പെണ്ണിന്റെ കണ്ണുകള്‍

ഡെസ്മണ്ട് മോറിസ് ; വിവര്‍ത്തനം: കെ.കുഞ്ഞികൃഷ്ണന്‍

13 Sep 2012

വളരെ നൂറ്റാണ്ടുകളായി സ്ത്രീകളുടെ കണ്ണുകള്‍ ശ്രദ്ധാകേന്ദ്രമാണ്.
ആറായിരം വര്‍ഷങ്ങളായി കണ്ണുകളുടെ ചമയിക്കല്‍ നടക്കുന്നുണ്ട്. കണ്‍പീലികള്‍ക്ക് കറുപ്പുനിറം പകരാന്‍ പുരാതന ഈജിപ്തില്‍ കറുത്ത സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിച്ചിരുന്നു. ഒന്നാംശതകത്തില്‍ റോമന്‍ ഹാസ്യസാഹിത്യകാരന്‍ മാര്‍ഷ്യല്‍ എഴുതി, ''അന്ന് രാവിലെതന്നെ മേശവലിപ്പില്‍നിന്നെടുത്ത കടക്കണ്ണെറിയുന്നു''. കണ്ണിമകളുടെയും കണ്‍പീലികളുടെയും നിറം, ലോകചരിത്രത്തിലെ ഏതു സംസ്‌കാരത്തിലും വര്‍ണരേഖകള്‍ക്ക്, അലങ്കാരം എന്നിവയിലെ സൂക്ഷ്മവ്യത്യാസങ്ങള്‍ക്ക് വിധേയമാണ്. സ്ത്രീകളുടെ നേത്രഭാഗങ്ങള്‍ക്ക് മിഴിവേകാന്‍ ഐ ഷാഡോ, ഐ ലൈനര്‍, കണ്‍പീലികള്‍ ചുരുളിക്കുന്നവ, പൊയ്പീലികള്‍, നിറമുള്ള കോണ്‍ടാക്ട് ലെന്‍സുകള്‍ എന്നിവ ഉപയോഗിക്കാറുണ്ട്. ഈ സൗന്ദര്യവര്‍ധകങ്ങളിലേക്ക് കടക്കുന്നതിനുമുന്‍പ് പ്രകൃതി
കനിഞ്ഞുനല്‍കിയ കണ്ണുകളുടെ സ്ഥിതിയെന്താണ്?

കണ്ണുകള്‍ ശരീരത്തിലെ പഞ്ചേന്ദ്രിയങ്ങളില്‍ പ്രധാനമായ ഒന്നാണ്. ബാഹ്യലോകത്തെക്കുറിച്ചുള്ള 80 ശതമാനം വിവരവും തലച്ചോറിന് ലഭിക്കുന്നത് ഈ ശ്രേഷ്ഠാവയവങ്ങളിലൂടെയാണ്. എത്ര സംസാരിച്ചാലും കേട്ടാലും നാം അടിസ്ഥാനപരമായി ദൃശ്യജന്തുക്കളാണ്. ഇക്കാര്യത്തില്‍ നമ്മുടെ അടുത്ത ബന്ധുക്കളായ വാനരന്മാരുമായി വലിയ വ്യത്യാസമില്ല. കാഴ്ച അധീശത്വം പുലര്‍ത്തുന്നവയാണ് പ്രൈമേറ്റുകളെല്ലാം. തലയുടെ മുന്‍ഭാഗത്തായുള്ള രണ്ട് കണ്ണുകളിലൂടെ ലോകത്തെ കുഴല്‍ക്കണ്ണാടിയിലെന്നപോലെ ഇവ ലഭ്യമാക്കുന്നു.
രണ്ടര സെന്റിമീറ്റര്‍ (ഒരിഞ്ച്) മാത്രം വ്യാസമുള്ള മനുഷ്യനേത്രം ഏറ്റവും പരിഷ്‌കൃതമായ ടെലിവിഷന്‍ ക്യാമറകളെപ്പോലും ശിലായുഗസൃഷ്ടികളാക്കുന്നു! കൃഷ്ണമണികള്‍ക്കു പിന്നിലുള്ള, നാം കാണുന്നതെന്താണെന്ന് മസ്തിഷ്‌കത്തിലേക്ക് സന്ദേശമയയ്ക്കുന്ന പ്രകാശസംവേദനക്ഷമമായ നേത്രപടലത്തില്‍ 137 ദശലക്ഷം കോശങ്ങ(സെല്ലുക)ളുണ്ട്. ഇവയില്‍ 130 ദശലക്ഷം വടിയുടെ ആകൃതിയിലാണ്. അവ കറുപ്പും വെളുപ്പും കാണാനുതകുന്നവയും ബാക്കിയുള്ളവ വര്‍ണദൃശ്യങ്ങള്‍ കാണിക്കുന്നവയുമാണ്. ഏതുനിമിഷത്തിലും ഈ പ്രകാശപ്രതികരണശേഷിയുള്ള സെല്ലുകള്‍ക്ക് ഒരേസമയം പതിനഞ്ചുലക്ഷം സന്ദേശങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. വളരെ സങ്കീര്‍ണമായതിനാല്‍, വളരുമ്പോള്‍ വലിയ വ്യത്യാസം കാണിക്കാത്ത ശരീരത്തിലെ ഒരേയൊരു ഭാഗം കണ്ണുകളാണ്. തലച്ചോറുപോലും കണ്ണുകളേക്കാള്‍ കൂടുതല്‍ വളരും.

കണ്ണുകളുടെ നടുവിലാണ് കൃഷ്ണമണികള്‍. നേത്രപടലത്തില്‍ വീഴുന്ന പ്രകാശം ഈ ദ്വാരത്തില്‍ക്കൂടിയാണ് ഉള്ളില്‍ കടക്കുന്നത്. നേത്രപടലത്തില്‍ വീഴുന്ന പ്രകാശം നിയന്ത്രിക്കുന്നതിനായി, കൂടുതല്‍ പ്രകാശം പതിക്കുമ്പോള്‍ കൃഷ്ണമണികള്‍ ചുരുങ്ങുകയും പ്രകാശം കുറയുമ്പോള്‍ കൂടുതല്‍ വെളിച്ചം ഉള്ളില്‍ കടക്കാന്‍ അവ വികസിക്കുകയും ചെയ്യുന്നു. ക്യാമറയില്‍ പ്രകാശം ക്രമീകരിക്കുന്ന ഡയഫ്രം പോലെയാണത്. ഇഷ്ടമുള്ളതെന്തെങ്കിലും കണ്ടാല്‍ കൃഷ്ണമണികള്‍ സാധാരണയിലും കൂടുതല്‍ വലുതാകും. ഇഷ്ടമില്ലാത്തതായാല്‍ അവ സങ്കോചിക്കും. രണ്ടാമത്തെ പ്രതികരണം മനസ്സിലാക്കാനെളുപ്പമാണ്. കൃഷ്ണമണികള്‍ ചുരുങ്ങുമ്പോള്‍ നേത്രപടലത്തിലേക്ക് പ്രവേശിക്കുന്ന പ്രകാശത്തിന്റെ അളവ് കുറയും. അതോടെ അനിഷ്ടകരമായ പ്രതിരൂപവും മങ്ങും. ഇഷ്ടക്കാഴ്ചയില്‍ കൃഷ്ണമണികള്‍ കൂടുതല്‍ വികസിക്കുന്നത് വിശദീകരിക്കാനെളുപ്പമല്ല. കൂടുതല്‍ വെളിച്ചം കണ്ണുകളിലേക്ക് കടക്കാനനുവദിക്കുന്നതാവണം കാരണം. വളരെ സൂക്ഷ്മവും സമീകൃതവുമായ പ്രതിരൂപത്തേക്കാള്‍ ഒരു മങ്ങിയ മിന്നല്‍പ്രകാശം പോലെയാവും പ്രതിരൂപങ്ങള്‍. യുവാക്കളായ കമിതാക്കള്‍, പരസ്​പരം വികസിതമായ കൃഷ്ണമണികളിലൂടെ നോക്കിക്കൊണ്ടിരിക്കുന്നതിന്, ഇതൊരനുഗ്രഹമാകും. പ്രകാശത്തിന്റെ പരിവേഷത്തില്‍ മുങ്ങിയ പ്രതിരൂപങ്ങളവര്‍ക്ക് കാണാനാകും. അരിമ്പാറകളും മറ്റുമുള്ള പ്രതിരൂപങ്ങളുടെ നേരെ വിപരീതം.

മുന്‍നൂറ്റാണ്ടുകളില്‍ ഇറ്റലിയിലെ കൊട്ടാര ഗണികകള്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നതിനുമുമ്പ് വിഷത്തക്കാളിയില്‍നിന്നെടുക്കുന്ന ഔഷധനീര് കണ്ണില്‍ ഒഴിക്കുമായിരുന്നത്രെ. കൃഷ്ണമണികള്‍ വികസിക്കുന്നതിനായിരുന്നു ഇത്. തങ്ങളുടെ ആകര്‍ഷണീയത സന്ദര്‍ശകരെ ബോധ്യപ്പെടുത്താനും തങ്ങള്‍ കാണുന്നത് ആകര്‍ഷകമാക്കാനും ഇതുപകരിച്ചു.

കൃഷ്ണമണിക്ക് ചുറ്റുമാണ് പേശികളുള്ള നേത്രമണ്ഡലം; കൃഷ്ണമണിയുടെ വികാസ, സങ്കോചങ്ങള്‍ സാധിതമാക്കുന്നതാണ് അത്. അനിച്ഛാപേശികളുടെ പ്രവര്‍ത്തനഫലമായാണിത് നടക്കുന്നത്. അതിനാല്‍ നമുക്കൊരിക്കലും കരുതിക്കൂട്ടി കൃഷ്ണമണികളുടെ വലുപ്പം നിയന്ത്രിക്കാന്‍ കഴിയില്ല. ദൃശ്യപ്രതിരൂപങ്ങളോടുള്ള നമ്മുടെ വൈകാരിക പ്രതികരണം വിശ്വസനീയമാവുന്നത് ഈ വസ്തുത നിമിത്തമാണ്. കൃഷ്ണമണികള്‍ ഒരിക്കലും കളവുകാണിക്കില്ല.

നേത്രപടലത്തിന്റെ നിറം ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. ഇത് വര്‍ണവസ്തുക്കളുടെ വൈവിധ്യംകൊണ്ടല്ല. നീലക്കണ്ണുള്ള വ്യക്തികള്‍ക്ക് നീലവര്‍ണവസ്തുക്കള്‍ കണ്ണിലില്ല. മറ്റുള്ളവരുടെ കണ്ണുകളിലുള്ളത്ര വര്‍ണവസ്തുക്കള്‍ അവര്‍ക്കില്ല. അതിനാല്‍ കണ്ണുകള്‍ക്ക് നീലനിറം കിട്ടുന്നു. കൃഷ്ണമണികള്‍ക്ക് ചുറ്റും തവിട്ടുനിറത്തിലുള്ള വലയമുണ്ടെങ്കില്‍ അതിന്റെ അര്‍ഥം കണ്ണിലെ നേത്രപടലത്തിന്റെ മുന്‍ഭാഗത്ത് മെലാനിന്‍ വര്‍ണവസ്തുക്കളുടെ അടുക്കുകളുണ്ടെന്നാണ്. മുന്‍നിരയില്‍ മെലാനിന്‍ വര്‍ണവസ്തു കുറവാണെങ്കിലും അത് നേത്രപടലത്തിന്റെ ഉള്ളടരുകളിലും ആണെങ്കില്‍ കണ്ണുകള്‍ക്ക് തിളക്കം കുറയും. വര്‍ണവസ്തു കുറയുമ്പോള്‍ ഇളംതവിട്ടു നിറമോ പച്ചയോ നീലയോ ആകും കണ്ണുകളുടെ നിറം. കണ്ണുകള്‍ക്ക് വയലറ്റ് നിറം ഉള്ളിലെ രക്തം കാണുന്നതിനാലാണ്.
മനുഷ്യരില്‍ തിളക്കമുള്ള കണ്ണുകള്‍ ഒരു മിഥ്യയാണ്. മെലാനിന്‍ വര്‍ണവസ്തുക്കളുടെ കുറവാണത് സൂചിപ്പിക്കുന്നത്. ഭൂമധ്യരേഖാ പ്രദേശങ്ങളില്‍നിന്നകലേക്ക് നീങ്ങുന്തോറുമുള്ള ശരീരത്തിന്റെ നിറംമങ്ങലിന്റെ ഭാഗമാണത്. വെളുത്ത തൊലിയുള്ള വര്‍ഗക്കാരുടെയും ഇരുണ്ടതൊലിയുള്ള വര്‍ഗക്കാരുടെയും കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ഈ വ്യത്യാസം പ്രകടമാണ്. വെളുത്തവരുടെ കുട്ടികള്‍ക്കെല്ലാം ജനനസമയത്ത് നീലക്കണ്ണുകളാണ്. ഇരുണ്ടനിറമുള്ള കുട്ടികളുടെ കണ്ണുകളും ഇരുണ്ടനിറമാണ്. വെളുത്ത കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ അവരുടെ നേത്രപടലത്തിന്റെ മുന്നടരുകളില്‍ മെലാനിന്‍ വര്‍ണവസ്തുക്കള്‍ ഉണ്ടാവുന്നതോടെ അവരുടെ കണ്ണുകള്‍ക്ക് ഇരുണ്ടനിറം കൂടുന്നു. വളരെ അപൂര്‍വമായേ ഇത് സംഭവിക്കാതെ, നീലനേത്രശിശുക്കള്‍ അങ്ങനെതന്നെ വളരുന്നുള്ളു.

കൃഷ്ണമണിയെയും നേത്രപടലത്തെയും മുട്ടുന്നതാണ് സുതാര്യമായ കൃഷ്ണമണ്ഡലം (കാചമണ്ഡലം). അതിന്റെ ചുറ്റുമുള്ള വെളുത്ത ഭാഗത്തെ സാങ്കേതികമായി ശ്വേതമണ്ഡലം എന്ന് വിളിക്കുന്നു. മനുഷ്യനേത്രത്തിലെ കാചബന്ധിയല്ലാത്ത ഭാഗമാണിത്; ഇതൊരു അസാധാരണ ഘടകമാണ്. കണ്ണില്‍ നോക്കിയാല്‍ എളുപ്പത്തില്‍ കാണാവുന്നതാണ് ശ്വേതമണ്ഡലം. മിക്ക ജന്തുക്കള്‍ക്കും വട്ടത്തിലുള്ള 'കുടുക്ക്' കണ്ണുകളാണുള്ളത്. വാനരവര്‍ഗത്തിലെ ആദ്യത്തെ ജീവജാതികള്‍ക്കും അതേ കണ്ണുകളാണ്. പക്ഷേ, മിക്ക വാനരന്മാര്‍ക്കും കണ്ണിനു ചുറ്റുമുള്ള ചര്‍മം വലിഞ്ഞ് മൂലകളായിട്ടുണ്ട്. ദീര്‍ഘവൃത്താകൃതിയേക്കാള്‍ കൂടുതല്‍ വൃത്താകൃതിയാണിവയ്ക്ക്. പക്ഷേ, പരിണാമം പുരോഗമിച്ചതോടെ, വാനരന്മാരില്‍, മനുഷ്യനേത്രങ്ങളോടടുപ്പമുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള കണ്ണുകള്‍ വികസിച്ചു. ഇവിടെയും ശ്വേതമണ്ഡലം ദൃശ്യമല്ല. നേത്രപടലത്തിന് ചുറ്റുമുള്ള ഭാഗം ഇരുണ്ട തവിട്ടുനിറമാണ്. മനുഷ്യരില്‍ വെളുത്ത നിറം എടുത്തുകാണിക്കുന്നു. ഈ ചെറിയ പരിണാമത്തിന്റെ ഫലം, സാമൂഹികാവസരങ്ങളില്‍, ദൂരത്തുനിന്നുപോലും നോട്ടത്തിന്റെ ദിശ ഏതു ഭാഗത്തേക്കാണെന്ന് തിരിച്ചറിയാന്‍ കഴിയും. കണ്ണിന്റെ കാണാവുന്ന ഭാഗത്ത് കണ്‍പോളകളുണ്ട്. അവയുടെ അറ്റം കൊഴുത്ത് തിളങ്ങുന്നതാണ്; അവയ്ക്കുമേലെയാണ് കണ്‍പീലികള്‍, കണ്‍പീലികളുടെ അറ്റത്തുള്ള നിരകളായി സ്ഥിതിചെയ്യുന്ന ഗ്രന്ഥികളില്‍നിന്നുള്ള സ്രവങ്ങളാണ് കൊഴുപ്പിന് കാരണം. പതിവായി കണ്‍പോളകള്‍ തുറന്നടയ്ക്കുന്നത് നേത്രപടലത്തെ ഈര്‍പ്പമുള്ളതാക്കാനും വൃത്തിയാക്കാനും സഹായിക്കും. കണ്‍പോളയുടെ മുകളിലുള്ള കണ്ണീര്‍ഗ്രന്ഥിയിലെ സ്രവങ്ങളും ഈ പ്രക്രിയയെ സഹായിക്കുന്നു. പോളകളുടെ മൂക്കിന്റെ അറ്റത്തുള്ള ഭാഗത്താണ് കണ്ണീര്‍ ഗ്രന്ഥികള്‍; ഒന്ന് താഴെയും ഒന്ന് മുകളിലുമാണ്. ഈ രണ്ട് ഗ്രന്ഥികളും ഒരു നാളിയാല്‍ ബന്ധിതമാണ്. 'സ്രവിച്ച' കണ്ണുനീര്‍ മൂക്കിനുള്ളിലേക്കും അവിടെനിന്ന് പുറത്തേക്കും എത്തിക്കുന്നത് ഈ നാളികളാണ്. കണ്ണിന് പിടിക്കാത്തതെന്തെങ്കിലും സംഭവിച്ചാലോ വൈകാരികവിക്ഷോഭംമൂലം കണ്ണുനീര്‍ നാളികളിലൂടെ ഒലിച്ചിറങ്ങുന്നു.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education