നല്ലൊരു വരള്‍ച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു

പി.സായ്‌നാഥ് വിവര്‍ത്തനം: കെ.എ.ഷാജി

20 Sep 2012

രാജ്യം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നങ്ങളിലൊന്ന് വരള്‍ച്ചയാണെന്ന് സംശയരഹിതമായി പറയാം. അതേപോലെതന്നെ പറയാന്‍ പറ്റുന്ന ഒന്നാണ് ഗ്രാമീണ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായം വരള്‍ച്ചാ ദുരിതാശ്വാസം ആണെന്നത്. പലപ്പോഴും വരള്‍ച്ചയ്ക്കും വരള്‍ച്ചാ ദുരിതാശ്വാസത്തിനുമിടയില്‍ വളരെ നേരിയ ബന്ധമേ ഉണ്ടാകാറുള്ളൂ. വളരെയധികം മഴ കിട്ടുന്ന പ്രദേശങ്ങളിലേക്കാണ് പലപ്പോഴും ദുരിതാശ്വാസം പോകാറ്. മഴ കുറഞ്ഞ പ്രദേശങ്ങളില്‍ ഇതെത്തിയാല്‍ത്തന്നെ ഏറ്റവും അധികം സഹായം വേണ്ടുന്ന പ്രദേശങ്ങളില്‍ അത് ചുരുക്കമായേ എത്തിപ്പെടാറുള്ളൂ. ഇത്തരം മേഖലകളിലെ പാവങ്ങള്‍ ഈ വസ്തുത മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടാണവര്‍ വരള്‍ച്ചാ ദുരിതാശ്വാസത്തെ തീസ്‌രാ ഫസല്‍(മൂന്നാം വിള) എന്നു വിളിക്കുന്നത്. അവരല്ല ഈ വിള കൊയ്യുന്നത് എന്ന വ്യത്യാസം മാത്രം.

സ്വകാര്യ വ്യക്തികള്‍ക്കും കരാര്‍ കൊടുക്കുന്ന പദ്ധതികളിലേക്കാണ് വലിയൊരളവ് ദുരിതാശ്വാസവും പോകാറ്. വിവിധ ജോലികള്‍ക്കായാണ് ആ കടം നല്‍കുക. റോഡു നിര്‍മാണം, കിണര്‍ കുഴിക്കല്‍, വാട്ടര്‍ ടാങ്കറുകള്‍ പ്രവര്‍ത്തിപ്പിക്കല്‍, പാലം നിര്‍മാണം, കുളങ്ങളുടെ അറ്റകുറ്റപ്പണി എന്നിവയെല്ലാമാണ് ആ പ്രവൃത്തികള്‍. ഇവിടംകൊണ്ട് കാര്യങ്ങള്‍ അവസാനിക്കുന്നില്ല. ഒറ്റ വര്‍ഷം ഈ വ്യവസായത്തിലേക്ക് പോകുന്ന പണംവെച്ചു നോക്കുമ്പോള്‍ ബീഹാറിലെ മൃഗസംരക്ഷണ വകുപ്പില്‍നിന്നുള്ള അനധികൃത പിന്‍വലിക്കലുകള്‍ താരതമ്യേന ചെറുതാണെന്നു തോന്നാം. ബീഹാറിലെ കുംഭകോണം ഒന്നര ദശകക്കാലം നീണ്ടതാണ്. എന്നാല്‍, വരള്‍ച്ചയുമായി ബന്ധപ്പെട്ട കുംഭകോണത്തിന്റെ പ്രത്യേകത ഇത് പ്രധാനമായും 'നിയമ'വിധേയമായാണ് നടക്കുന്നത് എന്നുള്ളതാണ്. ഇതിനൊരു ആത്മാവുണ്ട്. നല്ല ലക്ഷ്യങ്ങള്‍ പറഞ്ഞാണ് ഇത് നടപ്പാക്കപ്പെടുന്നത്. എന്നാലിവിടുത്തെ ദുരന്തം യഥാര്‍ഥ പ്രശ്‌നങ്ങളായ വരള്‍ച്ചയേയും ജലദൗര്‍ലഭ്യത്തേയും പരിഹരിക്കുന്നില്ല എന്നുള്ളതാണ്.

സമ്പന്നസംസ്ഥാനമായ മഹാരാഷ്ട്ര 1994-95 കാലഘട്ടത്തില്‍ ഏതാണ്ട് 1170കോടിയിലധികം രൂപ വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനും വെള്ളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുംവേണ്ടി അടിയന്തര സ്വഭാവത്തോടെ ചെലവഴിച്ചു. പോയ വര്‍ഷത്തിലെ രാജ്യത്തെ സംഘടിതമേഖലയിലുള്ള തേയില, കാപ്പി, സിമന്റ്, ഓട്ടോമൊബൈല്‍ വ്യവസായങ്ങള്‍ എന്നിവയുടെ മൊത്തത്തിലുള്ള ലാഭത്തിനേക്കാള്‍ കൂടുതലാണ് മേല്‍പ്പറഞ്ഞ തുക. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ദ ഇന്ത്യന്‍ എക്കോണമിയുടെ ഒരു റിപ്പോര്‍ട്ടനുസരിച്ച് നികുതി കഴിച്ചുള്ള അവയുടെ ലാഭം 1149കോടി രൂപ മാത്രമാണ്.

1995 ആഗസ്ത് മാസത്തില്‍ പ്രധാനമന്ത്രി നരസിംഹറാവു ഒറീസയില്‍ ഒരു വരള്‍ച്ചാ വിരുദ്ധ പദ്ധതി ഉദ്ഘാടനം ചെയ്തു. കാലഹണ്ടി, ബോലാംഗീര്‍, കൊരാപ്പുത്ത് എന്നിങ്ങനെയുള്ള ഏതാനും ജില്ലകളില്‍ ആറു വര്‍ഷംകൊണ്ട് 4557കോടി രൂപ ചെലവാക്കാനായിരുന്നു പരിപാടി. അതായത് പ്രതിവര്‍ഷം 750കോടി രൂപ. ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുംവേണ്ടി യഥാര്‍ഥത്തില്‍ ഈ തുക ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ അത് നാടിന് വളരെയേറെ ഉപയോഗപ്പെട്ടേനെ. എന്നാല്‍, അതിനുള്ള സാധ്യത കുറവാണ്. ഇത്തരം പ്രദേശങ്ങള്‍ നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍ ഇത്തരത്തില്‍ വരുന്ന പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നില്ല എന്നുള്ളതാണ് ഇവിടത്തെ ഏറ്റവും വലിയ പ്രശ്‌നം.

തിയറി അനുസരിച്ച് വരള്‍ച്ചാസാധ്യതയുള്ള ബ്ലോക്കുകള്‍ കേന്ദ്രാവിഷ്‌കൃതമായ ഡ്രോട്ട് പ്രോണ്‍ ഏരിയാസ് പ്രോഗ്രാമിന്റെ(ഡി പി എ പി) കീഴിലാണ് വരുന്നത്. ഡി പി എ പി ക്കു കീഴില്‍ ബ്ലോക്കുകളെ കൊണ്ടുവരിക എന്നത് സംഭവിക്കുന്നത് രാഷ്ട്രീയ തീരുമാനങ്ങളുടെ ഭാഗമായാണ്. ഡി പി എ പിക്കുള്ള കേന്ദ്രവിഹിതം വളരെ നാമമാത്രമാണ്. ഒരു ബ്ലോക്ക് ഡി പി എ പിയില്‍ വന്നാല്‍ മറ്റ് ഒട്ടേറെ സ്‌കീമുകളില്‍നിന്നും വളരെയധികം പണം ഇതിലേക്ക് പ്രവഹിക്കും. ഇതേ ബ്ലോക്കുകള്‍തന്നെ എംപ്ലോയ്‌മെന്റ് അഷ്വറന്‍സ് സ്‌കീം, ആന്റി ഡിസര്‍ട്ടിഫിക്കേഷന്‍ പ്രോജക്ട്‌സ്, കുടിവെള്ള മിഷനുകള്‍ തുടങ്ങി പല സ്‌കീമുകളില്‍നിന്നും പണം പറ്റിക്കൊണ്ടിരിക്കും. തീര്‍ച്ചയായും ചില ആളുകള്‍ക്ക് അതിന്റെ പ്രയോജനമുണ്ട്.

പല സംസ്ഥാനങ്ങളിലും ഡി പി എ പി സംബന്ധിച്ച് ലഭിച്ച ഔദ്യോഗിക കണക്കുകള്‍ തരുന്നത് വളരെ രസകരമായ വിവരങ്ങളാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് മഹാരാഷ്ട്രയിലെ ഡി പി എ പി ബ്ലോക്കുകളുടെ എണ്ണം ഏതാണ്ട് 96ആയിരുന്നു. 1996ല്‍ 147ബ്ലോക്കുകള്‍ ഡി പി എ പി ക്ക് കീഴിലായി. എന്നാല്‍, ഇതേ സമയത്ത് മധ്യപ്രദേശില്‍ ഡി പി എ പി ബ്ലോക്കുകളുടെ എണ്ണം ഇരട്ടിയിലധികമായി. കഷ്ടി 60എണ്ണം ഉണ്ടായിരുന്നിടത്ത് 135എണ്ണമായി. ബീഹാറില്‍ 80കള്‍ വരെ 54 ഡി പി എ പി ബ്ലോക്കുകളാണ് ഉണ്ടായിരുന്നത്. 90കളുടെ ആദ്യത്തില്‍ രാമേശ്വര്‍ താക്കൂര്‍ കേന്ദ്രമന്ത്രിയായപ്പോള്‍ 55ആയി. ബീഹാറിലെ തന്റെ സ്വന്തം ബ്ലോക്കുമാത്രമേ പുതുതായി അദ്ദേഹം സ്‌കീമില്‍ ഉള്‍പ്പെടുത്തിയുള്ളൂ. എന്നാലിന്ന് 122 ഡി പി എ പി ബ്ലോക്കുകള്‍ ആ സംസ്ഥാനത്തിലുണ്ട്.

പല വിജയകരമായ മണ്‍സൂണുകള്‍ക്കും സാക്ഷ്യം വഹിച്ചതിനുശേഷമാണ് ഇതെല്ലാം സംഭവിച്ചത്. കുറേ ആളുകള്‍ക്കെങ്കിലും ദുരിതാവസ്ഥയുണ്ടായിട്ടുണ്ട്. എന്നാല്‍ അതൊരു വ്യത്യസ്തമായ വാര്‍ത്തയാണ്.

ഈ സെഷനിലുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നതുപോലെ കാലഹണ്ടിയിലെ പ്രധാന പ്രശ്‌നം കുറഞ്ഞ മഴയുടെ അനുപാതത്തില്‍നിന്ന് ഉയര്‍ന്നുവരുന്നതല്ല. ജലവിഭവ വിദഗ്ധന്‍മാരും ഭരണാധിപന്‍മാരും പൊതുവായി സമ്മതിക്കുന്ന ഒരു കാര്യം, പെയ്യുന്ന സമയത്തിനും കാലത്തിനും പരിധിയിലും വ്യത്യാസമുണ്ടാകാമെങ്കിലും പ്രതിവര്‍ഷം ഇന്ത്യയിലെ ഒട്ടുമിക്ക ജില്ലകളിലും 800മില്ലീമീറ്ററോളം മഴപെയ്യാറുണ്ടെന്നാണ്. കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളില്‍ കാലഹണ്ടിയില്‍ പെയ്ത മഴയുടെ ഏറ്റവും കുറഞ്ഞ അളവ് 978മില്ലീമീറ്ററാണ്. ചില ജില്ലകള്‍ക്ക് സാധാരണവര്‍ഷങ്ങളില്‍ കിട്ടുന്നതിനേക്കാള്‍ ഉയരത്തിലാണത്. മറ്റൊരുതരത്തില്‍ നോക്കിയാല്‍ കാലഹണ്ടിയില്‍ ഒരു വര്‍ഷം പെയ്യുന്ന മഴയുടെ ശരാശരി 1250മില്ലീമീറ്ററാണ്. അത് വളരെ ഉയര്‍ന്ന നിലവാരമാണ്. 1990-91 ല്‍ ജില്ലയില്‍ പെയ്ത മഴയുടെ അളവ് 2247മില്ലീമീറ്ററായിരുന്നു. കാലഹണ്ടിയിലെ വ്യക്തിഗത ഭക്ഷ്യോത്പാദനം ഒറീസയുടേയും ഇന്ത്യ മൊത്തത്തിലുള്ളതിന്റേയും ഏറെ ഉയരത്തിലാണ്. ഇപ്പോള്‍ ഒരു പ്രത്യേക ജില്ലയായി രൂപപ്പെടുത്തിയിട്ടുള്ളതും പഴയ കാലഹണ്ടിയുടെ ഏറ്റവും മോശമായ ഭാഗവുമായിരുന്ന നുവാപാടയില്‍ 1994ല്‍ പെയ്ത മഴയുടെ അളവ് 2366മില്ലീമീറ്ററായിരുന്നു.

പലമാവുവിലും ശരാശരി മഴയുടെ അളവ് മോശമല്ല. സാധാരണ വര്‍ഷത്തില്‍ 1200മുതല്‍ 1230വരെ മില്ലീമീറ്റര്‍ മഴ ഇവിടെ ലഭിക്കുന്നു. സമീപകാല ചരിത്രത്തിലെ ഏറ്റവും മോശമായ വര്‍ഷത്തില്‍ അവിടെ പെയ്തത് 630മില്ലീമീറ്റര്‍ മഴയാണ്. ഇന്ത്യയിലെ ചില ജില്ലകള്‍ ഇതിലും കുറച്ച് മഴ മാത്രം പെയ്യുന്നവയാണ.് എന്നാല്‍ അവിടെയൊന്നും ഇവിടുത്തെയത്ര അപകടമില്ല.

സര്‍ഗൂജയില്‍ പെയ്യുന്ന മഴയുടെ അളവ് ദുര്‍ലഭമായേ 1200മില്ലീമീറ്ററില്‍ കുറയാറുള്ളൂ. ചില നല്ല വര്‍ഷങ്ങളില്‍ 1500-1600മില്ലീമീറ്റര്‍ മഴ ഇവിടെ ലഭിക്കുന്നു. കാലിഫോര്‍ണിയയില്‍ കിട്ടുന്നതിന്റെ നാലു മടങ്ങാണിത്. കാലിഫോര്‍ണിയയില്‍ മുന്തിരി വിളയുന്നുണ്ട്.

മേല്‍പ്പറഞ്ഞ ജില്ലകളില്‍ ജലത്തിന്റെ ലഭ്യതയിലുള്ള അപര്യാപ്തത വളരെ ഭയാനകമാണ്. പണം ലഭ്യമാകുന്നവരെ അപേക്ഷിച്ച് അല്ലാത്തവരുടെ കാര്യത്തിലാണ് അത് കൂടുതല്‍ പ്രകടം. ലളിതമായി പറഞ്ഞാല്‍ ഇന്ത്യയിലെ പല ജില്ലകളിലും ആവശ്യത്തിലധികം മഴ പെയ്യുന്നുണ്ട്. എങ്കിലും അവിടെയുള്ള പാവങ്ങള്‍ കടുത്ത വരള്‍ച്ച നേരിടുന്നു. അങ്ങനെ സംഭവിക്കുന്നത് ലഭ്യമായ ജലവിഭവങ്ങള്‍ ധനശേഷിയുള്ളവര്‍ കുത്തകയാക്കിവെക്കുമ്പോളാണ്. രണ്ടാമതായി, വരള്‍ച്ചയ്‌ക്കെതിരായ ഫണ്ടുകളുപയോഗിച്ചുള്ള പദ്ധതികളുടെ രൂപകല്‍പ്പനയിലും നടത്തിപ്പിലും പാവപ്പെട്ടവരെ ബന്ധപ്പെടുത്തുകയോ അവരുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയോ ചെയ്തിട്ടില്ല.
ധാരാളമായി ഫണ്ട് ഒഴുകിവരുന്ന പദ്ധതികളാണ് ഡി പി എ പിയും വരള്‍ച്ചയുമായി ബന്ധപ്പെട്ടുള്ളവ. ഓരോരുത്തരും തങ്ങളുടെ ബ്ലോക്കുകള്‍ അതുകൊണ്ടുതന്നെ ആ സ്‌കീമുകളില്‍ പെടാന്‍ ആഗ്രഹിക്കുന്നു. പലപ്പോഴും ധനികരായ ആളുകള്‍ തങ്ങളുടെ ബ്ലോക്കുകളെ ഇതിനു കീഴില്‍ കൊണ്ടുവരിക മാത്രമല്ല, തുടര്‍ന്നുള്ള അനുയോജ്യമായ ഏതു നേട്ടങ്ങളേയും തങ്ങള്‍ക്കനുകൂലമാക്കി മാറ്റുകയും ചെയ്യും.

ഉദാഹരണത്തിന്, മഹാരാഷ്ട്രയെടുക്കുക. അവിടെ കൃഷിചെയ്യുന്ന കരിമ്പിന്റെ 73ശതമാനവും വരുന്നത് ഡി പി എ പി ബ്ലോക്കുകളില്‍നിന്നാണ്. ഏറ്റവുമധികം വെള്ളം ആവശ്യമുള്ള കൃഷികളിലൊന്നാണ് കരിമ്പ്. രണ്ടാമതായി, മഹാരാഷ്ട്രയില്‍ ജലസേചന സൗകര്യങ്ങള്‍ ലഭ്യമായ പ്രദേശങ്ങള്‍ വളരെ കുറവാണ്.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education