അരാജകത്വമല്ല ലൈംഗികസ്വാതന്ത്ര്യം

സാറാ ജോസഫ്‌

08 Jun 2012


വ്യക്തിയുടെ ലൈംഗികസ്വാതന്ത്ര്യമെന്നത് വളരെയധികം തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുള്ള ഒരാശയമാണ്. ലൈംഗിക അരാജകത്വത്തെയല്ല, ലൈംഗികസ്വാതന്ത്ര്യമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വന്തം ലൈംഗികതയിന്മേലുള്ള സ്വയംനിര്‍ണയാവകാശം പൗരന്റെ/പൗരയുടെ ഭരണഘടനാസ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തിത്തന്നെ കാണേണ്ടതുണ്ട്. പ്രായപൂര്‍ത്തിയായ ഏതൊരു സ്ത്രീയും പുരുഷനും ഉഭയസമ്മതപ്രകാരം ലൈംഗികതയില്‍ ഏര്‍പ്പെടാനുള്ള അവകാശം ഭരണഘടന വാഗ്ദാനം ചെയ്യുന്നത് അതുകൊണ്ടാണ്.

ലൈംഗികതയിന്മേല്‍ വിലക്കുകളേര്‍പ്പെടുത്തപ്പെടുന്നത് സ്വകാര്യസ്വത്തിന്റെ ഉദ്ഭവത്തോടെയാണെന്ന് എംഗല്‍സ് നിരീക്ഷിക്കുന്നു. അപ്പോഴും സ്ത്രീയുടെ ലൈംഗികതയിന്മേലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പുരുഷന്റെ സ്വതന്ത്രരതിക്ക് തടസ്സം വരാത്തവിധത്തില്‍ ബഹുഭാര്യാത്വവും വേശ്യാവൃത്തിയും വെപ്പാട്ടിസമ്പ്രദായവുമൊക്കെ സംരക്ഷിക്കപ്പെടുകയും ചെയ്തു. ലൈംഗികതയിന്മേല്‍ സമുഹം നടപ്പാക്കുന്ന വിലക്കുകള്‍ക്ക് ന്യായീകരണം 'സമൂഹത്തിന്റെ സുസ്ഥിതിയും അച്ചടക്കവും' എന്നാണ്. എന്നാല്‍, ഇതേ വിലക്കുകള്‍കൊണ്ട് വ്യക്തി അനുഭവിക്കേണ്ടിവരുന്ന ദുരന്തങ്ങളെക്കൂടി സമൂഹം ഏറ്റെടുക്കുന്നതുമില്ല. സമുഹം അതിന്റെ വിവിധ സ്ഥാപനങ്ങളിലൂടെയാണ് (കുടുംബം, മതം, വിദ്യാഭ്യാസം തുടങ്ങിയവ...) ലൈംഗികവിലക്കുകള്‍ നടപ്പിലാക്കുന്നത്. അതേ സ്ഥാപനങ്ങള്‍ക്കുതന്നെയാണ് ലൈംഗികാസ്വാദനത്തിനുള്ള ലൈസന്‍സ് നല്കുന്നതും. വിവാഹംവഴി കുടുംബത്തിനുള്ളിലാണ്, അഥവാ വിവാഹപങ്കാളിവഴിയുള്ള ലൈംഗികതയ്ക്കു മാത്രമാണ് സാമൂഹികാംഗീകാരമുള്ളത്.

എന്നാല്‍, ഈ സാമൂഹികാംഗീകാരത്തിനുള്ളില്‍ മാത്രമാണോ കേരളീയര്‍ ലൈംഗികത ആസ്വദിക്കുന്നത്? എങ്കില്‍പ്പിന്നെ ചുവന്ന തെരുവുകളും വെപ്പാട്ടികളും വിവാഹേതരബന്ധങ്ങളും വിവാഹപൂര്‍വബന്ധങ്ങളും ലൈംഗിക കമ്പോളവും അശ്ലീലസാഹിത്യവുമൊക്കെ എന്തുകൊണ്ട് 'നാട്ടുകാര്‍' നിര്‍ത്തലാക്കുന്നില്ല? അമിതവിലക്കുള്ള ഏതൊരു സമൂഹത്തിലുമെന്നതുപോലെ കേരളത്തിലും സുലഭമാണ്, വിവാഹേതര ലൈംഗികാസ്വാദനങ്ങള്‍. 'രതി'യെന്ന വിപണനച്ചരക്കിന്റെ വിപണനസാധ്യത ഇത്രയേറെ ചൂഷണം ചെയ്യുന്ന മലയാളിസമൂഹത്തിന് എങ്ങനെയാണ് സ്വയം മോറല്‍ പോലീസായി അവതരിക്കാന്‍ കഴിയുക? രാഷ്ട്രീയനേതാക്കളും മാഫിയാകളും മതമേലധികാരികളും ഉള്‍പ്പെട്ട എത്ര പെണ്‍വാണിഭക്കേസുകളാണ് കോടതികളില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത്. ലൈംഗികചൂഷണങ്ങളും ലൈംഗികകൊലപാതകങ്ങളുംകൊണ്ട് കേരളത്തിന്റെ സാംസ്‌കാരികാന്തരീക്ഷം വളരെ മലിനമാണെന്ന് ഏത് ഇടതുപക്ഷക്കാര്‍ക്കും അറിയാവുന്ന കാര്യമാണ്. അത്തരം കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ പോലീസും അന്വേഷണ ഏജന്‍സികളും കോടതികളുംവരെ പലപ്പോഴും തയ്യാറുമാണ്. പെണ്‍കുട്ടികളെ ഇരകളാക്കുന്നതിന് കോടികള്‍ മുടക്കി പ്രവര്‍ത്തിക്കുന്ന മാഫിയാസംഘങ്ങള്‍ ഇവിടെയുണ്ട്. പതിനാറു കൊല്ലം കഴിഞ്ഞിട്ടും അഭയാക്കേസില്‍ പ്രതികള്‍ എന്നാരോപിക്കപ്പെട്ടവരുടെ കാര്യത്തില്‍ തീര്‍പ്പാക്കിയിട്ടില്ല. കൊല്ലപ്പെട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കിളിരൂരിലെ പെണ്‍കുട്ടിക്കോ അതുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്ന കവിയൂര്‍ കുടുംബത്തിനോ ഒരു സദാചാരപ്പോലീസിന്റെയും പിന്തുണ ലഭിക്കുകയുണ്ടായില്ലല്ലോ? രാജ്‌മോഹന്‍ ഉണ്ണിത്താനേയും വനിതയേയും കൈയോടെ പിടികൂടിയതിന്റെ പത്തിലൊന്ന് ഉത്സാഹവും വ്യഗ്രതയുമുണ്ടായിരുന്നെങ്കില്‍ കവിയൂര്‍/കിളിരൂര്‍ കേസില്‍ 'പ്രതികള്‍' ശിക്ഷിക്കപ്പെടില്ലായിരുന്നോ! നമ്മുടേത് ഇരട്ടത്താപ്പുള്ള ഒരു സമൂഹമാണ്. ഒളിവില്‍ എന്തും ആവാം. വെളിച്ചത്ത് സദാചാരപ്പൊയ്മുഖം അണിഞ്ഞേ പ്രത്യക്ഷപ്പെടൂ എന്ന് നിര്‍ബന്ധമാണ്.

ആരുടെ സദാചാരമൂല്യങ്ങളാണ് നാം പിന്തുടരുന്നത്? മലയാളിക്ക് ഇന്ന് സ്വന്തം സദാചാരമൂല്യങ്ങളില്ല. ഫ്യൂഡല്‍/കൊളോണിയല്‍ സദാചാരമൂല്യങ്ങളുടെ പരിപാലകരും പുനരുത്പാദകരുമാണ് മലയാളികള്‍. ശരീരം പാപമാണെന്നും ലൈംഗികത പാപമാണെന്നും ഉദ്ഭവദോഷം എന്ന ഒരു ദോഷമുണ്ടെന്നും ഒക്കെ വിശ്വസിക്കുന്ന ഒരു മതവിഭാഗത്തിന്റെ വിക്‌ടോറിയന്‍ മൂല്യങ്ങളേയും പാപസങ്കീര്‍ത്തനങ്ങളേയുമാണ് സദാചാരമായി മലയാളി തലയിലേറ്റി നടക്കുന്നത്. വിക്‌ടോറിയന്‍ മൊറാലിറ്റിയുടെ തലക്കനത്തില്‍, നഷ്ടപ്പെടുന്ന സ്വന്തം സമൂഹത്തിന്റെ സ്വാതന്ത്ര്യത്തേയും ആരോഗ്യകരമായ ലൈംഗികപ്രണയത്തേയും കുറിച്ച് മലയാളി മറന്നുപോകുന്നു. അതേസമയം വിലക്കുകള്‍കൊണ്ട് അസംതൃപ്തിയും അമര്‍ഷവും പൂണ്ട്, ലൈംഗികദാരിദ്ര്യം അനുഭവിക്കുകയും ചെയ്യുന്നു. സില്‍ക്ക് സ്മിതയും ഷക്കീലയും തങ്ങളുടെ ലൈംഗികാസംതൃപ്തികളെ ഒരു നിലയ്ക്ക് ആശ്വസിപ്പിച്ചുവെന്ന് ഏറ്റുപറയുന്ന ഒരു പുരുഷസമൂഹം മലയാളികള്‍ക്കിടയിലുണ്ട്. മേല്പറഞ്ഞ ആ ആശ്വാസം എന്തുകൊണ്ട്, നിയമാനുസൃതമായിത്തന്നെയുള്ള ലൈംഗികസ്വാതന്ത്ര്യത്തിലൂടെ നേടിക്കൂടാ?

അരാജകമായ ഒരു ലൈംഗികവ്യവസ്ഥയ്ക്കുവേണ്ടിയുള്ള (അതാണിന്ന് കേരളത്തില്‍ കൊടികുത്തി വാഴുന്നത്!) ആഹ്വാനമല്ല, ലൈംഗികസ്വാതന്ത്ര്യമെന്ന ആശയം മുന്നോട്ടുവെക്കുന്നത്. വ്യക്തികളുടെ ലൈംഗികജീവിതത്തെ, ഭരണഘടന വാഗ്ദാനം ചെയ്യുന്ന അയാളുടെ അവകാശമായി നിര്‍ണയിച്ചുകൊണ്ടുതന്നെയാണ് കോടതി പ്രായപൂര്‍ത്തിയായ ഒരാണും പെണ്ണും ഉഭയസമ്മതപ്രകാരം ലൈംഗികതയിലേര്‍പ്പെടുന്നത് കുറ്റകരമല്ല എന്ന് വിലയിരുത്തിയത്. താന്‍ ബൈ സെക്ഷ്വല്‍ ആകണോ ഹോമോ സെക്ഷ്വല്‍ ആകണോ ലെസ്ബിയന്‍ ആകണോ എന്നൊക്കെ നിര്‍ണയിക്കാനുള്ള സമ്പൂര്‍ണ സ്വാതന്ത്ര്യം വ്യക്തിക്ക് നല്കിക്കൊണ്ട് ഈ അടുത്തകാലത്ത് കോടതി പുറപ്പെടുവിച്ച ഉത്തരവും ഇതോട് ചേര്‍ത്തു വായിക്കാം. അതേസമയം വിവാഹം, കുടുംബം മുതലായ സ്ഥാപനങ്ങളോട് ബന്ധപ്പെട്ടിരിക്കുന്ന വ്യക്തികളുടെ ലൈംഗികജീവിതത്തില്‍ ഒരു പങ്കാളികൂടിയുണ്ട് എന്നതിനാല്‍, ആ പങ്കാളിയുടെ പ്രശ്‌നംകൂടി പരിഗണിക്കേണ്ടതുണ്ട്. പ്രത്യകിച്ചും, ആ പങ്കാളിയെക്കുറിച്ചുള്ള സങ്കല്പം ജീവിതപങ്കാളി എന്നായിരിക്കയാല്‍. സ്ത്രീപങ്കാളിയെ സംബന്ധിച്ചിടത്തോളം, പാതിവ്രത്യംപോലെയുള്ള പുരുഷാധിപത്യമൂല്യങ്ങളെ സ്വാംശീകരിച്ച് പരിപാലിക്കുന്നവളും സാമ്പത്തികമായി ആശ്രിതയും പുറംലോകബന്ധം കുറവുള്ളവളും ആണെങ്കില്‍ പുരുഷന്റെ അന്യസ്ത്രീബന്ധത്തെ അവള്‍ 'വഞ്ചന' യുടെ വകുപ്പിലാണ് പെടുത്തുക. കുടുംബത്തിനുണ്ടാകുന്ന ഛിദ്രം കുട്ടികളേയും മാതാപിതാക്കളേയുമൊക്കെ സാരമായി ബാധിക്കുകയും ചെയ്യും. വിവാഹിതരായ സ്ത്രീപുരുഷന്മാരെ സംബന്ധിച്ചിടത്തോളം വിവാഹേതരബന്ധങ്ങളില്‍ അവര്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥരായിരിക്കുന്നത് സ്വന്തം ജീവിതപങ്കാളിയോടുതന്നെയാണ്. വ്യക്തികളുടെ ലൈംഗിക സ്വയംനിര്‍ണയാവകാശത്തെ ഒട്ടും ഉള്‍ക്കൊള്ളാനാകാത്ത സ്ഥാപനമാണ് കുടുംബം. ഇതുകൊണ്ടുകൂടിയാണ് വിവാഹേതര രഹസ്യബന്ധങ്ങള്‍ പെരുകുന്നതും പലതും വിവാഹമോചനത്തിലും ദുരന്തങ്ങളിലും കലാശിക്കുന്നതും.

അതേസമയം, ഒരു മുഴുവന്‍ സമൂഹത്തോടും ഇക്കാര്യത്തില്‍ ഉത്തരം പറയേണ്ട ബാധ്യത വ്യക്തിക്കില്ലെന്നുംകൂടി മനസ്സിലാക്കാനാണ് കോടതി ഉത്തരവുകളും അനുശാസിക്കുന്നത്. ജീവിതപങ്കാളിയുമായുണ്ടാകുന്ന ഉരസലുകളോ വേര്‍പെടലോ (ഏതാണ് സംഭവിക്കുന്നതെങ്കില്‍) അത് വ്യക്തിയുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ സംഭവിക്കുന്നതാണ്. അത് സ്വകാര്യവുമാണ്. സമൂഹത്തിന് അതില്‍ അത്രയേറെ ഉത്കണ്ഠ ഉള്ളതായി അറിവില്ല. കുട്ടികളുടെ കാര്യത്തിനും മാതാപിതാക്കളേക്കാള്‍ക്കവിഞ്ഞ ആകാംക്ഷ സമൂഹത്തിനുണ്ടോ? കോടിക്കണക്കിന് അനാഥബാല്യങ്ങള്‍ തെരുവില്‍ അലയുന്ന ഒരു സമൂഹം കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് സംസാരിക്കാന്‍ അര്‍ഹതയുള്ളവരാണോ?

ആഗോളീകരണകാലത്തെ സാംസ്‌കാരികനയങ്ങള്‍ മലയാളികളേയും ഒരു ലെഃ രലിലേൃലറ ീെരശല്യേ ആക്കി മാറ്റിക്കഴിഞ്ഞിട്ടുണ്ട്. തുറന്ന മാര്‍ക്കറ്റ് നല്കുന്ന അരാജക ലൈംഗികബോധങ്ങളും ശരീരകേന്ദ്രിതമായ ജീവിതവീക്ഷണങ്ങളും ഒന്നുമല്ല ഇവിടെ പ്രധാനമെന്നും പെരുകിവരുന്ന പെണ്‍വാണിഭങ്ങള്‍ക്കും സെക്‌സ് ടൂറിസത്തിനും ലൈംഗികചൂഷണങ്ങള്‍ക്കും നേരേ കണ്ണടയ്ക്കാമെന്നും എന്നാല്‍, രാഷ്ട്രീയപ്രതിയോഗികളെ ഒതുക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗം പെണ്ണുകേസാണെന്നുമുള്ള ഉപരിപ്ലവചിന്തകള്‍ക്ക് ദഹിക്കുന്ന ഒന്നല്ല കാതില്‍ക്കൊള്ളുന്ന ലൈംഗികസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍.

ഒന്നുകൂടി മലയാളികള്‍ മറന്നുപോകുന്നു. പ്രണയം സാധ്യമാണെന്ന കാര്യം.

(ഇടതുപക്ഷം ലൈംഗികത സക്കറിയ എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education