'പാട്ടുപാടി ഉറക്കിയ' അഭയദേവ് ജനിച്ചിട്ട് നൂറു വര്‍ഷം

മനീഷ പ്രശാന്ത്‌

03 Apr 2013

'പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂംപൈതലേ...', 'കണ്ണുംപൂട്ടി ഉറങ്ങുക നീയെന്‍ കണ്ണേ പുന്നാര പൊന്നുമകനേ...' മലയാളിയെ പാടിയുറക്കിയ താരാട്ടുപാട്ടുകള്‍. പാരമ്പര്യസ്വത്തെന്നപോലെ വാമൊഴിയായി തലമുറകള്‍ കൈമാറിയ വരികള്‍. മലയാളസിനിമയില്‍ ഗാനസൗകുമാര്യത്തിന്റെ വസന്തംതീര്‍ത്ത അഭയദേവ്. അദ്ദേഹത്തിന്റെ ജന്മശതാബ്ദിവര്‍ഷമാണ് 2013.

മനസ്സിന്റെ തിരശ്ശീലയില്‍ തെളിഞ്ഞ ഭാവങ്ങളും വികാരങ്ങളും വരികളില്‍ പകര്‍ന്നപ്പോള്‍ ചലച്ചിത്രഗാനശാഖയുടെ പുണ്യമായി. ഇരയിമ്മന്‍ തമ്പിക്കുശേഷം മലയാളത്തിനു മികച്ച താരാട്ടുപാട്ടുകള്‍ സമ്മാനിച്ചു അഭയദേവ്. മലയാളസിനിമയുടെ തുടക്കത്തില്‍, ലാളിത്യമാര്‍ന്ന രചനാശൈലികൊണ്ട് ആസ്വാദകഹൃദയങ്ങളില്‍ ഇടംനേടി.

1949 മുതല്‍ 1995 വരെ ചലച്ചിത്രലോകത്ത് നിറസാന്നിധ്യമായി. അന്ന് 50 ഓളം ചിത്രങ്ങള്‍ക്ക് ഗാനങ്ങളെഴുതി. 'വെള്ളിനക്ഷത്രം' ആയിരുന്നു ആദ്യചിത്രം. അഭയദേവിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ബി.എ.ചിദംബരനാഥും പരമുദാസുമായിരുന്നു. 10 ഗാനമാണ് ചിത്രത്തിലുണ്ടായിരുന്നത്.
1950ല്‍ ഇറങ്ങിയ 'നല്ലതങ്ക'യിലൂടെ ഉടലെടുത്ത ദക്ഷിണാമൂര്‍ത്തി-അഭയദേവ് കൂട്ടുകെട്ട് സമ്മാനിച്ചത് ഒരുപിടി മധുരഗാനങ്ങള്‍. ലാളിത്യമാര്‍ന്ന രചനാശൈലിക്കൊപ്പം സ്വാമിയുടെ സംഗീതം ചേര്‍ത്തപ്പോള്‍ മലയാളിക്ക് ലഭിച്ചത് നല്ല പാട്ടുകള്‍. അഗസ്റ്റിന്‍ ജോസഫിനും മകന്‍ യേശുദാസിനും പാടാന്‍ ഗാനങ്ങള്‍ എഴുതിയ അഭയദേവ് തലമുറകള്‍ക്കും ഗുരുവായി.

സിനിമ, സാഹിത്യം, സാംസ്‌കാരികം, സംഘടനാ പ്രവര്‍ത്തനം എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. ദക്ഷിണേന്ത്യന്‍ഭാഷകളിലും രാഷ്ട്രഭാഷയിലും അഗാധപാണ്ഡിത്യം. അന്യഭാഷാചിത്രങ്ങളുടെ മൊഴിമാറ്റത്തില്‍ അഭയദേവിന്റെ സംഭാവന വലുതാണ്. ഹിന്ദി, തെലുങ്ക്, കന്നട, തമിഴ് ഭാഷകളില്‍നിന്നായി 100ഓളം ചിത്രങ്ങള്‍ മലയാളത്തിലേക്ക് മാറ്റി.

ശങ്കരാഭരണം, തിരകളെഴുതിയ കവിത, സാഗരസംഗമം എന്നിവ അവയില്‍ ചിലതുമാത്രമാണ്. ഈ ചിത്രങ്ങള്‍ക്ക് സംഭാഷണമൊരുക്കിയതും ഗാനങ്ങളെഴുതിയതും അഭയദേവായിരുന്നു. സിനിമാരംഗത്തെ സംഭാവനകള്‍ക്കുള്ള അംഗീകാമായി 1995ല്‍ ജെ.സി.ഡാനിയേല്‍ അവാര്‍ഡ് നല്‍കി മലയാളം അഭയദേവിനെ ആദരിച്ചു.

കോട്ടയം പള്ളത്ത് കരിമാലില്‍ കേശവപിള്ളയെന്ന കവിയുടെ മകനായി 1913ലായിരുന്നു ജനനം. ആര്യസമാജത്തില്‍ ചേര്‍ന്നതോടെ അയ്യപ്പന്‍പിള്ളയെന്ന പേരുമാറ്റി അഭയദേവായി. വിശാലമായ യാത്രാനുഭവവും പാരമ്പര്യത്തിന്റെ തണലും ചേര്‍ന്നപ്പോള്‍ അച്ഛനുപിന്നാലെ മകനും സാഹിത്യലോകത്തെത്തി. 2000 ജൂലായിലായിരുന്നു മരണം.

അരവിന്ദന്‍, രാജീവന്‍ എന്നിവരാണ് അഭയദേവിന്റെ മക്കള്‍. സിനിമാ പിന്നണിഗായകനായ അമ്പിളിക്കുട്ടന്‍ അരവിന്ദന്റെ മകനാണ്.

മലയാളികള്‍ ഏറ്റുവാങ്ങിയ അഭയദേവിന്റെ പാട്ടുകള്‍

'കണ്ണുംപൂട്ടി ഉറങ്ങുക നീയെന്‍' - സ്‌നേഹസീമ
'ഊഞ്ഞാലാ ഊഞ്ഞാലാ' - വീണ്ടും പ്രഭാതം
'കന്യാമറിയമേ തായേ' - ജ്ഞാനസുന്ദരി
'അമ്മതന്‍ പ്രേമസൗഭാഗ്യത്തിടമ്പേ' - നല്ലതങ്ക
'വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും' - വേലുത്തമ്പി ദളവ
'കനിവോലും കമനീയ' - സ്‌നേഹസീമ
'ആനത്തലയോളം വെണ്ണ തരാമെടാ' - ജീവിതനൗക
'പാട്ടുപാടി ഉറക്കാം ഞാന്‍
താമരപ്പൂംപൈതലേ' - സീത
'പ്രിയമാനസാ നീ വാ' - ചിലമ്പൊലി
'മിണ്ടാത്തതെന്താണു തത്തേ' - ജ്ഞാന സുന്ദരി

Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education