കൃഷ്ണന്‍ ചിത കൊളുത്തി; കര്‍ണന്‍ അനശ്വരനായി

എം.പി.വീരേന്ദ്രകുമാര്‍

04 Sep 2012

ഭീഷ്മപതനത്തിന് ശേഷം, പതിനൊന്നാമത്തെ ദിവസം യുദ്ധമാരംഭിക്കുന്നതിനുമുമ്പ്, കര്‍ണോപദേശമനുസരിച്ച് ദുര്യോധനന്‍ ദ്രോണരെ സേനാധിപതിയായി അഭിഷേചിച്ചു. സൂതപുത്രനെന്നും രാധേയനെന്നും ശസ്ത്രാസ്ത്രവിദ്യകളറിയാത്തവനെന്നും പറഞ്ഞ് എന്നും തന്നെ അവഹേളിച്ചുകൊണ്ടിരുന്ന കുരുകുലഗുരുവായ ദ്രോണരെ, പ്രശംസാവചനങ്ങളാല്‍ മൂടിക്കൊണ്ടാണ്, കര്‍ണന്‍ സേനാനായകനായി നിര്‍ദേശിച്ചത്. തന്റെ പ്രിയശിഷ്യനായ അര്‍ജുനനുവേണ്ടി, തന്നെ ഗുരുവായി സങ്കല്പിച്ച് അസ്ത്രവിദ്യയഭ്യസിച്ച, ഏകലവ്യന്റെ പെരുവിരല്‍ ഗുരുദക്ഷിണയായി വാങ്ങിയ, ഒരു ഗുരുവിന് ചേരാത്ത ദ്രോണന്റെ ദുഷ്ടമനസ്സും കര്‍ണന്റെ സ്മൃതിയില്‍ തെളിഞ്ഞു. കര്‍ണന്‍ പെട്ടെന്ന് ചിന്തകള്‍ക്കു കടിഞ്ഞാണിട്ടു.

കൗരവരുടെ ത്രികോണാകൃതിയിലുള്ള കാവിരാജധ്വജമുയര്‍ത്തിപ്പിടിച്ചുകൊണ്ട് ദ്രോണാചാര്യര്‍ കൗരവവ്യൂഹത്തിനു മുന്നില്‍ നിലയുറിപ്പിച്ചു. കുരുക്ഷേത്രത്തിലെങ്ങും രണഭേരി മുഴങ്ങി.

മഹാഭാരതയുദ്ധമാരംഭിച്ച്, യുഗദൈര്‍ഘ്യമുണ്ടെന്നു തോന്നിച്ച പത്തു നാളുകള്‍ക്കുശേഷം, അന്നാദ്യമായി കര്‍ണന്‍ സുവര്‍ണത്തിളക്കമുള്ള തന്റെ 'ജൈത്രരഥ'ത്തിലേറി, യുദ്ധഭൂമിയില്‍ പ്രവേശിച്ചു. ആ രഥത്തില്‍ ആനച്ചങ്ങലകളും ദണ്ഡും വരച്ചുചേര്‍ത്തിട്ടുള്ള ധ്വജം പാറിക്കളിച്ചു. കര്‍ണസാന്നിധ്യം കൗരവരില്‍ രണോത്സുകതയുടെയും ആവേശത്തിമര്‍പ്പിന്റെയും അലകളുയര്‍ത്തിയപ്പോള്‍, പാണ്ഡവര്‍ക്ക് കര്‍ണനാമംപോലും ഭീതിജനകമായി. കര്‍ണന് കവചകുണ്ഡലങ്ങളില്ല; മഹേന്ദ്രപര്‍വതത്തില്‍വെച്ച് പരശുരാമന്റെയും സംന്യാസിവര്യന്റെയും കഠിന ശാപങ്ങള്‍ ആ വീരയോദ്ധാവിനെ ഗ്രസിക്കുകയും ചെയ്തിരുന്നു. എങ്കിലും കര്‍ണന്‍ യുദ്ധഭൂമിയില്‍ നിറഞ്ഞുനിന്നു.
ദുര്യോധനന് നല്‍കിയ വാക്കുപാലിച്ചുകൊണ്ട് കര്‍ണന്‍ യുദ്ധക്കളത്തില്‍ ജീവന്മരണപ്പോരാട്ടം നടത്തി. എന്നാല്‍, തന്റെ അനുജന്മാരെ തിരിച്ചറിഞ്ഞ ജ്യേഷ്ഠസഹോദരന്‍കൂടിയായിരുന്നു, ആ രണവീരന്‍. യുദ്ധത്തിനിടെ യുധിഷ്ഠിരനും ഭീമനും നകുല-സഹദേവന്മാര്‍ക്കുമെതിരെ അസ്ത്രം പ്രയോഗിച്ചപ്പോള്‍, കൈവിട്ടുപോകുന്ന ശരം അവരെ വധിച്ചേക്കുമോ എന്ന ഭീതിമൂലം ഞാണയച്ചു പിടിച്ചു മൃദുവായി അമ്പെയ്തിരുന്നവനായിരുന്നൂ, ആ സീമന്തപാണ്ഡവന്‍!

അന്ന് കര്‍ണനോട് യുദ്ധം ചെയ്യുവാന്‍, യുധിഷ്ഠിരാദികള്‍ ഭീമസേനനെയാണ് നിയോഗിച്ചത്. ജൈത്രരഥത്തില്‍ തന്റെ തോളിനൊപ്പം, കര്‍ണന്‍ വിഖ്യാതമായ 'വിജയധനുസ്സ്' ഉയര്‍ത്തിവീശി. 'ഹിരണ്യഗര്‍ഭ'മെന്ന ശുഭ്രനിറമാര്‍ന്ന ശംഖ് ഉച്ചത്തില്‍ മുഴക്കി. ഉദിച്ചുയരുന്ന സൂര്യബിംബത്തിലേക്ക് ഏതാനും നിമിഷങ്ങള്‍ ഉറ്റുനോക്കിയശേഷം, അര്‍ജുനനെ ലക്ഷ്യമാക്കി രഥം തെളിക്കാന്‍ കര്‍ണന്‍, സാരഥിയായ സത്യസേനനോടാവശ്യപ്പെട്ടു. രഥാരൂഢനായി സൂര്യദേവന്‍ തന്നെ യുദ്ധഭൂമിയിലെത്തിയ പ്രതീതിയാണ്, കര്‍ണന്റെ കുരുക്ഷേത്രപ്രവേശം സൃഷ്ടിച്ചത്.

ഭീമനും കര്‍ണനും തമ്മില്‍ തീ പാറുന്ന പോരാട്ടം നടന്നു. കര്‍ണന്റെ ശരവര്‍ഷം ഭീമനെ വല്ലാതെയുലച്ചുവെങ്കിലും പലതവണ ഭീമന്‍ വിജയധനുസ്സിന്റെ ഞാണൊടിക്കുകയും കര്‍ണരഥം മറിച്ചിടുകയും ചെയ്തു. അവസാനം ക്രുദ്ധനായ കര്‍ണനില്‍നിന്നും തുരുതുരാ അസ്ത്രങ്ങളേറ്റ വായുപുത്രന്‍ ബോധരഹിതനായി നിലംപതിച്ചു. കണ്ണുതുറന്നപ്പോള്‍, താന്‍ ''സൂതപുത്രാ! സൂതപുത്രാ!'' എന്നാര്‍ത്തുവിളിച്ച് അധിക്ഷേപിച്ചുകൊണ്ടിരുന്ന കര്‍ണന്റെ ചാപം തന്റെ കണ്ഠത്തില്‍ അമര്‍ന്നിരിക്കുന്നതാണ് ഭീമന്‍ കണ്ടത്.
കര്‍ണന്‍ ഭീമനോട് പറഞ്ഞു: ''എടാ വിവരക്കേട് മാത്രം പറയുന്നവനേ, എന്റെ കണ്‍മുന്നില്‍നിന്ന് ദൂരെ മാറിപ്പോ! നിന്റെ സ്ഥാനം ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ കുന്നുകൂടിക്കിടക്കുന്ന അടുക്കളയിലാണ്; യുദ്ധഭൂമിയിലല്ല. ഇനിയൊരിക്കലും ഈ കര്‍ണന്റെ മുന്നില്‍ നിന്നെ കണ്ടുപോകരുത്!'' തലകുനിച്ചുകൊണ്ട്, തന്റെ അനുജനായ ഭീമന്‍, പാണ്ഡവപക്ഷത്തേക്ക് ഇടറിനീങ്ങുന്നത് കര്‍ണന്‍ ഒരു ചെറുമന്ദഹാസത്തോടെ നോക്കിനിന്നു.

ദ്രോണര്‍ അഭേദ്യമായ പദ്മവ്യൂഹം ചമച്ച് അര്‍ജുനപുത്രനായ അഭിമന്യുവിനെ വധിച്ചത് കുരുക്ഷേത്ര യുദ്ധത്തിലെ ഒരു വഴിത്തിരിവായി. മരിച്ചുവീഴുന്നതിനുമുമ്പ്, ദുര്യോധനപുത്രനായ ലക്ഷ്മണന്‍, ജരാസന്ധന്റെ മകന്‍ സഹദേവന്‍, ശകുനീസഹോദരന്മാര്‍ തുടങ്ങി നിരവധിപേരെ, കൗരവവ്യൂഹത്തിലേക്കു തനിച്ചു കയറിയ അഭിമന്യു വധിച്ചു. ദുശ്ശാസനപുത്രനായ ഭരതനും അഭിമന്യുവും തമ്മില്‍ നടന്ന ഘോരമായ പോരാട്ടത്തിനൊടുവില്‍, അവരിരുവരും ഒരുമിച്ച് മരിച്ചുവീണു. അഭിമന്യു മരിച്ചുവോ എന്നുറപ്പുവരുത്താനായി ജയദ്രഥന്‍, ആ അര്‍ജുനപുത്രന്റെ നിശ്ചേതനമായ ശരീരത്തെ ചവിട്ടി. ഈ കൊടുംക്രൂരതയെക്കുറിച്ചറിഞ്ഞ അര്‍ജുനന്‍, പിറ്റേന്നു സൂര്യനസ്തമിക്കുന്നതിനു മുന്‍പ് കൃഷ്ണന്റെ സഹായത്താല്‍ ജയദ്രഥനെ കാലപുരിക്കയച്ചു.

ജയദ്രഥന്‍ വധിക്കപ്പെട്ടതില്‍ പരിഭ്രാന്തനും ദുഃഖിതനുമായിത്തീര്‍ന്ന ദുര്യോധനന്‍, ദ്രോണനും കര്‍ണനുമുള്‍പ്പെട്ട കൗരവസേനാമുഖ്യരെ തന്റെ ശിബിരത്തിലേക്കു വിളിപ്പിച്ചു. മനസ്സിടിഞ്ഞ ദുര്യോധനനെ സമാശ്വസിപ്പിക്കാനായി, താമസംവിനാ താന്‍ അര്‍ജുനനെ വധിക്കുമെന്ന് കര്‍ണന്‍ പ്രഖ്യാപിച്ചു. ഇതുകേട്ടപാടെ, കൃപര്‍ കര്‍ണനെ കഠിനമായി അപഹസിക്കാന്‍ തുടങ്ങി. ആയുധവിദ്യാ മത്സരവേദിയില്‍വെച്ച്, കുലമാരാഞ്ഞ് കര്‍ണനെ ഭര്‍ത്സിച്ച കൃപര്‍ ഇവിടെയും അടങ്ങിയിരുന്നില്ല.

കൃപരുടെ നിന്ദാവചനങ്ങള്‍ കര്‍ണനു മര്‍മഭേദകങ്ങളായി. വാളൂരി കൃപരെ വധിക്കാനായി കര്‍ണന്‍ ഓടിയടുത്തു. ദുര്യോധനന്‍ പണിപ്പെട്ട് ആ സംഘട്ടനമൊഴിവാക്കിയപ്പോള്‍, തന്റെ മാതുലനെ അപമാനിച്ച 'സൂതപുത്രനായ കര്‍ണനെ' താനിപ്പോള്‍ വധിക്കുമെന്ന് ആക്രോശിച്ചുകൊണ്ട് ഉറയില്‍നിന്നൂരിയ ഖഡ്ഗവുമായി അശ്വത്ഥാമാവ് കര്‍ണനുനേരെ പാഞ്ഞു. ദുര്യോധനന്‍ തന്നെയാണ് സംഘര്‍ഷഭരിതമായ ആ രംഗവും ശാന്തമാക്കിയത്.
തന്റെ ആത്മമിത്രവും സാരോപദേശകനും അഭ്യുദയകാംക്ഷിയുമായ അശ്വത്ഥമാവിന്റെ വാക്കുകളും പ്രവൃത്തിയും കര്‍ണനെ വല്ലാതെയുലച്ചു. എല്ലാവരും തന്നെ സൂതപുത്രനെന്ന് വിളിച്ച് അവഹേളിച്ചപ്പോഴൊക്കെ, തന്നെ ആശ്വസിപ്പിച്ച, അശ്വത്ഥാമാവാണ് ആ അഭിശപ്തപദംകൊണ്ടുതന്നെ, തന്നെയിപ്പോള്‍ സംബോധന ചെയ്യുന്നതെന്ന് ചിന്തിച്ചപ്പോള്‍, ഹൃദയത്തില്‍ ആയിരം കൂരമ്പുകള്‍ ഒന്നിച്ചു തറച്ചുകയറുന്നതുപോലെ കര്‍ണനുതോന്നി. വിരക്തനും വൈരാഗിയുമായിത്തീര്‍ന്ന കര്‍ണന്‍, അന്നുനടന്ന നിശായുദ്ധത്തില്‍ പാണ്ഡവപ്പടയില്‍ വിനാശം വിതച്ചു.
അതിനിടയ്ക്കാണ് സഹദേവന്‍ കര്‍ണനോടേറ്റത്. ആ പാണ്ഡവന്‍ എയ്തുവിട്ട ശരങ്ങളെ കര്‍ണന്‍ അനായാസേന ഭേദിച്ചു. നിസ്സഹായനായ മാദ്രീപുത്രന്റെ ചാപം നിമിഷനേരം കൊണ്ട് ഭൂമിയില്‍ പതിച്ചു. സഹദേവന്‍ വീണ്ടുമെടുത്ത ചാപവും കര്‍ണന്‍ മുറിച്ചു. അത്യന്തം ക്രുദ്ധനായി, മാദ്രീസുതന്‍ ഗദയും വാളും പരിചയുമൊക്കെ പ്രയോഗിച്ചുവെങ്കിലും കര്‍ണാസ്ത്രങ്ങള്‍ അവയെയൊക്കെ ഖണ്ഡം ഖണ്ഡമായി ഭേദിച്ചു. അവസാനം, പിന്തിരിഞ്ഞോടിയ സഹദേവനോട് കര്‍ണന്‍ പറഞ്ഞു: ''കുമാരാ, സഹദേവാ! യുദ്ധത്തില്‍ തുല്യരോടു വേണം പൊരുതാന്‍. കര്‍ണനോടേല്‍ക്കാന്‍ നീ വളര്‍ന്നിട്ടില്ല. നിന്റെ ജ്യേഷ്ഠന്‍ അര്‍ജുനന്റെ പിന്നില്‍ പോയൊളിച്ചാലും. അല്ലെങ്കില്‍, വീട്ടില്‍ പോയി അമ്മയുടെ മടിയില്‍ അഭയംതേടുന്നതും അഭികാമ്യം തന്നെ''.

കര്‍ണന്റെ പരിഹാസ വചനങ്ങള്‍ കേട്ട് അപമാനിതനായി, ആ 'സൂതപുത്രനി'ല്‍നിന്ന് ജീവദാനംനേടി, സഹദേവന്‍ ലജ്ജിച്ചു പിന്‍വാങ്ങി. കര്‍ണനാകട്ടെ, പാണ്ഡവപ്പടയണികളില്‍ ഇരച്ചുകയറി ശത്രുക്കളെ സംഹരിച്ചുകൊണ്ടിരുന്നു.
ഇനിയെന്തു വേണ്ടൂ എന്ന് പാണ്ഡവര്‍ അമ്പരന്നു. കര്‍ണനെ പിടിച്ചുനിര്‍ത്താന്‍ മായാവിയായി യുദ്ധം ചെയ്യാന്‍ കഴിവുള്ള ഭീമസുതന്‍ ഘടോല്‍ക്കചന്‍ നിയുക്തനായി. അത്യുഗ്രമായ പോരാട്ടമായിരുന്നു അവര്‍ തമ്മില്‍ നടന്നത്.
കവചകുണ്ഡലങ്ങള്‍ ദാനമായി വാങ്ങിയപ്പോള്‍, കര്‍ണന്റെ മഹാദാനത്തില്‍ സംപ്രീതനായി ഇന്ദ്രന്‍ നല്‍കിയ 'വൈജയന്തി വേല്‍' ഘടോല്‍ക്കചനെതിരെ പ്രയോഗിക്കാന്‍, കര്‍ണരഥത്തിനു സമീപത്തേക്ക് പരിഭ്രാന്തനായോടിയടുത്ത ദുര്യോധനന്‍ അപേക്ഷിച്ചു. അര്‍ജുനനെ നേരിടാന്‍ കരുതിവെച്ച തായിരുന്നു വൈജയന്തി. ''ദാനവീരനായ കര്‍ണാ! വൈജയന്തി പ്രയോഗിച്ച് ഘടോല്‍ക്കചനെ വധിക്കൂ. അയാളുടെ ആക്രമണത്തില്‍ ഞെരിഞ്ഞമരുന്ന ഞങ്ങള്‍ക്ക് ജീവദാനം നല്കൂ!'' - കൗരവസേനാംഗങ്ങളും ദുര്യോധനാദികളും കര്‍ണനോടാവര്‍ത്തിച്ചാവര്‍ത്തിച്ച് അപേക്ഷിച്ചുകൊണ്ടിരുന്നു. 'ദാനം' എന്നു കേട്ടപ്പോള്‍ കര്‍ണന്‍ എല്ലാം വിസ്മരിച്ചു; വൈജയന്തീശക്തി ഘടോല്‍ക്കചനെതിരെ പ്രയോഗിക്കുകയും ചെയ്തു. ഒരു മഹാപര്‍വതം വീഴുന്നതുപോലെ, ഘടോല്‍ക്കചന്‍ നിലംപതിച്ചു. കൃഷ്ണന്‍ സന്തുഷ്ടനായി!

പതിനഞ്ചാം ദിവസത്തിലെ യുദ്ധത്തിനിടയ്ക്കാണ് അശ്വത്ഥാമാവ് കൊല്ലപ്പെട്ടുവെന്ന ധര്‍മപുത്രരുടെ സാക്ഷ്യം കേട്ട് (യഥാര്‍ഥത്തില്‍ വധിക്കപ്പെട്ടത് ആ പേരിലുള്ള ഒരു ഗജമായിരുന്നു.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education