യക്ഷിക്കഥകളുടെ സൂക്ഷിപ്പുകാരന്റെ 'മല്‍സ്യകന്യക'

02 Apr 2013

ഏപ്രില്‍ 2 : കുട്ടികളുടെ രാജ്യാന്തര പുസ്തകദിനം. എഴുത്തുകാരനെക്കാള്‍ കഥാപാത്രം പ്രസിദ്ധമാകുന്ന അതിശയം ചിലപ്പോള്‍ സംഭവിക്കാറില്ലേ? 'ഷെര്‍ലക് ഹോംസ്' എന്ന കഥാപാത്രമാണ് രചയിതാവായ 'ആര്‍തര്‍ കോനന്‍ ഡോയലിനെക്കാള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയതെന്ന് അറിയാമല്ലോ. അതുപോലെയാണ് ഡ്രാക്കുള എന്ന കഥാപാത്രവും. 'മത്സ്യകന്യക' എന്നൊരു സാങ്കല്‍പ്പിക കഥാപാത്രത്തെക്കുറിച്ചു കേട്ടിട്ടില്ലേ. ഈ സൃഷ്ടി വായനക്കാരുടെ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയത് ഡാനിഷ് എഴുത്തുകാരനായ ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സന്റെ യക്ഷിക്കഥകളിലൂടെയാണ് എന്ന് ചരിത്രം പറയുന്നു. കുട്ടികള്‍ക്കായി ഇത്രയധികം അതിശയകഥകള്‍ എഴുതിയവരും ഏറെയില്ല. അതുകൊണ്ടുതന്നെയാണ് ആന്‍ഡേഴ്‌സന്റെ ജന്മദിനം 'കുട്ടികളുടെ ആഗോള പുസ്തകദിനമായി' ആചരിക്കുന്നതും. കുട്ടികള്‍ക്കായി യക്ഷിക്കഥകളുടെ അക്ഷയഖനി സൃഷ്ടിച്ച ആന്‍ഡേഴ്‌സന്‍ 1805 ഏപ്രില്‍ രണ്ടിന് ഡെന്‍മാര്‍ക്കിലെ ഫൈന്‍ ഐലന്‍ഡിലുള്ള ഒഡെന്‍സില്‍ ഒരു ചെരുപ്പുകുത്തിയുടെ മകനായാണ് ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസം വളരെ കുറച്ചു മാത്രമേ കിട്ടിയുള്ളൂ.

1816- ല്‍ പിതാവിന്റെ മരണത്തോടെ കഷ്ടകാലം ആരംഭിച്ചു. പഠനവും അങ്ങനെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. പുസ്തകങ്ങളായിരുന്നു ആന്‍ഡേഴ്‌സന്റെ പിന്നീടുള്ള ചങ്ങാതിമാര്‍. ഷേക്‌സ്​പിയറിന്റെ പുസ്തകങ്ങള്‍ തേടിപ്പിടിച്ചു വായിക്കുന്നത് കൊച്ചു ആന്‍ഡേഴ്‌സന്റെ ഹരമായിരുന്നു. ഷേക്‌സ്​പിയര്‍ കഥാപാത്രങ്ങള്‍ എല്ലാം തന്നെ ആന്‍ഡേഴ്‌സന് മാനസതോഴരായിരുന്നുവത്രെ. ഈ കഥാപാത്രങ്ങളെ മരംകൊണ്ടും കളിമണ്ണുകൊണ്ടും മെനഞ്ഞെടുത്ത് അവയെ ഉടുപ്പുകള്‍ ധരിപ്പിച്ച്, താനുമൊരു നാടകസംവിധായകനാണ് എന്ന് സ്വയം സന്തോഷിച്ചിരുന്നു ആ ബാലന്‍! ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സന്റെ മാസ്റ്റര്‍പീസ് കഥ മത്സ്യകന്യക ഇവിടെ വായിക്കാം.

മത്സ്യകന്യക
കടലിന്റെ ആഴങ്ങളുടെ ആഴത്തിലാണ് മത്സ്യരാജ്യം. അവിടെ കടലിന് ശുദ്ധമായ നീല നിറമാണ്. സ്ഫടികംപോലെ തെളിവാര്‍ന്നതുമാണ്. നിരവധി ഉയര്‍ന്ന ഗോപുരങ്ങള്‍ ഒന്നിനുമീതെ ഒന്നായി അടുക്കിവെച്ചാലും കടലിന്റെ അടിത്തട്ടിലുള്ള മത്സ്യരാജ്യത്തില്‍നിന്നും മുകള്‍പ്പരപ്പിലേക്ക് എത്താനാവില്ല.

സമുദ്രത്തിന്റെ അടിത്തട്ടില്‍ വെറും മണലുമാത്രമാണുള്ളത് എന്നു വിചാരിച്ചുവോ? എങ്കില്‍ തെറ്റി. മറ്റെവിടെയും കാണാനാകാത്ത തരത്തിലുള്ള ചെടികളും മരങ്ങളും അവിടെ വളരുന്നുണ്ട്. അലകളുടെ ഇളക്കത്തിനൊപ്പം മരച്ചില്ലകള്‍ ഉലയുന്നതു കണ്ടാല്‍ തോന്നും, അവയ്ക്ക് ശരിക്കും ജീവനുണ്ട് എന്ന്. ആകാശത്ത് പക്ഷികള്‍ പാറിപ്പറക്കുന്നതുപോലെ പല വലുപ്പത്തിലും തരത്തിലുമുള്ള മത്സ്യങ്ങള്‍ അവയ്ക്കിടയില്‍ നീന്തിക്കളിക്കുന്നു. കടലിന്റെ ഏറ്റവും ആഴമുള്ള ഭാഗത്താണ് മത്സ്യരാജാവിന്റെ കൊട്ടാരം. ചുമരുകള്‍ പവിഴംകൊണ്ട്. ജനലുകള്‍ക്ക് തിളങ്ങുന്ന മഞ്ഞനിറം. കൊട്ടാരത്തിന്റെ മേല്‍ക്കൂരയായിരുന്നു ഏറ്റവും വിചിത്രം. സദാ വായ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന കടല്‍കക്കകള്‍കൊണ്ടാണ് അത് പണിതിരുന്നത്. ഓരോ കക്കകളിലും തിളക്കമാര്‍ന്ന നന്മുത്തുകളുണ്ടായിരുന്നു. മഹാറാണിയുടെ കിരീടത്തില്‍ പതിക്കാന്‍ പാകത്തിനുള്ള വെണ്‍മയാര്‍ന്ന നന്മുത്തുകള്‍.

മത്സ്യരാജാവ് വിഭാര്യനായിരുന്നു. അതുകൊണ്ട് കൊട്ടാരത്തില്‍ ചുമതല മുഴുവന്‍ അദ്ദേഹത്തിന്റെ വൃദ്ധയായ അമ്മയ്ക്കായിരുന്നു. നല്ല പ്രാപ്തിയും സാമര്‍ഥ്യവുമുള്ളവളായിരുന്നു അമ്മ റാണി. തന്റെ പ്രൗഢിയും സ്ഥാനവും എടുത്തുകാട്ടാനായി അവരെപ്പോഴും വിശേഷപ്പെട്ട ആടയാഭരണങ്ങള്‍ അണിയുമായിരുന്നു. മറ്റാര്‍ക്കുംതന്നെ അതുപോലെ അണിഞ്ഞൊരുങ്ങാന്‍ അനുവാദമുണ്ടായിരുന്നില്ല. മത്സ്യരാജാവിന് ആറു പെണ്‍കുട്ടികളാണുണ്ടായിരുന്നത്. പേരക്കുട്ടികളോട് മുത്തശ്ശിക്ക് അതിരറ്റ വാത്സല്യമായിരുന്നു. പ്രത്യേകിച്ചും ഏറ്റവും ഇളയ രാജകുമാരിയോട്. അവളായിരുന്നു ഏറ്റവും സുന്ദരി. ആഴക്കടലിന്റേതുപോലെ നീലനിറമാണ് കണ്ണുകള്‍ക്ക്. റോസപ്പൂ ഇതള്‍പോലെ മൃദുവായ ചര്‍മം. എന്നാല്‍ മറ്റു മത്സ്യകുമാരിമാരെപ്പോലെ അവള്‍ക്കും കാലുകളുണ്ടായിരുന്നില്ല. കാലുകളുടെ സ്ഥാനത്ത് മത്സ്യത്തിന്റേതുപോലെയുള്ള വാലായിരുന്നു.

പകല്‍ മുഴുവന്‍ കൊട്ടാരത്തിലെ വിശാലമായ അകത്തളങ്ങളില്‍ രാജകുമാരിമാര്‍ കളിച്ചു രസിച്ചു. കൂട്ടിന് ഒരായിരം മത്സ്യങ്ങള്‍. അവയെ കൊഞ്ചിക്കലും കൊണ്ടുനടക്കലും കുട്ടികള്‍ക്ക് വലിയ രസമായിരുന്നു. അവരുടെ കൈകളില്‍നിന്ന് മത്സ്യങ്ങള്‍ മത്സരിച്ചുവന്ന് തീറ്റ കൊത്തിയെടുക്കുമായിരുന്നു.
കൊട്ടാരത്തിനു പുറത്ത് വലിയൊരു പൂന്തോട്ടമുണ്ടായിരുന്നു. കടുംചുകപ്പും നീലയുമായ വൃക്ഷങ്ങള്‍. അവയില്‍ സ്വര്‍ണംപോലെ തിളങ്ങുന്ന പഴങ്ങള്‍. തറ മുഴുവന്‍ മിനുമിനുത്ത നീല മണല്‍. അവിടെയൊരു നീലനിറമുള്ളൊരു പ്രകാശം നിറഞ്ഞുനിന്നിരുന്നു. പെട്ടെന്നു തോന്നിപ്പോവുക കടലിന്റെ അടിത്തട്ടിലാണെന്നല്ല. ആകാശനീലിമയ്ക്ക് നടുവിലെവിടെയോ ആണെന്നാണ്. കടല്‍ തികച്ചും നിശ്ചലമാകുന്ന അപൂര്‍വവേളകളില്‍ അകലെയകലെ സൂര്യനെ കാണാം... ഊതനിറത്തിലുള്ള പ്രകാശമാനമായ ഒരു പൂമൊട്ടുപോലെ.

രാജകുമാരിമാര്‍ക്കോരോരുത്തര്‍ക്കും തോട്ടത്തില്‍ സ്വന്തമായ സ്ഥാനമുണ്ടായിരുന്നു. അവിടെ അവനവന്റെ ഇഷ്ടപ്രകാരമുള്ള ചെടികള്‍ നട്ടുവളര്‍ത്താനും സ്വാതന്ത്ര്യമുണ്ടായിരുന്നു. ഒരു രാജകുമാരിയുടെ പൂത്തടത്തിനു തിമിംഗലത്തിന്റെ ആകൃതിയായിരുന്നു. ഒരു മത്സ്യകന്യകയുടെ മാതൃകയിലാണ് ഇനിയൊരു രാജകുമാരി തന്റെ തടമൊരുക്കിയത്. ഏറ്റവും ഇളയ സഹോദരി തിരഞ്ഞെടുത്തത് സൂര്യന്റെ ഗോളാകൃതിയായിരുന്നു. അതില്‍ സൂര്യകിരണങ്ങളുടെ നിറമുള്ള ഇളം ചുകപ്പുപൂക്കള്‍ മാത്രമേ അവള്‍ വളര്‍ത്തിയുള്ളൂ. സ്വതവേ ശാന്തയും ചിന്താശീലയുമായിരുന്നു ഏറ്റവും ഇളയ രാജകുമാരി. അമിതമായ പുറംമോടികളിലൊന്നും അവള്‍ക്കു തീരെ പ്രിയമുണ്ടായിരുന്നില്ല. അവള്‍ക്കേറ്റവും രസം, സമുദ്രത്തിന്റെ കരയില്‍ താമസിക്കുന്ന മനുഷ്യരുടെ കഥകള്‍ കേള്‍ക്കാനായിരുന്നു. മുത്തശ്ശിയമ്മയാണ് അവള്‍ക്കു കഥകള്‍ പറഞ്ഞുകൊടുത്തിരുന്നത്. അങ്ങനെ കരയിലെ മനുഷ്യരെപ്പറ്റിയും മൃഗങ്ങളെപ്പറ്റിയും വീടുകളെപ്പറ്റിയും കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെപ്പറ്റിയുമൊക്കെ അവള്‍ കേട്ടറിഞ്ഞു. പക്ഷേ, അവളെ ഏറ്റവും അദ്ഭുതപ്പെടുത്തിയത് ഭൂമിയില്‍ വിടരുന്ന പൂക്കളായിരുന്നു. സുഗന്ധമുള്ള പൂക്കള്‍... കടലില്‍ വളരുന്ന പൂക്കള്‍ക്ക് ലേശംപോലും വാസന ഉണ്ടായിരുന്നില്ല. മറ്റൊരു കാര്യവും അവളെ വല്ലാതെ വിസ്മയിപ്പിച്ചു. മുത്തശ്ശി പറയുകയായിരുന്നു, 'കരയിലെ പച്ചമരക്കാടുകളില്‍ വിചിത്രാകൃതിയിലുള്ള മത്സ്യങ്ങളുണ്ട്. അവ മാനത്ത് പാറിപ്പറക്കും... ഉച്ചത്തില്‍ കൂകിപ്പാടും.' കരയിലെ പറവകളെ മത്സ്യങ്ങളെന്നാണ് മുത്തശ്ശി പറഞ്ഞിരുന്നത്. കേട്ടുകേള്‍വിയല്ലാതെ യഥാര്‍ഥത്തിലുള്ള പക്ഷികളെ അവരാരും കണ്ടിട്ടില്ലല്ലോ!
'പതിനഞ്ചു വയസ്സാകുമ്പോള്‍ എന്റെ കുട്ടിക്ക് കടലിന്റെ മുകളിലേക്ക് കയറിച്ചെല്ലാം...' അവളെ അരികിലണച്ചു മുത്തശ്ശി പറഞ്ഞു, 'നിലാവുള്ള രാത്രികളില്‍ കടലിലെ പാറക്കെട്ടുകളില്‍ ചെന്നിരിക്കാം. വലിയ വലിയ കപ്പലുകള്‍ പോകുന്നതു കാണാം. അകലെ... കരയില്‍ കാടുകളും പട്ടണങ്ങളും കാണാം...'
ഏറ്റവും മൂത്ത ചേച്ചിക്ക് അടുത്ത വര്‍ഷം പതിനഞ്ചു തികയും. പിന്നെ ഓരോ വര്‍ഷം ഇടവിട്ട് ബാക്കി അഞ്ചുപേര്‍. ഏറ്റവും ഇളയ കുട്ടി അവളാണല്ലോ... കരകാണാന്‍ ഇനിയും അഞ്ചുവര്‍ഷം തികച്ചും കാത്തിരിക്കണം. പക്ഷേ, ചേച്ചിമാരെല്ലാവരും സമ്മതിച്ചിട്ടുണ്ട്, ആദ്യദിവസം കരയില്‍ കാണുന്ന എല്ലാ കാര്യങ്ങളും താഴെ വന്ന് മറ്റുള്ളവര്‍ക്ക് വിസ്തരിച്ചു പറഞ്ഞുകൊടുക്കാമെന്ന്... അവനവന്റെ തവണയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു രാജകുമാരിമാരെല്ലാവരും. മുത്തശ്ശിയോട് എല്ലാ കാര്യങ്ങളും ചോദിക്കാനും പറയാനും പറ്റില്ലല്ലോ... തങ്ങള്‍ക്കുമാത്രം താത്പര്യമുള്ള എത്രയെത്രകാര്യങ്ങളുണ്ട്!
എന്നാലും കൂട്ടത്തില്‍, കരകാണാന്‍ ഏറ്റവും തിടുക്കം ഒടുക്കത്തെ രാജകുമാരിക്കുതന്നെയായിരുന്നു. അല്ലെങ്കിലേ അവളെപ്പോഴും ഒരു സ്വപ്‌നലോകത്തിലാണ്. പല രാത്രികളിലും ജനലകള്‍ തുറന്നിട്ട് അവള്‍ പുറത്തേക്കു നോക്കിനില്ക്കാറുണ്ട്. നീല ജലപ്പരപ്പിനിടയില്‍ക്കൂടി ദൂരെ ദൂരെ മാനത്തെ ചന്ദ്രനേയും നക്ഷത്രങ്ങളേയും കാണാം... തീരെ മങ്ങിയ ഒരു കാഴ്ച. ഇടയ്ക്ക് ആ കാഴ്ച തടസ്സപ്പെടുത്തിക്കൊണ്ട് ഒരു ഇരുണ്ട നിഴല്‍ ഓളങ്ങളിലൂടെ നീങ്ങി മറയും. അവള്‍ക്കറിയാം; അതൊരു ഊക്കന്‍ സ്രാവാകാം. അല്ലെങ്കില്‍ മനുഷ്യരേയും കയറ്റിപ്പോകുന്ന വലിയൊരു കപ്പലായിരിക്കാം. താഴെ സമുദ്രത്തിന്റെ അടിത്തട്ടില്‍, അവര്‍ സഞ്ചരിക്കുന്ന കപ്പല്‍ എത്തിപ്പിടിക്കാനായി സുന്ദരിയായ ഒരു മത്സ്യകന്യക കൈയും നീട്ടി നില്പുണ്ടെന്ന് അവള്‍ സ്വപ്‌നത്തില്‍പ്പോലും വിചാരിക്കുകയുണ്ടാവില്ല, തീര്‍ച്ച.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education