

ഉത്തമസുഹൃത്ത്
ഓസ്‌കാര്‍ വൈല്‍ഡ്
04 May 2012
ഒരു ദിവസം രാവിലെ, കുളക്കരയിലെ തന്റെ മാളത്തില്‍നിന്ന് ആ വയസ്സനെലി തല പുറത്തേക്കിട്ടുനോക്കി. അവന് മുത്തുമണിപോലുള്ള കണ്ണുകളുണ്ടായിരുന്നു. ചാരനിറത്തിലുള്ള കട്ടികൂടിയ മേല്‍മീശയും. നീണ്ടു മെലിഞ്ഞ ഒരു റബ്ബര്‍ത്തുണ്ടംപോലെയായിരുന്നു അവന്റെ വാല്‍.
കുളത്തില്‍ താറാവിന്‍ കുഞ്ഞുങ്ങള്‍ നീന്തിക്കളിച്ചിരുന്നു. കണ്ടാല്‍ ചെറിയ മഞ്ഞക്കിളികളാണെന്നേ തോന്നൂ. അവരുടെ അമ്മയുടെ നിറം തൂവെള്ളയായിരുന്നു; നല്ല ചുവന്ന കാലുകളുമുണ്ടായിരുന്നു. തള്ളത്താറാവ് കുഞ്ഞുങ്ങളെ നീന്താന്‍ പഠിപ്പിക്കുകയായിരുന്നു. വെള്ളത്തില്‍ തലകുത്തി നില്ക്കാനും അവള്‍ മക്കളെ ശീലിപ്പിച്ചിരുന്നു.
'തല വെള്ളത്തിലാക്കി നില്ക്കാറാകണം. എന്നാലേ പ്രമാണികളുടെ കൂട്ടത്തില്‍ ചേരാന്‍ പറ്റൂ,' തള്ള ഇടയ്ക്കിടയ്ക്ക് കുഞ്ഞുങ്ങളെ ഓര്‍മിപ്പിച്ചു. അങ്ങനെ ചെയ്യാന്‍ കാണിച്ചുകൊടുക്കുകയും ചെയ്തു. അമ്മ പറഞ്ഞതൊന്നും മക്കള്‍ അത്ര കാര്യമായെടുത്തില്ല. അത്രയ്ക്കല്ലേ പ്രായമായുള്ളൂ. പ്രമാണിമാരെപ്പറ്റി അമ്മ പറഞ്ഞതൊന്നും അവരുടെ തലയില്‍ കയറിയില്ല.
പക്ഷേ, മാളത്തിലെ എലിക്ക് ദേഷ്യം വന്നു. 'അനുസരണയില്ലാത്ത കൂട്ടങ്ങള്‍! ഒക്കെ മുങ്ങിച്ചാവട്ടെ.'
അതു കേട്ടപ്പോള്‍ തള്ളത്താറാവു തിരിഞ്ഞുനിന്നു പറഞ്ഞു, 'അങ്ങനെയൊന്നും പറയണ്ട. ഒന്നു തുടങ്ങിക്കിട്ടണം. അത്രതന്നെ. അല്ലെങ്കിലും അച്ഛനമ്മമാര്‍ക്ക് സാമാന്യം ക്ഷമയൊന്നും പോരാ.'
'അച്ഛനമ്മമാരുടെ തോന്നലുകളെക്കുറിച്ചൊന്നും എനിക്കറിഞ്ഞുകൂടാ. എനിക്ക് കുടുംബവും കുട്ടികളുമൊന്നുമില്ല. വാസ്തവത്തില്‍ ഞാന്‍ കല്യാണം കഴിച്ചിട്ടേയില്ല. കല്യാണം കഴിക്കണമെന്നു വിചാരിക്കുന്നുമില്ല. പ്രേമം... കാര്യമൊക്കെ കൊള്ളാം. പക്ഷേ, സൗഹൃദം. അതുതന്നെയാണ് വലുത്. വിശ്വസ്തനായ ഒരു സുഹൃത്ത്. അതിലുപരി ലോകത്തില്‍ എന്തെങ്കിലുമുണ്ടെന്ന് എനിക്കു തോന്നുന്നില്ല.'
'അങ്ങനെയാണോ? നിന്റെ നോട്ടത്തില്‍ വിശ്വസ്തനായ സുഹൃത്ത് എങ്ങനെയൊക്കെയായിരിക്കണം?' അതു ചോദിച്ചത് ഒരു പച്ചക്കിളിയാണ്. കുളവക്കത്തെ ഒരു വില്ലോ മരത്തിലിരുന്ന് എലിയുടെയും തള്ളത്താറാവിന്റെയും സംഭാഷണം അവള്‍ കേട്ടിരുന്നു.
'അതുതന്നെയാണ് എനിക്കും അറിയേണ്ടത്,' തള്ളത്താറാവ് പറഞ്ഞു. അവള്‍ കുളത്തിന്റെ മറുഭാഗത്തേക്കു നീന്തി. തല വെള്ളത്തിലാക്കി കുറച്ചു നേരം നിന്നു. കുട്ടികള്‍ കണ്ടു പഠിക്കട്ടെ.
'നിങ്ങളുടെ ചോദ്യം ശുദ്ധ അസംബന്ധംതന്നെ!'
എലിയുടെ സ്വരം കനത്തു. 'വിശ്വസ്തനായ സ്‌നേഹിതന്‍ എന്നു പറഞ്ഞാല്‍ എല്ലാ കാര്യത്തിലും വിശ്വസിക്കാന്‍ കൊള്ളാവുന്ന സ്‌നേഹിതന്‍ എന്നുതന്നെ.'
'ആട്ടെ, പകരം നീ അങ്ങോട്ടെന്തു ചെയ്യും? 'വെള്ളിനിറത്തിലുള്ള വില്ലോ മരച്ചില്ലയിലിരുന്നാടിക്കൊണ്ട് പച്ചക്കിളി പിന്നെയും ചോദിച്ചു.
'നിന്റെ ചോദ്യം എനിക്ക് മനസ്സിലാകുന്നില്ല,' എലി പുരികം ചുളിച്ചു.
'എന്നാല്‍ ശരി, ഞാന്‍ ആ കാര്യം വ്യക്തമാക്കാനായി ഒരു കഥ പറഞ്ഞുതരാം. കേട്ടോളൂ,' കിളി പറഞ്ഞു.
'എന്നെപ്പറ്റിയാണോ കഥ?' എലിക്കുത്സാഹമായി. 'അങ്ങനെയാണെങ്കില്‍ ഞാന്‍ കേള്‍ക്കാം. അല്ലെങ്കിലും കഥ കേള്‍ക്കാന്‍ എനിക്ക് വളരെ ഇഷ്ടമാണ്.'
'നിന്റേതെന്നു പറയാന്‍ വയ്യ. എന്നാല്‍ നിന്റേതുമാകാം,' കിളി പറഞ്ഞു. അവള്‍ ചില്ലയില്‍നിന്നിറങ്ങി, താഴെ കുളക്കരയില്‍ വന്നിരുന്നു. വിശ്വസ്തനായ സുഹൃത്തിന്റെ കഥ പറയാന്‍ തയ്യാറായി.
'ഒരിക്കല്‍ ഒരിടത്ത് ഹാന്‍സ് എന്ന ഒരാളുണ്ടായിരുന്നു. തികഞ്ഞ മര്യാദക്കാരന്‍.'
'അയാള്‍ വലിയ പ്രമാണിയായിരുന്നോ?' എലി ഇടയില്‍ കയറി ചോദിച്ചു.
'അല്ലേയല്ല,' കിളി കഥ തുടര്‍ന്നു. 'പക്ഷേ, അയാള്‍ക്ക് നല്ലൊരു മനസ്സുണ്ടായിരുന്നു. പ്രസന്നമായ മുഖവും. ചെറിയൊരു വീട്ടില്‍ തനിയെയായിരുന്നു ഹാന്‍സ് താമസിച്ചിരുന്നത്. പകല്‍ മുഴുവന്‍ സ്വന്തം തോട്ടത്തില്‍ പണിയെടുക്കും. അതുപോലെ ചന്തമുള്ളൊരു തോട്ടം ആ നാട്ടില്‍ വേറെ ഉണ്ടായിരുന്നില്ല. പലതരത്തിലുള്ള പൂക്കളും പഴങ്ങളും അവിടെ സമൃദ്ധിയായി വിളഞ്ഞിരുന്നു. ഋതുഭേദമനുസരിച്ച് വിളവുകള്‍ മാറിമാറി അയാള്‍ വളര്‍ത്തിക്കൊണ്ടിരുന്നു. അതുകൊണ്ടുതന്നെ കാലമേതായാലും ആ തോട്ടത്തിനു പ്രത്യേകമായൊരു ഭംഗിയും തിളക്കവുമുണ്ടായിരുന്നു. വൈവിധ്യമാര്‍ന്ന നിറങ്ങള്‍, സുഗന്ധങ്ങള്‍. അത് ആ തോട്ടത്തിനെ കൂടുതല്‍ ആകര്‍ഷകമാക്കി.
'ഹാന്‍സിന് ധാരാളം ചങ്ങാതിമാരുണ്ടായിരുന്നു. കൂട്ടത്തില്‍ ഏറ്റവും വിശ്വസ്തനായ ചങ്ങാതിയായിരുന്നു ഹ്യൂസ്. ഹാന്‍സിന് ഉയരം കുറവായിരുന്നു. എന്നാല്‍ ചങ്ങാതിയോ? വലിയ പൊക്കക്കാരനും. അയാള്‍ക്കു സ്വന്തമായി ഗോതമ്പു പൊടിക്കുന്ന ഒരു മില്ലുണ്ടായിരുന്നു. സാമാന്യം ധനികനായിരുന്നു ഹ്യൂസ്. ഹാന്‍സിന്റെ വീടുവഴി പോകുമ്പോഴൊക്കെ അയാള്‍ ആ തോട്ടത്തിലേക്കും കയറും. അവിടെനിന്ന് എന്തെങ്കിലും ഒരുപിടി പൂവോ പഴമോ കൊണ്ടുപോവുകയും ചെയ്യും. ''നമ്മള്‍ ചങ്ങാതിമാര്‍ തമ്മില്‍ എന്റേത്, നിന്റേത് എന്ന വ്യത്യാസമൊന്നും വേണ്ട. ഉള്ളതെന്തായാലും രണ്ടുപേര്‍ക്കും സ്വന്തം.'' പണക്കാരനായ ഹ്യൂസ് പറയുന്നതു കേള്‍ക്കുമ്പോള്‍ ഹാന്‍സിന് എപ്പോഴും സന്തോഷം തോന്നുമായിരുന്നു. ഇത്ര നല്ല ഒരു ചങ്ങാതി! ആ കാര്യത്തില്‍ അവന് വലിയ അഭിമാനമായിരുന്നു.
'പക്ഷേ, അവന്റെ അയല്‍ക്കാരുടെ അഭിപ്രായം അതായിരുന്നില്ല. പണക്കാരനായ ഹ്യൂസ് എപ്പോഴും ഹാന്‍സിന്റെ തോട്ടത്തില്‍നിന്ന് അതുമിതും സ്വന്തമാക്കും. എന്നാല്‍, എന്തെങ്കിലുമൊന്ന് തിരിച്ച് ഹാന്‍സിന് കൊടുക്കുന്നതായി കണ്ടിട്ടുമില്ല. അയാളുടെ മില്ലില്‍ ചുരുങ്ങിയത് ഒരു നൂറു ചാക്ക് ഗോതുമ്പുപൊടി കെട്ടിയിരിപ്പുണ്ട്. ആറ് കറവപ്പശുക്കളുണ്ട്. വലിയൊരു പറ്റം ചെമ്മരിയാടുകളുമുണ്ട്. എന്നാല്‍, ഈവക ചിന്തകളൊന്നും ഹാന്‍
സിന്റെ സ്വസ്ഥത കെടുത്തിയില്ല. യഥാര്‍ഥ സൗഹൃദത്തെക്കുറിച്ച് ഹ്യൂസിന്റെ നാക്കില്‍നിന്നു വീഴുന്ന നല്ല വാക്കുകള്‍... അതു കേട്ടിരിക്കുകതന്നെയായിരുന്നു അവന്റെ ആനന്ദം.
'വസന്തവും വേനലും ശരത്തും മാറിമാറി വന്നു. ഹാന്‍സ് പതിവുപോലെ തന്റെ തോട്ടത്തില്‍ ഓരോരോ പണികളില്‍ മുഴുകി. സന്തോഷത്തോടെ, ഉത്സാഹത്തോടെ ദിവസങ്ങള്‍ കടന്നുപോയി.
'തണുപ്പുകാലം വന്നപ്പോഴാണ് അവന്റെ പ്രയാസങ്ങള്‍ തുടങ്ങിയത്. ചന്തയില്‍ കൊണ്ടുപോയി വില്ക്കാന്‍ തോട്ടത്തില്‍ പൂവോ പഴമോ പച്ചക്കറിയോ ഒന്നുമുണ്ടായിരുന്നില്ല. കൈയില്‍ പണമില്ലാതെ എന്തു ചെയ്യാന്‍? വിശപ്പും തണുപ്പും. പല രാത്രികളിലും അത്താഴത്തിനുണ്ടായിരുന്നത് ഒരുപിടി ഉണക്കപ്പഴങ്ങളും അണ്ടിപ്പരിപ്പും മാത്രമായിരുന്നു. കഠിനമായ തണുപ്പല്ലേ, പതിവ് സന്ദര്‍ശനത്തിന് ഹ്യൂസും വരാതായി. വീട്ടിലെ ഏകാന്തത... അവന്റെ സങ്കടം ഇരട്ടിയായി. വിശപ്പും തണുപ്പും ഏകാന്തതയും... ഹാന്‍സ് ആകപ്പാടെ കുഴങ്ങി.
'അതിനെക്കുറിച്ചു പറഞ്ഞ ഭാര്യയോട് പണക്കാരനായ ഹ്യൂസ് പറഞ്ഞു, ''ഈ തണുപ്പത്ത് അവനെ ചെന്നുകണ്ടിട്ട് എന്തു പ്രയോജനം? പാവം, അല്ലെങ്കിലേ വലിയ സങ്കടത്തിലാണ്. ഇനി ഞാനുംകൂടി ചെന്ന് ബുദ്ധിമുട്ടിക്കണോ. സങ്കടങ്ങള്‍ വരുമ്പോള്‍ മനുഷ്യരെ അവരുടെ പാട്ടിനു വിടുകയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. അതുതന്നെയാണ് ശരി. വസന്തകാലമാകട്ടെ. ഞാന്‍ അവനെ ചെന്നു കാണാം. കുട്ട നിറച്ച് അവന്‍ എനിക്ക് പൂക്കളും പഴങ്ങളും തരും. അത് അവന് വലിയ സന്തോഷമുള്ള കാര്യമാണ്.''
'ഭര്‍ത്താവ് പറയുന്നതുകേട്ട് ഭാര്യ തലകുലുക്കി. ജനലരികില്‍ നല്ലൊരു കസേരയിലാണ് അവര്‍ ഇരുന്നിരുന്നത്. മുറിയില്‍ തീ കത്തിച്ചിരുന്നു. സുഖകരമായ ചൂട്.
' ''എത്ര ഭംഗിയായി നിങ്ങള്‍ സംസാരിക്കുന്നു,'' അവര്‍ ഭര്‍ത്താവിനെ അഭിനന്ദിച്ചു. ''മറ്റുള്ളവരെക്കുറിച്ച് നിങ്ങള്‍ എത്രമാത്രം ആലോചിക്കുന്നു. സൗഹൃദത്തെപ്പറ്റി നിങ്ങള്‍ പറയുന്നതു കേട്ടിരിക്കാന്‍ എന്തു രസമാണ്. പള്ളിയിലെ അച്ചനുപോലും ഇത്ര മധുരമായി സംസാരിക്കാനാവില്ല. മൂന്നുനില മാളികയിലാണ് താമസം. ചെറുവിരലില്‍ സ്വര്‍ണമോതിരവുമുണ്ട്. അതുകൊണ്ടെന്തു
കാര്യം?''
'അപ്പോഴാണ് ഹ്യൂസിന്റെ കൊച്ചുമകന്‍ പറഞ്ഞത്, ''ഹാന്‍സിന്റെ സ്ഥിതി ഇത്ര മോശമാണെങ്കില്‍, അദ്ദേഹത്തെ നമുക്ക് ഇവിടെ താമസിപ്പിച്ചുകൂടേ? എന്റെ ഭക്ഷണത്തില്‍നിന്ന് പകുതി ഞാന്‍ ഹാന്‍സിനു കൊടുക്കാം. എന്റെ വെളുത്ത മുയല്‍ക്കുട്ടികളേയും കാട്ടിക്കൊടുക്കാം.''
' ''കഷ്ടം, നീയൊരു മണ്ടന്‍തന്നെ!'' ഹ്യൂസ് മകനെ ദേഷ്യപ്പെട്ടു. ''നിന്നെ സ്‌കൂളില്‍ പറഞ്ഞയയ്ക്കുന്നതുകൊണ്ട് വല്ല ഗുണവുമുണ്ടോ? ഒരു കാര്യവും നീ പഠിക്കുന്നില്ല. ആലോചിച്ചിട്ടുണ്ടോ? ഹാന്‍സ് ഇവിടെ വന്ന് ഈ സുഖസൗകര്യങ്ങളും നമ്മള്‍ കഴിക്കുന്ന ആഹാരവുമൊക്കെ കണ്ടുകഴിഞ്ഞാല്‍ അസൂയയ്ക്ക് വേറെ കാരണം വേണ്ട. അസൂയ ഒന്നു മതി മനുഷ്യന്റെ സ്വഭാവം കേടുവരാന്‍. പാവം! നമ്മളായിട്ട് അവന്റെ സ്വഭാവം ദുഷിപ്പിക്കണോ? ഞാന്‍ അവന്റെ ഉറ്റ ചങ്ങാതിയാണ്. അവനെക്കുറിച്ച് എനിക്ക് ചില ഉത്തരവാദിത്വങ്ങളൊക്കെയുണ്ട്. അവന്‍ ഒരുവിധത്തിലുമുള്ള പ്രലോഭനങ്ങളില്‍ വീഴാതെ സൂക്ഷിക്കണം.
Tags :