ഞാന്‍ എന്ന വാക്ക്‌

ജി.എസ്.പ്രദീപ്‌

27 Aug 2012


ഓണക്കാലം കഴിഞ്ഞു. പലയിടങ്ങളില്‍നിന്നും മൂലകുടുംബത്തിലേക്ക് വന്ന് ഓണം ആസ്വദിച്ചാഹ്ലാദിച്ച് ആഘോഷിച്ച് ഒരുമിച്ചുകഴിഞ്ഞ കുടുംബാംഗങ്ങളെല്ലാം പരസ്​പരം യാത്രപറഞ്ഞു പിരിഞ്ഞുപോയി. കാണവും കോണവും വിറ്റുവരെ സന്തുഷ്ടിയുടെ പ്രദര്‍ശനീയത കാണിക്കാന്‍ ഓണമാഘോഷിച്ച സാമാന്യ മലയാളി കുടുംബങ്ങള്‍ പലിശക്കാര്‍ക്കു നേരെ ഇടംകൈയും വലംകൈയും നീട്ടിത്തുടങ്ങി. മധുരമനോഹരമായ ആശംസകള്‍ നിരന്തരം നിരവധിപേര്‍ക്ക് അയച്ചതിന്റെ എസ്.എം.എസ്. ബില്ലുകള്‍ കൊടുക്കാന്‍ കഴിയാത്തതിനാല്‍ പലരുടെയും മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കപ്പെട്ടു. ഒരുമിച്ചു കൂടുകയും കെട്ടിപ്പിടിക്കുകയും മദ്യസദസ്സുകളില്‍ മനംമയങ്ങി പരസ്​പരം ചുംബിക്കുകയും ചെയ്ത് മാളങ്ങളിലേക്ക് മടങ്ങിയ സര്‍വമലയാളികളും ഇപ്പോള്‍ ഉച്ചത്തില്‍ പറയുകയും ചിന്തിക്കുകയും ചെയ്യുന്നത് ഒരൊറ്റ വാക്കാണ്. അത് ഞാന്‍ എന്ന വാക്കാണ്. മലയാളിയുടെ ഏറ്റവും ഭീകരമായ സാംസ്‌കാരികച്യുതിയും ഇവിടെയാണ്. നമ്മളെന്ന് ഉച്ചത്തില്‍ പറയുകയും നിഗൂഢമായി ഞാന്‍ എന്നുമാത്രം ചിന്തിക്കുകയും ചെയ്യുന്ന അല്പസ്വാര്‍ഥതയാണ് കേരളീയന്റെ മുതല്‍ക്കൂട്ട്. ഞാനും എന്റെ കുടുംബവും എന്ന ചിന്തയില്‍ 24 മണിക്കൂറും അഭിരമിക്കുന്ന മലയാളി കേവലമായ സാമൂഹികപൊങ്ങച്ചത്തിന് വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്ന പദമാണ് നമ്മള്‍ എന്നത്. ഓരോ കത്തിനുമൊടുവിലും Sincerely yours എന്നെഴുതുന്ന കാര്യത്തില്‍ എണ്ണത്തില്‍ക്കൂടുതല്‍ മലയാളികളാണ്. Sincere എന്ന വാക്കിന്റെ അര്‍ഥവും ഉത്പത്തിയും എത്രപേര്‍ക്കറിയാം എന്നതാണ് എന്റെ ആശങ്ക. മരപ്പണിക്കാര്‍ തങ്ങള്‍ ചെയ്യുന്ന തടിപ്പണികളില്‍ തടികള്‍ക്കിടയില്‍ വിടവുകളുണ്ടാകുമ്പോള്‍ മെഴുക് അഥവാ വാക്‌സ്‌കൊണ്ട് അടയ്ക്കാറാണ് പതിവ്. കഴിഞ്ഞ ദിവസം ജയ്ഹിന്ദ് ടി.വിയിലെ 'രണാങ്കണം' എന്ന ബൗദ്ധികപരിപാടിക്കിടയില്‍ അതിബുദ്ധിമാനായ ഒരു വിദ്യാര്‍ഥിയോട് ടശിരലൃല എന്ന വാക്കിന്റെ അര്‍ഥത്തെയും ഉത്പത്തിയെയും കുറിച്ച് ഞാന്‍ ആരാഞ്ഞപ്പോള്‍ അയാള്‍ നിസ്സംഗമായ അറിവില്ലായ്മ പ്രകടിപ്പിച്ചു. അപ്പോള്‍ എനിക്ക് പറയേണ്ടിവന്നു- മരപ്പണിക്കാരനില്‍നിന്നാണ് Sincere എന്ന വാക്ക് ആരംഭിച്ചതെന്ന്. Sin എന്നാല്‍ ഇല്ലാ എന്നും Cere എന്നാല്‍ മെഴുക് എന്നും അര്‍ഥമുണ്ടെന്നും ഒട്ടും മെഴുകു ചേര്‍ക്കാത്ത അവസ്ഥയെയാണ് sincere എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നതെന്നും ആ യുവാവിനോടു പറഞ്ഞു. Sincerely Yours എന്നു കത്തെഴുതുന്ന സര്‍വമലയാളികളും അവരുടെ സകല ബന്ധങ്ങളിലും കുറെയെങ്കിലും മെഴുകു ചേര്‍ക്കുന്നുണ്ടെന്നു നമുക്കറിയാം; അതിനു കാരണം ഭാര്യാഭര്‍ത്തൃബന്ധത്തിലും പിതൃപുത്രബന്ധത്തിലും സൗഹൃദത്തിലും പ്രണയത്തിലും വരെ ഞാന്‍ എന്ന വാക്ക് നിഴലിടുന്നു എന്നതാണ്. എന്റെ വിനോദം, എന്റെ ജീവിതം, എന്റെ സുഖം എന്ന കാഴ്ചപ്പാടിലേക്ക് ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്നത് മലയാളി സ്ത്രീകളാണ്. അവനവനെക്കുറിച്ചു മാത്രം ആലോചിക്കുന്ന ആത്മഹത്യാപരമായ ഒരു മനഃശാസ്ത്രക്കെണിയില്‍ സ്വയം അകപ്പെടുകയും പിന്‍തലമുറയെ പെടുത്തുകയും ചെയ്യാന്‍ അവര്‍ക്കൊരു മടിയുമില്ല. പാരസ്​പര്യം എന്ന വാക്ക് കാലിക മലയാളിസമൂഹത്തില്‍നിന്ന് അതിവേഗതയില്‍ അപ്രത്യക്ഷമാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഇത് ജീവജാലങ്ങളിലെല്ലാം കാണുന്ന പ്രതിഭാസമാണെന്നു കരുതാന്‍ നിര്‍വാഹമില്ല. ബാര്‍ബര്‍ഫിഷ് എന്നു പേരുള്ള ഒരു പ്രത്യേകതരം മത്സ്യമുണ്ട്. ഈ മത്സ്യത്തിന്റെ മുന്നില്‍പ്പെട്ടാല്‍ മറ്റു മത്സ്യങ്ങളെല്ലാം വരിനില്ക്കാറാണ് പതിവ്. ഒരു ബ്യൂട്ടീഷ്യന്‍ എന്നതുപോലെ തന്റെ മുന്നില്‍ വരുന്ന വിവിധ മത്സ്യങ്ങളുടെ ശല്‍ക്കങ്ങളിലും ചെകിളകളിലും വരെയുള്ള അഴുക്കെല്ലാം നക്കിക്കളഞ്ഞ് അവയെ സുന്ദരിമീനുകളാക്കി മാറ്റുന്നതാണ് ബാര്‍ബര്‍ഫിഷിന്റെ തൊഴില്‍. അതുതന്നെയാണ് ജീവിതവും. മറ്റുള്ളവര്‍ക്കായി സമര്‍പ്പിക്കപ്പെട്ട ഒരു ജൈവഭാവമാണത്. ഇത് മത്സ്യങ്ങള്‍ തമ്മിലുള്ള ഒരു വര്‍ഗബന്ധമാണെന്നൊരു ധാരണയുണ്ടെങ്കില്‍ മറ്റൊരു കാര്യം പറയാം. അതാകട്ടെ ചിരിയുണര്‍ത്തുന്ന ഒരു വിജ്ഞാനകൗതുകമാണ്. ആഫ്രിക്കയിലെ മോറി വര്‍ഗത്തില്‍പ്പെട്ട മനുഷ്യര്‍ മീന്‍ പിടിക്കുന്നതെങ്ങനെയെന്നറിയാമോ? വലകൊണ്ടും ചൂണ്ട കൊണ്ടും ഒറ്റാല്‍കൊണ്ടും മീന്‍ പിടിക്കുന്നത് നമുക്കറിയാം. പക്ഷേ, മോറി വര്‍ഗത്തില്‍പ്പെട്ട മനുഷ്യര്‍ പിടിക്കാന്‍ ആഗ്രഹിക്കുന്ന മീനിന്റെ പിറകേ നദിയിലേക്കിറങ്ങിച്ചെല്ലും. എന്നിട്ട് ആ മീനിന്റെ അടിവയറ്റില്‍ ഇടംകൈകൊണ്ട് ഇക്കിളിയിടും. ജീവിതത്തിലെ സര്‍വലഹരികളുടെയും ഭാവമായ ആ ഇക്കിളിയെ അനുഭവിച്ചുകൊണ്ട് മിനിറ്റുകളോളം നില്ക്കും ആ മീന്‍. അതിനൊടുവില്‍ വലംകൈകൊണ്ട് ആ മീനിനെ പിടിച്ച് കരയിലേക്കു മടങ്ങും ആ മോറി വര്‍ഗക്കാര്‍. വിശ്വസിക്കാന്‍ കഴിയുന്നില്ല, അല്ലേ! നൂറു ശതമാനം സത്യമാണിത്. ഈ അറിവ് എന്നിലുണര്‍ത്തിയ ചില ചോദ്യങ്ങളുണ്ട്. ഇടംകൈകൊണ്ട് ഇക്കിളിയിടുന്ന സമയത്ത് മീനിനെ പിടിച്ചുകൂടായിരുന്നോ അവന്? മനുഷ്യന്റെ വിരലുകളുടെ ഇക്കിളി അനുഭവിച്ച് മരണം വരിക്കാന്‍ നില്ക്കാതെ മാറി നീന്താമായിരുന്നില്ലേ ആ മത്സ്യങ്ങള്‍ക്ക്! അതിരറ്റ ആലോചനകള്‍ക്കൊടുവില്‍ ഞാനുത്തരം കണ്ടെത്തി. കൊന്നുതിന്നാനാണെങ്കിലും തന്റെ വിരലുകള്‍ സൃഷ്ടിക്കുന്ന ഇക്കിളിയിലൂടെ മിനിറ്റുകളുടെ ജീവിതസുഖം മീനുകള്‍ക്കു നല്കാന്‍ തയ്യാറാണ് മോറി വര്‍ഗക്കാരനായ ആഫ്രിക്കന്‍ ആദിവാസി. മരണത്തിലേക്കാണ് യാത്ര എന്നറിഞ്ഞിട്ടും അംഗുലീസ്​പര്‍ശനത്തിന്റെ ജീവലഹരി തനിക്കു പകര്‍ന്നുതന്ന അവന്റെ മുന്നില്‍ സ്‌നേഹാദരങ്ങളോടെ അടിമപ്പെടാനുള്ള, മനസ്സുണ്ട് ആ മീനുകള്‍ക്ക്. പരസ്​പരം എന്ന വാക്കിന്റെ അര്‍ഥം അതിന്റെ സര്‍വ ഗഹനതകളോടെയും അവരറിയുന്നു. ഞാന്‍, എനിക്ക്, എന്റെ എന്ന വാക്കുകള്‍ മാത്രം 24 മണിക്കൂറിനുള്ളില്‍ ഇരുപതിനായിരം തവണ പറഞ്ഞും ചിന്തിച്ചും പരിഭവിച്ചും വഴക്കും വാക്കേറ്റവും സൃഷ്ടിച്ചും വല്ലാതെ ചെറുതായിപ്പോകുന്ന മലയാളി സ്ത്രീപുരുഷന്മാരേ, മോറി വര്‍ഗത്തില്‍പ്പെട്ട മനുഷ്യനാകാനോ, അവന്റെ പിടിയില്‍പ്പെട്ട മത്സ്യമാകാനോ കഴിയണമെങ്കില്‍ ഒന്ന് നീ ഉപേക്ഷിച്ചേ തീരൂ, ഇരട്ടവാലന്‍പുഴു തിന്നുതീര്‍ത്തുതുടങ്ങിയ നിന്റെ ജീവിതം എന്ന നിഘണ്ടുവില്‍നിന്ന് അര്‍ബുദബാധയുള്ള ഒരു വാക്ക്- അതേ, ഞാന്‍ എന്ന വൃത്തികെട്ട വാക്ക്!

(വാക്കെരിയുമ്പോള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education