കഥാകാരന്‍ വിളക്കുകൊളുത്തി; കഥാപാത്രത്തിന്റെ കൊച്ചുമകള്‍ നൃത്തമാടി

21 Jan 2013


ഗുരുവായൂര്‍: തന്റെ കഥയ്ക്കും അതിന്റെ നായകസങ്കല്‍പ്പത്തിനും സ്വന്തം ജീവിതംകൊണ്ട് മാതൃകയായ മനുഷ്യന്റെ കൊച്ചുമകളുടെ നൃത്തപ്രാര്‍ഥനയ്ക്ക് വിളക്കുകൊളുത്തിയത് കഥാകാരന്‍. ഗുരുപവനപുരിയുടെ മണ്ണില്‍ അതിന് സാക്ഷിയായിരിക്കുമ്പോള്‍ രഞ്ജിത്ത് എന്ന എഴുത്തുകാരന്റെയും സംവിധായകന്റെയും മനസ്സില്‍ രചനയും ജീവിതവും സന്ധിച്ചു; നാടകവും ജീവിതവും ഒന്നായി.

രഞ്ജിത്തിന്റെ മാസ്റ്റര്‍പീസ് രചനയായ 'ദേവാസുര'ത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രത്തിന് മാതൃകയായത് കോഴിക്കോട്ടെ മുല്ലശ്ശേരി രാജു ആയിരുന്നു. രാജുവിന്റെ മകള്‍ നാരായണിയുടെ മകളായ നിരഞ്ജന അനൂപ് ഗുരുവായൂരില്‍ നടത്തിയ കുച്ചിപ്പുടി നൃത്തമാണ് കഥാകാരനെ നേര്‍ക്കുനേര്‍ നിര്‍ത്തിയത്. മഞ്ജുവാര്യരുടെ ഗുരുവായ ഗീത പദ്മകുമാറിന്റെ ശിഷ്യയായ നിരഞ്ജനയുടെ അരങ്ങേറ്റം നേരത്തേ നടന്നതായിരുന്നു. ഗുരുവായൂരിലേത് പ്രാര്‍ഥനയായിരുന്നു. അമ്മാവന്റെ സ്ഥാനത്തുള്ളയാളും മുത്തച്ഛന്റെ ജീവിതത്തില്‍ വലിയൊരു കഥ കണ്ടയാളുമായ രഞ്ജിത്ത് തന്നെ തന്റെ വേദിയില്‍ വിളക്കുകൊളുത്തണം എന്നത് നിരഞ്ജനയുടെ നിര്‍ബന്ധമായിരുന്നു. കഥയില്‍ ഭാനുമതി ചിലങ്ക ഉപേക്ഷിക്കുകയാണ്. ഇവിടെ നിരഞ്ജന ചിലങ്കയിലേക്ക് ചേക്കേറുന്നു. രണ്ടിനും സാക്ഷിയായി കഥാകാരനും.

മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍നടന്ന നൃത്തത്തിന് സാക്ഷിയായി മുല്ലശ്ശേരി രാജുവിന്റെ ഭാര്യ ലക്ഷ്മി, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍ എന്നിവരും കാഴ്ചക്കാരായുണ്ടായിരുന്നു. എറണാകുളം ചോയ്‌സ് സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥിനിയാണ് നിരഞ്ജന.
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education