ഇന്ത്യയില്‍ കമ്യൂണിസം എന്തുകൊണ്ട് പരാജയപ്പെട്ടു?

കെ.വേണു

27 Aug 2012

വികസിത മുതലാളിത്ത രാജ്യങ്ങളിലാണ് കമ്യൂണിസ്റ്റുവിപ്ലവം നടക്കുകയെന്ന മാര്‍ക്‌സിന്റെ വിലയിരുത്തല്‍ യാഥാര്‍ഥ്യമാകാതിരുന്ന പശ്ചാത്തലത്തിലാണ് സാമ്രാജ്യത്വശൃംഖലയിലെ ദുര്‍ബലകണ്ണിയെന്ന് ലെനിന്‍ വിലയിരുത്തിയ റഷ്യയില്‍ വിപ്ലവസാധ്യത ലെനിന്‍ പ്രവചിച്ചത്. റഷ്യന്‍പാത വ്യത്യസ്തരീതിയില്‍ പിന്തുടര്‍ന്ന മാവോയ്ക്ക് ചൈനയിലും വിപ്ലവലക്ഷ്യം നേടാനായി. ചൈനീസ് അവസ്ഥയോട് പല രീതിയില്‍ സാദൃശ്യമുണ്ടായിരുന്ന ഇന്ത്യയിലും ആ രീതിയിലുള്ള ഒരു വിപ്ലവത്തിന്റെ സാധ്യത കാണാന്‍ കഴിയുമായിരുന്നു. റഷ്യയിലും ചൈനയിലും കമ്യൂണിസ്റ്റ് ലക്ഷ്യം നേടുന്നതില്‍ വിപ്ലവങ്ങള്‍ വിജയിച്ചില്ലെങ്കിലും ഏറെ പിന്നാക്കാവസ്ഥയിലായിരുന്ന ആ സമൂഹങ്ങളെ സാമ്പത്തികതലത്തിലെങ്കിലും ഗണ്യമായി മുന്നോട്ടുനയിക്കാന്‍ ആ പരിവര്‍ത്തനങ്ങള്‍ സഹായകമായി. ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ട കാലഘട്ടത്തില്‍ത്തന്നെ ഇന്ത്യയിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചുവെങ്കിലും അതിബൃഹത്തും സങ്കീര്‍ണവുമായ ഇന്ത്യന്‍ സമൂഹത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരു രാഷ്ട്രീയശക്തിയായി വളരാന്‍ പോലും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനായില്ലെന്ന യാഥാര്‍ഥ്യം നമ്മുടെ മുന്നിലുണ്ട്.

കമ്യൂണിസ്റ്റ് ലക്ഷ്യം നേടുന്നതിന് മാര്‍ക്‌സിസം അവതരിപ്പിച്ച രാഷ്ട്രീയ സാമ്പത്തിക പദ്ധതികള്‍ അടിസ്ഥാനപരമായി പാളിപ്പോയെങ്കിലും മാര്‍ക്‌സിന്റെ ചരിത്ര സാമൂഹിക വിശകലനരീതി റഷ്യന്‍ ചൈനീസ് സമൂഹങ്ങളെ മനസ്സിലാക്കുന്നതിനും താരതമ്യേന ഫലപ്രദമായ രീതിയില്‍ ഇടപെടുന്നതിനും അവിടങ്ങളിലെ കമ്യൂണിസ്റ്റ് നേതൃത്വങ്ങളെ സഹായിക്കുകയുണ്ടായി. എന്നാല്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതൃത്വം ആരംഭം മുതല്‍ക്കേ ഇന്ത്യന്‍ സമൂഹത്തിന്റെ ചലനനിയമങ്ങളും സവിശേഷതകളും മനസ്സിലാക്കുന്നതില്‍ അമ്പേ പരാജയപ്പെടുകയായിരുന്നു. പാശ്ചാത്യ സാഹചര്യങ്ങളില്‍നിന്ന് ഉടലെടുത്ത മാര്‍ക്‌സിന്റെ വര്‍ഗസിദ്ധാന്തം തികച്ചും യാന്ത്രികമായി ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിക്കാന്‍ ശ്രമിച്ച ഇവിടുത്തെ കമ്യൂണിസ്റ്റുകാര്‍ക്ക് ഇവിടത്തെ വര്‍ണജാതി വ്യവസ്ഥയെ മനസ്സിലാക്കാന്‍ അല്പംപോലും കഴിഞ്ഞില്ല. ലോക നിലവാരത്തില്‍ത്തന്നെ നോക്കിയാല്‍ താരതമ്യേന ചലനാത്മകമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയില്‍ സജീവമായി ഇടപെട്ടുകൊണ്ട് മര്‍ദിത ജാതി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സാമൂഹികവിഭാഗങ്ങള്‍ സ്വത്വരാഷ്ട്രീയം ഉപയോഗിച്ചുകൊണ്ട് താന്താങ്ങളുടെ രാഷ്ട്രീയാധികാരപങ്കാളിത്തം പിടിച്ചുപറ്റുന്നത് നോക്കിനിന്ന് അന്തംവിടാന്‍ മാത്രമേ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ക്ക് കഴിയുന്നൂള്ളൂ.
മാര്‍ക്‌സും ലെനിനും സൃഷ്ടിച്ച ജനാധിപത്യത്തെക്കുറിച്ചുള്ള വികലമായ ധാരണകള്‍ കുറെക്കൂടി പ്രാകൃതരൂപത്തില്‍ മനസ്സിലാക്കിയ ഇന്ത്യന്‍ കമ്യൂണിസ്റ്റുകാര്‍, അരനൂറ്റാണ്ടിലധികം ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രവര്‍ത്തിച്ചിട്ടും മെയ്‌വഴക്കത്തോടെ അതില്‍ ഇടപെടാനോ, അതിനെ മെച്ചപ്പെടുത്തിയെടുക്കുന്നതിന് ക്രിയാത്മകമായി നിര്‍ദേശങ്ങളും പ്രായോഗികപദ്ധതികളും മുന്നോട്ടുവെക്കുന്നതിനോ ആവാതെ നിസ്സഹായരായി നോക്കിനില്ക്കുകയാണ് ചെയ്യുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ അനവധി തവണ യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാതെയുള്ള തീരുമാനങ്ങളെടുത്ത് പരാജയമടഞ്ഞതിന്റെ കഥകള്‍ കാണാം. ഇന്നും അതേ ചരിത്രം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
1942-ന് മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ക്വിറ്റിന്ത്യാസമരം ആരംഭിച്ചപ്പോള്‍, രണ്ടാം ലോക യുദ്ധത്തില്‍ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള അച്ചുതണ്ടുശക്തികളുമായി സോവിയറ്റ് യൂണിയന്‍ സഖ്യമുണ്ടാക്കിയതിന്റെ പേരില്‍ ഇന്ത്യയുടെമേല്‍ കൊളോണിയല്‍ ആധിപത്യം ഉറപ്പിച്ചിരുന്ന ബ്രിട്ടന് അനുകൂലമായി ക്വിറ്റിന്ത്യാ സമരത്തെ എതിര്‍ക്കാന്‍ ഇന്ത്യയിലെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുവന്നു. അവരുടെ മുന്നില്‍ ഇന്ത്യയുടെ കൊളോണിയല്‍ അവസ്ഥയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും ഒന്നും പ്രശ്‌നമായിരുന്നില്ല. സ്റ്റാലിന്റെ സോവിയറ്റുയൂണിയന്‍ ലോകയുദ്ധത്തില്‍ സ്വീകരിക്കുന്ന രാഷ്ട്രീയതന്ത്രങ്ങളെ പിന്തുണയ്ക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം.
മുസ്‌ലിംലീഗ്, പാകിസ്താന്‍ വിഭജനപ്രശ്‌നം ഉന്നയിച്ചകാലത്ത് സോവിയറ്റ്‌യൂണിയനില്‍ ഭാഷാദേശീയതകള്‍ക്ക് വേറിട്ടുപോകാന്‍ ഉള്‍പ്പെടെയുള്ള സ്വയം നിര്‍ണയാവകാശം നല്കിയിട്ട് അവയെ സ്വമേധയാ ഐക്യപ്പെടുത്തുകയാണ് ലെനിന്റെ നേതൃത്വത്തില്‍ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി, നിര്‍ദേശിക്കപ്പെട്ട പാകിസ്താന്‍മേഖലകളിലെ ഭാഷാദേശീയതകള്‍ക്ക് അപ്രകാരം ഐക്യപ്പെടാനും വേറിട്ടുപോകാനും അനുവദിക്കണമെന്ന പ്രമേയം കമ്യൂണിസ്റ്റുപാര്‍ട്ടി 1943-ലെ ഒന്നാം കോണ്‍ഗ്രസ്സില്‍ പാസ്സാക്കി. സ്റ്റാലിന്‍ ഭാഷാദേശീയതകളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു എന്ന ചരിത്രസത്യം മൂടിവെച്ചു. അധികം താമസിയാതെ ഈ നിലപാട് അവര്‍ വിഴുങ്ങുകയുംചെയ്തു, ഒരു വിശദീകരണവും നല്കാതെ.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ പി.സി. ജോഷിയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അതിനെ സ്വാഗതം ചെയ്യുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ ദേശീയശക്തിയായി അംഗീകരിച്ച് പിന്തുണയ്ക്കുകയും ചെയ്തു. പക്ഷേ, ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും 1948 ഫിബ്രവരിയില്‍ നടന്ന രണ്ടാം കോണ്‍ഗ്രസ്സില്‍ വെച്ച് ബി.ടി. രണദിവെയുടെ നേതൃത്വത്തില്‍ അംഗീകരിക്കപ്പെട്ട കല്‍ക്കത്ത തീസിസ് എന്നറിയപ്പെടുന്ന നിലപാടനുസരിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യം മിഥ്യയായി; ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സാമ്രാജ്വത്വസേവ ചെയ്യുന്ന പാര്‍ട്ടിയും. ഉടന്‍ വിപ്ലവത്തിനുള്ള ആഹ്വാനവും. ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും, കല്‍ക്കത്താ തീസിസ് സൃഷ്ടിച്ച സാഹസികസംരംഭങ്ങളുടെ തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, രാജേശ്വരറാവുവിന്റെ നേതൃത്വത്തില്‍ തെലുങ്കാനയില്‍ നടന്നുകൊണ്ടിരുന്ന ചൈനീസ് മാതൃകയിലുള്ള ജനകീയയുദ്ധം ഇന്ത്യയ്ക്ക് മാതൃകയായി പ്രഖ്യാപിക്കപ്പെട്ടു. 1951-ലെത്തിയപ്പോഴേക്കും സ്റ്റാലിന്റെ ഇടപെടലിലൂടെ, ഇന്ത്യയിലെ പാര്‍ലമെന്ററി സമ്പ്രദായത്തില്‍ സജീവമായി ഇടപെട്ടുകൊണ്ട് വിപ്ലവലക്ഷ്യം തേടുന്നതിനെക്കുറിച്ചുള്ള ഒരു പ്രത്യയശാസ്ത്രനിലപാട് സ്വീകരിക്കുകയും ചെയ്തു. പാര്‍ലമെന്റില്‍ പങ്കെടുക്കുന്നത് അടവുപരമായ താത്കാലിക നടപടിമാത്രമാണെന്നും വിപ്ലവലക്ഷ്യം കൈവിടാതെ വിപ്ലവപാര്‍ട്ടിയായി തുടരുമെന്നും അണികളെ ബോധ്യപ്പെടുത്തിക്കൊണ്ടായിരുന്നു തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കുള്ള പ്രവേശം. രണ്ടുമൂന്നു വര്‍ഷത്തെ ചുരുങ്ങിയ കാലയളവിനുള്ളില്‍ പരസ്​പരവിരുദ്ധമായ നാലു നിലപാടുകള്‍ എടുത്ത മറ്റൊരു നേതൃത്വം എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നറിയില്ല. കഴിഞ്ഞ അറുപതു കൊല്ലമായിട്ട് ഒരു തിരഞ്ഞെടുപ്പു പാര്‍ട്ടിമാത്രമായി അന്നത്തെ അവിഭക്തപാര്‍ട്ടിയും ഇപ്പോഴത്തെ രണ്ടു മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടികളും പ്രവര്‍ത്തിച്ചുപോരുന്നുവെങ്കിലും വിപ്ലവപാര്‍ട്ടികളെന്ന പൊയ്മുഖം നിലനിര്‍ത്താന്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കാന്‍ ഇപ്പോഴും അവയ്ക്കായിട്ടുമില്ല.
ഒരുവശത്ത് ഭരണഘടനയെ പിടിച്ച് ആണയിട്ടുകൊണ്ട് എം.എല്‍.എ.മാരും എം.പി.മാരും ആവുക. മറുവശത്ത് പാര്‍ലമെന്റേതര സമരങ്ങള്‍ എന്ന ഓമനപ്പേരിട്ട്, അക്രമസമരങ്ങളും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ട് വിപ്ലവപ്പാര്‍ട്ടി പരിവേഷം നിലനിര്‍ത്തുക. സത്യദീക്ഷയോ, തത്ത്വദീക്ഷയോ ഇല്ലാത്ത ഇത്തരം പ്രവര്‍ത്തനശൈലികള്‍ ഒരു ജനാധിപത്യസമൂഹത്തിന് ഒട്ടും ചേരുന്നതല്ല. പക്ഷേ, ഈ കാപട്യം മൂടിവെക്കാനായി ജനാധിപത്യത്തെ ബൂര്‍ഷ്വാ ജനാധിപത്യമെന്ന് മുദ്രകുത്തുകയും അവഹേളിക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചുപോന്നിട്ടുള്ളത്. അതുവഴി ജനാധിപത്യവിരുദ്ധമായ അക്രമസമരങ്ങള്‍ക്ക് പുരോഗമനപരിവേഷം നിലനിര്‍ത്താനും അവര്‍ ശ്രമിച്ചുപോന്നിട്ടുണ്ട്. പക്ഷേ, ഇത്തരം കാപട്യങ്ങള്‍ അധികനാള്‍ തുടരാനാവില്ലെന്ന യാഥാര്‍ഥ്യമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മുന്നില്‍ പ്രത്യയശാസ്ത്രപ്രതിസന്ധികളും മറ്റുമായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടിയും ഭരണകൂടവും ഒന്നല്ല, രണ്ടായി പ്രവര്‍ത്തിക്കണം എന്ന് പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ട് പറയുകയും എന്നാല്‍ പ്രത്യയശാസ്ത്രപ്രമേയം അതേക്കുറിച്ച് ഒന്നുംപറയാതെ പഴയ നിലപാട് ആവര്‍ത്തിക്കുകയും ചെയ്യുന്നത് ഈ ആശയക്കുഴപ്പത്തിന്റെ ലക്ഷണമാണ്.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education