‌ലര്‍ ജര്‍മനിയുടെ 'കിരീടം വയ്ക്കാത്ത രാജാവായി'ക്കഴിഞ്ഞു. രണ്ടു കൊല്ലത്തെ ഒരുക്കങ്ങള്‍ക്കുശേഷം തന്ത്രപൂര്‍വമായിരുന്നു, ഒരു വെടിപോലും പൊട്ടിക്കാതെ ഓസ്ട്രിയയെ ഹിറ്റ്‌ലര്‍ സ്വായത്തമാക്കുന്നത്. (അതിലൂടെ ഹാബ്‌സ്ബര്‍ഗ് ഭരണവും അപ്രത്യക്ഷമായി.) ആയിടയ്ക്കായിരുന്നു ഫ്രോയിഡ് കാന്‍സര്‍ രോഗിയാവുന്നത്. ഒരു ദിവസം ഇരുപതു സിഗാര്‍ വലിച്ചിരുന്ന അദ്ദേഹത്തിന്റെ കവിളെല്ലിലായിരുന്നു അര്‍ബുദം കണ്ടെത്തിയത്. പലവട്ടം ശസ്ത്രക്രിയയ്ക്കു വിധേയനായി. ആ രോഗത്തില്‍നിന്ന് നിതാന്തമായ മോചനം അസാധ്യമാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നു.

എന്നാല്‍, ധിഷണാവ്യാപാരത്തില്‍ വ്യാപൃതനാകുന്നതില്‍ അദ്ദേഹത്തെ അതൊന്നും തടസ്സപ്പെടുത്തിയില്ല. അസാധാരണമായ ഇച്ഛാശക്തിയുണ്ടായിരുന്ന ഫ്രോയിഡ് പ്രതിബന്ധങ്ങളെയും പ്രതിസന്ധികളേയും സ്വാഗതം ചെയ്തു. അതൊന്നുമില്ലാത്ത ജീവിതസമരം തീവ്രമാകുകയില്ലെന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം. ഈഡിപ്പല്‍ കോംപ്ലക്‌സിനു പുറമെ, മരണാഭിലാഷമാണ് മനുഷ്യനില്‍ രൂഢമൂലമായിട്ടുള്ളതെന്ന് അദ്ദേഹം വിശ്വസിച്ചു. 'ജീവിതത്തിന്റെ ലക്ഷ്യം മരണമാണെ'ന്നായിരുന്നു ഫ്രോയിഡ് എഴുതിയത്.

മ്യൂണിക്കില്‍നിന്നും വിയന്നയില്‍ ഒരു തുറന്ന കാറില്‍ സ്വസ്തികചിഹ്നം ധരിച്ചവരുടെ ആഹ്ലാദാരവത്തോടെ ഹിറ്റ്‌ലര്‍ എത്തുന്നതോടെ പഴയ ഒരു കാലം അസ്തമിക്കുകയും ക്രൂരത ഉദിക്കുകയും ചെയ്തു. ഹിറ്റ്‌ലറുടെ ആഗമനത്തെക്കുറിച്ച് പ്രസിദ്ധ പത്രപ്രവര്‍ത്തകനായ വില്യം ഷൈറര്‍ (തേര്‍ഡ് റീഷിന്റെ ഉയര്‍ച്ചയും പതനവും എന്ന പ്രസിദ്ധഗ്രന്ഥമെഴുതിയ പാശ്ചാത്യ പത്രപ്രവര്‍ത്തകന്‍) എഴുതി: 'ആ പ്രഭാതത്തില്‍ വിയന്നയെ തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. എല്ലാ വീടുകളിലും സ്വസ്തിക അടയാളമുള്ള പതാകകള്‍ പാറിപ്പറക്കുന്നുണ്ടായിരുന്നു. ഇത്ര പെട്ടെന്ന് ഇത്രയും പതാകകള്‍ എവിടെനിന്ന് അവര്‍ക്ക് കിട്ടി?' രോഗാതുരമായ ആധുനികകാലത്തിന്റെ ഇതിഹാസമെഴുതിയ കാള്‍ ക്രൗസിന്റെയും ദ് മാന്‍ വിത്തൗട്ട് ക്വാളിറ്റീസ് എന്ന മഹത്തായ നോവലെഴുതിയ റോബര്‍ട്ട് മ്യൂസിലിന്റെയും തത്ത്വശാസ്ത്രത്തില്‍ പുതിയ ദിശ സൃഷ്ടിച്ച വിറ്റ്‌ഗെന്‍സ്‌റ്റൈനിന്റെയും വിയന്ന ഇന്നലെയുടെ ഓര്‍മയായി. അവശേഷിച്ചത്, നാസികളുടെ കരങ്ങളില്‍പ്പെട്ട് ഞെങ്ങി ഞെരിഞ്ഞ് മരിക്കാനായി കാത്തിരിക്കയായിരുന്ന ഫ്രോയിഡ് ഉള്‍പ്പെടുന്ന ജൂതസമൂഹം. പതിനായിരക്കണക്കിന് ജൂതന്മാരെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലയച്ചെങ്കിലും അമേരിക്കയുടെ നിശ്ശബ്ദമായ ഇടപെടലിലൂടെ ഫ്രോയിഡും കുടുംബവും ബ്രിട്ടനിലേക്ക് രക്ഷപ്പെട്ടു. പക്ഷേ, ആ പലായനത്തിനിടയില്‍ നാലു സഹോദരിമാരെ ഫ്രോയിഡിന് രക്ഷിക്കാനായില്ല. അഞ്ചു സഹോദരിമാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അന്ന എന്നു പേരുള്ള മൂത്ത സഹോദരി ഫ്രോയിഡിന്റെ പത്‌നിയുടെ സഹോദരനെ വിവാഹം കഴിച്ചു ന്യൂയോര്‍ക്കില്‍ 1955-ല്‍ മരിച്ചു. അഡോള്‍ഫി, മിറ്റ്‌സി, പൗളി, റോസ എന്നീ പേരുകളുള്ള നാല് സഹോദരിമാരില്‍ അഡോള്‍ഫി ഒരു ജൂത ഗെറ്റോയില്‍ പട്ടിണികിടന്നു മരിച്ചു. മറ്റു മൂന്നു സഹോദരിമാരെ ട്രെബ്‌ലിന്‍കയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ കൊണ്ടുപോയി.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education