ചോരയുടെ മണം

അബ്ദുള്ളക്കുട്ടി

31 May 2012

പാര്‍ലമെന്റ് തുടങ്ങാന്‍ അരമണിക്കൂര്‍കൂടിയുണ്ട്. ഞാന്‍ ലോബിയില്‍ നില്ക്കുകയാണ്. രാവിലെ കണ്ട പത്രവാര്‍ത്തയുടെ നടുക്കം വിട്ടുമാറിയിട്ടില്ല. കണ്ണൂരില്‍ അക്രമരാഷ്ട്രീയത്തിന്റെ ചോരമണമുള്ള ദിവസങ്ങളാണ് കടന്നുപോകുന്നത്. പാനൂരിനടുത്ത് മൊകേരി എല്‍.പി. സ്‌കൂളില്‍ ക്ലാസ്സെടുത്തുകൊണ്ടിരിക്കെ ആര്‍.എസ്.എസ് നേതാവ് ജയകൃഷ്ണന്‍ മാഷ് കുട്ടികളുടെ മുന്നില്‍വെച്ച് അതിദാരുണമായി കൊല്ലപ്പെട്ടു. ദേശീയപത്രങ്ങളിലെല്ലാം അന്നത്തെ പ്രധാന വാര്‍ത്ത ജയകൃഷ്ണന്‍ മാഷുടെ കൊലപാതകമായിരുന്നു.

ബി.ജെ.പിയുടെ രാജ്യസഭാനേതാവ് വെങ്കയ്യ നായിഡു അടുത്തേക്ക് വന്നു.
'രാധാകൃഷ്ണന്‍ എവിടെ?' വര്‍ക്കല രാധാകൃഷ്ണനായിരിക്കുമെന്നു കരുതി ഞാന്‍ അദ്ദേഹത്തെ വിളിച്ചുകൊടുത്തു. കണ്ണൂരില്‍ സ്‌കൂള്‍ അധ്യാപകനെ കൊലപ്പെടുത്തിയ സംഭവം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് അദ്ദേഹം രാധാകൃഷ്ണനെ അന്വേഷിച്ചത്. കേള്‍വി കുറവായതിനാല്‍ അണ്ണന് പറഞ്ഞതു മനസ്സിലാകാഞ്ഞതുകൊണ്ട് രക്ഷപ്പെട്ടു. കോയമ്പത്തൂരില്‍നിന്നുള്ള ബി.ജെ.പി. പാര്‍ലമെന്റ് അംഗം പൊന്നു രാധാകൃഷ്ണനെയാണ് അദ്ദേഹത്തിനു വേണ്ടിയിരുന്നത്. എനിക്ക് ആളുമാറിയതാണ്.

പാര്‍ലമെന്റിന്റെ സീറോ അവറില്‍ ബി.ജെ.പി. പ്രശ്‌നം ഉന്നയിച്ചു. സ്‌കൂള്‍കുട്ടികളുടെ മുന്നില്‍വെച്ച് അധ്യാപകനെ സി.പി.എമ്മുകാര്‍ വെട്ടിനുറുക്കി കൊലപ്പെടുത്തിയത് ക്രൂരവും അങ്ങേയറ്റം നിന്ദ്യവുമായ നടപടിയാണെന്ന് സഭ അപലപിച്ചു. കണ്ണൂരിലെ അക്രമരാഷ്ട്രീയം ഇങ്ങനെ പലപ്പോഴും ദേശീയ മാധ്യമങ്ങളിലും ലോക്‌സഭയിലും സജീവശ്രദ്ധ നേടിയിട്ടുണ്ട്. അക്രമരാഷ്ട്രീയത്തില്‍ കുപ്രസിദ്ധി നേടിയ കണ്ണൂര്‍മണ്ഡലത്തില്‍നിന്നുള്ള പ്രതിനിധിയെന്ന നിലയില്‍ ഈ അക്രമത്തിന്റെയൊക്കെ പിറകില്‍ ഞാനാണെന്ന ധാരണ സഭയില്‍ പലര്‍ക്കുമുണ്ടായിരുന്നു. ശിവസേനയുടെയും ബി.ജെ.പിയുടെയും അംഗങ്ങളുള്‍പ്പെടെ പല എം.പിമാര്‍ക്കും എന്നെ കാണുമ്പോള്‍ പേടി തോന്നിയിട്ടുണ്ടാവണം. ഞാനെന്നും ഒരു തികഞ്ഞ സമാധാനവാദിയാണെന്നും ആദ്യമായി തിയ്യേറ്ററില്‍ പോയി കണ്ട അക്കരപ്പച്ച എന്ന സിനിമയിലൊരു സീനില്‍ ചോര കണ്ട് ഭയന്നുവിറച്ച കുട്ടിയാണെന്നും അവര്‍ക്കറിയില്ലല്ലോ.

ക്ലാസ്മുറിയിലെ കുട്ടികള്‍ക്കു മുന്നില്‍വെച്ച് അധ്യാപകനെ ക്രൂരമായി വകവരുത്തിയ സംഭവം രാഷ്ട്രീയകേരളത്തിന്റെ ചരിത്രത്തില്‍ ആദ്യത്തേതാണ്. നിവര്‍ത്തിവെച്ച പാഠപുസ്തകങ്ങളില്‍ അന്നു തെറിച്ചുവീണ ചോരത്തുള്ളികള്‍ ഒരുപക്ഷേ, വര്‍ഷങ്ങള്‍ കഴിഞ്ഞാലും കഴുകിയെടുക്കാന്‍ കഴിഞ്ഞില്ലെന്നുവരും. സി.പി.എമ്മിന്റെ ഈ നടപടിക്കെതിരെ വിവിധ മേഖലകളില്‍നിന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കു നേരേ വേണ്ടവിധത്തില്‍ പ്രതികരിക്കാന്‍പോലും പാര്‍ട്ടിനേതാക്കള്‍ക്കു കഴിഞ്ഞില്ല. ഇടതുപക്ഷസൈദ്ധാന്തികനായിരുന്ന എം.എന്‍. വിജയനാണ് അക്കാലത്ത് പാര്‍ട്ടിയുടെ രക്ഷയ്‌ക്കെത്തിയത്. ഗുരുശിഷ്യബന്ധത്തേക്കാള്‍ മഹത്തരമാണ് മാതൃപുത്രബന്ധമെന്നും നൊന്തുപെറ്റ അമ്മയുടെ കണ്‍മുന്നില്‍വെച്ച് മകന്‍ കൊല്ലപ്പെട്ടത് ഇതിനേക്കാള്‍ വേദനാജനകമാണെന്നും വിജയന്‍ മാഷ് പ്രതികരിച്ചു. എസ്.എഫ്.ഐ. നേതാവായിരുന്ന കെ.വി. സുധീഷിനെ ആര്‍.എസ്.എസ്സുകാര്‍ വീട്ടില്‍ കയറി കൊലപ്പെടുത്തിയ സംഭവമാണ് മാഷ് സൂചിപ്പിച്ചത്.

കാര്യങ്ങള്‍ താത്ത്വികമായി വിലയിരുത്താന്‍ കഴിവുള്ള വിജയന്‍ മാഷ് അന്നങ്ങനെ പറഞ്ഞപ്പോള്‍ ശരിക്കും അദ്ഭുതമാണ് തോന്നിയത്. ഒരു കൊലയും മറ്റൊരു കൊലപാതകത്തിന് ന്യായീകരണമാവില്ലെന്ന പൊതുതത്ത്വമെങ്കിലും മാഷ് ഓര്‍ക്കേണ്ടതായിരുന്നില്ലേ? വിജയന്‍മാഷില്‍നിന്ന് അങ്ങനെയൊരു പ്രതികരണം ഉണ്ടാകാന്‍ പാടില്ലെന്ന് അപ്പോള്‍ത്തന്നെ തോന്നിയിരുന്നു. പത്രപ്രവര്‍ത്തകയായ ലീലാമേനോന്‍ ഇതുതന്നെയാണ് എഴുതിയത്. പറശ്ശിനിക്കടവില്‍ മിണ്ടാപ്രാണികളെ ചുട്ടുകൊന്നപ്പോഴും ക്ലാസ്മുറിയില്‍ അധ്യാപകനെ കുട്ടികളുടെ മുന്നില്‍വെച്ച് നിന്ദ്യമായി കൊലപ്പെടുത്തിയപ്പോഴും വിജയന്‍മാഷ് അതിനെ ന്യായീകരിക്കുകയാണു ചെയ്തത്. തെറ്റായ ഈ രണ്ടു നിലപാടുകളും മാഷിന്റെ ധാര്‍മികബോധത്തിന് ഒട്ടും നിരക്കാത്തതാണെന്ന് ലീലാമേനോന്‍ തുറന്നുപറഞ്ഞു. വിജയന്‍മാഷ് സി.പി.എമ്മിന് അനഭിമതനാവുന്നതൊക്കെ പിന്നെയും കുറേ കഴിഞ്ഞാണ്.

കണ്ണൂരിലെ ഓരോ അക്രമസംഭവവും കാര്യകാരണങ്ങളുമായി ബന്ധപ്പെട്ടാണ് ഉണ്ടാവുന്നത്. കെ.വി. സുധീഷിന്റെ കൊലയ്ക്കു പിന്നിലും അങ്ങനെയൊരു അനുബന്ധം ഉണ്ടായിരുന്നു. ആര്‍.എസ്.എസ്സിന്റെ ജില്ലാ കാര്യവാഹകായിരുന്ന സദാനന്ദന്‍ മാഷിനെ സി.പി.എമ്മുകാര്‍ അക്രമിച്ച് കാലു വെട്ടി. കൂത്തുപറമ്പിനടുത്തുവെച്ചാണ് സംഭവമുണ്ടായത്. രണ്ടു കാലുകളും പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞെടുത്താണ് സദാനന്ദന്‍ മാഷിനെ പോലീസ് ജീപ്പില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയത്. മരണവെപ്രാളത്തില്‍ പിടയുന്നതിനിടയില്‍ അദ്ദേഹം ജീപ്പു നിര്‍ത്താന്‍ ആവശ്യപ്പെട്ടു; തൊക്കിലങ്ങാടിയില്‍ വെച്ച്.

'ഞാന്‍ മരിക്കാന്‍ പോവുകയാണ്. നിങ്ങളിതിനു പ്രതികാരം ചെയ്യണം...'
സദാനന്ദന്‍ മാഷ് മരിച്ചില്ല. അദ്ദേഹം ഇപ്പോഴും പൊയ്ക്കാലുകളില്‍ ജീവിച്ചിരിക്കുന്നു. പക്ഷേ, സുധീഷിനെ വീട്ടില്‍ കയറി അമ്മയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു.

എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് എനിക്കു നേരേയുണ്ടായ ആക്രമണവും മറ്റൊരു സംഭവത്തിലുള്ള പ്രത്യാക്രമണമായിരുന്നു. എന്റെ വീടു നില്ക്കുന്ന ചിറയ്ക്കല്‍ വാര്‍ഡില്‍ ജില്ലാകൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കെ.വി. സുധീഷ് സ്ഥാനാര്‍ഥിയായിരുന്നു. വാശിയേറിയ മത്സരം. പോളിങ് സമയം അവസാനിക്കുന്നതിന് അല്പം മുന്‍പ്, വാഹനങ്ങളില്‍ വോട്ടര്‍മാരെ ബൂത്തിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ച യു.ഡി.എഫുകാരെ ഞങ്ങള്‍ തടഞ്ഞു. ചെറിയതോതില്‍ ഉന്തും തള്ളുമൊക്കെയുണ്ടായി. വലിയ എസ്.എഫ്.ഐ നേതാവൊക്കെയാണെങ്കിലും ഞാനന്ന് മെലിഞ്ഞുണങ്ങിയ ഒരു പയ്യനായിരുന്നു. ആരൊക്കെയോ ചേര്‍ന്ന് എന്നെ എടുത്തുപൊക്കി അടുത്ത പറമ്പിലേക്കു വലിച്ചെറിഞ്ഞു. ആശുപത്രിയില്‍വെച്ചാണ് പിന്നീട് ബോധം തിരിച്ചുകിട്ടിയത്. കുറച്ചുദിവസം കഴിഞ്ഞ് നാറാത്തുനിന്ന് യുവജനോത്സവം കാണാന്‍ പോയ നാട്ടിലെ ഏതാനും മുസ്‌ലിംലീഗുകാരെ കണ്ണൂര്‍ ടൗണില്‍ എസ്.എഫ്.ഐക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചു. ഉടുതുണിയഴിച്ച് നഗരമധ്യത്തിലിട്ട് പരസ്യമായാണവരെ മര്‍ദിച്ചത്. അര്‍ധനഗ്നരായി ഒരുവിധത്തില്‍ ഓടിരക്ഷപ്പെട്ട അവര്‍ ഓട്ടോയില്‍ കയറി നാട്ടില്‍ വന്നിറങ്ങി.

മുസ്‌ലിംലീഗുകാരെ മര്‍ദിച്ചത് ഞാനാണെന്നായിരുന്നു അവരെല്ലാം കരുതിയിരുന്നത്. ഇതിനുള്ള പ്രതികാരമായി രാത്രി നാറാത്ത് ബസ്സിറങ്ങി വീട്ടിലേക്കു വരികയായിരുന്ന എന്നെ അവര്‍ ആക്രമിച്ചു. വസ്ത്രങ്ങള്‍ മുഴുവന്‍ അഴിച്ചുവാങ്ങിയശേഷം തൂക്കിയെടുത്ത് അടുത്തുള്ള മതിലില്‍ ചേര്‍ത്തടിച്ചു. നൂല്‍ബന്ധമില്ലാതെ ഗ്രാമത്തിലൂടെ അങ്ങാടിയിലേക്ക് നടത്തിക്കൊണ്ടുവരികയാണ് പിന്നീടവര്‍ ചെയ്തത്. ഫൂലന്‍ദേവിക്കു മാത്രമാണ് സ്വന്തം ഗ്രാമത്തില്‍ അതിനു മുന്‍പ് ഇങ്ങനെയൊരു അനുഭവമുണ്ടായത്. ഇന്നാണെങ്കില്‍ വലിയ മനുഷ്യാവകാശപ്രശ്‌നമാകാവുന്ന ഈ സംഭവത്തെ പത്രങ്ങള്‍ പ്രാദേശിക പേജില്‍ ഒറ്റക്കോളം വാര്‍ത്തയാക്കി ഒതുക്കി. പക്ഷേ, സി.പി.എം വളരെ ഗൗരവത്തില്‍ത്തന്നെയാണ് ഈ പ്രശ്‌നത്തോടു പ്രതികരിച്ചത്. അക്രമരാഷ്ട്രീയത്തിന്റെ വിളനിലമായി അറിയപ്പെടുന്ന കണ്ണൂരില്‍ ഓരോ അക്രമസംഭവങ്ങളുമുണ്ടാകുന്നത് ഇങ്ങനെയാണ്. ഒന്നിനു പകരമായി മറ്റൊന്ന്. നാട്ടിന്‍പുറത്തുണ്ടാവുന്ന ചെറിയ അടിപിടികള്‍ യഥാര്‍ഥത്തില്‍ പ്രാദേശികനേതാക്കള്‍ക്ക് ഇടപെട്ട് ഒതുക്കിത്തീര്‍ക്കാവുന്നവയാണ്. ഇരുഭാഗത്തുമുണ്ടാവുന്ന അക്രമത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ നോക്കി പാര്‍ട്ടിയുടെ ശക്തി തെളിയിക്കുമ്പോള്‍ പ്രശ്‌നം വഷളാവുകയാണു ചെയ്യുന്നത്. ചെറിയ സംഘര്‍ഷങ്ങള്‍ വലിയ ഓപ്പറേഷനുകളായി മാറുന്നു. ഇത്തരം ആസൂത്രിതമായ ഓപ്പറേഷനുകളാവട്ടെ ജില്ലാ നേതൃത്വവുമായി കൂടിയാലോചിച്ചാണ് നടപ്പിലാക്കുന്നത്. നേതൃത്വം അവസാനിപ്പിക്കാന്‍ പറയുമ്പോള്‍ സ്വിച്ചിട്ടതുപോലെ നാട്ടില്‍ അക്രമം അവസാനിക്കുന്നത് സംഘടിതമായ ഇത്തരം അക്രമങ്ങള്‍ ഇങ്ങനെ മേല്‍ത്തട്ടില്‍നിന്ന് ആസൂത്രണം ചെയ്യപ്പെടുന്നതുകൊണ്ടാണ്.

സി.പി.എമ്മിലെ രീതിയനുസരിച്ച് അല്പം ദൂരെയുള്ള പാര്‍ട്ടിഗ്രാമങ്ങളില്‍നിന്നും വന്നായിരിക്കും മറ്റൊരു ഗ്രാമത്തില്‍ ആക്രമണം നടത്തുന്നത്. അക്രമം നടത്തുന്നവര്‍ ഒരിക്കലും പിടികൊടുക്കാറില്ല. അതിനായി പ്രത്യേകം ആളുകളുണ്ട്. ഒരു കൊലപാതകമുണ്ടായാല്‍ പത്തുപതിനഞ്ച് കുടുംബങ്ങളാണ് അതിന്റെ പേരില്‍ അനാഥമാവുന്നത്.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education