'സപത്‌നി'യായിരിക്കാന്‍ നിനക്കിനിയും കഴിയുമോ?

ഡോ. ഖദീജാ മുംതാസ്‌

20 Sep 2012

ബഹുഭാര്യത്വം മുസ്‌ലിമിന്റെ മാത്രം കുത്തകയാണോ? രണ്ടാം കെട്ടും മൂന്നാം കെട്ടും നാലാം കെട്ടും ഇന്ന് മുസ്‌ലിങ്ങളെ മാത്രം പരിഹസിക്കാനുള്ള ശൈലികളായതെങ്ങനെ? ലോകചരിത്രം പരതിയാല്‍, അധികാരവും സ്വാധീനശക്തിയുമുള്ള പുരുഷന്മാരിലധികവും ബഹുഭാര്യത്വത്തിന്റെ പ്രതാപം കൂടി അനുഭവിച്ചിരുന്നതായി കാണാം. ഹിന്ദു രാജാക്കന്മാരും ചക്രവര്‍ത്തിമാരും അന്തഃപുരങ്ങളില്‍ രാജ്ഞിമാരുടെയും വെപ്പാട്ടിമാരുടെയും എണ്ണത്തില്‍ മികവു പുലര്‍ത്തിയവര്‍തന്നെയാണ്. അപ്പോള്‍പ്പിന്നെ വെള്ളമുണ്ടും തലേക്കെട്ടുമായി 'ബീടര്‍'മാരുടെ കുടികള്‍ മാറിമാറി സന്ദര്‍ശിക്കുന്ന മുസ്‌ലിം പ്രമാണിമാരുടെ ചിത്രം മാത്രം ബഹുഭാര്യത്വത്തെപ്പറ്റി സംസാരിക്കുമ്പോള്‍ തെളിഞ്ഞുവരുന്നതെന്തുകൊണ്ടാണ്?

ലോകമെമ്പാടും മതഭേദങ്ങള്‍ക്കതീതമായി, കാലാകാലങ്ങളായി പുരുഷന്‍ ബഹുഭാര്യത്വമെന്ന ആര്‍ഭാടത്തില്‍ അഭിരമിച്ചിരുന്നു. ഭാര്യ, ഭര്‍ത്താവ് എന്നീ സംജ്ഞകള്‍തന്നെ കുടുംബസംവിധാനത്തോട് ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍, അതിന്റെ ചരിത്രത്തോളം വരും ബഹുഭാര്യത്വത്തിന്റെയും വേരുകള്‍. സ്ത്രീയും പുരുഷനും സമഭാവനയോടെ നായാടി നടന്നിരുന്ന, ശരീരചോദനകള്‍ക്കനുസരിച്ച് ലൈംഗികബന്ധങ്ങളിലേര്‍പ്പെട്ടിരുന്ന രീതിയില്‍നിന്നു മാറി, കുടുംബമായും സമൂഹമായും സ്ഥിരജീവിതം തുടങ്ങിയേടത്തോളം ചെന്നെത്തേണ്ടിവരും അന്വേഷണം. മൃഗസമാനമായ ജീവിതരീതിയില്‍നിന്ന് മാനവസംസ്‌കാരത്തിലേക്കുള്ള ആദ്യത്തെ കാല്‍വെപ്പായി കണക്കാക്കാം കുടുംബസംവിധാനത്തെ എന്നു തോന്നുന്നു. സ്വന്തം ഇണ, സ്വന്തം മക്കള്‍, വൃത്തിബോധത്തിനും സൗന്ദര്യബോധത്തിനുമിണങ്ങുന്ന വാസസ്ഥലം, ചിട്ടയായ ജീവിതരീതികള്‍, പരസ്​പരം പകരുന്ന സ്‌നേഹത്തിന്റെ ഊഷ്മളത! ആഹ്ലാദകരമായ ഒരു തൊഴില്‍വിഭജനവും ഉരുത്തിരിഞ്ഞുവന്നുകാണണം അന്ന്. കുഞ്ഞുങ്ങളെ പ്രസവിക്കുകയും സഹജമായ വാത്സല്യഭാവത്തോടെ അവരെ വളര്‍ത്തുകയും ചെയ്യുന്ന സ്ത്രീ സ്വാഭാവികമായും അധികസമയവും വീട്ടിനുള്ളില്‍ത്തന്നെ കഴിഞ്ഞുകൂടിയപ്പോള്‍, പുരുഷന്‍ സന്തോഷപൂര്‍വം ഉത്തരവാദിത്വത്തോടെ കൃഷിയിടങ്ങളിലും കുടുംബസംരക്ഷണത്തിനുതകുന്ന മറ്റു തൊഴില്‍മേഖലകളിലും വ്യാപരിച്ചു. ഒഴിവുസമയം സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്ന് കുഞ്ഞുങ്ങളെ താലോലിച്ചു; കളിപ്പിച്ചു- കൂട്ടുകൂടി കുഞ്ഞുങ്ങളെ വളര്‍ത്തുന്ന ഇണക്കിളികളുടെ സഹജഭാവത്തോടെ. ഇന്നും ലോകത്തിലെ ഏതു കോണിലും വിവാഹജീവിതത്തിനൊരുങ്ങുന്ന ഏതു സ്ത്രീപുരുഷ ജോടിയുടെയും മനസ്സില്‍ ഊഷ്മളസ്‌നേഹം നിറഞ്ഞുനില്ക്കുന്ന അത്തരമൊരു കുടുംബമെന്ന ഏകകത്തിന്റെ പ്രലോഭനം കാണും.

പക്ഷിമൃഗാദികളില്‍ കുഞ്ഞുങ്ങള്‍ 'പറക്കമുറ്റുന്നതു'വരെ മാത്രം നിലനില്ക്കുന്ന ഈ കൂട്ടായ്മ, മനുഷ്യര്‍ ജീവിതാന്ത്യംവരെ കൊണ്ടുനടക്കാന്‍ ഇഷ്ടപ്പെടുന്നു. അവന്‍ അല്ലെങ്കില്‍, അവള്‍ തന്റെ ചോരയെ മരണംവരെ തിരിച്ചറിയുന്നു. തലമുറകളില്‍നിന്നു തലമുറകളിലേക്ക്, സഹോദരീസഹോദരങ്ങളിലേക്ക്, അവരുടെ സന്തതിപരമ്പരകളിലേക്ക് നീളുന്നു ആ സ്‌നേഹപാശം. രക്തബന്ധത്താല്‍ ബന്ധിതരല്ലാത്തവരുടെപോലും മനസ്സിലെ സമാനവികാരങ്ങളും സ്‌നേഹവും ഭാവന ചെയ്യാനും അംഗീകരിക്കാനുമുള്ള കഴിവ് അതിന്റെ പരമമായ അളവില്‍ മനുഷ്യനു മാത്രമുള്ളതാണ്. കെട്ടുറപ്പുള്ളതും ദീര്‍ഘകാലം നിലനില്ക്കുന്നതുമായ കുടുംബ സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ മനുഷ്യനാകുന്നതും അതുകൊണ്ടുതന്നെ.

മനുഷ്യസംസ്‌കാരത്തിന്റെ അടയാളങ്ങളായ ഇത്തരം കുടുംബ സാമൂഹിക പ്രസ്ഥാനങ്ങള്‍ മറ്റേതൊരു കൂട്ടായ്മയെയുംപോലെ ജീര്‍ണതയ്ക്കും വിധേയമാണ്. കാരണം, മനുഷ്യനൊരു ദ്വന്ദ്വവ്യക്തിത്വമാണ്. സ്‌നേഹവും കൂട്ടായ്മയുമൊക്കെ കൊതിക്കുമ്പോള്‍ത്തന്നെ അവന്‍ സ്വാര്‍ഥനും പരമദ്രോഹിയുമാണ്. പുറത്തേക്കു പ്രസരിക്കുന്ന സ്‌നേഹത്തില്‍ ആഹ്ലാദമനുഭവിക്കുമ്പോള്‍ത്തന്നെ അവനില്‍ സ്വാനുരാഗം മൂര്‍ത്തമാണ്. അന്യരെ ദ്രോഹിച്ചും കീഴ്‌പ്പെടുത്തിയും സ്വന്തത്തെ നിലനിര്‍ത്തുക എന്ന ജന്തുസഹജമായ വാസന. പരസ്​പരസ്‌നേഹത്തിന്റെ ഏകകമായി കുടുംബത്തെ ചൂണ്ടിക്കാണിക്കുമ്പോള്‍ത്തന്നെ അതിലും അന്തര്‍ലീനമായൊരു സ്വാര്‍ഥതയുടെ ചരടുണ്ടല്ലോ. കുടുംബത്തിലേക്കു ചുരുങ്ങുന്ന സ്വാര്‍ഥത, എപ്പോള്‍ വേണമെങ്കിലും സ്വന്തത്തിലേക്കു മാത്രമായും ചുരുങ്ങാം. കുടുംബമെന്ന സംവിധാനത്തില്‍ ശാരീരികമായും സാമൂഹികമായും കൂടുതല്‍ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞ പുരുഷന്റെ സ്വാര്‍ഥതയുടെ പ്രകാശനം ഈ സംവിധാനത്തിന്റെതന്നെ ജീര്‍ണതയുടെ തുടക്കമാണ്. പുരുഷന്‍ ശാരീരികമായി മേല്‍ക്കൈ നേടിയത് അവന്‍ തിരഞ്ഞെടുത്ത പ്രവര്‍ത്തനമേഖലയുടെ പ്രത്യേകതകൊണ്ടായിരുന്നെന്ന് പരിണാമശാസ്ത്രജ്ഞര്‍. വീടും മറ്റുപഭോഗവസ്തുക്കളുമെന്നപോലെ, വീട്ടിലിരിക്കുന്ന സ്ത്രീകളും കുഞ്ഞുങ്ങളും കൂടി തന്റെ കൈവശാവകാശത്തിലുള്ള സ്വത്തുക്കളായി പരിണമിപ്പിക്കാന്‍ അവനിലെ സ്വാര്‍ഥതയ്ക്കും അധികാരഭാവത്തിനും കഴിഞ്ഞു. പരിണാമഗതിയില്‍ ശാരീരികമായി താരതമ്യേന ദുര്‍ബലയാവുകയും കുഞ്ഞുങ്ങളുടെ പരിപാലനത്തില്‍ ആത്മസംതൃപ്തിയോടെ ഇടപെടുകയും ആയിരുന്നതിനാല്‍, പുരുഷന്റെ ഈ അധികാരവാസനയ്ക്കു തടയിടാന്‍ സ്ത്രീ താത്പര്യം കാണിച്ചുമില്ല. കാലാകാലങ്ങളിലൂടെ, സഹസ്രാബ്ദങ്ങളിലൂടെ ഈ അപചയ കുടുംബസംവിധാനം നിലനിന്നുവന്നതോടെ പുരുഷന്റെ പ്രബലതയ്ക്കും അധികാരശക്തിക്കും സാമൂഹികാംഗീകാരം ലഭിക്കുകയും പുരുഷന്‍ സ്ത്രീയേക്കാള്‍ ഒരുപടി മേലേ എന്ന വ്യാജധാരണയ്ക്കും സ്ത്രീയുടെ അശാക്തീകരണത്തിനും അതു കാരണമാവുകയും ചെയ്തു. സ്ത്രീയുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കരുത്, സ്ത്രീയുടെ സൗന്ദര്യം സ്വന്തം പുരുഷനുമാത്രം കാണാനുള്ളത്, പുരുഷനെ നിശ്ശബ്ദം അനുസരിക്കുന്ന സ്ത്രീ ഉത്തമവനിത തുടങ്ങിയ പുരുഷകല്പിത പ്രമാണങ്ങള്‍ സമൂഹത്തിലങ്ങനെ രൂഢമൂലമായി. അതു വളരെ എളുപ്പവുമായിരുന്നു. കാരണം സമൂഹമെന്നത് ഇതിനകം പുരുഷന്മാരുടെ ഒരു കൂട്ടായ്മ മാത്രമായി മാറിക്കഴിഞ്ഞിരുന്നുവല്ലോ. സ്വന്തം സ്ത്രീയുടെ സൗന്ദര്യം നശിച്ചാല്‍, അല്ലെങ്കില്‍ വിഭവവൈവിധ്യമെന്നപോലെ, കൂടുതല്‍ സ്ത്രീകളെ സ്വന്തമാക്കാനുള്ള സാമൂഹികാംഗീകാരവും ഇങ്ങനെ നേടിയെടുത്ത സൗഭാഗ്യമായിരുന്നു. ബഹുഭാര്യത്വം, വെപ്പാട്ടികള്‍, വേശ്യാവൃത്തി തുടങ്ങിയവയൊക്കെ ഒരു പുരുഷാധിപത്യസമൂഹത്തിന്റെ ജീര്‍ണതകള്‍തന്നെ.

ഇസ്‌ലാം മതം ബഹുഭാര്യത്വത്തെ അംഗീകരിക്കുന്ന മതമാണോ? അല്ലെങ്കില്‍, ഇസ്‌ലാമിനു മാത്രം പരിഹാസ്യമായ വിധത്തില്‍ ബഹുഭാര്യത്വത്തിന്റെ ഭാരം ചുമക്കേണ്ടിവരുന്നതെന്തുകൊണ്ട്? അതു മനസ്സിലാക്കാന്‍ നാം ഇസ്‌ലാമിന്റെ ആവിര്‍ഭാവകാലത്തേക്കും ദേശത്തേക്കും തിരിഞ്ഞുനോക്കേണ്ടിവരും. ഭോഗാസക്തിയിലും ഗോത്രസംസ്‌കാരത്തിന്റെ ക്രൗര്യത്തിലും പ്രാകൃതദൈവാരാധനയിലും മുഴുകിക്കിടന്നിരുന്ന ഒരു ജനത; അവരെ അറബ് ദേശീയതയിലേക്കും ഏകദൈവവിശ്വാസമെന്ന കെട്ടുറപ്പിലേക്കും സാമൂഹികബന്ധങ്ങളുടെ വീണ്ടെടുപ്പിലേക്കും നയിച്ച ശക്തമായ ഒരു സാമൂഹികവിപ്ലവപ്രസ്ഥാനം, അതായിരുന്നല്ലോ ഇസ്‌ലാം. അതാണ് ഇസ്‌ലാമിന്റെ പ്രസക്തിയും. ഏതൊരു വിപ്ലവപ്രസ്ഥാനത്തിലെ കണ്ണികളെയുംപോലെ അവര്‍ക്ക് വളരെ കര്‍ശനമായ മനഃക്രമീകരണവും നിയന്ത്രണങ്ങളും ചിട്ടകളും പാലിക്കേണ്ടതുണ്ടായിരുന്നു. വളരെ വളരെ ശ്ലഥമായ സാമൂഹികശീലങ്ങള്‍ നിലനിന്നിരുന്ന ഒരവസ്ഥയില്‍നിന്നുള്ള വിപ്ലവകരമായ പരിവര്‍ത്തനത്തില്‍ അവശ്യം ആവശ്യമായവ.

ബഹുഭാര്യത്വം ഒരു നിയമമായി ഇസ്‌ലാമില്‍ ആവിര്‍ഭവിച്ചതല്ല. അതൊരു ദൈവനിയമിത പുരുഷ ആനുകൂല്യവുമല്ലായിരുന്നു. നിയന്ത്രണമില്ലാത്ത ലൈംഗികതയില്‍നിന്ന് സാംസ്‌കാരികമായ ഉന്നതിയിലേക്കുള്ള അെല്ലങ്കില്‍ മാനസികമായ മിതത്വത്തിലേക്കുള്ള ഒരു കാല്‍വെപ്പ്. അനേകത്തില്‍നിന്ന് വിരലിലെണ്ണാവുന്നവയിലേക്കുള്ള മിതത്വം. സ്ത്രീക്ക് ദായധനമേ ഇല്ലായിരുന്ന ഒരവസ്ഥയില്‍നിന്ന് പുരുഷന്റെ പകുതി സ്വത്ത് സ്ത്രീക്ക് എന്നതൊരു വിപ്ലവമായിരുന്നതുപോലെ.

ലൈംഗികതപോലുള്ള വികാരപരമായ കാര്യങ്ങളില്‍ പെട്ടെന്നുള്ള കഠിനനിയന്ത്രണങ്ങള്‍ വിപരീതഫലമുണ്ടാക്കിയേക്കാം. 'വളയ്ക്കാം, പക്ഷേ, ഒടിക്കരുത്' എന്ന പ്രവാചകന്റെ നയതന്ത്രജ്ഞതയ്ക്ക് ഉദാഹരണമായി ഇതിനെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു.
മതങ്ങള്‍, സാമൂഹിക വിപ്ലവപ്രസ്ഥാനങ്ങള്‍, ആചാര്യന്മാര്‍, പ്രവാചകര്‍ എല്ലാം സമൂഹത്തിന്റെ ജീര്‍ണതകളെ ഉച്ചാടനം ചെയ്യാനായി ഉടലെടുത്തവ തന്നെ. മനുഷ്യര്‍ തമ്മിലുള്ള ഉച്ചനീചത്വങ്ങള്‍, അതില്‍നിന്നുടലെടുക്കുന്ന ക്രൂരതകള്‍, സാമ്പത്തിക അസമത്വങ്ങള്‍, അധാര്‍മികത ഇങ്ങനെ ഒട്ടേറെ വിഷയങ്ങള്‍ സ്​പര്‍ശിക്കാനുണ്ടായിരുന്നു, ഈ പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും. ഓരോരോ പ്രദേശങ്ങളിലെയും സാമൂഹികപ്രശ്‌നങ്ങള്‍ വ്യത്യസ്തങ്ങളായിരുന്നു.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education