'താടി വടിക്കൂ നമ്പൂരീ..'- 1959-ലെ മുദ്രാവാക്യംവിളികള്‍

എ.ജയശങ്കര്‍

07 Sep 2012

അന്യര്‍ക്കു ക്ഷൗരം ചെയ്തുകൊടുക്കുന്നത് മ്ലേച്ഛമായ തൊഴിലായാണ് കണക്കാക്കപ്പെട്ടുവരുന്നത്. സവര്‍ണരുടെ ക്ഷൗരം ചെയ്യുന്ന വിളക്കിത്തലയന്‍ നായരും മുസ്‌ലിമുകളുടെ തല വടിക്കുന്ന ഒസ്സാനും ജാതിയില്‍ താണവരത്രേ. ക്ഷുരകവൃത്തിയെക്കുറിച്ചുള്ള ഈ അധമചിന്താഗതികൊണ്ടായിരിക്കണം വിമോചനസമരക്കാര്‍ മുഖ്യമന്ത്രിയോട്,
'നാടു ഭരിക്കാനറിയില്ലെങ്കില്‍
താടി വടിക്കൂ നമ്പൂരീ!' എന്ന് ഉപദേശിച്ചത്.
'സ്ത്രീപുരുഷന്മാരുടെ രഹസ്യാവയവങ്ങളുടെ പേരുകള്‍ ഭംഗ്യന്തരേണ മുദ്രാവാക്യങ്ങളില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങിയത് വിമോചനസമരകാലത്തായിരുന്നു. ചേര്‍ത്തല പൂരപ്പാട്ടുകാരും കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടുകാരും തലകുനിക്കുന്ന മുദ്രാവാക്യങ്ങള്‍ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ജാഥകളില്‍ മുഴങ്ങുന്നതില്‍ ആരും ഒരപാകതയും കണ്ടില്ല. യുവതികളും കുട്ടികളും ആ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ചു. ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുമെന്നു ഗാന്ധിശിഷ്യത്വം അവകാശപ്പെടുന്നവര്‍ അന്നു കേരളത്തില്‍ തെളിയിക്കുകയായിരുന്നു. നമ്മുടെ സാംസ്‌കാരികരംഗത്തേക്ക് സംസ്‌കാരശൂന്യത സംഘടിതമായി ആക്രമിച്ചു കടന്നത് അക്കാലത്താണ്,' കൊളാടി ഗോവിന്ദന്‍കുട്ടി പറയുന്നു.
വിമോചനസമരകാലത്തെ മുദ്രാവാക്യങ്ങളിലേറെയും മുഖ്യമന്ത്രിയെയും സഹമന്ത്രിമാരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നവയായിരുന്നു.

'സി.പിയെ വെട്ടിയ നാടാണേ,
ഓര്‍ത്തുകൊള്ളൂ നമ്പൂരീ' എന്ന മുദ്രാവാക്യത്തിന് ഒരു ഭീഷണിയുടെ ചുവയുണ്ടായിരുന്നു. 'സി.പി.മൈലാപ്പൂര്‍ക്കാരനായിരുന്നു. ഞാനിവിടത്തുകാരന്‍തന്നെയാണ്' എന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. ഇ.എം.എസ്സിനു പേരിലേ ബ്രാഹ്മണ്യമുള്ളൂ എന്നറിയാതെയോ എന്തോ,
'തൂങ്ങിച്ചാകാന്‍ കയറില്ലെങ്കില്‍
പൂണൂലില്ലേ നമ്പൂരീ' എന്നായിരുന്നു മറ്റൊരു ചോദ്യം. തിരുമേനിയുടെ വിഖ്യാതമായ വിക്കിനെയും സമരക്കാര്‍ വിട്ടില്ല. നേരത്തേ സൂചിപ്പിച്ച 'അരി ചോദിച്ചാല്‍ ബ...ബ്ബ..ബ്ബ'യ്ക്കു പുറമേ മറ്റൊരു മുദ്രാവാക്യംകൂടി മുഴങ്ങി:

'സസ്യശ്യാമള കേരളഭൂവില്‍
വി..വി...വിക്കന്‍ നമ്പൂരിക്കെന്തുകാര്യം?'
നമ്പൂതിരിപ്പാടിന്റെ വിക്കുപോലെ കെ.സി.ജോര്‍ജിന്റെ മുടന്തും മുദ്രാവാക്യങ്ങള്‍ക്കു വിഷയമായി. 'വിക്കന്‍, ഞൊണ്ടി, ചാത്തന്‍ ഭരണം' എന്നാണു മുദ്രാവാക്യകാരന്മാര്‍ കമ്യൂണിസ്റ്റുസര്‍ക്കാറിനെ ഒറ്റവരിയില്‍ വിശേഷിപ്പിച്ചിരുന്നത്. മറ്റൊരു മുദ്രാവാക്യം നോക്കുക:
'വിക്കാ, ഞൊണ്ടീ, ചാത്താ നിങ്ങളെ
മുക്കിക്കൊല്ലും കട്ടായം!'
നമ്പൂതിരിയോടും നസ്രാണിയോടുമൊപ്പം ചേര്‍ത്തു ബഹുമാനിച്ച സമരക്കാര്‍ ദളിതന്‍ ചാത്തനെ വേര്‍തിരിച്ചാക്രമിക്കാനും മടിച്ചില്ല. ചാത്തനു പറ്റിയ തൊഴില്‍ ഭരണമല്ല, കന്നുപൂട്ടലാണെന്ന് ഒരു മുദ്രാവാക്യം സൂചിപ്പിക്കുന്നു.
'പാളേക്കഞ്ഞി കുടിപ്പിക്കും
തമ്പ്രാനെന്നു വിളിപ്പിക്കും.
ചാത്തന്‍ പൂട്ടാന്‍ പോകട്ടെ
ചാക്കോ നാടു ഭരിക്കട്ടെ!'
നമ്പൂതിരിപ്പാടിനെയും ചാത്തന്‍മാസ്റ്ററെയും പോലെ ജാതി ചേര്‍ത്തു മുദ്രാവാക്യം വിളിക്കെപ്പടാന്‍ യോഗമുണ്ടായി, ഗൗരിയമ്മയ്ക്ക്.
'ഗൗരിച്ചോത്തി പെണ്ണല്ലേ
പുല്ലു പറിക്കാന്‍ പൊയ്ക്കൂടേ' എന്നായിരുന്നു വളരെ ലഘുവായ ഒന്ന്. ധീരശൂരപരാക്രമിയായ ടി.വി.തോമസിനെ അഭിസംബോധന ചെയ്തതുപോലും ഗൗരിയമ്മയുടെ കെയറോഫ് അഡ്രസ്സിലായിരുന്നു.
'ഗൗരിച്ചോത്തിയെ വേളികഴിച്ചൊരു
റൗഡിത്തോമാ സൂക്ഷിച്ചോ!'
ഗൗരിയമ്മയെപ്പറ്റി വിളിച്ച മുദ്രാവാക്യങ്ങളില്‍ ചിലതെങ്കിലും സഭ്യതയുടെ സീമകളെ ലംഘിക്കുന്നവയും ആയിരുന്നു
'ഗൗരിച്ചോത്തിയെ മടിയിലിരുത്തി
നാടുഭരിക്കുന്ന നമ്പൂരീ' എന്ന് ഒരെണ്ണം;
'ഗൗരിച്ചോത്തിടെ കടിമാറ്റാന്‍
കാച്ചിയതാണീ മുക്കൂട്ട്' എന്ന് മറ്റൊന്ന്.
വിദ്യാഭ്യാസബില്ലുണ്ടാക്കിയ മുണ്ടശ്ശേരിക്കും കണക്കിനു കിട്ടി. 'തണ്ടാമണ്ടാ കണ്ടാങ്ക്രസ്സേ, കണ്ടശ്ശാങ്കടവിനു പൊയ്‌ക്കോളൂ' എന്നൊരു ഉപദേശം;
'മുണ്ടശ്ശേരീടെ മണ്ടയിലെന്താ
ചകിരിച്ചോറോ ചാരായോ?
തണ്ടാമണ്ടാ മുണ്ടശ്ശേര്യേ
വേണ്ടാ വേണ്ടാ തായാട്ടം' എന്നൊരു താക്കീതും.
ആഭ്യന്തരവകുപ്പ് ഏറ്റെടുത്ത അച്യുതമേനോനെയും വിട്ടില്ല. 'അച്യുതമേനോന്‍, അറുകൊലമേനോന്‍' എന്നായി മുദ്രാവാക്യം.
'ചോരക്കൊതിയാ ചേലാടാ
നിന്നെപ്പിന്നെക്കണ്ടോളാം' എന്നു വെല്ലുവിളിയും മുഴങ്ങി. മന്ത്രിമാരെ ഭരിക്കുന്ന പാര്‍ട്ടി സെക്രട്ടറി എം.എന്‍.ഗോവിന്ദന്‍ നായരെയും സമരഭടന്മാര്‍ വിധിയാംവണ്ണം ബഹുമാനിച്ചു. 'എമ്മാതൊമ്മാ തെമ്മാടീ' എന്നാണൊരു പ്രസിദ്ധ മുദ്രാവാക്യം ആരംഭിക്കുന്നതുതന്നെ. സ്‌കൂളടപ്പുസമരത്തില്‍ 'മന്നം പൂട്ടിയ സ്‌കൂളു തുറക്കാന്‍ എം.എന്നു മീശ കിളുര്‍ത്തിട്ടില്ല' എന്നായിരുന്നു ആത്മവിശ്വാസപ്രകടനം. അതും പോരാഞ്ഞ്, കമ്യൂണിസ്റ്റുകാരുടെ മുദ്രാവാക്യംതന്നെ തിരിച്ചും വിളിച്ചു:
'മന്നം നാടു ഭരിക്കട്ടെ
എം.എന്‍.തൂങ്ങിച്ചാകട്ടെ!'

('കമ്മ്യൂണിസ്റ്റ് ഭരണവും വിമോചനസമരവും' എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education