ക്ലിന്റ് : നിറങ്ങളുടെ രാജകുമാരന്‍

18 May 2013

മെയ് 19- അകാലത്തില്‍ പൊലിഞ്ഞുപോയ ചിത്രനക്ഷത്രം എഡ്മുണ്ട് തോമസ് ക്ലിന്റിന് 34 വയസ്സ്.

എറണാകുളത്തെ എം.ടി. ജോസഫിന്റെയും ചിന്നമ്മയുടെയും മകനായി 1976 മെയ് 19-നാണ് ക്ലിന്റ് ജനിച്ചത്. തീരെ ചെറുപ്പത്തില്‍ തന്നെ ക്ലിന്റ് ചിത്രങ്ങളോട് പ്രായത്തില്‍ കവിഞ്ഞ താല്‍പര്യം കാണിച്ചിരുന്നു. ജനിച്ച് ആറു മാസം കഴിയും മുന്‍പേ വരച്ചു തുടങ്ങീ ക്ലിന്റ്. തന്റെ വീടിനെടുത്തുള്ള ക്ഷേത്രങ്ങളിലെ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ വരക്കുന്നതിനായിരുന്നു ക്ലിന്റിന് ഏറെ താല്‍പര്യം. അച്ഛനുമമ്മയില്‍ നിന്നും കേള്‍ക്കുന്ന കഥകളില്‍ നിന്ന് അവന്‍ പുതിയ കാഴ്ചകള്‍ വരച്ചുവെച്ചു. പെന്‍സില്‍ കൊണ്ടാണ് മിക്ക ചിത്രങ്ങളും വരച്ചത്. നിറമുള്ള ചിത്രങ്ങളും വരച്ചിട്ടുണ്ട്. ഹിന്ദുദൈവങ്ങളോടായിരുന്നൂ ഏറെ പ്രിയം. കൃഷ്ണനും ഗണപതിയും ക്ഷേത്രങ്ങളും നെറ്റിപ്പട്ടം കെട്ടിയ ആനകളും തെയ്യവും ക്ലിന്റിന്റെ വിരലുകളില്‍ കാഴ്ചക്കാരനെ അമ്പരപ്പിച്ചു.

വൃക്കകള്‍ക്ക് സംഭവിച്ച തകരാറായിരുന്നു ക്ലിന്റിനെ ചിത്രങ്ങളുടെ ലോകത്ത് നിന്ന് മരണത്തിലേക്ക് എടുത്തുകൊണ്ട് പോയത്. 1983 ഏപ്രില്‍ 15-ന് ഏഴാം വയസ്സിലേക്കെത്തും മുമ്പേ ക്ലിന്റിനെ മരണമെടുത്തു. പ്രതിഭകളോട് ദൈവത്തിനസൂയ തോന്നുമെന്നൊരിക്കല്‍ കൂടി ഓര്‍മപ്പെടുത്തിക്കൊണ്ട്. 2541 ദിവസമെന്ന ജീവിത കാലയളവില്‍ ഇരുപത്തയ്യായിരം ചിത്രങ്ങളാണ് ഈ അതുല്യപ്രതിഭ വരച്ച് ചേര്‍ത്തത്. 18 വയസ്സിനു താഴെയുള്ളവര്‍ക്കായി നടത്തിയ ചിത്രരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുമ്പോള്‍ ക്ലിന്റിന് പ്രായം വെറും അഞ്ച് വയസ്സ്. ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട് ജീവചരിത്രങ്ങള്‍ ക്ലിന്റിന്റെ പേരിലുണ്ട്. ക്ലിന്റ് എ ബ്രീഫ് അവര്‍ ഓഫ് ബ്യൂട്ടിയും ക്ലിന്റ് നിറങ്ങളുടെ രാജകുമാരനും. ക്ലിന്റ് എ ബ്രീഫ് അവര്‍ ഓഫ് ബ്യൂട്ടി കണ്ട് വിസ്മയിച്ചവരില്‍ ഹോളിവുഡ് താരം ക്ലിന്റ് ഈസ്റ്റ് വുഡുമുണ്ട്. ആംസ്റ്റര്‍ഡാമില്‍ വെച്ച് ഡോക്യുമെന്ററി കണ്ട ക്ലിന്റ് ഈസ്റ്റ് വുഡ് തന്റെ ചിത്രത്തില്‍ കൈയൊപ്പിട്ട് ജോസഫിനും ചിന്നമ്മയ്ക്കും സന്ദേശമയച്ചു. ക്ലിന്റ് ഈസ്റ്റ് വുഡിനോടുള്ള ആരാധന മൂത്താണ് ജോസഫ് തന്റെ മകന് ആ പേര് നല്‍കിയത്.
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education